ബ്രിട്ടീഷ് ദ്വീപുകളുടെ ഭാഗമായ ഇംഗ്ലീഷ് ചാനലിലെ ഒരു ചെറിയ, ദ്വീപാണ് അൽഡെർനി. കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളാൽ മനോഹരമാണ് ഇവിടം. കുറച്ചധികം വർഷങ്ങളായി ദ്വീപിലെ മണ്ണിനും, പ്രകൃതിക്കും പറയാനുള്ളത് മനുഷരുടെ വിലാപങ്ങളാണ്. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോഴാണ് ദീപ് നാസികൾ ഏറ്റെടുക്കുന്നത്. ജയിലുകൾക്ക് സമാനമായ നിരവധി ക്യാമ്പുകൾ അവർ പണികഴിപ്പിച്ചു. യുദ്ധത്തിൽ പിടിച്ചുകൊണ്ടുവരുന്ന ആളുകളെ നിർബന്ധിത തടവിന് വിധേയരാക്കി. മനോഹരമായ ദ്വീപ് അവരെ സംബന്ധിച്ചിടത്തോളം ഭൂമിയിലെ നരകമായിരുന്നു.
രണ്ടാം ലോകമഹായുദ്ധസമയത്ത് ആൽഡെർനിയിലെ ക്യാമ്പുകളിൽ കൊല്ലപ്പെട്ട തടവുകാരുടെയും തൊഴിലാളികളുടെയും കൃത്യമായ മരണസംഖ്യ കണ്ടെത്താനുള്ള ശ്രമത്തിലാണ് യുകെ. പോസ്റ്റ് ഹോളോകോസ്റ്റിനെയും തുടർന്നുള്ള സിദ്ധന്തങ്ങളുടെയും സത്യം പുറത്തുകൊണ്ടുവരനാണ് പുതിയ അന്വേഷണത്തിനായി ഉത്തരവിട്ടിരുന്നത്. ചരിത്രത്തിൽ പ്രഗൽഭരായ സംഘം കണ്ടെത്തിയ വിവരങ്ങൾ ബുധനാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. യുദ്ധത്തിന് ശേഷം തടവുകാരെ മോചിപ്പിക്കുകയും മരണ സംഖ്യ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ മരണസംഖ്യ ഈ കണക്കുകളേക്കാൾ ഇരട്ടിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് ക്യാമ്പിൻ്റെ മറ്റൊരു പതിപ്പായിരുന്നു ആൽഡെർനിയിലെ ക്യാമ്പുകൾ എന്ന സിദ്ധാന്തം ആളുകൾക്ക് ഇടയിൽ നിലന്നിരുന്നു. ഇത് നീതികരിക്കുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല.
മൂന്ന് ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഈ ദ്വീപ് രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഭൂരിഭാഗവും നാസികൾ കൈവശപ്പെടുത്തിയിരുന്നു. അക്കാലത്ത്, മൂന്ന് നിർബന്ധിത ലേബർ ക്യാമ്പുകളും ലാഗർ സിൽറ്റ് എന്ന കോൺസെൻട്രേഷൻ ക്യാമ്പും നിർമ്മിക്കപ്പെട്ടു. ഏകദേശം എട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നാസി അധിനിവേശത്തിൻ്റെ അവശേഷിപ്പുകൾ ദ്വീപിൽ കാണാൻ കഴിയും. ബങ്കറുകൾ, പ്രതിരോധ മതിലുകൾ, യുദ്ധോപകരണങ്ങളും ഇന്ധനങ്ങളും സൂക്ഷിക്കുന്നതിനായി സൈന്യം നിർമ്മിച്ച കുപ്രസിദ്ധമായ വാട്ടർ ലെയ്ൻ തുരങ്കങ്ങൾ എന്നിവ ഇപ്പോഴും ദ്വീപിൽ നിലനിൽക്കുന്നുണ്ട്. ദ്വീപിന്റെ ടൂറിസ്റ്റ് ബോർഡ് പറയുന്നതനുസരിച്ച്, 2,000-ത്തിലധികം ജനസംഖ്യയുള്ള ആൽഡെർനിയിലെ നിവാസികൾ ദ്വീപിൽ വച്ച് കൊല്ലപ്പെട്ട ആളുകളുടെ സ്മരണയ്ക്കായി മെയ് മാസത്തിൽ ഒത്തുകൂടും. നാസികളുടെ ഏറ്റവും പടിഞ്ഞാറൻ കോൺസെൻട്രേഷൻ ക്യാമ്പ്” എന്നാണ് വിഷയത്തെ കുറിച്ച് അന്വേഷിക്കുന്ന യുകെയുടെ എറിക് പിക്കിൾസ് പറയുന്നത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ദ്വീപിൽ അരങ്ങേറിയ മനുഷ്യത്വ വിരുദ്ധതയെ സംബന്ധിച്ച ചോദ്യങ്ങൾ പ്രദേശവാസികൾക്കിടയിലും അന്തർദ്ദേശീയമായും നിലനിൽക്കുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടീഷ് പ്രദേശങ്ങളായ ചാനൽ ദ്വീപുകളുടെ നിയന്ത്രണം ജർമ്മനി ഏറ്റെടുത്തു. അവർ കൈവശപ്പെടുത്തിയ, ജേഴ്‌സിയിലും ഗുർൻസിയിലും മാത്രമാണ് ഇപ്പോഴും ആളുകൾ താമസിക്കുന്നത്. ആൽഡെർനിയിലും, ആളുകൾ പലായനം ചെയ്തു, ഇതോടെ ദ്വീപിലെ വിപുലമായ യുദ്ധകാല രേഖകൾ ശേഖരിക്കാനായിട്ടില്ല.
എന്താണ് യഥാർത്ഥത്തിൽ നടന്നിരിക്കുക
ദ്വീപ് നാസികളിൽ നിന്ന് മോചിപ്പിക്കപ്പെട്ടതിനെത്തുടർന്ന്, യുദ്ധാനന്തര അന്വേഷണത്തിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ അനുസരിച്ച് മരണസംഖ്യ 389 ആണ്. എന്നാൽ ഈ കണക്കിൽ വിയോജിപ്പും നിരവധിയാണ്. ചരിത്രകാരന്മാർക്കും ജൂത സമൂഹത്തിലെ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ഈ കണക്കിൽ തങ്ങളുടേതായ കൂട്ടിച്ചേർക്കലുകളും, ഒഴിവാക്കലുകളും ഉണ്ട്. ദ്വീപിൽ സംഭവിച്ചതിൻ്റെ യഥാർത്ഥ ചിത്രം മറച്ചുവച്ചത് ബ്രിട്ടീഷ് ഭരണകൂടമാണെന്ന് മറ്റൊരു കൂട്ടം ആളുകൾ വിമർശിക്കുന്നുണ്ട്. ഈ ഊഹാപോഹങ്ങളെയും, സിദ്ധാന്തങ്ങളെയും തള്ളിക്കളയുകയാണ് ഈ പുതിയ അന്വേഷണം. ആൽഡെർനിയിലെ മരണങ്ങളുടെ എണ്ണം 1,134 കവിയാൻ സാധ്യതയില്ലെന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു, ഏകദേശം 641 നും 1,027 നും ഇടയിലായിരിക്കും മരണസംഖ്യ എന്നും പറയുന്നുണ്ട്. കൂടാതെ, ദ്വീപിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ കുറഞ്ഞത് 97 പേർ മരിച്ചതായാണ് കണക്കാക്കുന്നത്. ജർമ്മൻ അധിനിവേശത്തിലുടനീളം ആൽഡെർനിയിലേക്ക് അയച്ച തടവുകാരുടെയും തൊഴിലാളികളുടെയും ഏറ്റവും കുറഞ്ഞ എണ്ണം 7,608 നും 7,812 നും ഇടയിലാണെന്ന് പാനൽ കണ്ടെത്തി.
ദ്വീപിൽ തൊഴിലാളികൾ പലവിധത്തിലുള്ള ചൂഷണത്തിന് വിധേയരായിട്ടുണ്ട്. അപകടകരമായ നിർമ്മാണ പ്രവർത്തനങ്ങൾ മുതൽ ദീർഘനേരം ജോലി ചെയ്യാനായി നിർബന്ധിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ചിലപ്പോഴൊക്കെ ഇവരെ വധശിക്ഷക്കും വിധേയരാക്കി. ആയിരക്കണക്കിന് ആളുകൾ മരിച്ചുവെന്ന് വാദിക്കാൻ തെളിവുകളില്ലെന്ന് അന്വേഷണത്തിൽ പറയുന്നു.
എവിടെയാണ് നീതി
അന്വേഷണത്തിൻ്റെ ഒരു പ്രത്യേക വിഭാഗം ആൽഡെർനിയിൽ നടന്ന യുദ്ധക്കുറ്റങ്ങളുടെ വിചാരണയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ യുദ്ധകുറ്റങ്ങളിൽ വിചാരണ നടത്താൻ പരാജയപെട്ടതായും അന്വേഷണം കുറ്റപ്പെടുത്തുന്നുണ്ട്. ദ്വീപിൽ പാർപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സോവിയറ്റ് പൗരൻമാരായതിനാൽ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കേസ് സോവിയറ്റ് യൂണിയന് കൈമാറാനുള്ള ബ്രിട്ടീഷ് സർക്കാരിൻ്റെ തീരുമാനത്തെ തുടർന്നായിരുന്നു മതിയായ വിചാരണ നടത്താൻ കഴിയാതിരുന്നത്.അക്കാദമിസ്റ്റ് ആയ ആൻ്റണി ഗ്ലീസ് നടത്തിയ ഗവേഷണത്തിൽ, ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്ന് വിവരങ്ങൾ മൂടിവയ്ക്കാൻ ശ്രമങ്ങൾ നടന്നതായി ആരോപിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ വാർ ക്രൈം കമ്മീഷൻ മുഖാന്തരം1945 സെപ്റ്റംബർ 12-ന് എല്ലാ തെളിവുകളുടെയും ഫയലുകൾ സോവിയറ്റ് യൂണിയന് കൈമാറിയിരുന്നു. ഈ തെളുവുകളിൽ കാര്യമായി നടപടിയെടുക്കാൻ സോവിയറ്റ് യൂണിയൻ തുനിഞ്ഞില്ല. ഇതോടെ കൊലപതാക കേസുകൾ വരെ ചുമത്തപ്പെട്ടിരുന്ന കുറ്റവാളികൾ വിചാരണയിൽ നിന്ന് രക്ഷപ്പെട്ടു.
ഇത് ബ്രിട്ടീഷ് സർക്കാർ ബോധപൂർവം പൊതുജനങ്ങളിൽ നിന്ന് മറച്ചുവെച്ചതാണെന്ന് ഗ്ലീസ് വിശ്വസിക്കുന്നു. സർക്കാർ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഗ്ലീ പറയുന്നതനുസരിച്ച്, ആൽഡെർനിയുടെ യുദ്ധക്കുറ്റവാളികളുടെ വിചാരണ നടക്കാതെ പോയതോടെ ആളുകൾക്ക് നീതി ലഭിക്കാതെ പോയി.
Content summary; UK is investigating to find out how many prisoners died in the Nazi camps on Alderney, a British island