പ്രതികളെ ഇടിക്കാനുള്ള അധികാരം പൊലീസിനുണ്ടോ?

എപ്പൊഴൊക്കെ ബലപ്രയോഗം നടത്താമെന്നുള്ളതിന് നിയമപ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങളുണ്ട്
 
kerala police

എന്താണ് കേരള പൊലീസ് എന്ന് വ്യക്തമാക്കുന്നൊരു പോസ്റ്റ് അവരുടെ ഔദ്യോഗിക ഫെയ്‌സബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെടുകയും മണിക്കൂറുകള്‍ക്കകം പിന്‍വലിക്കപ്പെടുകയും ചെയ്തു. 'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ചായിരുന്നു പൊലീസിന്റെ നയം വ്യക്തമാക്കാല്‍. പ്രതികളെ കയ്യില്‍ കിട്ടിയാല്‍ ഇനിയും ഇടിക്കും എന്നായിരുന്നു വെല്ലുവിളി. മാവേലി എക്‌സ്പ്രസില്‍ ഷമീര്‍ എന്നയാളെ ഒരു സബ് ഇന്‍സ്‌പെക്ടര്‍ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത പ്രവര്‍ത്തിയില്‍ പ്രതിഷേധം ശക്തമായപ്പോഴാണ്, ഇത് തന്നെയാണ് ഞങ്ങളുടെ രീതിയെന്നും, അത് തുടരുമെന്നും പരസ്യ ഭീഷണി മുഴക്കിയത്. ഷമീര്‍ മദ്യപിച്ചിരുന്നു, ടിക്കറ്റ് ഇല്ലായിരുന്നു, മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയിരുന്നു, അയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലവും ഉണ്ടായിരുന്നു. ഇതെല്ലാം അയാളെ ക്രൂരമായി മര്‍ദ്ദിക്കാനുള്ള കാരണമല്ല. ഇടിച്ചു തോല്‍പ്പിക്കല്ല പൊലീസിന്റെ ജോലി, ആരെയും എവിടെവച്ചും ഇടിക്കാനും ചവിട്ടാനുമുള്ള ലൈസന്‍സും പൊലീസിനില്ല. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു, സിനിമയിലെ ആക്ഷന്‍ ഹീറോയെ മാതൃകയാക്കി പൊലീസിന്റെ പരിഹാസം.

പൊതുജനത്തിന്റെ നിശിതമായ വിമര്‍ശനങ്ങള്‍ കൂടിയപ്പോള്‍ മുന്‍കാലങ്ങളില്‍ ചെയ്തിട്ടുള്ളതുപോലെ പോസ്റ്റ് പൊലീസ് മുക്കി. പോസ്റ്റ് നീക്കം ചെയ്തതുകൊണ്ട്, അതിലൂടെ അവര്‍ വ്യക്തമാക്കിയ മനോഭാവത്തില്‍ മാറ്റമുണ്ടാകുമെന്ന് കരുതേണ്ടതില്ലെന്നാണ് എസ് പി റാങ്കില്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്‍ ഉറപ്പിച്ചു പറയുന്നത്. പ്രതികളെ ഇടിക്കാനോ ചവിട്ടാനോ ഒരു പൊലീസുകാരനും അധികാരമില്ല. അങ്ങനെയൊരു അധികാരം ആരെങ്കിലും കാണിച്ചാല്‍ അവരെ പൊലീസ് എന്നല്ല ക്രിമിനല്‍ എന്നാണ് വിളിക്കേണ്ടത്, തക്കതായ ശിക്ഷയും അയാള്‍ക്ക് നല്‍കിയിരിക്കണം' എന്നാണ് റിട്ടയേര്‍ഡ് എസ് പിയുടെ വാദം.

'ഗുണ്ടാലിസ്റ്റിലെ സ്ത്രീ' എന്ന ഇമേജ് ഭാവിയെ ആശങ്കപ്പെടുത്തുന്നുവെന്ന് ഷിമി; ഓപ്പറേഷന്‍ കാവല്‍ മനുഷ്യവേട്ടയോ?

എപ്പോഴൊക്കെ പൊലീസിന് ബലപ്രയോഗം നടത്താമെന്ന് നിയമാനുസൃമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. അതു മറികടന്നുകൊണ്ടുള്ള ചെയ്തികളെല്ലാം നിയമവിരുദ്ധമാണ്. ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍, ആദ്യം ആ വ്യക്തിയെ ഇടിച്ചു താഴെയിടണമെന്ന് ഒരു മാനുവലിലും പറഞ്ഞിട്ടില്ല. എന്താണ് അറസ്റ്റിനുള്ള സാഹചര്യമെന്ന് ആ വ്യക്തിയെ ആദ്യം ബോധ്യപ്പെടുത്തി കൊടുക്കകയാണ് വേണ്ടത്; മാന്യമായ രീതിയില്‍. വാറണ്ട് ഉണ്ടെങ്കില്‍ അത് കാണിക്കണം. വാറണ്ടില്ലാത്ത സാഹചര്യമാണെങ്കില്‍, ക്രമസമാധാനപ്രശ്‌നം പോലുള്ള സംഭവങ്ങളില്‍-അറസ്റ്റിനുള്ള സാഹചര്യം ബോധ്യപ്പെടുത്തി, അറസ്റ്റിന് കീഴ്‌പ്പെടാന്‍ ആവശ്യപ്പെടാം. അനുസരിച്ചില്ലെങ്കില്‍ നിര്‍ബന്ധപൂര്‍വം അറസ്റ്റ് ചെയ്യാം. എതിര്‍ക്കുകയോ, ഉപദ്രവത്തിനു ശ്രമിക്കുകയോ ചെയ്താല്‍, ആ വ്യക്തിയെ കീഴ്‌പ്പെടുത്താന്‍ ന്യായമായ ബലപ്രയോഗം നടത്താം. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെങ്കില്‍ പൊതുജനത്തിന്റെ സഹായവും തേടാം. അത്തരം അവസരങ്ങളില്‍ പൊതുജനം പൊലീസിനെ സഹായിക്കണമെന്ന് സിആര്‍പിസി നിയമത്തില്‍ പറയുന്നുമുണ്ട്.

ഒരു വ്യക്തിയെ അറസ്റ്റിന് കീഴ്‌പ്പെടാന്‍ ഏതെങ്കിലും സാഹചര്യത്തില്‍ ബലപ്രയോഗം നടത്തേണ്ടി വരികയാണെങ്കില്‍ ഏറ്റവും ചുരുങ്ങിയ രീതിയിലുള്ള ബലപ്രയോഗമെ നടത്തിയിട്ടുള്ളൂവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ തെളിയിക്കണം. തെളിവിന്റെ ബാധ്യത(burden of proof)  ആ ഉദ്യോഗസ്ഥനുമേലുണ്ട്. അതായത്, ഇന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ ഇത്രമാത്രം ബലപ്രയോഗമെ നടത്തിയിട്ടുള്ളൂവെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വം പൊലീസുകാരനുണ്ടെന്നാണ് നിയമം അനുശാസിച്ചിരിക്കുന്നത്.

ഒരു വീട് സെര്‍ച്ച് ചെയ്യാന്‍ പോകുന്ന സാഹചര്യമാണെങ്കില്‍, എന്തെങ്കിലും തരത്തിലുള്ള തടസം ഉണ്ടായാല്‍ അല്ലാതെ വാതിലും തല്ലിപ്പൊളിച്ച് അകത്തു കയറാനൊന്നും പൊലീസിന് അധികാരമില്ല. അവിടെയും ഏറ്റവും ചുരുങ്ങിയ ബലപ്രയോഗം മാത്രം നടത്തുക, നടത്തിയാല്‍ അത് തെളിയിക്കുക.

നിയമവിരുദ്ധമായ കൂട്ടങ്ങള്‍ പിരിച്ചുവിടേണ്ട സാഹചര്യത്തിലും ബലപ്രയോഗം നടത്താം. റോഡ് ബ്ലോക്ക് ചെയ്യുക, അക്രമാസക്തരായി കൂട്ടം കൂടുക, പരസ്പരമുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാവുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ആവശ്യമെങ്കില്‍ ബലപ്രയോഗം നടത്താം. അതൊരു 'അണ്‍ലോഫുള്‍ അസംബ്ലി' ആണെന്ന് ബോധ്യപ്പെട്ടശേഷം മാത്രം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ലാത്തി ചാര്‍ജ് നടത്താം. ലാത്തി ചാര്‍ജ്ജിന് മുമ്പായി ആള്‍ക്കൂട്ടം പിരിഞ്ഞുപോകാന്‍ വാക്കാല്‍ പറയണം. ഫലമുണ്ടായില്ലെങ്കില്‍ ടിയര്‍ ഗ്യാസ്, ജലപീരങ്കി, റബര്‍ ബുള്ളറ്റ് തുടങ്ങി ചെറിയ രീതിയിലുള്ള ബലപ്രയോഗങ്ങള്‍ നടത്താം. എന്നിട്ടും ആള്‍ക്കൂട്ടം പിരിയുന്നില്ലെങ്കില്‍ ലാത്തി ചാര്‍ജ് നടത്താം.

ഏതു സാധാരണക്കാരനെപ്പോലെയും സ്വയരക്ഷയ്ക്കു വേണ്ടി ബലപ്രയോഗം നടത്താന്‍ പൊലീസിനും അവകാശമുണ്ട്. തന്റെ ജീവനോ സ്വത്തിനോ ഭീഷണി ഉയരുകയും മറ്റൊരു മാര്‍ഗവും ഇല്ലാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യാക്രമണം നടത്താം. അവിടെയും 'തെളിവിന്റെ ബാധ്യത' എന്ന ഉത്തരവാദിത്വം പൊലീസിനുമേലുണ്ട്.

എന്തും ചെയ്യുന്ന ക്രിമിനലുകളും ഒന്നും ചെയ്യാത്ത പൊലീസും; ഭയന്നു ജീവിക്കുന്ന കേരളം

പൊലീസ് സേനയില്‍ നിന്നും വര്‍ഷങ്ങളുടെ അനുഭവപരിചയത്തോടെ വിരമിച്ച ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വിശദമാക്കി തരുന്നത്. ഇതൊക്കെയാണ് നിയമം എന്നിരിക്കെയാണ്, ഞങ്ങളുടെ കൈയില്‍ കിട്ടുന്നത് ആരെയാണെങ്കിലും ഇടിക്കുമെന്ന് പൊലീസുകാര്‍ പരസ്യ ഭീഷണി മുഴക്കുന്നത്. പൊതുജനങ്ങളോടും പരാതിക്കാരോടും എങ്ങനെ പെരുമാറണമെന്ന് കേരള ഹൈക്കോടതിയും പൊലീസ് മന്ത്രിയും പൊലീസ് മേധാവിയുമൊക്കെ പലതവണ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണെങ്കിലും എന്തു ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം എന്ന ധാര്‍ഷ്ട്യമാണ് പൊലീസിനുള്ളിലെ ഭൂരിപക്ഷത്തിനും. പൊലീസിന്റെ സ്വഭാവം നന്നാക്കാന്‍ ഇപ്പോഴത്തെ ഡിജിപിയും അദ്ദേഹത്തിന്റെ മുന്‍ഗാമികളും പലവട്ടം സര്‍ക്കുലറുകള്‍ ഇറക്കിയിട്ടുണ്ട്. ആരെയും എടാ, പോടാ, നീ എന്നൊന്നും വിളിക്കരുതെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും ഒരു സിവില്‍ പൊലീസ് ഓഫിസര്‍ പോലും അതൊന്നും അനുസരിക്കാറില്ലെന്നതിന് തെളിവാണ് വീണ്ടും വീണ്ടും അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് ഇറങ്ങുന്ന സര്‍ക്കുലറുകള്‍.

'സര്‍ക്കുലറുകള്‍ എന്തോ വലിയ കാര്യമാണെന്ന മട്ടിലാണ് മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതൊരു ഓഫിസ് നോട്ട് മാത്രമാണ്. അഡ്മിനിസ്‌ട്രേറ്റീവ് ഓര്‍ഡര്‍ എന്നോ ജനറല്‍ ഡയറക്ഷന്‍ എന്നോ പറയാം. ഡിപ്പാര്‍ട്ട്‌മെന്റ് നടപടികളുടെ ഭാഗമായിട്ട് മാത്രമെ ജനറല്‍ ഡയറക്ഷന് പ്രസക്തിയുള്ളൂ. ഡിജിപിയുടെ സര്‍ക്കുലര്‍ ഒരിക്കലും നിയമമല്ല. നിയമപരമായ കാര്യങ്ങള്‍ ചെയ്യാതിരിക്കുകയോ, വീഴ്ച്ചകള്‍ ആവര്‍ത്തിക്കുകയോ ചെയ്യുന്ന അവസരത്തില്‍, അത്തരം കാര്യങ്ങള്‍ നിര്‍ബന്ധപൂര്‍വം ചെയ്യണമെന്നുള്ള ഓര്‍മപ്പെടുത്തല്‍ മാത്രമാണ് സര്‍ക്കുലര്‍. അതനുസരിക്കാന്‍ ഇപ്പോഴുള്ള പൊലീസുകാര്‍ തയ്യാറുമല്ല. പൊലീസ് സേനയില്‍ അച്ചടക്കം ഇല്ലാതായി കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ സ്വാധീനം വല്ലാതെകണ്ട് വര്‍ദ്ധിച്ചു. പൊലീസ് അസോസിയേഷനുകളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ജില്ല പൊലീസ് മേധാവിമാരുണ്ടെങ്കിലും അസോസിയേഷന്‍ പറയുന്നതുപോലെ ചെയ്തുകൊടുക്കേണ്ടി വരികയാണ്. അനുസരിച്ചില്ലെങ്കില്‍ അസോസിയേഷന്‍ നേതാക്കള്‍ പാര്‍ട്ടി ഓഫിസില്‍ പരാതി കൊടുക്കും. അവിടെ നിന്നും വിളിച്ച് കാര്യങ്ങള്‍ നടത്തിച്ചെടുക്കും. മേലുദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. നേരത്തെ ജില്ല പൊലീസ് മേധാവിക്കോ ഡിജിപിക്കോ കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുപോകാമായിരുന്നു. ആ സാഹചര്യം മാറി. നഷ്ടപ്പെടുത്തിയെന്നു തന്നെ പറയാം. പൊലീസിനുള്ളില്‍ ശക്തിപ്രാപിച്ച രാഷ്ട്രീയ അസോസിയേഷനിസമാണതിന് പിന്നില്‍. പൊലീസിനു മേല്‍ ഡിസിപ്ലീനറി കണ്‍ട്രോള്‍ ഇല്ലാത്ത, ഓവറോള്‍ സൂപ്പര്‍വിഷന് മാത്രം അധികാരമുള്ള ആഭ്യന്തര മന്ത്രി കോണ്‍ഫറന്‍സ് വിളിച്ച് നല്ലപാഠം പറഞ്ഞുകൊടുത്തതുകൊണ്ടും കാര്യങ്ങളൊന്നും മാറാന്‍ പോകുന്നില്ല;  ഒരു മുന്‍ എസ്പിയുടെ വാക്കുകളാണിത്.

പൊലീസ് കടമ മറക്കുമ്പോള്‍; അന്ന് ജീതുവിനെ ചുട്ടുകൊന്നു, ഇന്ന് മോഫിയ ആത്മഹത്യ ചെയ്തു

പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന യാതൊന്നിനും തയ്യാറാകാത്ത ഒരു ആഭ്യന്തരമന്ത്രിയാണ് കേരളത്തിന് ഇപ്പോഴുള്ളത്. മനോവീര്യം എന്ന വാക്കിന്റെ അര്‍ത്ഥത്തെയും അതിന്റെ ഉദ്ദേശത്തെയും ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മവീര്യം എപ്പോഴാണ് തകരുന്നത്?  നിയമപരമായി ചെയ്യുന്ന ഒരു കാര്യത്തില്‍ അനാവിശ്യമായോ അനധികൃതമായോ ഇടപെട്ടുകൊണ്ട്, നിയമപരമായി ന്യായീകരിക്കാന്‍ കഴിയുന്നൊരു കാര്യത്തെ അത്തരത്തില്‍ ന്യായീകരിക്കാതെ അച്ചടക്കനടപടിയെടുക്കുമ്പോഴാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മനോവീര്യം തകരുന്നത്. ചെയ്യാന്‍ വിധിക്കപ്പെട്ടൊരു കാര്യം, നിയമപരമായി തന്നെയാണെന്ന ഉത്തമ വിശ്വാസത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ ചെയ്യുമ്പോള്‍, ആ പ്രവര്‍ത്തി തെറ്റാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് നടപടിയെടുക്കുമ്പോഴാണ്, താന്‍ നിയമപരമായി ചെയ്തിട്ടും തനിക്കെതിരേ നടപടി വന്നല്ലോയെന്നോര്‍ത്ത് അയാളുടെ ആത്മവീര്യം തകരുന്നത്. ലോക്കപ്പില്‍ പ്രതിയെ ഇടിച്ചു കൊല്ലുന്നവനെയും പരാതി പറയാന്‍ വരുന്നവരെ അപമാനിച്ച് പറഞ്ഞു വിടുന്നവനെയും അഴിമതിക്കാരനെയും അഴിമതിക്കാരന് കൂട്ടുനില്‍ക്കുന്നവനെയും ലൈംഗികാതിക്രമം നടത്തുന്നവനെയും, അതൊക്കെ നിയമപരമായ കാര്യങ്ങളാണെന്ന് പറഞ്ഞു പിന്തുണ കൊടുക്കുമ്പോഴാണ് യഥാര്‍ത്ഥത്തിന്റെ പൊലീസിന്റെ ആത്മവീര്യം തകരുന്നത് എന്നാണ് പൊലീസ് സേനയുടെ ഭാഗമായി ഇപ്പോഴും നില്‍ക്കുന്നവരില്‍ ചിലര്‍ നിലപാടായി പറയുന്നത്. അത് മനസിലാക്കാത്തവരും, മനസിലാക്കിയിട്ടും നിശബ്ദരായവരും, ഇങ്ങനെയൊക്കെ പോയാല്‍ മതിയെന്ന് തീരുമാനിക്കുന്നവരുമാണ്, ആരെയായാലും ഞങ്ങള്‍ ഇടിക്കുമെന്ന് പരസ്യ ഭീഷണി മുഴക്കാന്‍ പൊലീസിനുള്ളിലെ ഒരു വിഭാഗത്തിന് ആവേശം നല്‍കുന്നതെന്നും പൊലീസുകാര്‍ തന്നെ സമ്മതിക്കുന്നു.

അഴിമുഖം യൂട്യൂബ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക