EXPLAINER | കോവിഡ് വാക്സിന്‍ എന്നു സജ്ജമാകും? രാജ്യങ്ങള്‍ തമ്മിലുള്ള മാത്സര്യമായി ഇതുമാറുമോ?

 
EXPLAINER | കോവിഡ് വാക്സിന്‍ എന്നു സജ്ജമാകും? രാജ്യങ്ങള്‍ തമ്മിലുള്ള മാത്സര്യമായി ഇതുമാറുമോ?


കോവിഡ് വാക്സിനു വേണ്ടിയുള്ള 'റേസ്' അക്ഷരാർത്ഥത്തിൽ ഒരു മത്സരപ്പന്തയമായി പരിണമിച്ചിരിക്കുകയാണ്. യുദ്ധസമാനമായ ഈ പന്തയത്തിൽ ജയിക്കാൻ വെമ്പുന്നവർ ലോകത്തിൽ വെറുമൊരു താരപദവിയല്ല മുന്നിൽക്കാണുന്നത്. ലോകരാഷ്ട്രങ്ങൾക്കുമേൽ സ്ഥാപിക്കാവുന്ന നയതന്ത്രപരമായ ആധിപത്യം അവരുടെ സ്വപ്നമാണ്. ഇതോടൊപ്പമാണ് കോവിഡ് വാക്സിനെ ചുറ്റിപ്പറ്റിയുള്ള വിപണിയുടെ സ്വപ്നങ്ങൾ. ഫാർമ കമ്പനികൾ ഓഹരിവിപണികളിൽ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുകയാണ്. വലിയ കമ്പനികൾ ഈ മേഖലയുടെ ദീർഘകാല നിലനിൽപ്പിനെ മനസ്സിലാക്കിയുള്ള നിക്ഷേപങ്ങൾക്ക് തയ്യാറാകുന്നു. ഈ മദമാത്സര്യങ്ങൾക്കിടയിലാണ് വാക്സിൻ വരുന്നതോടെ ജീവിതത്തെ പഴയ പടിയാക്കാമെന്ന സാധാരണ ജീവിതങ്ങളുടെ സ്വപ്നങ്ങളും കിടക്കുന്നത്.

ലോകരാഷ്ട്രീയത്തെ അടിമുടി പരിവർത്തിപ്പിച്ചു കൊണ്ടാണ് മഹാമാരി പടർന്നുകൊണ്ടിരിക്കുന്നത്. ലോകത്തിൽ നിലവിൽ ആധിപത്യം നേടിയിട്ടുള്ള പ്രത്യശാസ്ത്രങ്ങളെല്ലാം ചോദ്യങ്ങളെ നേരിടുന്നുണ്ട്. അവയുടെ ശക്തിദൌർബല്യങ്ങളുടെ മാറ്റുരയ്ക്കൽ കാലമായി രാഷ്ട്രീയസൈദ്ധാന്തികർ കോവിഡ് കാലത്തെ കാണുന്നു. രാഷ്ട്രീയത്തിലെ ഈ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് വിരാമമിടാൻ മരുന്ന് തയ്യാറാകേണ്ടതുണ്ട്. ശാസ്ത്രജ്ഞർ അതിനുള്ള കഠിനാധ്വാനത്തിലാണ്.

മൂന്നാംഘട്ടത്തിലെത്തി നിൽക്കുന്ന വാക്സിനുകൾ ഏതെല്ലാം?

1) Ad5-nCoV - ഇതൊരു റീകോമ്പിനന്റ് വാക്സിനാണ്. റീകോമ്പിനന്റ് ഡിഎൻഎ സാങ്കേതികത ഉപയോഗിച്ചാണ് ഈ വാക്സിൻ നിർമിച്ചിരിക്കുന്നത്. കാസിനോ ബയോളജിക്സിന്റെ സ്പോൺസർഷിപ്പിൽ വുഹാനിലെ തോങ്ജി ഹോസ്പിറ്റലാണ് ഈ വാക്സിന്റെ ഗവേഷണ-വികസന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഇപ്പോൾ മനുഷ്യരിലെ പരീക്ഷണത്തിന്റെ മൂന്നാംഘട്ടം നടന്നുകൊണ്ടിരിക്കുന്നു.
2) AZD1222 - നിർവീര്യമാക്കപ്പെട്ട വൈറസുകളെയാണ് ഈ വാക്സിനിൽ ഉപയോഗിക്കുന്നത്. ഓക്സ്ഫോഡ് സർവകലാശാലയുടെ വാക്സിനെന്ന പേരിൽ അറിയപ്പെടുന്നു. ഇപ്പോൾ പരീക്ഷണങ്ങളുടെ മൂന്നാംഘട്ടത്തിൽ. യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോഡും ആസ്ട്രാസെൻകയും ഇക്യൂവിയയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്നാണ് ഈ വാക്സിൻ നിർമിക്കുന്നത്.

3) CoronaVac - ബീജിങ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിനോവാക് ആണ് ഈ വാക്സിൻ വികസിപ്പിച്ചെടുക്കുന്നത്. നിർജീവമായ വൈറസ്സുകളെയാണ് ഈ വാക്സിനിൽ ഉപയോഗിക്കുന്നത്. ഇപ്പോൾ മൂന്നാംഘട്ട പരീക്ഷണങ്ങൾ തുടരുന്നു.

4) JNJ-78436735 (formerly Ad26.COV2-S) - ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ചെടുക്കുന്ന ഒറ്റഡോസ് വാക്സിനാണിത്.

5) mRNA-1273 - മോഡേണയുടെ സ്പോൺസർഷിപ്പിൽ വികസിപ്പിച്ചെടുക്കുന്ന വാക്സിനാണിത്. മൂന്നാംഘട്ട മനുഷ്യപരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു. മെസഞ്ചർ ആർഎൻഎ സ്ട്രാൻഡ് ഉൾക്കൊള്ളുന്ന വാക്സിനാണിത്. ശരീരത്തിൽ ഇവ കടന്നുചെല്ലുന്നതോടെ സെല്ലുകളിൽ രോഗത്തിനെതിരായ ആന്റിജൻ ഉൽപ്പാദനത്തിനാവശ്യമായ ജനിതകവിവരം കൈമാറ്റം ചെയ്യപ്പെടുന്നു. കൈസർ പെർമെനന്റ് വാഷിങ്ടൺ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ വികസിപ്പിക്കുന്നത്.

6) വുഹാനിൽ നിന്നുള്ള പേരിടാത്ത വാക്സിൻ - നിർജീവമായ വൈറസ്സുകളെ ഉപയോഗിച്ചാണ് ഈ വാക്സിൻ ശരീരത്തിൽ പ്രവർത്തിക്കുക. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രോഡക്ട്സ്, ചൈന നാഷണൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ഈ വാക്സിൻ നിർമാണത്തിനാവശ്യമായ സാമ്പത്തികസഹായം നൽകുന്നത്. ഹെനാൻ പ്രൊവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് വാക്സിൻ ഗവേഷണം നടത്തുന്നത്.

7) NVX-CoV2373 - അമേരിക്കൻ വാക്സിൻ വികസന സ്ഥാപനമായ നോവാവാക്സ് ഒരു വാക്സിൻ വികസിപ്പിക്കുന്നുണ്ട്. പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലാണ് ഇപ്പോഴുള്ളത്.

8) Bacillus Calmette-Guerin (BCG) vaccine - രോഗകാരിയായ വൈറസ്സിന്റെ വീര്യം കുറച്ച പതിപ്പുകളാണ് ഈ വാക്സിനിൽ ഉപയോഗിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് മെൽബൺ ആൻഡ് മർഡോക്ക് ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റാഡ്ബൌണ്ട് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ, മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഫോസ്റ്റ്മാൻ ലാബ് എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് ഈ വാക്സിൻ വികസിപ്പിക്കുന്നത്. ഫണ്ടിങ്ങും ഇവർ തന്നെയാണ്. ഇപ്പോൾ രണ്ടും മൂന്നും ഘട്ടങ്ങളിലാണ് പരീക്ഷണം നീങ്ങുന്നത്.

9) BNT162 - ഇതും ഒരു എംആർഎൻഎ അധിഷ്ഠിത വാക്സിനാണ്. ഫൈസർ, ബയോടെക് എന്നീ സ്ഥാപനങ്ങളാണ് ഫണ്ട് ചെയ്യുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലാണ് പരീക്ഷണം നീങ്ങുന്നത്.

ചൈനയുടെ വാക്സിനുകൾ

ചൈനീസ് സർക്കാർ സ്ഥാപനമായ ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് കമ്പനി (സിഎൻബിജി) വികസിപ്പിച്ചെടുത്ത ഒരു വാക്സിൻ ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലിനായി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ വാക്സിൻ തങ്ങൾ അടിയന്തിരോപയോഗത്തിനായി പട്ടികപ്പെടുത്തിയതായി സംഘടനയുടെ അടിയന്തിര ഔഷധ, ചികിത്സാ ഉപകരണ വിഭാഗത്തിന്റെ കോഡിനേറ്റർ സോകോറോ എസ്കലേറ്റ് പറയുന്നു. ഈ ലിസ്റ്റിങ് വാക്സിന്റെ സുരക്ഷിതത്വും ഫലദാനശേഷിയും അളക്കാനാണ്. അടിയന്തിര ഉപയോഗത്തിന് ഈ മരുന്ന് ഉപയോഗിക്കാനാകും. ആകെ നാല് വാക്സിനുകളാണ് ചൈനയിൽ പരീക്ഷണത്തിന്റെ അവസാനഘട്ടങ്ങളിലുള്ളത്. ചൈനയിൽ രോഗവ്യാപനം കുറഞ്ഞതിനാൽ പാകിസ്താൻ, ബ്രസീൽ, യുഎഇ, റഷ്യ എന്നിവിടങ്ങളിലാണ് ഈ മരുന്നുകളുടെയെല്ലാം പരീക്ഷണം നടക്കുന്നത്.

ചൈനയെ സംബന്ധിച്ചിടത്തോളം വാക്സിൻ വികസന പ്രവർത്തനമെന്നത് യുഎസ്സുമായുള്ള ഒരു 'പോരാട്ട'മാണ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് യുഎസ് തെരഞ്ഞെടുപ്പിനു മുമ്പ് വാക്സിൻ പ്രഖ്യാപനം ഏതുവിധേനയും നടത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതിനു മുമ്പ് ചൈനയ്ക്ക് വാക്സിൻ പുറത്തിറക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണമാണ് ലോകാരോഗ്യ സംഘടനയെ ചൈന സമീപിച്ചിരിക്കുന്നത്. റഷ്യ ലോകത്തിലെ ആദ്യത്തെ വാക്സിൻ പുറത്തിറക്കാൻ തിയ്യതി നിശ്ചയിച്ചതിനു സമാനമായ രംഗങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 15ന് വാക്സിൻ പ്രഖ്യാപനം നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ വന്നതോടെ ഓഗസ്റ്റ് 16ന് നിശ്ചയിച്ചിരുന്ന പരിപാടി അഞ്ച് ദിവസം പിന്നിലേക്ക് മാറ്റി. ഓഗസ്റ്റ് 11ന് ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ പ്രഖ്യാപനം ചൈന നടത്തി.

ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം പതിനായിരക്കണക്കിനാളുകളിൽ സിഎൻബിജിയുടെ വാക്സിൻ പ്രയോഗിച്ചു കഴിഞ്ഞിട്ടുണ്ട്, ചില റിപ്പോർട്ടുകൾ പറയുന്നത് പൊതുജനങ്ങളിൽ വ്യാപകമായ ഉപയോഗം നടക്കുന്നുണ്ടെന്നാണ്. അടിയന്തിര സന്ദർഭങ്ങളിൽ ഈ വാക്സിൻ ഉപയോഗിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ളവരിലാണ് വാക്സിൻ പ്രയോഗം നടക്കുന്നത്.

ദി ന്യൂയോർക്കർ സെപ്തംബർ 29ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം വ്യാപകമായ വാക്സിനേഷൻ നടന്നു കൊണ്ടിരിക്കുന്നുണ്ട് ചൈനയിൽ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേഡർമാരിലെ ഒരു വിഭാഗവും വാക്സിനേഷന് വിധേയമായിട്ടുണ്ട്.

റഷ്യയുടെ സ്പുട്നിക് വി

റഷ്യയുടെ സ്പുട്നിക് വി എന്ന കോവിഡ് വാക്സിന്റെ മനുഷ്യപരീക്ഷണങ്ങൾ നടത്താനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത് ഹൈദരാബാദിലെ പ്രശസ്തമായ ഡോ. റെഡ്ഢീസ് ലാബാണ്. ഈ ലാബിന് ഇന്ത്യയിൽ നേരിട്ട് മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് കടക്കാനായിരുന്നു താൽപര്യം. ഒന്നും രണ്ടും ഘട്ടങ്ങൾ റഷ്യയിൽ ചെയ്തു കഴിഞ്ഞുവെന്ന ന്യായം പക്ഷെ കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്സ്പർട്ട് കമ്മിറ്റി അംഗീകരിക്കുകയുണ്ടായില്ല. റഷ്യയി വളരെ ചുരുക്കം പേരിൽ മാത്രമാണ് ഒന്നും രണ്ടും ഘട്ടങ്ങളിലെ പരീക്ഷണം നടത്തിയതെന്ന് സമിതി കണ്ടെത്തി. ഇതിൽ നിന്നും ലഭിച്ച സുരക്ഷാസംബന്ധമായതും, പ്രതിരോധശേഷി സംബന്ധമായതുമായ വിവരങ്ങൾ ഇന്ത്യയിലെ ജനങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുക സാധ്യമല്ല. ഇക്കാരണത്താൽ ഇന്ത്യയിൽ രണ്ടാംഘട്ട പരീക്ഷണം കൂടി റെഡ്ഢീസ് ലാബ് ശരിയായ അളവിൽ നടത്തണം. റെഡ്ഢീസ് ലാബ് ഇനി തങ്ങളുടെ പരീക്ഷണ മാനദണ്ഡങ്ങൾ പുതുക്കി പുതിയൊരു അപേക്ഷ നൽകേണ്ടതായി വരും.

തുടക്കം മുതൽക്കേ പലവിധ സംശയാസ്പദമായ നടപടികളുടെ പേരിൽ കുപ്രസിദ്ധി നേടിയിട്ടുണ്ട് റഷ്യയുടെ സ്പുട്നിക് വാക്സിൻ. എന്നിരിക്കിലും വിഖ്യാതമായ മെഡിക്കൽ ജേണലായ ദി ലാൻസെറ്റ്, സ്പുട്നിക്കിന് കൊറോണ വൈറസ്സിനെതിരെ ആന്റിബോഡി ഉൽപാദിപ്പിക്കാൻ കഴിയുന്നുണ്ടെന്ന് റിപ്പോർട്ട് നൽകിയത് റഷ്യക്ക് വലിയ ഉത്തേജനമാകുകയുണ്ടായി. 76 പേരിൽ നടത്തിയ പരീക്ഷണം നേരിട്ട് നിരീക്ഷിച്ചാണ് ലാൻസെറ്റ് ഈ നിഗമനത്തിലെത്തിയത്. എന്നാൽ, റഷ്യയിൽ തന്നെയും ഈ വാക്സിനോട് ജനങ്ങൾക്ക് അവിശ്വാസം വളർന്നിട്ടുണ്ട്. ചില ഒപ്പീനിയൻ പോളുകളിൽ വാക്സിൻ സ്വമേധയാ സ്വീകരിക്കാൻ തയ്യാറായി 50 ശതമാനം പേർ പോലും വന്നില്ല. സെപ്തംബർ മാസത്തിൽ സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി അധ്യാപക യൂണിയൻ നേതാക്കളിൽ വാക്സിൻ പരീക്ഷിക്കാൻ റഷ്യ ഒരു ശ്രമം നടത്തി. 700 പേരിൽ നടത്താനായിരുന്നു ആലോചന. പക്ഷെ, നേതാക്കളാരും വഴങ്ങാത്തതുകൊണ്ട് പ്രസ്തുത നീക്കം പാളി.

അതെസമയം ലോകാരോഗ്യ സംഘടന ഈ വാക്സിനു മേലുള്ള സംശയം അവസാനിപ്പിച്ചിട്ടില്ല. മെയ് മാസത്തിൽ തന്നെ തങ്ങൾ വാക്സിൻ വികസിപ്പിച്ചെടുത്തുവെന്ന ആവകാശവാദത്തോടെ റഷ്യ രംഗത്തു വന്നിരുന്നു. ഗാമാലെയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമിയോളജി ആൻഡ് മൈക്രോബയോളജിയാണ് ഈ വാക്സിൻ വികസനത്തിനു പിന്നിൽ പ്രവർത്തിച്ച സർക്കാർ സ്ഥാപനം. ഓഗസ്റ്റ് 11ന് റഷ്യൻ പ്രസിഡണ്ട് ഈ വാക്സിന്റെ പ്രഖ്യാപനവും നടത്തി. സ്പുട്നിക് വാക്സിന് രജിസ്ട്രേഷൻ ലഭിക്കുന്നതിനു മുമ്പ് വെറും 38 പേരിലാണ് റഷ്യ പരീക്ഷണം നടത്തിയിരുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവരികയുണ്ടായി. ഒന്നും രണ്ടും ഘട്ടങ്ങളിൽ വാക്സിന്റെ സക്സസ് റേറ്റ് വെറും 16 ശതമാനമായിരുന്നു. വേണ്ടത്ര പരീക്ഷണം നടത്താതെ വാക്സിൻ ജനങ്ങളിലെത്തിക്കുന്നത് വലിയ ദോഷം ചെയ്യുമെന്ന് ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. വെറും 'പൊളിറ്റിക്കൽ സ്റ്റണ്ടാ'ണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നതെന്നും വാക്സിൻ രംഗത്തെ വിദഗധർ ആരോപിച്ചു.

എങ്കിലും ലാൻസെറ്റിന്റെ പഠനം വാക്സിൻ വിമർശകർക്കുള്ള മറുപടിയെന്ന നിലയിൽ സർക്കാർ ആഘോഷിക്കുന്നുണ്ട്. പടിഞ്ഞാറൻ നാടുകൾക്ക് തങ്ങളോടുള്ള വിപ്രതിപത്തിയാണ് വാക്സിൻ വിമർശനങ്ങളുടെ പിന്നിലെന്ന് വരുത്തിത്തീർക്കാനാണ് റഷ്യ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

വളരെ വേഗത്തിലാണ് കോവിഡ് വാക്സിന് റഷ്യ പരീക്ഷണങ്ങൾക്കുള്ള അനുമതികൾ നൽകിക്കൊണ്ടിരുന്നത്. ഒരു ഘട്ടത്തിൽപ്പോലും വിമർശനാത്മകമായ സമീപനം വാക്സിനോട് റഷ്യ പുലർത്തുകയുണ്ടായില്ല. പരീക്ഷണങ്ങളുടെ ഫലം പുറത്തുവിടാൻ റഷ്യ തയ്യാറായില്ല. പരീക്ഷണഫലങ്ങൾ പിയർ റിവ്യൂ നടത്താൻ തയ്യാറായില്ല. കടുത്ത വിമർശനങ്ങൾ ലോക മെഡിക്കൽ സമൂഹത്തിൽ നിന്നും രാഷ്ട്രീയ രംഗത്തു നിന്നും വളർന്നപ്പോൾ സെപ്തംബർ 4ന് ഒന്നും രണ്ടും ഘട്ടങ്ങളുടെ വിവരങ്ങൾ പുറത്തുവിടാൻ റഷ്യ തയ്യാറായി. ഇരുപതോളം രാജ്യങ്ങൾ തങ്ങളുടെ വാക്സിൻ ജനങ്ങളിൽ പരീക്ഷിക്കാൻ തയ്യാറായിട്ടുണ്ടെന്നാണ് റഷ്യ പറയുന്നത്. യുഎസ്സിൽ മൂന്നാംഘട്ട പരീക്ഷണങ്ങൾക്കായി ഈ മരുന്ന് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 40,000 വളന്റിയർമാരിലാണ് പരീക്ഷണം നടത്തുക.
വാക്സിൻ രംഗത്ത് ഇന്ത്യയുടെ പ്രവർത്തനങ്ങൾ

മുപ്പതോളം വാക്സിനുകളാണ് ഗവേഷണവികസനങ്ങളുടെ പല ഘട്ടങ്ങളിലായി ഇന്ത്യയിൽ തിരിച്ചറിയപ്പെട്ടിട്ടുള്ളത്. അഥവാ ഇത്രയും വാക്സിനുകളുടെ വികസനപ്രവർത്തനങ്ങളെയാണ് ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ളത്. ഇവയിൽത്തന്നെ മൂന്നെണ്ണം മാത്രമേ മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടുള്ളൂ. നാല് വാക്സിനുകൾ മനുഷ്യപരീക്ഷണത്തിലേക്ക് അടുക്കാവുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.

2021 ജൂലൈ മാസത്തോടെ രാജ്യത്തെ 25 കോടി ജനങ്ങൾ വാക്സിൻ ഡോസുകൾ സ്വീകരിച്ചു കഴിഞ്ഞിരിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറയുന്നത്. ഇതിനായി 50 കോടി ഡോസ് (രണ്ട് ഡോസ് വീതം) സജ്ജമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ആരോഗ്യ പ്രവർത്തകരെ പൂർണമായും വാക്സിനേഷനുള്ളിലാക്കാൻ ഇതിനകം സാധിക്കും. രോഗബാധ അപകടകരമായി മാറാനിടയുള്ള വിഭാഗത്തിലെ ഒരു വലിയ ഭാഗത്തെയും ഉൾക്കൊള്ളാനായേക്കും.

ഡോക്ടർമാർ മുതൽ ആശ വർക്കർമാർ വരെയുള്ള ആരോഗ്യപ്രവർത്തകരിലാണ് ആദ്യം വാക്സിൻ പ്രയോഗം നടത്തുക. രണ്ടാമത്തെ ഘട്ടത്തിലായിരിക്കും പ്രായമുള്ളവർക്കും, ഇതര രോഗബാധയുള്ളവർക്കും, കുട്ടികൾക്കുമെല്ലാം വാക്സിൻ നൽകുകയെന്ന് അനുമാനിക്കപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സംശയങ്ങൾ നിലവിലുണ്ട്. എല്ലാവർക്കും വാക്സിൻ സൌജന്യമാകില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ ഈ വിഷയത്തിലുള്ള മൌനത്തിൽ നിന്ന് ഊഹിക്കേണ്ടത്. സർക്കാരിന്റെ ചെലവിൽ നടക്കുന്ന വാക്സിനേഷൻ പരമാവധി 25 കോടി പേരിലെത്തുമെന്നാണ് ഊഹിക്കേണ്ടത്. ബാക്കിയുള്ളവർ പണം ചെലവാക്കേണ്ടതായി വന്നേക്കുമെന്ന് അന്താരാഷ്ട്ര ഓഹരി ദല്ലാൾ സ്ഥാപനമായ സാൻഫോഡ് സി. ബേൺസ്റ്റൈൻ അനലിസ്റ്റ് നിത്യ ബാലസുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടുന്നു.

അതെസമയം ഇത് ഏതുസമയത്ത് നടക്കുമെന്നതിൽ സർക്കാർ വ്യക്തതയിലെത്തിയിട്ടില്ല. വാക്സിന്റെ ലഭ്യത ഒരു പ്രശ്നമായിരിക്കുമെന്നാണ് കരുതേണ്ടത്. എപ്പോഴാണ് വാക്സിനേഷൻ തുടങ്ങുക എന്ന കാര്യം ആരോഗ്യമന്ത്രി പറയുന്നില്ല. വാക്സിന്റെ ലഭ്യത 2021 തുടക്കം മുതൽക്കുണ്ടാകുമെന്ന പ്രതീക്ഷയിലാകാം സർക്കാരെന്നാണ് അനുമാനിക്കേണ്ടത്. 25 കോടി ജനങ്ങളിൽ ജൂലൈ മാസത്തിനുള്ളിൽ വാക്സിനേഷൻ നടത്തണമെങ്കിൽ ഇത്രയെങ്കിലും സമയം അത്യാവശ്യമായി വരും. എന്തായാലും വാക്സിനേഷന് ആർക്കൊക്കെ മുൻഗണന നൽകണമെന്നതിൽ സംസ്ഥാനങ്ങളുടെ വാക്കിന് പ്രാധാന്യമുണ്ടാകും. സംസ്ഥാന സർക്കാരുകൾ നൽകുന്ന വിവരങ്ങളനുസരിച്ചായിരിക്കും ആരോഗ്യമന്ത്രാലയത്തിന്റെ പ്രവർത്തനം.

വാക്സിനുകൾ വിതരണം ചെയ്യുന്നതും വലിയൊരു ദൌത്യമാണ്. മുഴുവൻ സമയവും റെഫ്രിജറേഷൻ ആവശ്യമാണെങ്കിൽ അത് ചെയ്യേണ്ടതായി വരും. ഓരോ വാക്സിൻ വാഹനവും പ്രത്യേകമായി ട്രാക്ക് ചെയ്യാനുള്ള സംവിധാനങ്ങളൊരുക്കുന്നുണ്ട് സർക്കാർ. കൃത്യമായ സ്ഥലങ്ങളിൽ വാക്സിൻ എത്തിയെന്ന് ഉറപ്പാക്കും.

രണ്ടാംഘട്ട പരീക്ഷണങ്ങളിലാണ് ഇന്ത്യയുടെ ഭാരത് ബയോടെക് വികസിപ്പിച്ചെടുക്കുന്ന കോവാക്സിൻ ഇപ്പോഴുള്ളത്. ഈ വാക്സിനെക്കുറിച്ച് പുറത്തുവന്ന ഏറ്റവും പുതിയ വിവരം ഭാരത് ബയോടെക് യുഎസ്സിലെ കൻസാസ് സംസ്ഥാനത്തുള്ള വൈറോവാക്സ് എന്ന കമ്പനിയുമായി ഒരു കരാറിലേർപ്പെട്ടതിനെക്കുറിച്ചുള്ളതാണ്. കോവിഡ് വാക്സിനിൽ ഉപയോഗിക്കാനുള്ള ഒരു ഘടകം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ കരാർ. Alhydroxiquim-II എന്ന ഈ ഘടകം വാക്സിനേഷൻ വഴി ലഭിക്കേണ്ടുന്ന പ്രതിരോധശേഷിയുടെ കാലയളവ് കൂട്ടാൻ സഹായിക്കും. നിർവീര്യമാക്കപ്പെട്ട വൈറസ്സുകളാണ് കോവാക്സിനിൽ ഉപയോഗിക്കുന്നത്. മൂന്നാംഘട്ടത്തിലേക്ക് 20,000 വളണ്ടിയർമാരെയാണ് ഇതിനായി സജ്ജരാക്കുന്നത്. വർഷത്തിൽ ഈ വാക്സിന്റെ 20 ദശലക്ഷം ഡോസ് നിർമിക്കാനുള്ള ശേഷിയാണ് ഭാരത് ബയോടെക്കിനുള്ളത്. ഇത് വർധിപ്പിക്കാൻ പദ്ധതിയുണ്ട്. വിദേശ സ്ഥാപനങ്ങളുമായി ചേർന്നുള്ള പദ്ധതികൾക്കാണ് ഭാരത് ബയോടെക് ആലോചിക്കുന്നത്.

ഇന്ത്യൻ സ്ഥാപനമായ ദി ട്രാൻസ്നാഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (ടിഎച്ച്എസ്ടിഐ) കോവിഡ് വാക്സിൻ ടെസ്റ്റിങ് പ്രക്രിയയിൽ നിർണായക ഇടപെടൽ നടത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ വരുന്ന ഒരു സ്വയംഭരണ സ്ഥാപനമാണിത്. കോഅലിഷൻ ഫോർ എപിഡമിക് പ്രിപ്പയേഡ്നെസ് ഇന്നവേഷൻസ് എന്ന സന്നദ്ധസംഘടനയാണ് ഈ പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്. വിവിധ രാജ്യങ്ങളിൽ നടക്കുന്ന വാക്സിൻ പരീക്ഷണങ്ങളുടെ കാര്യക്ഷമതയും വേഗതയും തിരിച്ചറിയുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഇവർ ഏർപ്പെടുക. നെതർലാൻഡ്സ്, ഇറ്റലി, ബ്രിട്ടൻ, കാനഡ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിൽ സ്ഥാപിച്ച ലാബുകൾ വഴിയാണ് ഈ പ്രവർത്തനം നടത്തുക. വിവിധ വാക്സിനുകൾ ശരീരത്തിലുണ്ടാക്കുന്ന പ്രതിരോധപരമായ പ്രതികരണങ്ങളെ പഠിക്കുക എന്നതാണ് ഉദ്ദേശ്യം. ഇതുവഴി ഏറ്റവും കാര്യക്ഷമതയുള്ള വാക്സിൻ ഏതെന്ന് തിരിച്ചറിയാൻ സാധിക്കും.

ഓക്സ്ഫോഡ് വാക്സിൻ

ലോകം ഏറ്റവും പ്രതീക്ഷ പുലർത്തുന്ന കോവിഡ് വാക്സിനുകളിലൊന്നായ ഓക്സ്ഫോഡ് സർവ്വകലാശാലയുടെ ' AZD1222' വാക്സിൻ മൂന്നാംഘട്ടത്തിലേക്ക് കടന്നതായി അറിയിപ്പ് വന്നത് സെപ്തംബർ 2നാണ്. യുഎസ്സിൽ ഇതിനായി പ്രായപൂർത്തിയായ 30,000 പേരെ എൻറോൾ ചെയ്തിട്ടുണ്ട്.

മറ്റ് മരുന്നുകളിൽ നിന്നും വ്യത്യസ്തമായി, വാക്സിനുകൾ എപ്പോഴും പൂർണ ആരോഗ്യമുള്ളവരിലാണ് പരീക്ഷിക്കുക. ഇക്കാരണത്താൽ തന്നെ സുരക്ഷാ മുൻകരുതലുകൾ വളരെ കൂടുതലായിരിക്കേണ്ടതുണ്ട്. തുടക്കത്തിൽ പ്രായപൂർത്തിയായവരിലും പിന്നീട് കൌമാരക്കാരിലും പിന്നീട് കുട്ടികളിലും അതിനുശേഷം വളരെ ചെറിയ പ്രായമുള്ള കുഞ്ഞുങ്ങളിലും എന്ന ക്രമത്തിലാണ് വാക്സിനുകൾ പരീക്ഷിക്കുക. വിവിധ വംശങ്ങളിൽ പെട്ടവരെയും, വിവിധ പ്രദേശങ്ങളിലുള്ളവരെയും ട്രയലിൽ ഉൾക്കൊള്ളിക്കും. വിപുലമായ ഇത്തരം വിഭാഗീകരണങ്ങൾ കൂടി വിശകലനം ചെയ്താണ് പരീക്ഷണത്തിന്റെ വിജയപരാജയങ്ങളും മറ്റും തീരുമാനിക്കുക.

യുകെയിലും ബ്രസീലിലും AZD1222 വാക്സിന്റെ രണ്ടും മൂന്നും ഘട്ടങ്ങളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, റഷ്യ, ജപ്പാൻ എന്നിവിടങ്ങളിലും ഒന്നും രണ്ടും ഘട്ടങ്ങൾ പുരോഗമിക്കുന്നു. യുഎസ്സിലെ ട്രയലുകൾക്കൊപ്പം ലോകത്തെമ്പാടുമായി 50,000 പേരിലും മൂന്നാംഘട്ട പരീക്ഷണങ്ങൾ നടക്കും. ഈ വർഷം അവസാനത്തോടെ പരീക്ഷണങ്ങളുടെ വിശകലന റിപ്പോർട്ട് എത്തും.

അതിവേഗത്തിലുള്ള വാക്സിൻ വികസന പരിപാടികൾ സ്വാഭാവികമായ ആശങ്കകളുയർത്തുന്നുണ്ട്. ലോകത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ വേഗത കുറയ്ക്കുക എന്നത് ഏതാണ്ട് അസാധ്യമായ കാര്യമാണ്. എന്നാൽ അതിവേഗത്തിലുള്ള നീക്കങ്ങൾ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് വഴിയൊരുക്കുകയില്ലെന്ന് ഓക്സ്ഫോഡ് വാക്സിൻ വികസനത്തിൽ പങ്കാളിയായ ആസ്ട്രസെനെക ഉറപ്പ് നൽകുന്നു. കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പാസ്കൽ സോറിയറ്റിന്റെ വാക്കുകൾ: "ഇക്കഴിഞ്ഞയാഴ്ചകളിൽ വാക്സിന്റെ സുരക്ഷയെക്കുറിച്ചും ഭാവിലഭ്യതയെക്കുറിച്ചുമുള്ള നിരവധി ചോദ്യങ്ങളുയരുകയുണ്ടായി. ഞങ്ങൾ ഞങ്ങളുടെ പ്രവൃത്തിയുടെ ഹൃദയത്തിൽ ശാസ്ത്രത്തെയും സാമൂഹത്തിന്റെ താൽപര്യത്തെയും കുടിയിരുത്തിയിരിക്കുന്നുവെന്ന് ഉറപ്പിച്ചു പറയാൻ ഞാനാഗ്രഹിക്കുന്നു. ഞങ്ങൾ അതിവേഗം നീങ്ങുന്നുണ്ട് എന്നതിനർത്ഥം എഴുപ്പവഴികൾ സ്വീകരിക്കുന്നുവെന്നല്ല. ഏതൊരു പുതിയ മരുന്നിനെ സംബന്ധിച്ചും റെഗുലേറ്റർമാർ കർശനമായ മാനദണ്ഡങ്ങൾ പുലർത്തുന്നുണ്ട്. ഈ മരുന്നിന്റെ കാര്യത്തിലും അതിൽ മാറ്റമില്ല. ഞങ്ങൾ മൂല്യങ്ങളിൽ അടിയുറച്ച് നിൽക്കും. ലോകത്തിന് തുല്യമായ രീതിയിൽ മരുന്നിന്റെ ലഭ്യത ഉറപ്പാക്കും."

എന്താണ് 'വാക്സിൻ നാഷണലിസം'

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് നടക്കാനിടയുള്ള അഴിമതികളെക്കുറിച്ച് ഇതിനകം തന്നെ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ജൂലൈ മാസത്തിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് തന്നെ ഇത്തരമൊരു സംവാദത്തിന് വഴി തുറക്കുകയുണ്ടായി. വാക്സിൻ ഏറ്റവും ആവശ്യമായ ജനവിഭാഗങ്ങളിലേക്ക് അവ ആദ്യം എത്തിക്കണമെന്നും ഏറ്റവും കൂടുതൽ പണമുള്ളയാൾക്ക് വാക്സിൻ എത്തിക്കുന്നത് ഈ മഹാമാരിയുടെ തീവ്രത കൂട്ടുകയേ ഉള്ളൂവെന്ന് അദ്ദേഹം പറയുകയുണ്ടായി. വിപണിയുടെ താൽപര്യങ്ങളെ മറികടന്നുവേണം ഇത് സാധിക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. വളരെ പ്രയാസമേറിയ തീരുമാനങ്ങൾ നേതാക്കൾ എടുത്തെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

വാക്സിന്റെ ലഭ്യത തങ്ങൾക്ക് ആദ്യം ഉറപ്പാക്കാൻ സമ്പന്ന രാഷ്ട്രങ്ങൾ ശ്രമിക്കുമെന്നതിൽ സംശയമൊന്നുമില്ല. ദരിദ്രരാജ്യങ്ങൾക്ക് വാക്സിൻ വാങ്ങാനുള്ള സാമ്പത്തിക നിലയുണ്ടാകില്ല എന്നതിനൊപ്പം അവയുടെ വിതരണ സംവിധാനങ്ങളും വളരെ പരിതാപകരമായിരിക്കും. ഇവിടെ അന്തർദ്ദേശീയ ഇടപെടൽ അത്യന്താപേക്ഷിതമായിത്തീരും. ഈ വഴിക്കുള്ള നീക്കങ്ങൾ ഇതിനകം തന്നെ അന്തർദ്ദേശീയ സംഘടനകൾ തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ പറയുന്നത് ലോകബാങ്ക് അതിന്റെ ഭരണസമിതിയോട് 12 ബില്യൺ ഡോളറിന്റെ ഫണ്ട് അനുവദിക്കാൻ ആവശ്യപ്പെട്ടുവെന്നതാണ്. ദരിദ്രരാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും കോവിഡ് വാക്സിൻ വിതരണം ഉറപ്പുവരുത്താനാണ് ഈ ഫണ്ട്.

എന്തിനാണ് ഈ ഫണ്ട് എന്ന അമേരിക്കൻ റേഡിയോ ജേണലിസ്റ്റ് ഡേവിഡ് ബ്രങ്കാക്സിയോയുടെ ചോദ്യത്തിന് ലോകബാങ്ക് പ്രസിഡണ്ട് ഡേവിഡ് മൾപാസ് നൽകിയ ഉത്തരം വിപണിയുടെ സ്വഭാവത്തെക്കൂടി ചൂണ്ടിക്കാണിക്കുന്നതായിരുന്നു. ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് തങ്ങളുടെ ഉൽപന്നത്തിന് ഇത്രയും ഡിമാൻഡ് ദരിദ്ര, വികസ്വര രാജ്യങ്ങളിൽ നിന്നുണ്ടാകുമെന്ന സൂചന ഇപ്പോഴേ നൽകുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം രാഷ്ട്രങ്ങളുടെ വാങ്ങൽ ശേഷിയെ സംബന്ധിച്ചുള്ള വിശ്വാസ്യത സ്ഥാപിക്കപ്പെട്ടാൽ മാത്രമേ വാക്സിൻ നിർമാതാക്കൾ അവരെ ഗൌരവത്തിലെടുക്കുകയുള്ളൂ.

വാക്സിൻ വികസനപ്രവർത്തനങ്ങൾക്കായി ഫണ്ട് ഇറക്കിയ സമ്പന്നരാജ്യങ്ങൾ തങ്ങളുടെ സ്വന്തം ജനതയ്ക്ക് ആദ്യം വാക്സിൻ ലഭ്യമാക്കാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തും. ഈ വിഷയം ഇതിനകം തന്നെ 'വാക്സിൻ ദേശീയത' എന്ന പ്രയോഗത്തിലൂടെ ചർച്ചയിൽ വന്നിട്ടുണ്ട്. ബ്രിട്ടൻ, ജർമനി, യുഎസ്, ഫ്രാൻസ് തുടങ്ങിയ സമ്പന്ന രാജ്യങ്ങൾ ഇതിനകം തന്നെ വാക്സിൻ കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇവർക്ക് ആദ്യം വാക്സിൻ നൽകാൻ കമ്പനികൾ നിർബന്ധിതരായിത്തീരുമെന്ന ആശങ്ക പൊതുവിലുണ്ട്. ആസ്ട്രസെനക അടക്കമുള്ള ചില കമ്പനികൾ തങ്ങൾ തുല്യത ഉറപ്പു വരുത്തുമെന്ന് പറയുന്നുണ്ടെങ്കിലും പലരും ഏർപ്പെട്ടിട്ടുള്ള കരാർ അത്തരത്തിലുള്ളതല്ല.

വാക്സിൻ ദേശീയതയ്ക്കെതിരെ ലോകാരോഗ്യ സംഘടനയും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. വാക്സിൻ നിർമിക്കുന്ന രാഷ്ട്രങ്ങൾ തുല്യവിതരണത്തിന് എതിരായ നിലപാടെടുത്താൽ അത് രോഗവ്യാപനം കൂടുതൽ രൂക്ഷവും സങ്കീർണവുമാക്കുമെന്നായിരുന്നു സംഘടനയുടെ താക്കീത്. വാക്സിന്റെ ശരിയായ വിതരണം ഉറപ്പുവരുത്തുന്നത് എല്ലാ രാഷ്ട്രങ്ങളുടെയും താൽപര്യമാകണമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനം ഘെബ്രിയേസൂസ് പറയുന്നു. ലോകാരോഗ്യ സംഘടനയും ദരിദ്രരാജ്യങ്ങൾക്ക് വാക്സിൻ എത്തിക്കുന്നതിനുള്ള ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇതിനായി ഇതേ ആവശ്യത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ഗവി ദി വാക്സിൻ അലയൻസ് എന്ന സംഘടനയുമായി സഖ്യം ചേർന്നിട്ടുമുണ്ട്. ഡോണർ ഗവൺമെന്റുകളുടെയും ലോകാരോഗ്യ സംഘടന തുടങ്ങിയ അന്തർദ്ദേശീയ സ്ഥാപനങ്ങളുയും സ്വകാര്യ വ്യവസായസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നിലനിൽക്കുന്ന സംഘടനയാണ് ഗവി. 2020 ജൂൺ മാസത്തിൽ ഗവി നടത്തിയ ആഗോള വാക്സിൻ ഉച്ചകോടിക്കു ശേഷം 8.8 ബില്യൺ ഡോളർ വാക്സിൻ വിതരണത്തിനായി ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. 7.4 ബില്യൺ ഡോളറായിരുന്നു ഇവരുടെ യഥാർത്ഥ ലക്ഷ്യമെന്നത് ശ്രദ്ധേയമാണ്. ഇതിനകം തന്നെ ദരിദ്രരാജ്യങ്ങളിൽ വാക്സിൻ വിതരണ അടിസ്ഥാന സൌകര്യങ്ങളുണ്ടാക്കാൻ 150 ദശലക്ഷം ഡോളർ ഗവി അനുവദിച്ചിട്ടുണ്ട്.

വാക്സിന്റെ തുല്യമായ വിതരണത്തിന് ലോകരാജ്യങ്ങളെ ഒരുമിപ്പിക്കാനും ഗവി ശ്രമം നടത്തുന്നുണ്ട്. സെപ്തംബർ മാസത്തിൽ 156 രാജ്യങ്ങൾ അംഗീകരിച്ച 'കോവിഡ് വാക്സിൻ വിതരണ ഉടമ്പടി'ക്കു പിന്നിൽ പ്രവർത്തിച്ചവരിൽ ഗവിയും ഉണ്ടായിരുന്നു. ഈ രാജ്യങ്ങളിലെ 3 ശതമാനം ജനസംഖ്യ വരുന്ന ആരോഗ്യപ്രവർത്തകർക്ക് ആദ്യം വാക്സിൻ എത്തിക്കണമെന്നതാണ് ഇവരേർപ്പെട്ടിരിക്കുന്ന കരാർ. പിന്നീട് പ്രായമായവർ അടക്കമുള്ള രോഗബാധ അപകടകരമാകാനിടയുള്ള ജനവിഭാഗങ്ങളിലേക്ക് എത്തിക്കും. 'കോവാക്സ്' എന്നാണ് രാഷ്ട്രങ്ങളുടെ ഈ സഹകരണത്തിന് പേര് നൽകിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ 64 രാഷ്ട്രങ്ങൾ സമ്പന്നരാണ്. 2021ഓടെ 2 ബില്യണ്‍ ഡോസ് ലോകരാഷ്ട്രങ്ങളിൽ വിതരണം ചെയ്യാനാണ് ഈ സഖ്യത്തിന്റെ തീരുമാനം. കോവിഡ് വാക്സിനു വേണ്ടിയുള്ള പോരാട്ടം സംയുക്തമായ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അത് ഒരു മത്സരമായി മാറരുതെന്നും ലോകാരോഗ്യ സംഘടന ജാഗ്രതപ്പെടുത്തുന്നു.

ഇന്ത്യക്ക് ശേഷിയുണ്ടോ?

ഈ ചോദ്യം ഒരു ബിസിനസ്സുകാരന്റെ കണിശതയോടെ ഇന്ത്യയോട് ചോദിച്ചത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ തലവൻ അദാർ പൂനവാലയാണ്. കോവിഡ് വാക്സിൻ വാങ്ങാനും വിതരണം ചെയ്യാനും ഇന്ത്യയുടെ കൈയിൽ 80,000 കോടി രൂപയുണ്ടാകുമോയെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് ട്വിറ്ററിൽ ചോദിച്ചു. ഒരുപക്ഷെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്നുവരെ നേരിട്ടതിൽ വെച്ചേറ്റവും നിശിതമായ ബിസിനസ് ചോദ്യമായിരിക്കാമിത്. വികസിത രാജ്യങ്ങൾ വിവിധ വാക്സിൻ കമ്പനികളുമായി മുൻകൂർ കരാറിലേർപ്പെടുന്ന സാഹചര്യവും ഈ ചോദ്യത്തിന് പശ്ചാത്തലമായി ഉണ്ടായിരുന്നു.

എന്നാൽ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാവിന്റെ ചോദ്യത്തിലെ സംഖ്യയോട് യോജിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. 80,000 കോടി രൂപയൊന്നും അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യസെക്രട്ടറിയുടെ മറുപടി ഇങ്ങനെയായിരുന്നു: "80,000 കോടി രൂപ എന്ന സംഖ്യയോട് സർക്കാർ യോജിക്കുന്നില്ല. ഇതടക്കമുള്ള കാര്യങ്ങൾ ആലോചിക്കാൻ 'നാഷണൽ എക്സ്പർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ' എന്ന സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവർ ഇതുവരെ അഞ്ച് യോഗങ്ങൾ ചേരുകയുമുണ്ടായി. ഈ യോഗങ്ങളിൽ എത്ര സംഖ്യ വേണ്ടി വരുമെന്ന് കണക്കുകൂട്ടിയിട്ടുണ്ട്. ആ സംഖ്യ സർക്കാരിന്റെ പക്കലുണ്ട്."

ഇതിനിടയിൽ ചില തീവ്രവലത് സംഘടനകളുടെ നേതൃത്വത്തിൽ നിന്ന് പൂനവാലയ്ക്ക് ഭീഷണിയുടെ സ്വരമുള്ള മറുപടികളും ട്വിറ്ററിൽ ലഭിച്ചു. ഇന്ത്യയുടെ പേറ്റന്റ് നിയമത്തിലുള്ള ചില വകുപ്പുകൾ പ്രയോഗിച്ചാൽ പൂനവാല വാക്സിൻ സൌജന്യമായി നിർമിച്ചു തരും എന്നായിരുന്നു ആർഎസ്എസ് സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ ദേശീയ കോ-കൺവീനർ അശ്വനി മഹാജന്റെ പ്രസ്താവന.

പൂനവാല പറഞ്ഞ 80,000 കോടി രൂപയുടെ ചെലവ് എങ്ങനെയാണ് കണക്കുകൂട്ടപ്പെട്ടതെന്ന് വ്യക്തമല്ല. ഇന്ത്യയടക്കമുള്ള ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് 3 ഡോളറിന് ഒരു ഡോസ് നൽകാമെന്നാണ് പൂനവാല നേരത്തെ പ്രഖ്യാപിച്ചിരുന്നത്. രണ്ട് ഡോസ് വെച്ച് 130 കോടി പേർക്ക് വാക്സിൻ വാങ്ങണമെങ്കിൽ നിലവിലെ രൂപയുടെ വിനിമയ നിരക്ക് പ്രകാരം 57,486 കോടി രൂപ വരും. ഇതോടൊപ്പം ഗതാഗതച്ചെലവ് അടക്കമുള്ളവ ചേർത്തായിരിക്കാം പൂനവാല തന്റെ കണക്ക് പറഞ്ഞതെന്നാണ് അനുമാനിക്കേണ്ടത്.

എന്തെല്ലാമാണ് കോവിഡ് വാക്സിൻ വിപണിയുടെ പ്രതീക്ഷകള്‍, വെല്ലുവിളികള്‍?

ഇന്ത്യയുടെ കോവിഡ് മാർക്കറ്റിന്റെ മൂല്യം 6 ബില്യൺ ഡോളറാണെന്നാണ് അന്താരാഷ്ട്ര ഓഹരിദല്ലാൾ സാൻഫോഡ് സി. ബേൺസ്റ്റൈൻ കണക്കുകൂട്ടുന്നത്. അടുത്ത മൂന്നു വർഷത്തെ വിൽപന മാത്രം കണക്കിലെടുത്താണ് ഈ കണക്കുകൂട്ടൽ. അതായത്, രാജ്യത്തെ എല്ലാ പൌരന്മാരെയും വാക്സിനേറ്റ് ചെയ്യുകയാണെങ്കിൽ നിലവിലെ ആരോഗ്യബജറ്റിന്റെ ഇരട്ടി തുക അതിനു മാത്രമായി ചെലവിടേണ്ടതായി വരുമെന്ന് ചുരുക്കം.

അതെസമയം, ബേൺസ്റ്റൈൻ അനലിസ്റ്റായ നിത്യ ബാലസുബ്രഹ്മണ്യൻ പറയുന്നത് പ്രകാരം 130 കോടി ജനങ്ങളിൽ 30 ശതമാനം പേർക്ക് സർക്കാർ സൌജന്യമായി വാക്സിൻ നൽകും. ബാക്കിയുള്ളവ സ്വകാര്യ വിപണിക്ക് വിട്ടു നൽകിയേക്കും. സർക്കാരിന് ഒരു ഡോസിന് 3 ഡോളർ ചെലവിൽ കോവിഡ് വാക്സിൻ ലഭ്യമാകും. (ഇതാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പറയുന്ന കണക്ക്). സ്വകാര്യവിപണിയിൽ വാക്സിന്റെ വില 6 ഡോളറിലേക്ക് എത്തും. അതായത് നിലവിലെ നിലവാരത്തിൽ 440.44 രൂപ.

പത്തോ പന്ത്രണ്ടോ വർഷം ചെലവിടേണ്ടി വരുന്ന വാക്സിൻ ട്രയലുകളാണ് ഒരു വർഷത്തെ കാലയളവിൽ തീർക്കാൻ കമ്പനികളും സർക്കാരുകളും ശ്രമിക്കുന്നത്. ഇങ്ങനെ നിർമിക്കപ്പെടുന്ന വാക്സിനുകൾ വലിയ തോതിൽ നിർമിച്ചെടുക്കാൻ വൻ സംവിധാനങ്ങൾ ഒരുക്കേണ്ടി വരും. സെറം ഇൻസ്റ്റിറ്റ്യൂട്ട് മാത്രം പ്ലാൻ ചെയ്യുന്നത് 100 മില്യൺ ഡോളറിന്റെ നിക്ഷേപമാണ്.

ലോകബാങ്ക് ദരിദ്രരാജ്യങ്ങൾക്കും ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കുമായി 12 ബില്യൺ ഡോളറാണ് ശേഖരിക്കുന്നത്. ലോകാരോഗ്യ സംഘടന ഗവിയുമായി ചേർന്ന് 8 ബില്യൺ ഡോളർ ശേഖരിച്ചിട്ടുണ്ട്. ദരിദ്രരാജ്യങ്ങളുടെ വിപണി കൂടി മുന്നിൽക്കണ്ട് വാക്സിൻ നിർമാണം നടത്താൻ വിപണിയെ പ്രേരിപ്പിക്കുകയെന്നതാണ് ഇത്രയും തുക ശേഖരിക്കുന്നതിന് ലോകബാങ്ക് നൽകുന്ന വിശദീകരണം.

വിവിധ രാജ്യങ്ങളുടെ കോവിഡ് സഹകരണ കൂട്ടായ്മയായ കോവാക്സിന്റെ കീഴിൽ ഒരു ഗ്ലോബൽ വാക്സിൻസ് ഫെസിലിറ്റി സ്ഥാപിക്കാൻ തയ്യാറെടുക്കുന്നുണ്ട്. സർക്കാരുകൾ വൻതോതിൽ സാമ്പത്തിക ഉത്തേജകങ്ങൾ പ്രഖ്യാപിക്കുന്നതിനാൽ ഇതിൽ നിക്ഷേപം നടത്തുന്നവർക്ക് വൻ വരുമാനം ലോകാരോഗ്യസംഘടന ഉറപ്പ് നൽകുന്നുമുണ്ട്. അടുത്ത വർഷം അവസാനത്തോടെ രണ്ട് ബില്യൺ കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്യുകയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം.

അതെസമയം ഫാർമ കമ്പനികളിലെ നിക്ഷേപത്തിൽ കാര്യമായ വർധന വന്നിട്ടുണ്ട്. റെക്കോർഡ് വർധനയാണ് കോവിഡ് വാക്സിൻ ഉൽപാദിപ്പിക്കുന്ന കമ്പനികൾക്ക് വന്നിരിക്കുന്നത്. മോഡേണയുടെ മൂല്യം നാലിരട്ടിയായാണ് ഈ കോവിഡ് കാലത്ത് വർധിച്ചത്. 8 ബില്യൺ ഡോളറായിരുന്ന മൂല്യം ജൂലൈ അവസാനത്തിൽ 32 ബില്യൺ ഡോളറായാണ് ഉയർന്നത്. നോവാക്സിന്റെ മൂല്യം 300 മില്യൺ ഡോളറിൽ നിന്നിരുന്നതാണ്. ഇത് 8 ബില്യൺ ഡോളറിലേക്ക് കുതികുതിച്ചുയർന്നു. ഏതാണ്ട് 10 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ജർമൻ ബയോടെക്ക് കമ്പനി നോവാവാക്സിന്റെ ഇപ്പോഴത്തെ മൂല്യം അതിന്റെ ഇരട്ടിയാണ്. ആഗോളവിപണി കോവിഡ് കാലത്ത് തലകുത്തി വീഴുമ്പോഴും ഫാർമ കമ്പനികൾ അവിശ്വസനീയമായ നേട്ടമാണ് കൊയ്യുന്നത്.

അതെസമയം ഈ നിക്ഷേപത്തിന് ചില റിസ്കുകളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിൽ പ്രധാനമായത്, സർക്കാരുകൾ കൊണ്ടുവരാനിടയുള്ള നിബന്ധനകളാണ്. കോവിഡ് കാലത്ത് തകർന്നു കിടക്കുന്ന സർക്കാരുകൾ കമ്പനികളും നിക്ഷേപകരും സ്വപ്നം കാണുന്ന അതേ ലാഭമെടുക്കലിന് സമ്മതിച്ചെന്നു വരില്ല. യുഎസ്സിൽ ഫാർമ കമ്പനികൾ കോവിഡ് വാക്സിനിൽ നിന്ന് ലാഭമെടുക്കുന്നതിന് പരിധി നിശ്ചയിക്കുമെന്ന് ചർച്ചയുണ്ട്. ഇങ്ങനെ വരുമ്പോൾ ഈ നിക്ഷേപങ്ങൾക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടായെന്നു വരില്ല. എന്നിരിക്കിലും ഈ കോവിഡ് കാലത്ത് മികച്ച നിക്ഷേപ കേന്ദ്രങ്ങളായി ആരോഗ്യരംഗം മാറിയിരിക്കുകയാണ്.

കോവിഡ് വാക്സിൻ വികസിപ്പിക്കുന്ന ഫാർമ കമ്പനികൾ അതിൽ വിജയിച്ചാൽ ഓഹരിവില വൻതോതിൽ ഉയരും. ഫാർമ കമ്പനികളിൽ ഈ സന്ദർഭത്തിൽ നിക്ഷേപിക്കുന്നത് ഗുണകരമാകുമോയെന്നത് ഇന്റർനെറ്റിലെ പ്രിയമേറിയ ചേദ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട്.

എന്താണ് 'പ്രതിരോധശേഷി അസമത്വം'

വാക്സിനുകൾ അതിശക്തമാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ. ദരിദ്രരാജ്യങ്ങളിൽ അന്ധവിശ്വാസം മൂലവും, അശാസ്ത്രീയ ധാരണകൾ മൂലവും വാക്സിനേഷനെ എതിർക്കുന്നവരെ നേരിടാൻ അതതിടങ്ങളിലെ സർക്കാർ സംവിധാനങ്ങൾ പര്യാപ്തമല്ല. കാര്യക്ഷമമായ വാക്സിനുകൾ മിക്കതും രണ്ട് ഡോസിന്റേതാണ്. കോവിഡ് വാക്സിനും രണ്ട് ഡോസാകാനുള്ള സാധ്യത വളരെ കൂടുതലുണ്ട്. എന്നാൽ ജനങ്ങൾ ആദ്യത്തെ ഡോസിൽ കാര്യങ്ങൾ അവസാനിപ്പിക്കാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മഹാമാരികളുടെ കാര്യത്തിൽ അവയുടെ വ്യാപനത്തെ വലിയൊരളവ് നിയന്ത്രിക്കാൻ ആദ്യത്തെ ഡോസ് തന്നെ സഹായിച്ചെന്നിരിക്കും. എന്നാൽ വ്യക്തിപരമായി ഓരോരുത്തർക്കും ആവശ്യമായ പ്രതിരോധശേഷി ലഭിക്കണമെങ്കിൽ രണ്ട് ഡോസ് വാക്സിൻ എടുക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇത് പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ല. വാക്സിൻ സ്വീകരിക്കാൻ തയ്യാറാകുന്നവരിൽത്തന്നെ തെറ്റിദ്ധാരണകൾ വലുതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ medrxiv നടത്തിയ ഒരു സർവേയിലൂടെ വെളിപ്പെട്ടത് ലോകത്താകമാനം വലിയൊരു വിഭാഗത്തിനിടയിൽ വാക്സിൻ സ്വീകരിക്കുന്നതിനോട് വിമുഖത നിലനിൽക്കുന്നുണ്ടെന്നാണ്. 19 രാജ്യങ്ങളിലെ 13,426 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ജനങ്ങൾക്കിടയിൽ വിശ്വാസ്യത നിർമിച്ചെടുക്കാൻ ലോകരാഷ്ട്രങ്ങൾ നയം രൂപീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ഉയർന്ന സാമ്പത്തികനിലവാരമുള്ള രാജ്യങ്ങളിൽ വാക്സിനേഷനുകളോട് വലിയ പ്രതികരണമാണ് ലഭിക്കാറുള്ളത്. വാക്സിനേഷനുകൾ 90 ശതമാനം വരെ കാര്യക്ഷമമാണ് സമ്പന്നരാജ്യങ്ങളിൽ. ചില വൈറസ്സുകൾക്കെതിരായ വാക്സിനേഷനുകൾ സംബന്ധിച്ച് നടന്ന പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ദരിദ്രരാജ്യങ്ങളിൽ വാക്സിനേഷൻ 40 ശതമാനം മാത്രമേ കാര്യക്ഷമമാകുന്നുള്ളു. അഥവാ, വലിയ വിഭാഗമാളുകൾ വാക്സിനേഷനു പുറത്താണ്. ഇക്കാരണത്താൽ തന്നെ രോഗവ്യാപനം ഒരു നിരന്തരമായ പ്രക്രിയയായി മാറുന്നു.

ദരിദ്രരാജ്യങ്ങളിൽ പോഷകാഹാരക്കുറവ്, ദീർഘകാല അസുഖങ്ങളുടെ ആധിക്യം തുടങ്ങിയ നിരവധി കാരണങ്ങളാൽ വാക്സിനേഷനുകൾ പലപ്പോഴും ഫലപ്രദമാകാറില്ല. ഈ പ്രശ്നത്തെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അഭിമുഖീകരിക്കേണ്ടതായി വരും.