ലോക്ഡൗണില്‍ പതറിപ്പോകുന്ന ഭിന്നശേഷിക്കാര്‍

 
Ananya Story1

ഭിന്നശേഷിക്കാരായ കുട്ടികളില്‍ കോവിഡ് സൃഷ്ടിച്ച മാനസികവും ശാരീരികവുമായ ആഘാതം ചെറുതല്ല 

(കോവിഡ് 19 വൈറസ് ബാധ മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളെയും മാറ്റിമറിയ്ക്കുന്നു. ഒന്നരവര്‍ഷത്തിലേറെയായി ഈ മഹാവ്യാധി ലോകത്തെ കടുത്തപരീക്ഷണങ്ങളിലേക്ക് എടുത്തെറിഞ്ഞു.  ക്വാറന്റൈന്‍ കാലത്തെ ഒറ്റപ്പെടലില്‍ സമൂഹമാകെ അസ്വസ്ഥമാണ്, മനുഷ്യനെ മുമ്പെങ്ങുമില്ലാത്തവിധം ഭയം പിടികൂടിയിരിക്കുന്നു. ഏകാന്തത, ഒറ്റപ്പെടല്‍, ജീവനും ജീവിതവും കൈവിട്ടുപോകുമോയെന്ന ആകുലതകള്‍, സാമ്പത്തിക പരാധീനതകള്‍... ലോകമാകെ പതറിനില്‍ക്കുന്നവേളയില്‍, ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഭിന്നശേഷിക്കാരായ കുട്ടികള്‍ എങ്ങനെ ഈ മഹാവ്യാധിക്കാലത്തെ അതിജീവിക്കുന്നെന്ന്? മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതെ സാമൂഹ്യ ഇടപെടലുകളില്ലാതെ, ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്നത് അവരെ എത്രമാത്രം തളര്‍ത്തിയിട്ടുണ്ടാകും. ഭിന്നശേഷിക്കാരായ കുട്ടികളില്‍ കോവിഡ് സൃഷ്ടിച്ച മാനസികവും ശാരീരികവുമായ ആഘാതം ചെറുതൊന്നുമല്ലെന്ന് അവരുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ (എന്‍എഫ്ഐ)യും അഴിമുഖവും സംയുക്തമായി മലയാളത്തിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ പത്തു റിപ്പോര്‍ട്ടുകളില്‍ രണ്ടാമത്തേത് കോവിഡ് കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ കുടുംബങ്ങളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. അനന്യ എസ്.പി തയ്യാറാക്കിയ റിപ്പോര്‍ട്ട് രണ്ടു ഭാഗങ്ങളിലായി പൂര്‍ത്തിയാകുന്നു. ആദ്യഭാഗം ചുവടെ.)


വീടിനുള്ളിലൂടെ കാര്‍ത്തിക് നടക്കുന്നതു കണ്ടാല്‍ ആരുടെയും കണ്ണ് നിറയും. രണ്ട് കാലുകളുടെയും മുട്ടുകള്‍ മടങ്ങി, നടുനിവര്‍ത്താനാകാതെ വേച്ചുവേച്ചാണ് അവന്‍ നടക്കുന്നത്. അമ്മ സൂര്യയുടെ  കൈത്താങ്ങില്ലെങ്കില്‍ രണ്ടടി പോലും പൂര്‍ത്തിയാക്കാനാവില്ല. കാലുകള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ പാദങ്ങള്‍ ഇരുവശങ്ങളിലേക്കും തിരിഞ്ഞു പോകും. കോവിഡ് മഹാമാരി ഭിന്നശേഷിക്കാരായ കുട്ടികളെ എത്രമാത്രം വരിഞ്ഞുമുറുക്കിയെന്ന് മനസിലാകണണെങ്കില്‍ തിരുവനന്തപുരം ശ്രീകാര്യത്തെ സൂര്യഭവനിലെത്തണം. സെറിബ്രല്‍ പാള്‍സി ബാധിതനായ കാര്‍ത്തിക് അമ്മയോടൊപ്പം ബസ്സിലും സ്‌കൂട്ടറിലുമായിരുന്നു സ്‌കൂളില്‍ പോയിരുന്നതെന്ന് വിശ്വസിക്കാനാവില്ല. നിരന്തരമായ ഫിസിയോതെറാപ്പിയുടെയും സ്പീച്ച് തെറാപ്പിയുടെയും ഫലമായിരുന്നു അത്. പക്ഷേ ഒന്നരവര്‍ഷമായ കോവിഡ് അടച്ചുപൂട്ടല്‍ അവന് സമ്മാനിച്ചത് കഠിനമായ വേദന. അതിനൊപ്പം അപസ്മാരവും ശ്വാസംമുട്ടലും. നേരത്തെ അപസ്മാരം വരുമായിരുന്നെങ്കിലും വീഴാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നു. എന്നാലിപ്പോള്‍, കാലുകള്‍ നിലത്തുറയ്ക്കാതെ തെന്നി താഴെ വീഴും. അടുത്തുള്ള വീടുകളില്‍ രണ്ട് മണിക്കൂര്‍ അടുക്കളജോലിക്ക് പോയി കിട്ടുന്ന പണം കൊണ്ടാണ് സൂര്യ 13 വയസുകാരന്‍ കാര്‍ത്തിക്കിനെ നോക്കുന്നത്. കൂടുതല്‍ സമയം ജോലിക്ക് പോകാന്‍ അവര്‍ക്ക് കഴിയില്ല. പ്രാഥമികാവശ്യങ്ങള്‍ക്ക് കൈപിടിച്ചുനടത്താന്‍ പോലും കാര്‍ത്തിക്കിനിപ്പോള്‍ കൂട്ടുവേണം. ദിവസം 11 തരം ഗുളികകള്‍ വേണം കാര്‍ത്തിക്കിന്. 4000ത്തോളം രൂപ ചികിത്സയ്ക്കും മറ്റുമായി ഓരോ മാസവും ചെലവിടണം.

കോവിഡിന്റെ ആഘാതങ്ങള്‍ പേറുന്നവരില്‍ മുന്‍പന്തിയിലാണ് ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും. വര്‍ങ്ങളായുള്ള ഫിസിയോതെറാപ്പികളുടെയും സ്പീച്ച് തെറാപ്പിയുടെയും ഫലമായി നേടിയെടുത്ത കഴിവുകള്‍, കാര്‍ത്തിക്കിനെപ്പോലെ കഴിഞ്ഞ ഒന്നരവര്‍ഷക്കാലം കൊണ്ട് പല കുട്ടികള്‍ക്കും നഷ്ടമായിത്തുടങ്ങി. അവരുടെ ആശയവിനിമയത്തെയും സഹവര്‍ത്തിത്വത്തെയും കോവിഡ് സാരമായി ബാധിച്ചെന്ന് രക്ഷിതാക്കളും സ്പെഷ്യല്‍ എഡ്യുക്കേറ്റേഴ്സും ഒരുപോലെ പറയുന്നു. മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയതിന് കേരളത്തിന് മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്നു കൂടി  ഉറപ്പുവരുത്തേണ്ടതുണ്ട്.

ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി എന്നിങ്ങനെ മൂന്ന് തെറാപ്പികളാണ് ഭിന്നശേഷിക്കാര്‍ക്കായി പ്രധാനമായും നല്‍കുന്നത്. സ്വകാര്യ ക്ലിനിക്കുകള്‍ 400 മുതല്‍ 600 രൂപ വരെയാണ് ഒരു തവണ ഫിസിയോതെറാപ്പിക്ക് ഈടാക്കുന്നത്. കോവിഡ് കാലമായതോടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങള്‍ക്ക് ഇത് താങ്ങാന്‍ കഴിയുന്നതല്ല. കിടപ്പിലായ കുട്ടികളെ ക്ലിനിക്കുകളിലേക്ക് എത്തിക്കുന്നതും ഇപ്പോള്‍ പ്രയാസമാണ്. കോവിഡ് ഭീതിയില്‍ കുട്ടികളെ മറ്റുള്ളവരില്‍നിന്ന് അകറ്റി നിര്‍ത്തുമ്പോള്‍ പലരുടെയും ജീവിതം ഇരുളടഞ്ഞ തരത്തിലാകുന്നു. കുട്ടികളിലെ സംസാരപരിമിതിയെ മറികടക്കാനാണ് സ്പീച്ച് തെറാപ്പി പരിശീലിപ്പിക്കുന്നത്. ഫിസിക്കല്‍ തെറാപ്പിസ്റ്റ് ശരീരത്തിന്റെ ചലനാത്മകത കൂട്ടുന്നതിനാണ് ശ്രമിക്കുന്നതെങ്കില്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് ഓരോരുത്തരുടെയും ശരീര പ്രകൃതമനുസരിച്ചു സ്വന്തമായി എങ്ങനെ പ്രവര്‍ത്തിക്കാം എന്നുള്ള സാധ്യതകള്‍ പഠിപ്പിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

Ananya Story1

രക്ഷിതാക്കളുടെ വേവലാതികള്‍

കോവിഡ് മഹാമാരിയില്‍ മുറിക്കുള്ളില്‍ ഒതുങ്ങിയപ്പോയ ഇത്തരക്കാരെ പഴയനിലയിലേക്ക് കൊണ്ടുവരാനാവുമോയെന്ന കാര്യത്തില്‍ രക്ഷിതാക്കളില്‍ ആശങ്കയുണ്ട്. പേശികള്‍ക്കു ബലം ലഭിക്കാനുള്ള വിവിധ വ്യായാമങ്ങള്‍ പഠിപ്പിക്കുന്നതോടെ കുട്ടികളില്‍ നല്ല മാറ്റം വരാനുള്ള സാധ്യതയുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളുടെ കാര്യത്തില്‍, എത്രയും നേരത്തെ ചികിത്സ തുടങ്ങുന്നോ അത്രയും വേഗം ഫലം കിട്ടും. അവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങള്‍ കഴിയുമ്പോഴും ശരീരത്തിന് കൂടുതല്‍ വഴക്കം കൈവരും -കൊല്ലം കടപ്പാക്കട ന്യൂട്ടന്‍ സ്‌കൂള്‍ സ്ഥാപകയും അധ്യാപികയുമായ ഷംന പറയുന്നു. 35 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ബിഹേവിയറല്‍ തെറാപ്പിക്കാണ് പ്രാധാന്യം നല്‍കുന്നത്. സ്പീച്ച് തെറാപ്പി ലഭ്യമാകാത്തത് കുട്ടികള്‍ ശരിയായി വാക്കുകള്‍ ഉച്ചരിക്കുന്നതിനും ആശയവിനിമയത്തിനും പ്രയാസമുണ്ടാക്കും. ഇത്രനാളും പഠിച്ചത് മറക്കുന്നതിന് ഇടയാക്കും എന്നു മാത്രമല്ല, മടിയിലേക്ക് കുട്ടികളെ തള്ളിവിടുകയും ചെയ്യും. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നുണ്ടെങ്കിലും കുട്ടികള്‍ നേരിട്ട് പരിശീലിക്കുന്നത്ര ഫലം ലഭിക്കുന്നില്ല. ഓണ്‍ലൈന്‍ ആയതോടെ രക്ഷിതാക്കളുടെ പൂര്‍ണ്ണസാന്നിധ്യവും  ആവശ്യമാണ്. ജോലിക്ക് പോകുന്നതിനാല്‍ പല രക്ഷിതാക്കള്‍ക്കും ഇത് സാധ്യമാകുന്നില്ല. അത്തരം കുട്ടികളില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്ന തരത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കേണ്ടതുണ്ടെന്നും അവര്‍ പറയുന്നു.

''ഒന്‍പതാംമാസം വരെ ഇവാന്‍ സാധാരണ കുട്ടികളെപ്പോലെ തന്നെയായിരുന്നു. അവന്റെ കുസൃതിയായിരുന്നു വീട് മുഴുവന്‍. ചെറിയൊരു പനി വന്നതാണ്. കോട്ടയം ഇ.എസ്.ഐ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞിന് തലച്ചോറിന് ക്ഷതമാണെന്ന് പറഞ്ഞു. ഒരു കുഴപ്പവുമില്ലാതെ കളിച്ചുകിടന്ന കുഞ്ഞാണ്. വെന്റിലേറ്ററിലും മറ്റുമായി ഇരുപത്തിയൊന്നു ദിവസം ആശുപത്രിയില്‍ കിടന്നു. മോന്റെ ജീവന്‍ തിരിച്ചുകിട്ടണമെന്ന് മാത്രമേ ഞങ്ങള്‍ പ്രാര്‍ഥിച്ചുള്ളു, അത്രയും ഗുരുതരമായിരുന്നു. സെറിബ്രല്‍പാഴ്‌സിക്ക് സമാനമായ രോഗാവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറില്‍ ടിഷ്യുവിന് തകരാറാണ്. പനിയ്ക്കൊപ്പം അവന് ഫിക്‌സ് വന്നിരുന്നെന്ന് അപ്പോഴാണ് അറിയുന്നത്. അന്ന് മുതല്‍ മോന്‍ ഒരേ കിടപ്പാണ്. കാലുകള്‍ മടങ്ങി ക്രോസായാണ് നില്‍ക്കുന്നത്. കൈകള്‍ ചലിപ്പിക്കും. അവന് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതിലേക്ക് നോക്കിയിരുന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കും. തിരിച്ച് മറുപടിയൊന്നും പറയില്ലെങ്കിലും നമ്മള്‍ സംസാരിക്കുന്നത് അവന് മനസിലാകും. കോവിഡായതുകൊണ്ട് ദിവസവും ചെയ്യേണ്ട തെറാപ്പികളൊക്കെ മുടങ്ങി. അതിന്റെ അസ്വസ്ഥതകള്‍ അവന് നന്നായുണ്ട്. കുട്ടിക്ക് ചെയ്യാനുള്ള തെറാപ്പികളൊക്കെ അധ്യാപകര്‍ പഠിപ്പിച്ചു തരുന്നുണ്ടെങ്കിലും അവര്‍ ചെയ്യുന്ന പോലെയാകില്ലല്ലോ. കിടപ്പിലാണെങ്കിലും ആരെങ്കിലുമൊക്കെ അടുത്തുവരുന്നതൊക്കെ അവന് ഇഷ്ടമായിരുന്നു. കോവിഡായതുകൊണ്ട് തന്നെ നന്നായി സൂക്ഷിക്കണം. പെട്ടന്ന് ഇവരെ രോഗം പിടികൂടുമെന്നതുകൊണ്ട് തന്നെ സ്വകാര്യ ക്ലിനിക്കുകളില്‍ എല്ലാദിവസവും കൊണ്ടുപോകാനും കഴിയുന്നില്ല. വീട്ടിലുള്ളവരും പ്രത്യേകം ശ്രദ്ധിച്ചാണ് കുട്ടിയുടെ അടുത്ത് പോകുന്നത്'' -മകന്‍ ഇവാനെ ചേര്‍ത്തുനിര്‍ത്തി ഇത് പറയുമ്പോള്‍ അനുവിന്റെ ഉള്ളില്‍ ആധിയാണ്.

ഇവാന്‍ റോബിന് ഏഴ് വയസ്സായി. കോവിഡ് കാലമായതോടെ ഫിസിയോ തെറാപ്പിയൊക്കെ മുടങ്ങി. കോട്ടയം കാഞ്ഞിരപ്പള്ളി ചിറക്കടവ് സെന്റ് എഫ്രേം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇവാന്‍. ഓണ്‍ലൈന്‍ ക്ലാസ് ഒക്കെ വച്ചുകൊടുത്താലും അവന് ടീച്ചറെ നേരിട്ടുകാണുന്നതാണ് ഇഷ്ടം. ക്ലാസില്‍ പാട്ടു പാടുന്നതൊക്കെയാണെങ്കില്‍ ചിരിച്ചുകൊണ്ട് കേള്‍ക്കും. കോവിഡ് ആയതോടെ വീട്ടില്‍ സന്ദര്‍ശകര്‍ ആരുമില്ല. കിടപ്പിലായതുകൊണ്ട് ബി.ആര്‍.സിയിലെ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ ശീതള്‍ ആഴ്ചയിലൊരിക്കല്‍ വീട്ടിലെത്തും. അതാണ് ഇവാന് ഒരു ആശ്വാസം. എല്ലാ ദിവസവും ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയുമൊക്കെ ചെയ്ത് കുറേ മാറ്റം വന്നതാണ്. മുന്‍കാലത്ത് നേടിയെടുത്ത കഴിവുകള്‍ പാഴായിപോകുന്നത് കണ്ടുനില്‍ക്കേണ്ട അവസ്ഥയിലാണ് വീട്ടുകാര്‍. അനുവിനെയും സൂര്യയും പോലെ നിരവധി രക്ഷിതാക്കളുണ്ട്, കോവിഡ് കാലത്തെ ഭയത്തോടെ നോക്കിക്കൊണ്ട് ജീവിക്കുന്നവര്‍.

''അവന്റെ വാശിയെല്ലാം എന്റെയടുത്താണ് കാണിക്കുക. വീട്ടില്‍ അടച്ച് ഇരിപ്പായതോടെ ആദ്യം ദേഷ്യവും അനുസരണക്കേടുമായിരുന്നു. കൂട്ടുകാരുടെ കൂടെ കളിയ്ക്കാനും പഠിക്കാനുമൊക്കെ അവന് വലിയ ഇഷ്ടമാണ്. ആ സന്തോഷത്തെയാണ് കോവിഡ് മുക്കികളഞ്ഞത്''. അമ്മ രാജേശ്വരിയാണ് കോവിഡ് കാലത്ത്  മണികണ്ഠന്റെ ആകെയുള്ള കൂട്ട്. ''കൂട്ടുകാരുടെ കൂടെ കൂടിയാല്‍ ചിരിയും കളിയും ബഹളവുമൊക്കെയാണ്. അടഞ്ഞു കിടക്കുന്നതിന്റെ പ്രയാസങ്ങളാകും അവരുടെയുള്ളില്‍, ചിലപ്പോള്‍ ഇരുന്ന് കരയും. ഞാന്‍ പറഞ്ഞ് മനസിലാക്കും കോവിഡ് വലിയ അസുഖമാണ്, പുറത്ത് ഇറങ്ങാനാവില്ല അസുഖമൊക്കെ മാറുമ്പോള്‍ നമുക്ക് കൂട്ടുകാരെയൊക്കെ കാണാനും പുറത്ത് പോകാനും സാധിക്കും.'' -രാജേശ്വരി പറയുന്നു.

സ്‌കൂളും കൂട്ടുകാരും അധ്യാപകരുമൊക്കെ ചേര്‍ന്ന ലോകത്ത് കുട്ടികള്‍ സന്തോഷത്തിലായിരുന്നു. വാദ്യോപകരണങ്ങളടക്കം പരിശീലിപ്പിച്ച് കുട്ടികളെ സാധാരണജീവിതത്തിലേക്ക് കൊണ്ടുവരുന്ന കാലത്തായിരുന്നു കോവിഡിന്റെ വരവ്. ''മക്കളെ നോക്കാന്‍ എന്നും സന്തോഷമേയുള്ളു'' എന്നു പറയുമ്പോഴും, സ്‌കൂളുകള്‍ ഭിന്നശേഷിക്കാരുടെ മാതാപിതാക്കള്‍ക്ക് അനുഗ്രഹം തന്നെയായിരുന്നു. കോവിഡ് വന്നതോടെ 24 മണിക്കൂറും അവരുടെയടുത്ത് വേണം. ഡൗണ്‍സിന്‍ഡ്രോം കൂടിയുള്ള മകന്‍ കോവിഡിന്റെ ആദ്യസമയത്ത് പുറത്ത് ഇറങ്ങാനാവാതെ വളരെയധികം ബുദ്ധിമുട്ടിയെന്ന് ഒരമ്മ പറയുന്നു. ദേഷ്യം വരുമ്പോള്‍ അവന്‍ സ്വയം കടിക്കും. കൈയ്യൊക്കെ ഭിത്തിയിലിടിക്കും. പെട്ടെന്നുതന്നെ ദേഷ്യം മാറുകയും ചെയ്യും. അവരുടെ മാനസികാവസ്ഥ ഞങ്ങള്‍ അമ്മമാര്‍ക്കേ മനസിലാകുകയുള്ളു. ഭിന്നശേഷിക്കാരെ പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കോവിഡ് വിട്ടൊഴിയുക തന്നെ വേണം.

ടാര്‍പ്പോളിന്‍മേഞ്ഞ വീടിനുള്ളില്‍ മഴയത്ത് മകനെയും ചേര്‍ത്തുപിടിച്ചിരിക്കുമ്പോള്‍ സുധയ്ക്ക് ഒന്നേ പറയാനുള്ളു ''ഞാന്‍ മരിക്കുന്നതിന് മുന്‍പേ മകനെ ദൈവം വിളിക്കണേന്ന്. അവനെ നോക്കാന്‍ ഞാനില്ലെങ്കില്‍ പിന്നെയാരും ഉണ്ടാകില്ല''. ഓട്ടിസം ബാധിതനായ അതുല്‍ പാത്രം വീഴുന്ന ഒച്ച കേട്ടാല്‍ പോലും ഭയന്ന് നിലവിളിക്കും. സുഖമില്ലാത്ത മകനുമായി കേറിക്കിടക്കാന്‍ വീടിനായി പത്ത് വര്‍ഷത്തോളമായി ഓടുകയാണ് പത്തനംതിട്ട എഴുമറ്റൂരിലെ സുധയുടെ കുടുംബം. കുട്ടിയെ എടുത്തുകൊണ്ട് വേണം ആശുപത്രിയില്‍ കൊണ്ടുപോകാന്‍. കോണിപ്പടികളില്‍ മകനെ എളിയിലിരുത്തി വരുന്ന അമ്മയുടെ ദുരിതപര്‍വ്വം പത്രമാധ്യമങ്ങളിലൂടെ നിരവധി തവണ പുറത്തുവന്നിരുന്നെങ്കിലും ഇതുവരെയും വീട് കിട്ടിയിട്ടില്ല. മല്ലപ്പള്ളിയില്‍ മൂന്ന് സെന്റ് സ്ഥലം അനുവദിച്ചെങ്കിലും വീട് എന്ന സ്വപ്നം  ബാക്കിയാണ്. എല്ലാ മാസവും കോട്ടയത്ത് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത് ഇപ്പോള്‍ നാലുമാസത്തില്‍ ഒരിക്കലായി. പാറമടത്തൊഴിലാളിയായ അച്ഛന്‍ രാജുവിന്് സുഖമില്ലാതായതോടെ പണിക്ക് പോകാനും കഴിയുന്നില്ല. നാളുകളായി തുടരുന്നതാണ് സാമ്പത്തിക ബുദ്ധിമുട്ട്. കോവിഡും കൂടി വന്നതോടെ അവരുടെ ജീവിതം ദുരിതക്കയത്തിലായി.

(കൊല്ലം അഞ്ചല്‍ സ്വദേശി. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്.)

അടുത്തഭാഗം: ഓണ്‍ലൈന്‍ പഠനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍