മൂന്നു തവണ മുഖ്യമന്ത്രി പദം അലങ്കരിച്ച മരുതൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ എന്ന എംജിആര്‍ മുതൽ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വരെ സിനിമയിൽ നിന്നും തമിഴ് രാഷ്ട്രീയത്തിന്റെ അമരത്തേക്ക് ഉയർന്നവർ ഏറെയാണ്. ലോകത്തെ മറ്റൊരു ജനതയ്ക്കും അവകാശപ്പെടാനില്ലാത്ത വിധം അമ്പരപ്പിക്കുന്ന ഒരു കൊറിലേഷന്‍ ഈ രണ്ടു ദ്വന്തവും തമ്മില്‍ തമിഴ് വംശം കൊണ്ടാടുന്നുണ്ട്. ഒരു പുതു നായകൻ തമിഴ് മണ്ണിൽ ഉദയം ചെയ്യുമ്പോൾ അയാളുടെ രണ്ടാമത്തെയും മൂന്നാമത്തെയും ലക്‌ഷ്യം തമിഴ് നാട് മുഖ്യമന്ത്രി പദം ആണെന്നൊരു തമാശ പ്രചാരത്തിൽ ഉണ്ട്. തമിഴ് സൂപ്പർ താരങ്ങൾ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മത, അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വേഷം, സിനിമ കൈകാര്യം ചെയ്യുന്ന സാമൂഹിക പ്രശ്നങ്ങൾ എന്നിവ എന്നും അഭിനേതാവിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി ഏറെ സാമ്യമുള്ളത് ആണെന്ന് സമര്ഥിക്കുന്ന ഒരു പഠനം ആണ് 2015 – ൽ പുറത്തിറങ്ങിയ ദാമു പൊങ്കിയണ്ണന്റെ Film and Politics in India: Cinematic Charisma As a Gateway to Political Power (2015).Actor Vijay’s political entry
തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ച് കൊണ്ട് തമിഴ് സൂപ്പർ താരം വിജയ് എല്ലാ അഭ്യൂഹങ്ങൾക്കും, കിംവദന്തികൾക്കും വിരാമം ഇട്ടു കൊണ്ട് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴക വെട്രി കഴകത്തിന്റെ പതാക വെറുമൊരു പാർട്ടി പതാകയല്ലെന്നും തമിഴകത്തിന്റെ വിജയത്തിന് വേണ്ടിയുള്ളതാണെന്നും വിജയ് പറയുന്നു. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കാലക്രമേണ പാർട്ടി രൂപീകരണത്തിലേക്ക് എത്തിയിരുന്നു. തമിഴ്നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. തമിഴ്നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.
തമിഴന്റെ രാഷ്ട്രീയവും സിനിമയും തമ്മിലെ അഭ്യേത്യമായ ബന്ധത്തിന് പുതുമ ഇല്ലാത്ത കൊണ്ട് തന്നെ വിജയിയുടെ രാഷ്ട്രീയ പ്രവേശനം അത്ഭുതമുളവാക്കുന്ന ഒരു സംഗതിയല്ല. എന്നാൽ എം ജി ആറിനും, ജയലളിതക്കുമപ്പുറം തമിഴ് മണ്ണിൽ ഇത്തരം തിരക്കഥയ്ക്ക് വലിയ തുടർച്ച ഉണ്ടായിട്ടില്ല. സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണം വരെയെത്തി ദൗത്യം ഉപേക്ഷിച്ച സാക്ഷാൽ രജനികാന്തും, മക്കൾ നീതി മയ്യം എന്ന പാർട്ടിയുണ്ടാക്കി ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയാത്ത ഉലകനായകൻ കമലഹാസനും കേവലം സൂപ്പർ സ്റ്റാർ പദവി കൊണ്ട് തമിഴ് രാഷ്ട്രീയത്തിൽ വിജയിക്കാം എന്ന മിത്തിനെ നിരർത്ഥകമാക്കിയ ഏറ്റവും അവസാനത്തെ ചില ഉദാഹരണങ്ങൾ മാത്രമായിരുന്നു. രാഷ്ട്രീയ പരീക്ഷണം നടത്തിയ ചില ചലച്ചിത്ര താരങ്ങൾ പ്രധാന മുന്നണികളുടെ ഭാഗമായും, ജാതിസംഘടനകളുടെ പിന്തുണ കൊണ്ടും വിജയിച്ചിരുന്നു. എന്നാൽ സിനിമയിലൂടെ അവർ നേടിയ ജനപ്രീതിയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റാൻ ആർക്കും സാധിച്ചിട്ടില്ല. അന്തരിച്ച ക്യാപ്റ്റൻ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന വിജയകാന്ത് മാത്രം ആണ് തമിഴ് രാഷ്ട്രീയത്തിൽ അല്പം എങ്കിലും പിടിച്ചു നിന്ന സിനിമാക്കാരൻ.
വിജയ് എന്ന നടന്റെ രാഷ്ട്രീയ പ്രവേശനം പക്ഷെ ശ്രദ്ധ നേടുന്നത് തമിഴ് നാട്ടിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ കൂടി പരിഗണിക്കുമ്പോഴാണ്. പുരട്ശ്ചിത്തലൈവി ജയലളിതയുടെ മരണത്തിനു ശേഷം രൂപപ്പെട്ട രാഷ്ട്രീയാനിശ്ചിതത്വത്തില്‍ നിന്ന് തമിഴ് നാട്ടിലെ പ്രധാന പാർട്ടികളിൽ ഒന്നായ പ്രതിപക്ഷ പാർട്ടി കൂടിയായ എഐഎഡിഎംകെ ഇപ്പോഴും പൂർണമായും മുക്തമായിട്ടില്ല, അവസാനം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാർട്ടി തോറ്റമ്പി. എംജിആറിനുശേഷം ഈ പാര്‍ട്ടി ഉണ്ടാവില്ലെന്നായിരുന്നു പ്രവചനം. ജയലളിത ഉണ്ടായിരുന്നില്ലെങ്കില്‍ ആ പ്രവചനം സത്യമാകുമായിരുന്നു. എന്നാല്‍ ജയലളിത എം ജി ആർ നിർത്തിയിടത്ത് നിന്നും തന്റെ പ്രചണ്ഡമായ ആരാധക വൃന്ദത്തിന്റെ കൂടി പിൻബലത്തിൽ ആ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചു. മുഖ്യ എതിരാളിയായ മുത്തുവേൽ കരുണാനിധിയോടും മക്കളോടും ഒരു പോലെ പോരടിച്ചു.
എന്നാൽ ഇപ്പോൾ സ്ഥിതി ഗതികൾ വ്യത്യസ്തമാണ്. ജനങ്ങളെ ജയയോളം വിശ്വാസത്തില്‍ നിലനിര്‍ത്തികൊണ്ടുപോകാന്‍ ഇപ്പോള്‍ ഉള്ള നേതാക്കന്മാര്‍ക്ക് കഴിയണമെന്നില്ല. കാരണം അവരെല്ലാം വെറും രാഷ്ട്രീയക്കാര്‍ മാത്രമായാണ് ജനങ്ങള്‍ക്കു മുന്നിലുള്ളത്. മക്കള്‍ മനസില്‍ അവര്‍ക്ക് ആഴത്തില്‍ സ്ഥാനമുണ്ടെന്നു കരുതാനാവില്ല. എംജിആര്‍, കരുണാനിധി, ജയലളിത എന്നിവരൊക്കെ മക്കള്‍ മനസില്‍ കൂടുകൂട്ടിയ വഴി വേറെയാണ്. ഇവിടെ ആണ് തമിഴ് നാട്ടിൽ പ്രായഭേദമന്യേ ഒരുപക്ഷെ രജനീകാന്തിന് ശേഷം ഏറ്റവും ആരാധക വൃന്ദമുള്ള വിജയിയുടെ ഇടപെടൽ പ്രസക്തമാകുന്നത്.
വിജയ് പടങ്ങൾ പൊതുവെ വെറും തട്ടുപൊളിപ്പൻ ചിത്രങ്ങളാണ്. സൂര്യ, അജിത്, വിക്രം തുടങ്ങിയ നടന്മാരെ പോലെ വലിയ പരീക്ഷണ ചിത്രങ്ങൾക്കോ, വ്യത്യസ്തമായ കഥാപാത്രങ്ങളോ വിജയ് പ്രിഫർ ചെയ്യാറില്ല. രജനികാന്ത് വർഷങ്ങളായി കൊണ്ട് നടക്കുന്ന ദളപതി സ്ഥാനം ആയിരുന്നു, വിജയ് എക്കാലത്തും ലക്‌ഷ്യം വെച്ചിരുന്നത്. അതിനു വേണ്ടി ഇളയ തളപതി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിജയ്ക്ക് പക്ഷെ തന്റെ വിനോദ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസിൽ ഹിറ്റ് ആക്കാനും, ഏറ്റവും അധികം പ്രതിഫലം ചോദിച്ചു മേടിക്കാനുമുള്ള കപ്പാസിറ്റി ഉണ്ടായിരുന്നു. 2017 – ൽ ആറ്റ്ലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മെർസൽ’ എന്ന ചിത്രം മുതൽ വിജയ് ബോധപൂർവം തന്റെ സിനിമകളിൽ ചില പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റുകൾ ഇൻക്ലൂഡ് ചെയ്യാൻ ആരംഭിച്ചു.
ജി എസ് ടി, ജെല്ലിക്കെട്ട്, വിദ്യാഭ്യാസ മേഖലയിലെ ചൂഷണം, കള്ളാ വോട്ട് ഇങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിന് പരിചിതമായ പല വിഷയങ്ങളും വിജയിയുടെ മാസ്സ് മസാല ചിത്രങ്ങളിൽ പ്രധാന പ്ലോട്ടുകൾ ആയി പ്രത്യക്ഷപ്പെടാൻ തുടങ്ങി. മെർസലിലൂടെ വിജയ് എന്ന താരത്തിന്റെ ദളപതി എന്ന സ്ഥാനം രാഷ്ട്രീയത്തിലേയ്ക്കും കൂടി വ്യാപിപ്പിക്കാനുള്ള ഒരു ഭൂമിപൂജയാണ് എന്ന് സിനിമ നിരൂപകർ വിലയിരുത്തി. തമിഴ് കച്ചവട സിനിമയിൽ ഇന്ന് വിജയ്ക്ക് മുകളിൽ മറ്റൊരു പേരും ഇല്ല, മെർസൽ തൊട്ട് അവസാനം പുറത്തിറങ്ങിയ ലിയോ വരെ എല്ലാം ബ്ലോക് ഓഫീസിൽ വമ്പൻ ഹിറ്റുകളായി. ബോളിവുഡിൽ താര രാജാക്കന്മാർ വരെ വിജയ് ചിത്രങ്ങളുടെ സംവിധായകരോടൊപ്പം ഭാഗ്യ പരീക്ഷണത്തിന് മുതിര്ന്ന ഘട്ടം വരെ കാര്യങ്ങളെത്തി.
തമിഴ്നാട്ടിൽ എഐഎഡിഎംകെയുമായും പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസുമായും സഖ്യമുണ്ടാക്കാൻ വിജയ് നീക്കം നടത്തുന്നെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി വിജയ് കൂടിക്കാഴ്ച നടത്തിയെന്ന സൂചനകളും ഇതിനിടെ പുറത്തുവന്നിരുന്നു. എ ഡി എം കെയും, ബി ജെ പിയും പ്രതീക്ഷിക്കുന്നത് ഡി എം കെ യെ തോൽപ്പിച്ച് അധികാരം തിരിച്ചു പിടിക്കാൻ വിജയ് എന്ന താരത്തിനെ മുൻ നിർത്തി കൊണ്ടുള്ള പോരാട്ടങ്ങളിലൂടെ സാധിക്കും എന്നാണ്. മറു ഭാഗത്ത് ആകട്ടെ തങ്ങളോടൊപ്പം അണി ചേരും എന്നാണ് ഡി എം കെയും കോൺഗ്രസ്സും കരുതുന്നത്.
സിനിമയുടെ ഓളങ്ങളാൽ തിരയടിക്കുന്ന ഒരു കടൽ ആണ് തമിഴ് രാഷ്ട്രീയം എങ്കിൽ അതിൽ വിജയക്കൊടി പാറിച്ചു കപ്പലോടിച്ചവരും, മുങ്ങി താണവരും ഉണ്ട്. ബിഗ് സ്‌ക്രീനിൽ എന്ന പോലെ അത്ഭുതങ്ങൾ കാണിക്കുന്ന ഒരു രാഷ്ട്രീയക്കാരനെ കൂടി ലഭിക്കുമോ എന്നാണ് വിജയ് ആരാധകർ ഈ നിമിഷം മുതൽ ഉറ്റു നോക്കുന്നത്. എന്ത് തന്നെ ആയാലും ജോസഫ് വിജയ് എന്ന ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തിന് നിലവിലെ തമിഴ്നാട് രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ സാധ്യത കല്പിക്കപ്പെടുന്നുണ്ട്. വിജയിച്ചവരുടെ കഥ ആവർത്തിക്കണം എന്നില്ല എന്നത് പോലെ തന്നെ വീണവരുടെ കഥയും ആവർത്തിക്കണം എന്നില്ലല്ലോ ! Actor Vijay’s political entry
Content summary; Actor Vijay’s Tamizhaga Vetri Kazhagam Party Flag and entry into south politics