'എനിക്കീ പ്രപഞ്ചമൊന്ന് കാണണം'; ലോകം ചുറ്റുന്നത് വട്ടാണെന്ന് പറഞ്ഞവര്‍ക്ക് വിജയന്‍ കൊടുത്ത മറുപടി 

ജീവിച്ചിരിക്കുന്നിടത്തോളം കാലം മോഹനയുടെ കൈയും പിടിച്ച് കഴിയാവുന്നിടത്തോളം രാജ്യങ്ങള്‍ കാണണമെന്നായിരുന്നു വിജയന്റെ ആഗ്രഹം
 
vijayan


''എനിക്കീ പ്രപഞ്ചമൊന്ന് കാണണം, അതൊരാഗ്രഹം നമ്മളീ ലൈഫില്‍ തന്നെ വേണം എല്ലാം ചെയ്യാന്‍ അതിനു വേണ്ടി ഒരു പ്രത്യേക ടൈം ഉണ്ടാക്കാന്‍ പറ്റണം. എല്ലാവരും കളിയാക്കും, തനിക്ക് വട്ടാണെന്ന്, അതെ എനിക്ക് വട്ടാണ്, ഓരോരുത്തര്‍ക്ക് ഓരോ വട്ടല്ലേ ?  കൊച്ചി ശ്രീബാലാജി കോഫി ഹൗസ് ഉടമ കെ.ആര്‍. വിജയന്റെ വാക്കുകളാണ്. കിട്ടുന്ന കാശെല്ലാം ലോകം കാണാനുള്ളതായിരുന്നു വിജയന്, വിജയന് മാത്രമല്ല ഭാര്യ മോഹനയ്ക്കും. വാര്‍ധക്യത്തിലും എവിടെയും ഒതുങ്ങി കൂടാതെ സ്വന്തമായി അധ്വാനിച്ച് കിട്ടുന്ന വരുമാനം ഇരുവരും ലോകം ചുറ്റാന്‍ ചെലവാക്കിയത് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. 

ഒരു യാത്ര കഴിഞ്ഞാല്‍ അടുത്തെതെവിടെയെന്ന് ഇരുവരും മനസില്‍ കുറിച്ചിടും. യാത്രക്ക് കാശായി കഴിഞ്ഞാല്‍ പിന്നെ ചായക്കടയ്ക്ക് വിട പറയും. ഇക്കാലത്ത് പണം സമ്പാദിക്കാനായി ആളുകള്‍ പരക്കം പായുമ്പോഴാണ് മക്കളുടെ കൂടെ പിന്തുണയോടെ വിജയനും മോഹനയും
കിട്ടുന്ന തുക യാത്രയ്ക്കായി പൊടിക്കുന്നതെന്നോര്‍ക്കണം. വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ അനുഭവങ്ങളാണ് പാഠങ്ങള്‍, ലോകത്തെ അറിയാനുള്ള, ലോകത്തെ കാണാനുള്ള വിജയന്റെ ആഗ്രഹങ്ങളാണ് ഇപ്പോള്‍ പാതിവഴിയില്‍ നിലച്ചത്. ജീവിച്ചിരിക്കുന്നിടത്തോളം കാലം മോഹനയുടെ കൈയും പിടിച്ച് കഴിയാവുന്നിടത്തോളം രാജ്യങ്ങള്‍ കാണണമെന്നായിരുന്നു വിജയന്റെ ആഗ്രഹം. ആ ആഗ്രഹങ്ങള്‍ പകുതിക്ക് വെച്ച് ബ്രേക്കിട്ടെങ്കിലും ജീവിച്ചിരുന്നിടത്തോളം കാലം ആനന്ദത്തോടെ ജീവിച്ചെന്ന് വേണം പറയാന്‍. ഇരുവരും ചേര്‍ന്നുള്ള യാത്രകള്‍ അത് തന്നെയാണ് പറയുന്നത്. 

കൊച്ചിയിലെ തന്റെ കൊച്ച് കടയില്‍ എത്തുന്നവര്‍ക്കും വിജയനും മോഹനയും നന്മയുടെ പാഠങ്ങള്‍ കാണിച്ച് കൊടുക്കാറുണ്ട്. പണം ഇല്ലാതെ ഭക്ഷണം ചോദിച്ചെത്തുന്നവര്‍ക്ക് ഭക്ഷണം കൊടുക്കും. എന്നാല്‍ വാങ്ങിച്ച ഭക്ഷണം കളയുന്നവര്‍ക്ക് ആ കടയില്‍ നിന്ന് പിന്നെ ഭക്ഷണമില്ല. അത് കാശ് കൊടുത്ത് ഭക്ഷണം വാങ്ങിക്കുന്നവര്‍ക്കായാലും അങ്ങനെ തന്നെ. അന്നം ദൈവമാണെന്നാണ് വിജയന്‍ ചേട്ടന്‍ അല്ലെങ്കില്‍ ബാലാജി പറയാറ്, ലോകത്തില്‍ എത്രയോ പേര്‍ ഒരു നേരത്തെ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നു, എത്രയോ പേര്‍ മരിക്കുന്നു. അവരെ ഓര്‍ക്കണം വിജയന്‍ പറയുമായിരുന്നു. ചായക്കട ഉപജീവന മാര്‍ഗമാണെങ്കിലും അതില്‍ നിന്ന് അമിത ലാഭമൊന്നും വിജയന്‍ ആഗ്രഹിച്ചിരുന്നില്ല. നിത്യ ചിലവിനും യാത്രയ്ക്കും ആവശ്യമുള്ളത് കിട്ടിയാല്‍ പിന്നെ കച്ചവടത്തിന് കുറച്ച് നാളത്തേക്ക് വിശ്രമം കൊടുക്കും. പിന്നെ മോഹനയുടെ കൈയും പിടിച്ചിറങ്ങും യാത്രകള്‍ക്കായി. 

കൊച്ചി ഗാന്ധീനഗറിലെ 'ശ്രീ ബാലാജി കോഫി ഹൗസ്' എന്ന പേരില്‍ നടത്തിയിരുന്ന ചായക്കടയിലെ ചെറിയ വരുമാനത്തില്‍ നിന്നായിരുന്നു ഇരുവരുടെയും ലോകയാത്രകള്‍. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതല്ലെങ്കിലും കോഫി ഹൗസിലെ രുചിയും വിശേഷങ്ങളും കേട്ടറിഞ്ഞ് ഒരിക്കലെങ്കിലും ഇവിടെ എത്താത്തവര്‍ കുറവാണ്. കടയിലെത്തുന്നവര്‍ക്കായി തങ്ങളെ കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകളും ഇവര്‍ ചില്ലിട്ട് വെച്ചിട്ടുണ്ട്. വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ വിജയന്റെയും മോഹനയുടെയും ചായക്കട തേടി എത്തിയിട്ടുണ്ട്. 

'മനസ്സും ഞങ്ങളുടെ സ്‌നേഹവും ചേര്‍ത്താണ് ഞാന്‍ ആളുകള്‍ക്ക് ചായ കൊടുക്കുന്നത്. ഉസ്താദ് ഹോട്ടലില്‍ തിലകന്‍ പറയുന്ന ഡയലോഗും വിജയന്റേതായിരുന്നു. കാരണം അന്‍വര്‍ റഷീദും ഭാര്യയും കുട്ടികളും വിജയന്റെയും മോഹനയുടെയും സ്ഥിരം കസ്റ്റമേഴ്‌സ് ആയിരുന്നു.  വരുന്നവന്റെ വയറു മാത്രം നിറഞ്ഞാല്‍ പോരാ, മനസ്സും നിറയണം. ആ ഡയലോഗാണ് ഉസ്താദ് ഹോട്ടലില്‍ തിലകന്‍ പറയുന്നത്,'' 

ജീവിതപ്രശ്‌നങ്ങള്‍ ഒഴിഞ്ഞിട്ട് യാത്ര പോവാം എന്നു കരുതുന്നവര്‍ക്ക് പ്രചോദനമാണ് വിജയന്റെയും മോഹന്റെയും ജീവിതം. ചായക്കടയില്‍ നിന്നുള്ള സമ്പാദ്യത്തിനു പുറമെ ലോണ്‍ വരെ എടുത്ത് യാത്ര പോവുന്ന ഈ ദമ്പതികള്‍ ഇതുവരെ കണ്ടത് 26 രാജ്യങ്ങളാണ്. 
2007ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ യാത്ര. ചായക്കടയിലെ ചെറിയ വരുമാനത്തില്‍നിന്ന് പ്രതിദിനം 300 രൂപ മാറ്റിവെച്ചായിരുന്നു വിജയന്റെയും ഭാര്യയുടെയും ലോകയാത്രകള്‍. പലപ്പോഴും വായ്പയെടുത്താണ് ചെലവുകള്‍ കണ്ടെത്തിയത്. പിന്നീട് സ്വകാര്യ യാത്രാ ഏജന്‍സിയുടെ ബ്രാന്‍ഡ് അംബാസഡറായതോടെ അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലും യാത്രകള്‍ ചെയ്തു. ലോകരാജ്യങ്ങളില്‍ കറങ്ങിയ ദമ്പതികളുടെ യാത്രകള്‍ വിദേശമാദ്ധ്യമങ്ങളിലും ഇടംപിടിച്ചതോടെ ആനന്ദ് മഹീന്ദ്ര, അമിതാഭ് ബച്ചന്‍, അനുപംഖേര്‍, ശശി തരൂര്‍ എം.പി തുടങ്ങി നിരവധി പ്രശസ്തരും സ്ഥാപനങ്ങളും ചെറുതും വലുതുമായ സ്പോണ്‍സര്‍ഷിപ്പുകളുമായി പ്രോത്സാഹിപ്പിച്ചു.

എറണാകുളം നഗരത്തില്‍ സൈക്കിളില്‍ ചായ വിറ്റ് നടന്ന വിജയന്‍ 25 വര്‍ഷം മുമ്പാണ് ശ്രീ ബാലാജി കോഫിഹൗസ് തുടങ്ങിയത്. പിതാവിനൊപ്പം ചെറുപ്പത്തില്‍ നടത്തിയ യാത്രകളുടെ തുടര്‍ച്ചയായി മുതിര്‍ന്നപ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തേക്കും സ്വന്തമായി പോയി. 1988ല്‍ ഹിമാലയം സന്ദര്‍ശിച്ചു. പിന്നീട് യു.എസ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രസീല്‍, അര്‍ജന്റീന തുടങ്ങി ദമ്പതികള്‍ സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടിക നീളും. 

യാത്രയെ ഇത്രയേറെ പ്രണയിക്കുന്ന ഈ ദമ്പതികളുടെ ജീവിതം 'വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങള്‍' എന്ന പേരില്‍ വിസി ബുക്‌സ് പുസ്തകമായി ഇറക്കിയിരുന്നു. 'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്ന സിനിമയിലെ ഒരു സീനിലും വിജയന്‍-മോഹന ദമ്പതികളുടെ ജീവിതകഥ പ്രതിപാദിക്കുന്നുണ്ട്.