July 16, 2025 |
Share on

കളി കഴിഞ്ഞിട്ടില്ലെന്ന് ഇറാന്‍; എല്ലാം അവസാനിപ്പിച്ചെന്ന അമേരിക്കന്‍ വാദം തള്ളി, ആണവ പദ്ധതികളുമായി മുന്നോട്ടു പോകും

അമേരിക്കന്‍ ആക്രമണം കഴിഞ്ഞും ഇറാന്റെ ആണവ നീക്കങ്ങളെക്കുറിച്ച് കൃത്യമായ ഉത്തരമില്ലാതെ ലോകം

അമേരിക്കന്‍ ആക്രമണം ഇറാന്റെ ആണവ പദ്ധതികള്‍ അവസാനിപ്പിച്ചോ? യുഎസ് വിമാനങ്ങള്‍ ഇറാന്റെ ഫോര്‍ഡോ,നതാന്‍സ്, എസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ബോംബര്‍ വിമാനങ്ങളും അന്തര്‍വാഹിനികളും കനത്ത ആക്രമണം നടത്തി ഒരു ദിവസം പിന്നിടുമ്പോഴും ലോകത്തിന് കൃത്യമായ ഉത്തരം കിട്ടാത്തത് ഈ ചോദ്യത്തിലാണ്.

ആക്രമണത്തിന് ശേഷമുള്ള ഇറാന്റെ ആണവ ശേഷിയെക്കുറിച്ച് വ്യക്തമായൊരു വിശദീകരണത്തിന് ഇപ്പോള്‍ സാധ്യമല്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥരും പറയുന്നത്. ഇറാന്‍ ഇപ്പോഴും ആണവായുധം നിര്‍മ്മിക്കാനുള്ള കഴിവ് നിലനിര്‍ത്തിയിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും, അവരുടെ നിലവിലുള്ള സമ്പുഷ്ട യുറേനിയം ശേഖരം എവിടെയാണെന്നതിനെക്കുറിച്ച് വിവരമില്ലെന്നുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടതോടെ ഇറാന്റെ ആണവ അഭിലാഷങ്ങള്‍ പൂര്‍ണമായി തുടച്ചു നീക്കപ്പെട്ടു എന്നായിരുന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ അവകാശവാദം.

എന്നാല്‍ ഇറാന്‍, അമേരിക്കന്‍ അവകാശവാദത്തെ തള്ളിക്കളയുകയാണ്. ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ ലക്ഷ്യമിട്ട സ്ഥലങ്ങളില്‍ റേഡിയോ ആക്ടീവ് മലിനീകരണത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇറാന്റെ ആണവോര്‍ജ്ജ സംഘടന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആണവ പദ്ധതികള്‍ തുടരുമെന്നാണ് അവര്‍ പ്രതിജ്ഞയെടുത്തിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും സെന്‍സിറ്റീവ് ആയ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം നടത്തിയിട്ടും, തങ്ങളുടെ ആണവ പദ്ധതി പ്രവര്‍ത്തനക്ഷമമായി തുടരുകയാണെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കേടുകൂടാതെയിരിക്കുകയാണെന്നും ഞായറാഴ്ച ഇറാന്‍ നടത്തിയ പ്രഖ്യാപനം യുഎസിന്റെ അവകാശവാദത്തെ പാടെ തള്ളുന്നതാണ്. അമേരിക്കന്‍ ആക്രമണങ്ങള്‍ കാര്യമായ ആഘാതം ഉണ്ടാക്കിയിട്ടില്ലെന്നും, ഏറ്റുമുട്ടല്‍ അവസാനിച്ചിട്ടില്ലെന്നുമാണ് എക്സില്‍, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവായ അലി ഷംഖാനി കുറിച്ചത്.

തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാലും നശിപ്പിക്കപ്പെട്ടാലും ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാനും അവ തുടരാനും ഇറാന്‍ പ്രാപ്തരാണെന്നാണ് ഷംഖാനിയുടെ പ്രസ്താവനയില്‍ നല്‍കുന്ന സൂചന. ‘ബുദ്ധിപൂര്‍വ്വം കളിക്കുകയും’ അന്ധമായ ആക്രമണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന കക്ഷിയായിരിക്കും മുന്‍തൂക്കം നേടുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ആണവ വികസനത്തിന് നിര്‍ണായക ഘടകമായ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം ഇറാനില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എളുപ്പത്തില്‍ നശിപ്പിക്കാനോ എടുത്തുകളയാനോ കഴിയാത്ത ആണവ സാങ്കേതികവിദ്യയില്‍ ഇറാന്‍ വൈദഗ്ധ്യവും അറിവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇറാനിയന്‍ ഗവണ്‍മെന്റ് തങ്ങളുടെ ആണവ പദ്ധതി തുടരാന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്, അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളോ ആക്രമണങ്ങളോ നേരിടേണ്ടി വരുമ്പോഴും ഈ ദൃഢനിശ്ചയം ശക്തമായി തുടരുന്നുണ്ടെന്നും ഷംഖാനി വ്യക്തമാക്കുകയാണ്.

‘ ആശ്ചര്യങ്ങള്‍ തുടരും’ എന്നാണ് ഷംഖാനി പറയുന്നത്. ഇറാനില്‍ നിന്നും ഉണ്ടായേക്കാവുന്ന അപ്രതീക്ഷിത ആക്രമണങ്ങളെക്കുറിച്ചാണ് ഷംഖാനി മുന്നറിയിപ്പ് നല്‍കുന്നതെന്നാണ് വിവരം. അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പറഞ്ഞിട്ടുണ്ട്. വീടിന് നേരെ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റയാളാണ് ഷംഖാനി.

ഇറാനില്‍ നിന്നും അമേരിക്കയില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വരുന്നതുകൊണ്ട് തന്നെ ഇറാന്റെ ആണവശേഷിയില്‍ വ്യോമാക്രമണത്തിന്റെ യഥാര്‍ത്ഥ ആഘാതം എത്രത്തോളമുണ്ടെന്ന് ഇപ്പോഴും വ്യക്തമാകുന്നില്ല.  After US attack Iran’s nuclear program remained unclear.

Content Summary; After US attack Iran’s nuclear program remained unclear.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×