ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ മനീഷ് തിവാരി. സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ലോക്സഭ സെക്രട്ടറി ജനറലിന് കത്തയച്ചു. അദാനി പ്രൊജക്ടിനെക്കുറിച്ചുള്ള വിശദമായ അന്വേഷണാത്മക റിപ്പോര്‍ട്ട് അഴിമുഖം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
സുപ്രധാന വിഷയം ചർച്ച ചെയ്യുന്നതിനായി സഭയിലെ മറ്റ് പ്രവർത്തനങ്ങൾ മാറ്റിവെക്കണമന്നും കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നും മനീഷ് തിവാരിയുടെ കത്തിൽ പറയുന്നു.
‘അടിയന്തിര പ്രാധാന്യമുള്ള ഒരു വിഷയം ചർച്ച ചെയ്യുന്നതിനായി സഭയുടെ പതിവ് നടപടികൾ താൽക്കാലികമായി നിർത്തിവെച്ച് ഒരു പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം ഒരു പുനരുപയോഗ ഊർജ്ജ സൗകര്യം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. ഈ ചർച്ചയ്ക്കായി സീറോ അവറും (ചോദ്യോത്തര സമയം) മറ്റ് ഷെഡ്യൂൾ ചെയ്ത പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു.
1965 ലെ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്ന ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം ഒരു സ്വകാര്യ കമ്പനി വലിയ പുനരുപയോഗ ഊർജ്ജ കേന്ദ്രം നിർമ്മിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തന്ത്രപ്രധാനമായ സൈനിക മേഖലക്ക് സമീപം ഇത്തരം സ്വകാര്യ കമ്പനികൾ ആരംഭിക്കുന്നത് കവചിത വാഹനങ്ങളുടെയും സൈനികരുടെയും നീക്കത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നു. ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുണ്ട്.
ഇതൊരു പ്രധാനപ്പെട്ട വിഷയമാണ്. സഭ ഇത് ചർച്ച ചെയ്യേണ്ടത് നിർണായകമാണ്. ഇത്തരമൊരു സ്ഥാപനം എന്തിനാണ് അനുവദിച്ചതെന്ന് സർക്കാരിൽ നിന്ന് ഞങ്ങൾക്ക് വ്യക്തത വേണം. ഈ വിഷയം ഉന്നയിക്കാൻ ഞാൻ ചെയറിന്റെ അനുമതി ചോദിക്കുന്നു’, മനീഷ് തിവാരി പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പതിനായിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്ത് ഹൈബ്രിഡ് വൈദ്യുത നിലയം അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് അനുമതി നല്‍കിയത്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള തന്ത്ര പ്രധാനവും അതീവ സുരക്ഷാമേഖലയുമായ ഇത്തരം പ്രദേശങ്ങളില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ പാടില്ല എന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ദീര്‍ഘകാലമായുള്ള നിയമങ്ങളും ദേശസുരക്ഷയെ കുറിച്ചുള്ള വിദഗ്ദ്ധരുടെ ആശങ്കകളും മറികടന്നാണ് അദാനിയെ സഹായിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. ഒരു പൊതു മേഖല സ്ഥാപനത്തിന് വേണ്ടി അതിർത്തി സംരക്ഷണ നിയമത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് മോദി സർക്കാർ.
Content Summary: Adani’s hybrid power plant near india pakistan border Congress wants to adjourn the House and discuss
Adani’s hybrid power plant maneesh tiwari