'ഭായി'മാരെ അടിച്ചോടിക്കാന്‍ ആവേശം കൊള്ളുന്നവരും, ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നവരും

സര്‍ക്കാരിന്റെ പിഴവുകളെക്കാള്‍ അപകടമാണ്‌ ഇതരസംസ്ഥാന തൊഴിലാളികളെ പിഴിഞ്ഞും ആശ്രയിച്ചും ജീവിക്കാനുള്ള കേരളത്തിന്റെ മുതലാളിത്ത-ഉപഭോക്തൃ മന:സ്ഥിതി. 
 
kizhakkambalam clash

കിറ്റെക്‌സ് ഗാര്‍മെന്റ്‌സിലെ ഒരു സംഘം ഞായറാഴ്ച്ച പുലര്‍ച്ചെ നടത്തിയ കലാപത്തിന്റെ പേരില്‍ കേരളത്തില്‍ ജോലി ചെയ്തു ജീവിക്കുന്ന മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികളെയും അക്രമകാരികളാക്കി ചിത്രീകരിക്കണോ? അത്തരമൊരു അക്രമോത്സുക പ്രചാരണത്തിനാണ് കേരളം വീണ്ടും ഇറങ്ങിയിരിക്കുന്നത്. രാഷ്ട്രീയവും മതവും കൂടി ഇതില്‍ പ്രകോപനഘടകങ്ങളാകുന്നുണ്ട്. ജിഷ-നിമിഷ വധക്കേസുക്കള്‍ക്കു പിന്നാലെ ശക്തമായ ഇതരസംസ്ഥാന തൊഴിലാളി വിരുദ്ധവികാരമാണ് വീണ്ടും സജീവമായിരിക്കുന്നത്. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജോലി തേടിയെത്തിയിട്ടുള്ള ലക്ഷക്കണക്കിന് തൊഴിലാളികള്‍ കേരളത്തിലുണ്ട്. ഇവരില്‍ മുക്കാല്‍പങ്കിന്റെ വിവരങ്ങള്‍ മാത്രമാണ് ഔദ്യോഗികകേന്ദ്രങ്ങള്‍ക്ക് അറിവുള്ളത്. ബാക്കിവരുന്നവര്‍ അനധികൃതമായാണ് സംസ്ഥാനത്ത് തങ്ങുന്നത്. ഇവരില്‍ ക്രിമിനലുകളും കൊലപാതകികളും മോഷ്ടാക്കളുമെല്ലാമുണ്ട്. വീര്യം കൂടി ലഹരികള്‍ക്ക് അടിമപ്പെട്ടവരുമുണ്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളും പറയുന്നത്. കഴിഞ്ഞ വര്‍ഷം പെരുമ്പാവൂരില്‍ നിന്നും ഏതാനും ഇതരസംസ്ഥാന തൊഴിലാളികലെ എന്‍ ഐ ഐ അറസ്റ്റ് ചെയ്തത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയവരെന്ന് ആരോപിച്ചായിരുന്നു.

ഇതരസംസ്ഥാന തൊഴിലാളികളെ ' അതിഥി തൊഴിലാളികള്‍' എന്നു വിശേഷിപ്പിച്ച് കൂടെ ചേര്‍ത്തു പിടിക്കുന്ന നാടാണ് കേരളം. വിവിധ ക്ഷേമ-സുരക്ഷ പദ്ധതികള്‍ ഇവര്‍ക്കുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മികച്ച കൂലിയും മറ്റാനുകൂല്യങ്ങളും നല്‍കുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒരു തൊഴിലാളി സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ മുന്‍പന്തിയിലാണ്. എങ്കില്‍ തന്നെയും ചില അപകടങ്ങള്‍ ഇവര്‍ക്കിടയില്‍ പതിയിരിപ്പുണ്ടെന്ന വസ്തുത വേണ്ടപോലെ മനസിലാക്കാന്‍ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് കിഴക്കമ്പലത്ത് സംഭവിച്ചതുപോലെയുള്ള അക്രമങ്ങള്‍ തെളിയിക്കുന്നത്.

സര്‍ക്കാരിന്റെ പിഴവുകളെക്കാള്‍ ഗൗരവമേറിയതാണ് ഇതരസംസ്ഥാന തൊഴിലാളികളെ പിഴിഞ്ഞും ആശ്രയിച്ചും ജീവിക്കാനുള്ള കേരളത്തിന്റെ മുതലാളിത്ത-ഉപഭോക്തൃ മന:സ്ഥിതി. 

കിറ്റെക്‌സ് ഗാര്‍മെന്‍്‌സില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മലയാളികള്‍ ജോലി ചെയ്യില്ല, ജോലിയോട് ആത്മാര്‍ത്ഥയില്ല, കഷ്ടപ്പെട്ട പണികള്‍ ചെയ്യാന്‍ തയ്യാറല്ല തുടങ്ങിയ ആക്ഷേപങ്ങളും പരാതികളുമൊക്കെ ഉണ്ടാകുമെങ്കിലും, ചെറിയ കൂലിയില്‍, അവകാശങ്ങള്‍ ചോദിക്കാതെ, എന്തു ജോലി വേണമെങ്കിലും ചെയ്യുന്ന ' ഭായിമാര്‍' ആണ് കമ്പനിക്ക് ലാഭം എന്ന മുതലാളിത്ത തന്ത്രമാണ് കിറ്റെക്‌സിലെ തൊഴിലാളികളില്‍ എണ്‍പത് ശതമാനവും കേരളത്തിനു പുറത്തു നിന്നുള്ളവരാകാന്‍ കാരണം. ഏറ്റവുമധികം ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന കേരളത്തിലെ സ്വകാര്യ സ്ഥാപനമാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്. തിങ്കളാഴ്ച്ചകളില്‍ ആയിരക്കണക്കിന് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തില്‍ നടക്കാറുണ്ടെന്നാണ് അവിടെയുള്ള ഒരു മലയാളി ജീവനക്കാരന്‍ പറയുന്നത്. ആ ആയിരം പേരില്‍ പരമാവധി പത്തുപേരായിരിക്കും മലയാളികള്‍. നിലവില്‍ ജോലിക്കാരായ ആരുടെയെങ്കിലും പ്രേരണയാല്‍ വരുന്നവരാണത്. ബാക്കിയെല്ലാവരും കേരളത്തിനു പുറത്തു നിന്നുള്ളവരാണ്.

ജാര്‍ഖണ്ഡ്, മണിപ്പൂര്‍, നാഗാലാന്റ് തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നാണ് ഇപ്പോള്‍ വരുന്നവരിലധികവും. ജാര്‍ഖണ്ഡ് പോലുള്ള പിന്നാക്ക സംസ്ഥാനങ്ങളില്‍ നിന്നും മിഷണറിമാരുടെ പ്രേരണയാല്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട നിരവധി യുവതി-യുവാക്കള്‍ കിറ്റെക്‌സില്‍ ജോലി തേടിയെത്തുന്നുണ്ട്. തിരിച്ചറിയല്‍ രേഖകളുണ്ടെങ്കില്‍(ആധാറോ പാനോ, വോട്ടേഴ്‌സ് ഐഡിയോ മതിയാകും, പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ നിര്‍ബന്ധബുദ്ധി കാണിക്കാറില്ല) അവരവരുടെ കഴിവും വിദ്യാഭ്യാസ യോഗ്യതയ്ക്കും അനുസരിച്ച് ജോലി ഉറപ്പാണ്. സൗജന്യ ഭക്ഷണവും താമസവുമാണ് ശമ്പളത്തേക്കാള്‍ ഇതരസംസ്ഥാന തൊഴിലാളികളെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിലേക്ക് ആകര്‍ഷിക്കുന്നത്. വാടക, ഭക്ഷണം എന്നിവയില്‍ വലിയൊരു തുക കേരളത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മാസം ചെലവാകുന്നുണ്ട്. കിറ്റെക്‌സില്‍ വന്നാല്‍ ആ തുക ലാഭമാണ്. അടിസ്ഥാന ശമ്പളം പതിനായിരത്തില്‍ താഴെയായാലും നിശ്ചയിച്ചക്കപ്പെട്ട സമയത്തേക്കാള്‍ അധികം ജോലിയെടുക്കേണ്ടി വന്നാലും അവര്‍ക്ക് പരിഭവമില്ലാത്തതിന്റെ കാരണമൊന്ന് അതാണ്.

കമ്പനിയുടെ മറ്റൊരാശ്വാസം അവര്‍ അവകാശങ്ങള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കില്ലെന്നതാണ്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം തന്നെ കിട്ടുന്നില്ലെങ്കിലും പരാതിയില്ല. ഉന്നത തസ്തികയിലേക്ക് എത്താനുള്ള ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ബഹുഭൂരിപക്ഷത്തിനുമില്ല. തുടക്കം മുതലുള്ള തസ്തികയില്‍ തന്നെ സ്ഥിരമായി നിര്‍ത്താം. വിരലില്‍ എണ്ണാവുന്നവരെയുള്ളൂ ഓഫിസ് സ്റ്റാഫുകളായി. എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ യാതൊരു ചെലുമില്ലാതെ പറഞ്ഞു വിടാം. ഒരാള്‍ പോയാല്‍ ഒമ്പതുപേര്‍ വരുമെന്ന് കമ്പനിക്കറിയാം, അതാണ് യാഥാര്‍ത്ഥ്യവും. പുറത്തു നിന്നു വരുന്നവര്‍ വളരെ വേഗത്തില്‍ തൊഴില്‍ പഠിച്ചെടുക്കും, അതിനാല്‍ അനുഭവപരിചയമുണ്ടായിരുന്നൊരുവന്‍ പോയതിന്റെ ക്ഷീണം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ അത്രകണ്ട് ബാധിക്കില്ല. അവശ്യത്തിനുപോലും അവധിയെടുക്കില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നാട്ടില്‍ പോകും. ചിലര്‍ തിരിച്ചുവരില്ല, അത് പ്രശ്‌നമാകില്ല, തിരിച്ചു വരുന്നവരുടെ കൂട്ടത്തില്‍ പുതിയതായി അഞ്ചുപേരെങ്കിലും കാണും. നിര്‍മാണ മേഖലകളിലടക്കം ദിവസ വേതനക്കാരായി ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദിവസേന കിട്ടുന്ന കൂലിയോളം വരില്ല കിറ്റെക്‌സിലെ താഴെക്കിടയിലെ ഒരു തൊഴിലാളിയുടേത്. പുറത്ത് ജോലി ചെയ്യുന്ന ഒരാള്‍ക്ക് മിനിമം 400 രൂപയെങ്കിലും കിട്ടുന്നുണ്ട്. കിറ്റെക്‌സിലെ ഒരു തൊഴിലാളിയുടെ മാസ ശമ്പളം പതിനായിരത്തില്‍ താഴെയാണ്. പക്ഷേ, ഈ വ്യത്യാസവും ചൂഷണവുമൊക്കെ കിറ്റെക്‌സ് എന്ന ബ്രാന്‍ഡില്‍ മറച്ചുവയ്ക്കപ്പെടുകയാണ്.കിറ്റെക്‌സിന്റെ ഇതരസംസ്ഥാന തൊഴിലാളി പ്രേമത്തിന് പിന്നില്‍ ഇങ്ങനെയും ചില കാരണങ്ങളുണ്ട്. തന്റെ തൊഴിലാളികള്‍ അക്രമം നടത്താന്‍ കാരണം കേരളത്തില്‍ ലഹരി ലഭ്യത കൂടിയതുകൊണ്ടാണെന്ന് കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ് ആരോപിക്കുന്നതിനു പിന്നിലും മുതലാളിത്ത തന്ത്രമാണ്.

കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഒരു ഇന്റര്‍നാഷണല്‍ കമ്പനിയാണെങ്കില്‍, കേരളത്തിലെ ഒരു ചെറുകിട കോണ്‍ട്രാക്റ്ററും ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ സമാനതന്ത്രം തന്നെയാണ് സ്വീകരിക്കുന്നത്.' ഭായിമാരെ'ക്കൊണ്ട് പരമാവധി ലാഭം അവര്‍ നേടുന്നുണ്ട്. കൃത്യമായ രേഖകള്‍ ഇല്ലാത്ത ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഉണ്ട്. ഇത്തരം ക്രിമിനലുകളെ അടക്കം ഇതരസംസ്ഥാന തൊഴിലാളികളായി ഇവിടെ വരുന്ന എല്ലാവരേയും സാമ്പത്തികമായി ചൂഷണം ചെയ്ത് ജീവിക്കുന്ന മലയാളികള്‍ എന്തെങ്കിലും അനിഷ്ടസംഭവം നടക്കുമ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെയെല്ലാം കേരളത്തില്‍ നിന്ന് അടിച്ചോടിക്കണമെന്ന് ആക്രോശിക്കുന്നത് ഇരട്ടത്താപ്പാണ്. എത്ര ഇതരസംസ്ഥാനക്കാര്‍ വേണമെങ്കിലും വന്നോട്ടെ, തൊഴിലെടുത്തോട്ടോ, താമസിച്ചോട്ടെ എന്നു പ്രോത്സാഹിപ്പിച്ചവരാണ് മലയാളി. കാരണം, ഇതരസംസ്ഥാനക്കാരെ കൊണ്ട് അത്രകണ്ട് വരുമാനവും ലാഭവും കിട്ടിയിരുന്നു. ഇതില്‍ തൊഴിലുടമകളുണ്ട്, ഇതരസംസ്ഥാന തൊഴിലാളികളെ വിതരണം ചെയ്യുന്ന കോണ്‍ട്രാക്റ്റര്‍മാരുണ്ട്, സാധാരണക്കാരുണ്ട്. ഇവരെല്ലാം ഓരോരോ രീതിയില്‍ ഈ തൊഴിലാളികളെ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊണ്ടിരുന്നു. ആട്ടിന്‍കൂടുപോലൊരു മുറി ഹോസ്റ്റലാക്കി ഇതരസംസ്ഥാനക്കാരെ താമസിപ്പിച്ച് തലയെണ്ണി കാശുവാങ്ങി ജീവിക്കുന്ന എത്രയോ ബുദ്ധിമാന്മാര്‍ പെരുമ്പാവൂരും കുന്നത്തുനാട്ടിലുമൊക്കെയുണ്ട്. എന്തെങ്കിലും രേഖകള്‍ വാങ്ങിയോ, താമസിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്‌തോ ഇവരാരും തന്നെ നിയമം പാലിക്കാറുമില്ല. ആ കൂട്ടര്‍ തന്നെയാണ് ഭായിമാരെല്ലാം ക്രിമിനലുകളാണെന്ന ആഹ്വാനവുമായി ഇറങ്ങിയിട്ടുള്ളത്.

ഇതരസംസ്ഥാന തൊഴിലാളികളെ സപ്ലൈ ചെയ്ത് പണം സമ്പാദിക്കുന്ന കോണ്‍ട്രാക്റ്റര്‍മാര്‍ നിരവധിയാണ് കേരളത്തില്‍. ചെറുതും വലുതുമായ കമ്പനികള്‍ ആവശ്യപ്പെടുന്ന തൊഴിലാളികളെ ഇവര്‍ സപ്ലൈ ചെയ്യും. ഈ രീതി കമ്പനികള്‍ക്കും ഗുണമാണ്. ഒരു കേസില്‍ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി ഏതു കമ്പനിയിലാണ് ജോലി ചെയ്തിരുന്നതെന്ന് അന്വേഷണം വന്നാല്‍ അവനെ ജോലിക്കെടുത്തത് രേഖകള്‍ എല്ലാം പരിശോധിച്ചാണോ എന്ന ചോദ്യം വരും. അല്ലെങ്കില്‍ സ്ഥാപനവും കുറ്റക്കാരാണ്. ഇത്തരം പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ഇവരാരും ഇതരസംസ്ഥാനക്കാരെ നേരിട്ട് തൊഴിലാളികളായി വിളിക്കില്ല. പകരം തങ്ങള്‍ക്ക് ആവശ്യമായ തൊഴിലാളികളെ സപ്ലൈ ചെയ്യാന്‍ കോണ്‍ട്രാക്റ്റര്‍മാരെ സമീപിക്കും. ചോദിക്കുന്ന തൊഴിലാളികളെ കോണ്‍ട്രാക്റ്റര്‍മാര്‍ കൊടുക്കും. ഇവര്‍ക്കുള്ള കൂലി കോണ്‍ട്രാക്റ്ററെ ഏല്‍പ്പിക്കും. ആളൊരാള്‍ക്ക് എണ്ണൂറു മുതല്‍ ആയിരം രൂപവച്ച് കമ്പനി കൂലി കൊടുത്താല്‍ കോണ്‍ട്രാക്റ്റര്‍ അത് നാന്നൂറോ മൂന്നോറോ ആക്കും ബാക്കി അയാള്‍ക്ക് ഉള്ളത്. ഈ കൂലി ഓരോരുത്തരേയും വിളിച്ച് ഏല്‍പ്പിക്കുകയില്ല, അവരുടെ കൂട്ടത്തില്‍ ഒരു ലീഡറെ തെരഞ്ഞെടുത്ത് അയാളുടെ കൈവശം ഏല്‍പ്പിക്കും. വലിയ ലാഭമാണ് ഇതിലൂടെ മലയാളി കോണ്‍ട്രാക്റ്റര്‍മാര്‍ തട്ടിയെടുക്കുന്നത്.

തൊഴില്‍ തേടി എത്തുന്ന ഇതര സംസ്ഥാനക്കാര്‍ എവിടെയൊക്കെ ജോലി ചെയ്യുന്നു, എവിടെയൊക്കെ താമസിക്കുന്നു, എങ്ങനെയുള്ളവരാണ് എന്നൊന്നും ഒരാളും അന്വേഷിക്കുന്നില്ല. സര്‍ക്കാര്‍ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. അതൊന്നും ഫലപ്രദമായി ഇവരുടെ അടുത്ത് എത്തുന്നില്ല. ജനങ്ങള്‍ അവരുടെ സാമൂഹ്യ ഉത്തരവാദിത്വവും കാണിക്കുന്നില്ല. മലയാളിക്ക് ഇതരസംസ്ഥാന തൊഴിലാളി എന്നത് പൊന്‍മുട്ടയിടുന്ന താറാവാണ്. അതുകൊണ്ട് കൂടിയാണ് സകല മേഖലകളിലും ഇപ്പോള്‍ 'ഭായി'മാര്‍ നിറഞ്ഞുനില്‍ക്കുന്നത്. മലയാളിക്ക് ഇവരെക്കൊണ്ട് പലവിധത്തിലാണ് ലാഭം. ഇപ്പോഴത്തെ വികാരവിക്ഷോഭത്തില്‍ എല്ലാ ഇതര സംസ്ഥാനക്കാരെയും കേരളത്തില്‍ നിന്നും അടിച്ചോടിക്കാനൊക്കെ പറയുമ്പോള്‍ ഭായിമാരെ കൊണ്ട് ജീവിക്കുന്നവരാണ് നമ്മളിപ്പോള്‍ എന്നകാര്യം മറക്കരുത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക