ഈ ലോകസഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ച വിഷയമെന്താണ് എന്നുള്ള കാര്യത്തില്‍ രാമക്ഷേത്രം മുതല്‍ തൊഴിലില്ലായ്മ വരെ മുഖ്യധാര മാധ്യമങ്ങളും തിരഞ്ഞെടുപ്പ് വിശാരദരും ചര്‍ച്ച ചെയ്തപ്പോള്‍ ഒരു ഹിന്ദി യൂട്യൂബ് ചാനലിന്റെ അതിഥിയായി എത്തിയ സാമൂഹ്യശാസ്ത്രജ്ഞനായ ഡോ.പ്രശാന്ത് ത്രിവേദി ചൂണ്ടിക്കാണിച്ചത് ജാതിയും ഭരണഘടനയുമാണ് യു.പി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ എന്നാണ്. അഥവാ ഉത്തര്‍പ്രദേശ് അടിസ്ഥാന പ്രശ്നങ്ങളിലേയ്ക്ക് തിരിച്ച് നടന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആ തിരിച്ച് നടത്തത്തിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിച്ചത് അഖിലേഷ് സിംഗ് യാദവ് എന്ന സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനാണ്. Akhilesh yadav samajwadi party chief who led india block in uttar pradesh with a massive come back
2012-ല്‍ ലോകസഭാംഗവും സമാജ്‌വാദി പാര്‍ട്ടിയില്‍ മുലായം സിംഗിന്റെ പിന്‍ഗാമിയും ആയിരിക്കേ, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഖിലേഷ് യാദവ് നടത്തിയ സംസ്ഥാന പര്യടനവും പ്രചരണവുമായിരുന്നു വന്‍ഭൂരിപക്ഷത്തില്‍ പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിച്ചത്. ഒരോ മണ്ഡലങ്ങളിലും കാല്‍നടയായും പാര്‍ട്ടി ചിഹ്നമായ സൈക്കിളിലേറിയും അഖിലേഷ് സഞ്ചരിച്ചു. ജനങ്ങളോട് സംസാരിച്ചു. പിതാവ് മുലായം സിംഗിനെ മുന്‍ നിര്‍ത്തി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചു. 97 സീറ്റുകളില്‍ നിന്ന് 224 സീറ്റുകളിലേയ്ക്ക് വന്‍ കുതിച്ച് ചാട്ടമാണ് സമാജ്‌വാദി പാര്‍ട്ടിക്കുണ്ടായത്. സ്വഭാവികമായും തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലേയ്ക്ക് അഖിലേഷിന്റെ നിര്‍ദ്ദേശിച്ച് മുലായം സിംഗ് ഉപദേശക പദവിയിലേയ്ക്ക് പിന്‍വാങ്ങി. 2012 മാര്‍ച്ച് പതിനഞ്ചിന് അഖിലേഷ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മുപ്പത്തിയെട്ടാം വയസില്‍ ഉത്തര്‍പ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി പന്ത്രണ്ട് വര്‍ഷത്തിന് മുമ്പ് അങ്ങനെ അധികാരത്തിലെത്തി.
ഈ ലോകസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റുകളും കൈവശപ്പെടുത്തും എന്ന പ്രഖ്യാപനമായിരുന്നു ബി.ജെ.പി നടത്തിയത്. സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും കൈകോര്‍ത്ത 2019-നെ അപേക്ഷിച്ച് ദുര്‍ബലമായാണ് എസ്പിയും കോണ്‍ഗ്രസും ചേര്‍ന്ന ഇന്ത്യ മുന്നണി. ബിഹാറിലും മഹാരാഷ്ട്രയിലും വലിയ മാറ്റങ്ങളുണ്ടാകും എന്ന് വാദിച്ചവര്‍ പോലും ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ശക്തിയെ കുറച്ച് കണ്ടില്ല. 62 സീറ്റ് എന്ന നിലയില്‍ പത്തോളം സീറ്റുകള്‍ കുറയുകയോ കൂടുകയോ ചെയ്യുമെന്നായിരുന്നു വിദഗ്ദ്ധരുടെ വാദം. യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന ഡബിള്‍ എഞ്ചിന്‍ ശക്തിയില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി വിജയം ആവര്‍ത്തിക്കുമെന്ന് മിക്കവാറും പേര്‍ വിശ്വസിച്ചു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം മാത്രം മതി ദീര്‍ഘകാലത്തേയ്ക്ക് ബി.ജെ.പിയുടെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് എന്ന് കോര്‍പറേറ്റ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചു.
എന്നാല്‍ 2017 മുതല്‍ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളും രണ്ട് ലോകസഭ തിരഞ്ഞെടുപ്പും അടുപ്പിച്ച് പരാജയപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് 2022 മുതല്‍ പതുക്കെ പതുക്കെ അഖിലേഷും സമാജ്‌വാദി പാര്‍ട്ടിയും കരകയറി വരുന്നുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ മനുഷ്യരുടെ സാമൂഹിക പദവിയും അന്തസും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തിയ ജാതി രാഷ്ട്രീയത്തിന്റെ അന്തസത്തയിലേയ്ക്ക് അഖിലേഷ് സമാജ്‌വാദി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചു. ജീവിതപ്രശ്നങ്ങളും ജാതിയും തുടര്‍ച്ചയായി ചര്‍ച്ച ചെയ്തു. 80 ലോകസഭ മണ്ഡലങ്ങളില്‍ 43 എണ്ണവും അഖിലേഷും കോണ്‍ഗ്രസും ചേര്‍ന്ന് നേടി. എത്രയോ വര്‍ഷങ്ങളായി ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തമായി കൊണ്ടിരുന്ന കോണ്‍ഗ്രസിനേയും അഖിലേഷ് ഈ വിജയത്തില്‍ ഒപ്പം ചേര്‍ത്തു. അഖിലേഷ് യാദവ്- രാഹുല്‍ ഗാന്ധി ദ്വയം തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ തരംഗമുണ്ടാക്കി.
മുസ്ലിം വിരുദ്ധത, പ്രതിപക്ഷത്തിനെ ബുള്‍ഡോസറും പോലീസും ഉപയോഗിച്ച് നേരിടുന്ന രീതി, മനുഷ്യര്‍ക്കിടയില്‍ വെറുപ്പ് പടര്‍ത്തുക, ഹൈന്ദവ വികാരം ആളിക്കത്തിക്കുക എന്നിങ്ങനെ, യു.പിയില്‍ ബി.ജെ.പി പ്രയോഗിച്ച് വിജയിച്ചിട്ടുള്ള ഒരു തന്ത്രവും ഇത്തവണ ബാധിച്ചില്ല. 2019-ല്‍ നാല് ലക്ഷത്തി എഴുപത്തി ഒന്‍പതിനായിരം വോട്ടുകള്‍ക്ക് വിജയിച്ച പ്രധാനമന്ത്രി മോദിയുടെ വാരണാസിയിലെ വിജയം ഒന്നര ലക്ഷം വോട്ടിന്റെ മാര്‍ജിനിലേയ്ക്ക് ചുരുക്കി. ഒരു ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം പ്രധാനമന്ത്രി പതിനായിരത്തോളം വോട്ടുകള്‍ക്ക് പിന്നില്‍ പോയി. അടുത്ത ഗുജറാത്താക്കി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന മോദി-യോഗിമാരുടെ പ്രവചനം കാറ്റില്‍ പറന്നു. 62 സീറ്റുകളില്‍ മത്സരിച്ച സമാജ്‌വാദി പാര്‍ട്ടി ഒറ്റയ്ക്ക് നേടിയത് 37 സീറ്റുകളാണ്. 76 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പിക്ക് നേടാന്‍ കഴിഞ്ഞത് 33 സീറ്റുകളും. 2019-ലെ അഞ്ച് സീറ്റുകളില്‍ നിന്ന് ഏഴിരട്ടിയാണ് എസ്.പിയുടെ വളര്‍ച്ച.
മുസ്ലിം-യാദവ് (മൈ-എം.വൈ) എന്നതായിരുന്നു ദീര്‍ഘകാലമായി എസ്.പിയുടെ രാഷ്ട്രീയ മുദ്രവാക്യം. മുസ്ലിങ്ങളേയും യാദവരേയും കേന്ദ്രീകരിച്ചായിരുന്നു അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ഇത്തവണ പി.ഡി.എ എന്നതാക്കി അത് മാറ്റി. പിച്ച്ഡ, ദളിത്, അല്‍പ്സംഖ്യക് എന്നതാണ് അതിന്റെ പൂര്‍ണ രൂപം. യാദവരടക്കമുള്ള പിന്നാക്ക ജാതിക്കാര്‍, ദളിത് വിഭാഗങ്ങള്‍, മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍. മറ്റ് പിന്നാക്ക പാര്‍ട്ടികളിലേയ്ക്കും ബി.എസ്.പി വിടുന്ന ദളിതരിലേയ്ക്കും അങ്ങനെ അഖിലേഷും എസ്.പിയും തങ്ങളുടെ പരിധി വികസിപ്പിച്ചു.
ജാതി സെന്‍സസ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വലിയ മുദ്രവാക്യമായി അഖിലേഷ് അവതരിപ്പിച്ചു. സംസ്ഥാനത്തുടനീളം അഖിലേഷ് നടത്തിയ ബസ് പര്യടനത്തിന് ഉപയോഗിച്ച ചുവന്ന ബസിന്റെ പുറത്ത് വലിയ അക്ഷരങ്ങളില്‍ എഴുതി വച്ചിരുന്നത് ‘സാമജിക് ന്യായ് ജാതീയ ജനഗണന രാസ്ത’ അഥവാ ജാതി സെന്‍സസാണ് സാമൂഹ്യ നീതിയുടെ വഴി എന്നായിരുന്നു. നാനൂറ് സീറ്റിലധികം ലഭിക്കുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോട് കൂടി ഭരണം നേടി ഭരണഘടന തിരുത്താനാണെന്നും അത് വഴി പിന്നാക്കവിഭാഗങ്ങള്‍ക്കും ദളിതര്‍ക്കുമുള്ള സംവരണം എന്ന ആനുകൂല്യം നഷ്ടപ്പെടുമെന്നുമുള്ള പ്രചാരണത്തെ സമാജ്‌വാദി പാര്‍ട്ടി ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചു.
അയോധ്യയില്‍ പരാജയപ്പെട്ട ബിജെപിയുടെ ‘അമ്പല രാഷ്ട്രീയം’
നിത്യജീവിത പ്രശ്നങ്ങളിലായിരുന്നു എസ്.പിയുടേയും കോണ്‍ഗ്രസിന്റെയും ഊന്നല്‍. ഭരണഘടന സംരക്ഷിക്കുന്നത് നമ്മുടെ സമൂഹത്തില്‍ ജീവല്‍ വായുവിനേക്കാള്‍ പ്രധാനമാണെന്ന് ബാബാ അംബേദ്കറുടെ പേരില്‍ അഖിലേഷ് യാദവ് ചൂണ്ടിക്കാണിച്ചു. പട്ടാള നിയമങ്ങള്‍ നാല് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാക്കുന്ന അഗ്‌നിപഥ് പദ്ധതി ആയിക്കണക്കിന് ചെറുപ്പക്കാരുടെ തൊഴിലുറപ്പിനും സാമ്പത്തിക സാമൂഹിക സംരക്ഷണത്തിനും തുരങ്കം വയ്ക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച അഖിലേഷും രാഹുലും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും അന്ത്യം കുറിക്കുന്നതിന് ഇന്ത്യ സഖ്യത്തിന് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. രാമക്ഷേത്രം പോലുള്ള ബി.ജെ.പിയുടെ അജണ്ടകളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. ബി.ജെ.പി സമൂഹത്തില്‍ വിഭജനമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ തൊഴിലില്ലായ്മയുടേയും സാമൂഹിക നീതിയുടേയും കാര്യം അവര്‍ ആവര്‍ത്തിച്ച് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിലും അഖിലേഷ് വളരെ സൂക്ഷ്മത പുലര്‍ത്തി. ബി.ജെ.പി സഖ്യത്തേക്കാള്‍ കൂടുതല്‍ പിന്നാക്ക വിഭാഗക്കാരെ അഖിലേഷ് സ്ഥാനാര്‍ത്ഥികളായി നിര്‍ത്തി. അതേസമയം സ്വന്തം വിഭാഗമായ യാദവരില്‍ നിന്ന് അഞ്ച് പേര്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയത്. അത് വഴി മറ്റ് പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയോടുള്ള വിശ്വാസ്യത വര്‍ദ്ധിച്ചു. പലയിടത്തും ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം നേരത്തേ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റി പുതിയ സാമൂഹിക സാഹചര്യങ്ങള്‍ക്ക് ചേര്‍ന്ന സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. അവസാന നിമിഷത്തെ സ്ഥാനാര്‍ത്ഥി മാറ്റം താത്കാലിക പ്രതിസന്ധികളും പ്രശ്നങ്ങളുമെല്ലാം സൃഷ്ടിച്ചുവെങ്കിലും അതെല്ലാം ആത്യന്തികമായി എസ്.പിക്ക് ഗുണം ചെയ്തു. അയോധ്യയടങ്ങുന്ന ഫൈസാബാദില്‍ ബി.ജെ.പി ഠാക്കൂര്‍ സ്ഥാനാര്‍ത്ഥിയേയും ബി.എസ്.പി ബ്രാഹ്‌മണ്‍ സ്ഥാനാര്‍ത്ഥിയേയും മത്സരിപ്പിച്ചപ്പോള്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള അവധേഷ് പ്രസാദിനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തി വിജയിപ്പിക്കാന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് കഴിഞ്ഞു.
ബി.ജെ.പിക്കൊപ്പം ആര്‍.എല്‍.ഡി കൂടി ചേര്‍ന്നപ്പോള്‍ എന്‍.ഡി.എ സഖ്യം കരുത്താര്‍ജ്ജിച്ച പശ്ചിമ ഉത്തര്‍പ്രദേശിലും റോഹില്‍ ഖണ്ഡിലുമുള്ള സീറ്റുകളില്‍ സഹ്റാന്‍പൂരില്‍ കോണ്‍ഗ്രസും കൈരാന, മുസഫര്‍നഗര്‍, മൊറാദാബാദ്, രാംപൂര്‍, സംമ്പില്‍, ബുദയുന്‍, അനോള, ഈട്ട സീറ്റുകളില്‍ എസ്.പിയും വിജയിച്ചു. സഹ്റാന്‍ പൂരില്‍ ബി.എസ്.പി, എസ്.പി പാര്‍ട്ടികളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മാത്രം കോണ്‍ഗ്രസിലെത്തിയ ഇമ്രാന്‍ മസൂദിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നിര്‍ദ്ദേശം അഖിലേഷ് യാദവിന്റേതായിരുന്നു. മുസ്ലിം- ജാട്ട് പോരില്‍ വിഭജിച്ച മുസഫര്‍ നഗര്‍ പരിസരങ്ങളുടെ മുറിവുകള്‍ ഉണക്കുന്നതിന് എല്ലാവര്‍ക്കും സ്വീകാര്യരായ സ്ഥാനാര്‍ത്ഥികളും ബി.ജെ.പി സഖ്യത്തിന്റെ പരാജയവും അത്യാവശ്യമായിരുന്നു. സഹ്റാന്‍ പൂരില്‍ ഇമ്രാന്‍ മസൂദും കൈരാനയില്‍ ഇഖ്റ ചൗധരിയും ജയിച്ചപ്പോള്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ കേന്ദ്രമായ മുസഫര്‍ നഗറില്‍ ഈ കലാപങ്ങളുടെ സൂത്രധാരന്‍ എന്നാരോപിക്കുപ്പെടുന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സഞ്ജയ് ബാലിയാനെ എസ്.പിയുടെ ഹരേന്ദ്ര സിങ് മാലിക് പരാജയപ്പെടുത്തി. ബി.ജെ.പിയുടെ മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങിന്റെ മകനും ഒബിസി വിഭാഗങ്ങള്‍ക്കിടയിലെ ആര്‍.എസ്.എസിന്റെ വലിയ നേതാവുമായ രാജു ഭയ്യ എന്ന് വിളിക്കപ്പെടുന്ന രാജ്വീര്‍ സിങ്ങിനെ ഈട്ട മണ്ഡലത്തില്‍ എസ്.പിയുടെ ദേവേഷ് സൈക പരാജയപ്പെടുത്തി.
യാദവ് വിഭാഗത്തില്‍ നിന്ന് മത്സരിച്ച എല്ലാവരും മുലായം സിംഗിന്റെ കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു. കനൗജില്‍ അഖിലേഷ് യാദവും മെയ്ന്‍പുരില്‍ ഭാര്യ ഡിംപിള്‍ യാദവും വിജയിച്ചു. നേരത്തേ ബി.എസ്.പിയുടേയും ബി.ജെ.പിയുടെയും ശക്തി കേന്ദ്രമായിരുന്ന ദളിത്-ഒ.ബി.സി വോട്ടുകള്‍ വിധിനിര്‍ണയിക്കുന്ന ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ ഹമീര്‍പുര്‍, ബാന്ദ, ജലൗന്‍ സീറ്റുകള്‍ എസ്.പി പിടിച്ചെടുത്തു. വരള്‍ച്ചയും ക്ഷാമവും വലിയ പ്രതിസന്ധിയിലാക്കിയ ബുന്ദേല്‍ഖണ്ഡ് പ്രദേശങ്ങളുടെ ജനരോഷത്തെ പ്രതിപക്ഷത്തിന്റെ വിജയമാക്കി മാറ്റാന്‍ അഖിലേഷിനും സംഘത്തിനും കഴിഞ്ഞു. കര്‍ഷക സമരത്തിനിടെ മനുഷ്യര്‍ക്ക് നേരെ വാഹനമോടിച്ച് കൊലപ്പെടുത്തിയ ബി.ജെ.പി നേതാവിന്റെ പിതാവും കേന്ദ്ര മന്ത്രിയുമായ അജയ് മിശ്ര തേനിയെ എസ്.പി പരാജയപ്പെടുത്തി. കഴിഞ്ഞ തവണ ബി.ജെ.പി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ദളിത് വിഭാഗമായ പാസി സമുദായത്തിന്റെ നേതാവ് ആര്‍.കെ ചൗധരിയെ മുന്‍ നിര്‍ത്തിയാണ് കേന്ദ്ര മന്ത്രി കൗശല്‍ കിഷോറിനെ മോഹന്‍ഗഞ്ച് മണ്ഡലത്തില്‍ എസ്.പി പരാജയപ്പെടുത്തിയത്. അഖിലേഷിന്റെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ആര്‍.കെ.ചൗധരി എസ്.പിയിലെത്തിയത്.
നരേന്ദ്ര മോദിക്ക് കടുത്ത പ്രഹരം ഏല്‍പ്പിച്ചുകൊണ്ട്. അദ്ദേഹം നേരിട്ട് മത്സരിക്കുന്ന യു.പി.യില്‍ അജയ് മിശ്ര നേതിയും കൗശല്‍ കിഷോറും സഞ്ജയ് ബാലിയാനും ഉള്‍പ്പെടെ ഏഴ് കേന്ദ്ര മന്ത്രിമാരാണ് പരാജയപ്പെട്ടത്. അമേത്തിയില്‍ മോദി മന്ത്രിസഭയിലെ താരമായ സ്മൃതി ഇറാനിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സമാജ്‌വാദി പാര്‍ട്ടിയും കഠിനമായി പ്രയത്നിച്ചു. കേന്ദ്ര മന്ത്രി സ്വാധി നിരജ്ഞന്‍ ജ്യോതി ഫത്തേപൂരില്‍ എസ്.പി യുടെ നരേഷ് പാട്ടീല്‍ എന്ന കുര്‍മി നേതാവിനോട് പരാജയപ്പെട്ടു. ജാലൂനിലാണ് കേന്ദ്ര മന്ത്രി ഭാനു പ്രസാദ് സിങ് വര്‍മ്മ പരാജയപ്പെട്ടത്.
മധ്യ കിഴക്കന്‍ യു.പിയില്‍ ദളിത് പിന്നാക്ക വിഭാഗങ്ങളെ കേന്ദ്രീകരിച്ച് അഖിലേഷും സംഘവും നടത്തിയ പോരാട്ടത്തില്‍ വലിയ വിജയമാണ് ഉണ്ടായത്. ഇന്ത്യ സഖ്യം ഇവിടെ വിജയിച്ചത് 25 സീറ്റുകളിലാണ്. കിഴക്കന്‍ യു.പിയുടെ മധ്യ-തെക്ക് പ്രദേശങ്ങളില്‍ വാരണാസി, ഫൂല്‍പൂര്‍, മിര്‍സപൂര്‍, ഭാധോഹി എന്നീ സീറ്റുകളൊക്കെ മുഴുവന്‍ സീറ്റുകളിലും ബി.ജെ.പി തോറ്റു. യോഗി ആദിത്യനാഥിന്റെ മുന്‍ മണ്ഡലവും ആസ്ഥാനവുമായ ഗൊരഖ്പൂര്‍ കഴിഞ്ഞ തവണ മൂന്ന് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്കാണ് ഭോജ്പുരി നടന്‍ ബി.ജെ.പി നേതാവുമായ രവി കിഷന്‍ വിജയിച്ചതെങ്കില്‍ ഇത്തവണ ഒരു ലക്ഷം വോട്ടുകളായി അത് കുറഞ്ഞു. 7.17 ലക്ഷം വോട്ടുകളില്‍ നിന്ന് 5.85 ലക്ഷം വോട്ടുകളായി രവി കിഷന്റെ ആകെ വോട്ടുകളുടെ എണ്ണം കുറഞ്ഞു.
മത്സരിച്ച 17 സീറ്റുകളില്‍ ആറെണ്ണം നേടിയ കോണ്‍ഗ്രസും ഉജ്ജ്വല തിരിച്ച് വരാവാണ് നടത്തിയത്. സീതാപൂര്‍, സഹ്റാന്‍പൂര്‍, റായ്ബറേലി, അമേത്തി, ബാരാബങ്കി, അലഹബാദ് എന്നീ സീറ്റുകളില്‍ അവര്‍ ജയിച്ചു. ലാല്‍ബഹാദൂര്‍ ശാസ്ത്രിയും പുരുഷോത്തംദാസ് ടണ്ടനും വി.പി.സിങ്ങും കോണ്‍ഗ്രസിന് വേണ്ടി ജയിച്ചിട്ടുളള അവരുടെ പഴയ അഭിമാനമായ അലഹബാദ് സീറ്റ് കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചെത്തുന്നത് നാല്‍പത് വര്‍ഷത്തിന് ശേഷമാണ്. 1984-ലാണ് അവസാനമായി അലഹബാദില്‍ കോണ്‍ഗ്രസ് ജയിച്ചത്. അക്കാലത്തെ സ്ഥാനാര്‍ത്ഥിയാകട്ടെ സാക്ഷാല്‍ അമിതാഭ് ബച്ചനായിരുന്നു. 9.39 ശതമാനം വോട്ടുകളിലേയ്ക്ക് ചുരുങ്ങി പോവുകയും ഒരു സീറ്റ് പോലും ലഭിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയിലേയ്ക്ക് തകര്‍ന്ന് പോയി ബി.എസ്.പി എന്നുള്ളതാണ് യു.പിയിലെ ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു യാഥാര്‍ത്ഥ്യം.
അഖിലേഷിന്റേയും രാഹുലിന്റെയും തന്ത്രങ്ങളും അക്ഷീണമായ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ കര്‍ഷക സമരം സൃഷ്ടിച്ച വലിയ സര്‍ക്കാര്‍ വിരുദ്ധതയും ഈ മേഖലയില്‍ പ്രതിപക്ഷത്തിന്റെ വിജയത്തിന് കരുത്തേകിയിട്ടുണ്ട് എന്ന് മറന്നു കൂടാ. പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍, യു.പി എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കുണ്ടായ തകര്‍ച്ചയും പ്രതിപക്ഷത്തിനുണ്ടായ വളര്‍ച്ചയും കര്‍ഷക ജനതയുടെ പോരാട്ട വീര്യത്തിന്റെ കൂടി ഫലമാണ് എന്ന് ഓര്‍മിക്കണം.
Content Summary; Akhilesh yadav samajwadi party chief who led india block in uttar pradesh with a massive come back