March 27, 2025 |
Share on

മാറാത്ത മാസ് ഹീറോയും, കോടികള്‍ കുമിയുന്ന ബോക്‌സ് ഓഫീസും

2025ല്‍ എത്തിയിട്ടും നമ്മുടെ മാസ്സ് ഹീറോ സങ്കല്‍പ്പങ്ങള്‍ എത്ര മാത്രം ഉടച്ചു വാര്‍ക്കപ്പെട്ടിട്ടുണ്ട്?

തെലുഗ് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ ‘പുഷ്പ’യെ ഒരു കേവല മസാല പടം എന്ന് പറഞ്ഞു തള്ളാം ആര്‍ക്കു വേണമെങ്കിലും. അതില്‍ സത്യവുമുണ്ട്. പക്ഷെ, ഒരു തെന്നിന്ത്യന്‍ സ്റ്റാര്‍ തന്റെ ഫിലിം മൊത്തത്തില്‍ 1700 കോടിക്ക് മേലെയെത്തിക്കുക (ഈ ഡിജിറ്റ് മാറിക്കൊണ്ടിരിക്കുന്നു), ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ആക്കുക എന്നത് അങ്ങിനെ തള്ളണ്ട വിഷയമാണോ?

പുഷ്പയില്‍ മറ്റൊരു മികച്ച നടനായ ഫഹദ് ഫാസില്‍ എതിരെ ഉണ്ട്. രക്ത ചന്ദന കള്ളക്കടത്തുകാരനായ ‘കൂലി’ പുഷ്പയെ പിടിക്കാന്‍ കച്ച കെട്ടി ഇറങ്ങുന്ന പോലീസ് ഓഫീസര്‍ ശിഖാവത് ആയിട്ട്. പുഷ്പ 1ലെ നായക-പ്രതിനായക സീനുകള്‍ ‘മാസ്സ്’ ആണ്. പുഷ്പ 2ല്‍ ഫഹദിന് വീര്യം കുറയുന്നു. അന്യോന്യം പരിഹസിച്ചും, മാപ്പു പറയിച്ചും ഒരു ക്യാറ്റ്-മൗസ് പ്ലേയ്ക്കു ശേഷം ഒന്നുമില്ലാതെ അവസാനിക്കുന്ന ശിഖാവത്. പുഷ്പ 2ന്റെ അവസാനം ഒരു ടെലിവിഷന്‍ സീരീസ് ആവുന്ന ഫാമിലി മെലോഡ്രാമയിലെ ദുര്‍ബല നായകനായിട്ടാണ് അല്ലു അര്‍ജുനും ചിത്രീകരിക്കപ്പെടുന്നത്. രണ്ടും കീഴടങ്ങല്‍ തന്നെ. രണ്ടു രീതിയില്‍. സംവിധായകന്‍ സുകുമാര്‍ അങ്ങിനെ വിചിത്രമായ ഒരു ബാലന്‍സ് ശ്രമിച്ചിട്ടുണ്ട്.

അല്ലു അര്‍ജുന്‍- എല്ലാ ഫ്രെമിലും അല്ലു അര്‍ജുന്‍ – ഒരു തോള്‍ ചെരിച്ചു മോഹന്‍ലാല്‍ നടത്തം. കളര്‍ഫുള്‍ ഷര്‍ട്ടുകളും, പാന്റുകളും. ആഭരണവിഭൂഷിതന്‍. വായില്‍ പാന്‍പരാഗ് ചുവപ്പ്. വെട്ടുകത്തിയും, തോക്കും, സന്ദര്‍ഭം ആവശ്യപ്പെട്ടാല്‍ ശൂലവും പടവാള്‍. മെയില്‍ ഈഗോയുടെ അഹങ്കാരം തുളുമ്പുന്ന ഡയലോഗുകള്‍. ‘പുഷ്പ ഒരുമ്പെട്ടാല്‍ ഒരിക്കലും പിന്തിരിയാറില്ല’. ജൂലൈ 24 എന്നൊരു ദിവസം ഉണ്ടെങ്കില്‍ സിദ്ധപ്പ മുഖ്യമന്ത്രി ആയിരിക്കും. സ്ത്രീകളെ തൊട്ടാല്‍ മാപ്പില്ല, തല തെറിക്കും. സിണ്ടിക്കേറ്റ് പ്രസിഡന്റ് കസേരയിലും തികഞ്ഞ പരമാധികാരം. രാഷ്ട്രീയക്കാരെ കോടികള്‍ കൊണ്ട് നിറച്ച സോഫയില്‍ തളയ്ക്കും. പോലീസുകാര്‍ക്ക് പെന്‍ഷന്‍ തുകയടക്കം കൊടുത്തു റിട്ടയര്‍ ചെയ്യിപ്പിക്കും.

allu arjun pushpa

ഹെലികോപ്റ്ററിന്റെ കൂടെ പറക്കുന്ന സോഫ- ഈ മനോഹര ദൃശ്യം ഇന്ത്യന്‍ സിനിമയില്‍ അല്ലാതെ എവിടെ കാണാന്‍ കിട്ടും? ആ കെട്ടിടത്തിലേക്കുള്ള സ്‌ട്രൈറ്റ് ലാന്‍ഡിംഗ്. പറക്കുന്ന നോട്ടുകള്‍. മൊത്തം കെട്ടിയിടപെട്ട പുഷ്പ ഇനിയെന്തു ചെയ്യും? പറന്നടിക്കും, അല്ല പിന്നെ. പുഷ്പ 2ന്റെ തുടക്കത്തിലേ ആ മാരക ഷോട്ട്. പകുതി കീറിയ നോട്ടിനായി, ആഴങ്ങളില്‍ മുങ്ങിത്തപ്പി ജപ്പാനിലെ വില്ലന്മാരെയൊക്കെ ക്രെയിനില്‍ തൂക്കികിടത്തി കൂളായി പൊന്തി വരുന്ന, ഇന്ത്യയില്‍ നിന്ന് കണ്ടയ്‌നറില്‍ കേറി വന്ന ഒരു കൂലി! രജനികാന്തിനെ വരെ കടത്തിവെട്ടി അത്തരം സീനുകളില്‍ ‘ബണ്ണി അല്ലു’.

നമ്മള്‍ റിയലിസ്റ്റിക് സിനിമകളെയൊക്കെ വാഴ്ത്തി മറ്റൊരു സിനിമ സംസ്‌കാരം പോറ്റി വളര്‍ത്തുന്ന സമയത്താണ് ഈ വമ്പന്‍ കളക്ഷന്‍ എന്നോര്‍ക്കണം. ബിഹാറിലെ കൂലികള്‍ക്കു ഇഷ്ടപെട്ടത് കൊണ്ട് മാത്രം പുഷ്പ ഇങ്ങിനെ വിജയിക്കുമോ? ഈ പാന്‍ -ഇന്ത്യ സിനിമയില്‍ അല്ലു അര്‍ജുന്‍ ഒരു തികഞ്ഞ മാസ്സ് ഹീറോ ആയി തിളങ്ങുന്നത് കൊണ്ടും കൂടിയാണ് അത്. ഒരു കൂലിക്കു പണക്കാരനാവണമെങ്കില്‍ സത്യസന്ധത, ആത്മാര്‍ത്ഥമായ കഷ്ടപെടല്‍, നല്ല നടപ്പ്, ഇതൊന്നുമല്ല വേണ്ടത്. മറിച്ചു പുഷ്പയുടെ വഴിയാണ് എന്ന ലോക തത്വമാണ് ഈ സിനിമയുടെ സെന്റിമെന്റ്‌സ്. പണം അധികാരമാണ്. ഉയര്‍ച്ചയാണ്. ഗെയിം ചേഞ്ചര്‍ ആണ്. വലിയ പഠിപ്പില്ലാത്ത, അവഗണിക്കപ്പെട്ട ബാല്യമുള്ള, സ്വയം കരുത്താര്‍ജ്ജിച്ച പുഷ്പയുടെ സാധാരണ ബുദ്ധിയില്‍ വരുന്ന ഐഡിയകളാണ് ശിഖാവത്തിനെ ചെറുതാക്കുന്നത്. ചിറ്റൂരിനെ നയിക്കുന്നത്. രാഷ്ട്രീയത്തെയും നിയന്ത്രിക്കുന്നത്. എവിടെയെക്കൊയോ വീരപ്പന്‍ ഇല്ലേ എന്നൊരു സംശയം.

ദൈവങ്ങള്‍ക്ക് പോലും തരംതിരിവുകള്‍ ഉള്ള നാടാണ്. പുഷ്പ സാരിയുടുത്തു നിറഞ്ഞാടുന്ന, പിന്നെ വാളെടുത്തു വീശുന്ന ഭക്തിസാന്ദ്രമായ പരിസരങ്ങള്‍ക്കു പോലും രാഷ്ട്രീയമുണ്ട്. അതിലെ ഹീറോയിസം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ നിയമം കൊണ്ടൊന്നും തടുക്കാന്‍ പറ്റില്ല എന്ന ഭൂരിപക്ഷ ചിന്താഗതിയുടെ ‘സ്‌പോട് ഓണ്‍’ പ്രതിഫലനം ആണ്. ‘ഫീമെയില്‍ 22 കോട്ടയം’ ഓര്‍മയില്ലേ. അവസാനം നമ്മള്‍ സന്തോഷിച്ചില്ലേ ‘അത്’ കണ്ട്. ഇവിടെ തിന്മ കണ്ടു കലി കയറിയത് കാളി ആവേശിച്ച പുഷ്പാക്കാണ് എന്നോര്‍ക്കണം. തികച്ചും ദൈവികം. വയലന്‍സിനു നല്ല മാര്‍ക്കറ്റ് ഉള്ള സമയത്തു പുഷ്പയുടെ വൈലന്‍സ് സീനുകള്‍ സാധൂകരിക്കപെടുന്നത് സ്വാഭാവികം. ശ്രീവല്ലിയാണെങ്കില്‍, ആരതി ഉഴിഞ്ഞാണ് തോക്കെടുത്ത ‘സ്വാമി’യെ ഹെലികോപ്റ്റര്‍ കയറ്റി വിടുന്നത്. ഇത്തരം നായകസങ്കല്പമുള്ള സിനിമകളിലെ ക്ലിഷേ സീന്‍. തനിക്കു പറ്റിയ തെറ്റുകളില്‍ പുഷ്പ പ്രായശ്ചിത്ത ഓഫറുകള്‍ കൊടുക്കുന്നുമുണ്ട്. പുഷ്പയുടെ മാസ്സ് അപ്പീല്‍ തേച്ചു മിനുക്കുന്നതില്‍ ശ്രീകാന്ത് വിസ്സയുടെ ഡയലോഗുകള്‍ക്കു വല്ലാത്ത ശ്രദ്ധയാണ്.

ഇനി അടുത്ത വിജയ ഫോര്‍മുല. കുടുംബം. പുഷ്പ 1ല്‍ സ്വാമിയേ വളച്ചെടുക്കുന്ന ശ്രീവല്ലി പുഷ്പ 2ല്‍ പുഷ്പയെ ഭരിക്കുന്നു. ഓ.. ആ സ്വാമി വിളിയിലെ പ്രണയവും വിധേയത്വവും…ഏതു സിണ്ടിക്കേറ്റ് തിരക്കിലും ഭാര്യ കൊണ്ട് വരുന്ന കറിയിലെ ഉപ്പു നോക്കും. സ്ത്രീകളുടെ വാക്ക് കേള്‍ക്കുന്നവന് ഗതിയില്ല എന്ന് പറഞ്ഞ, ശ്രീവല്ലിയുടെ ‘സെല്‍ഫി’ എന്ന ആവശ്യം നിരസിച്ച മുഖ്യമന്ത്രിയുടെ കസേര തെറിപ്പിച്ചു ഭാര്യയെ ബഹുമാനിക്കുന്ന തികഞ്ഞ ഫെമിനിസ്റ്റ്. സെക്‌സില്‍ പോലും ശ്രീവല്ലിക്കാണ് മുന്‍ഗണന. പുരോഗമന വാദികളെ, ഭാര്യമാരുടെ ഒളിവും മറവും ഇല്ലാത്ത ലൈംഗികതൃഷ്ണകള്‍ – നിങ്ങളിത് എത്ര തെന്നിന്ത്യന്‍ സിനിമകളില്‍ കണ്ടിട്ടുണ്ട്? ആലോചിച്ചു നോക്കിയപ്പോള്‍ ‘അനിമല്‍’ന്റെ റിവേഴ്സ് ഗിയര്‍ ആണോ എന്നൊരു സംശയവും ഇല്ലാതില്ല.

ജാതിക്കും കുലമഹിമക്കും ഇപ്പോഴും ഇന്ത്യയില്‍ ഉള്ള അതെ വിലയും നിലയും സ്വപ്നം കാണുന്ന പുഷ്പ. പുത്തന്‍ പണക്കാര്‍ക്കെതിരെ കുലമഹിമക്കാര്‍ കൊണ്ട് വരുന്ന തുറുപ്പുചീട്ട്. ആ ശരമേറ്റു മുറിവേറ്റ പുഷ്പ. അത് ലഭിക്കുമ്പോള്‍ ദുര്‍ബലനായി പൊട്ടിക്കരയുന്ന പുഷ്പ. വിമര്‍ശകര്‍ ഇതിനെ കാര്യമായി എതിര്‍ത്തിട്ടുണ്ട് പുഷ്പ 1ഉം 2ഉം താരതമ്യ പഠനത്തില്‍. പക്ഷെ ചില സ്റ്റീരിയോടൈപ്പുകള്‍ നിത്യവസന്തങ്ങളാണ് ഇന്ത്യന്‍ സിനിമയിലും, സീരിയലുകളിലും. അങ്ങിനെയൊന്നും ഇവയുടെ മാര്‍ക്കറ്റ് വാല്യൂ കുറയില്ല.

അടുത്തതു ദേശീയത. അന്ത്രരാഷ്ട്ര നിലവാരത്തിലുള്ള പുഷ്പയുടെ മാര്‍ക്കറ്റ് അറിയണമെങ്കില്‍ അങ്ങ് ജപ്പാനില്‍ എത്തണം. തനിയെ രക്തചന്ദനക്കട്ടികള്‍ക്കിടയില്‍ കണ്ടയ്‌നറില്‍ ഇരുന്നു ബോറടിച്ചപ്പോ ജാപ്പനീസ് പഠിച്ചെടുത്തു. അവിടെ എത്തിയതും നല്ല ഒഴുക്കില്‍ ജാപ്പനീസില്‍ സംസാരിച്ചു കച്ചവടത്തിന്റെ ഗതി മാറ്റി, ഇന്ത്യക്കു അനുകൂലമാക്കി. ഇന്ത്യക്കാരുടെ വാള്‍പയറ്റിനു മുന്‍പില്‍ ജപ്പാന്‍ ആയുധമുറകളോ, തോക്കുകളോ നിഷ്പ്രഭം എന്ന് കാണിച്ചു കൊടുത്തു. അതും ലൈവ്. ഇവിടെ പുഷ്പ ആകെ കൈവിട്ടുപോകുന്നത് ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് മുന്‍പില്‍. കാര്യങ്ങള്‍ പിടി കിട്ടുന്നുണ്ടല്ലോ.

ഇനി കള്ളപ്പണത്തിനുള്ള അന്താരാഷ്ട്ര സ്വീകാര്യത. ശ്രീലങ്കന്‍ ബോര്‍ഡര്‍ കടക്കാന്‍ പുഷ്പക്ക് ഒരു കാള്‍ മതി. പക്ഷെ ശിഖാവത് നേരിടുന്നത് വെടിയുണ്ടകളാണ്. ക്രിമിനലുകള്‍ക്ക് വേണ്ടി തുറക്കുന്ന അതിര്‍ത്തികള്‍ നിയമവ്യവസ്ഥയെ പടിക്കു പുറത്തു നിര്‍ത്തുന്നു. ഇതിലും വലിയ മാസ്സ് അപ്പീല്‍ ആണ്, പണക്കാരന്റെ ആടയാഭരണങ്ങള്‍ എല്ലാം അഴിച്ചു വെച്ച്, കൂലിയിലേക്കുള്ള പരകായപ്രവേശം. പുഷ്പ അങ്ങിനെയാണ്. ചിലപ്പോള്‍ തല പോയാലും സോറി പറയില്ല. മറ്റു ചിലപ്പോള്‍ വന്ന വഴി മറക്കില്ല. യു ഗെറ്റ് ഇറ്റ്?

allu arjun rashmika

ഒരു സത്യം പറയാം. പുഷ്പ -ദി റൈസ്, പുഷ്പ 2 -ദി റൂള്‍-പുഷ്പയുടെ രണ്ടു ഭാഗങ്ങളിലും, അല്ലു അര്‍ജുന്‍ ആ കഥാപാത്രമായി തന്നെ നില്‍ക്കുന്നുണ്ട്. മാനറിസങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട്. പാട്ടിലും, ഡാന്‍സിലും സ്വയം സമര്‍പ്പിക്കുന്നുണ്ട്. ഫൈറ്റ് സീനുകളില്‍ അധ്വാനിക്കുന്നുണ്ട്. ഓരോ വികാരങ്ങളും അല്ലു അര്‍ജുന്‍ സ്‌റ്റൈലില്‍ പ്രകടിപ്പിക്കുന്നുമുണ്ട്. ഒരു മസാല-മാസ്സ് ഹീറോ സങ്കല്‍പം എല്ലാ രീതിയിലും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട് എന്ന് ചുരുക്കം. ആ ദേശീയ അവാര്‍ഡൊക്കെ അല്ലു കഷ്ടപ്പെട്ടു അധ്വാനിച്ചു നേടിയതാണ്. അത് പോലെ തന്നെയാണ് രശ്മിക മന്ദാന. ഇറോട്ടിക് എന്നോ സെക്‌സി എന്നോ, ഹോട്ട് എന്നോ എന്ത് വിളിച്ചാലും പാടിയും, ആടിയും, ഈ മാതൃകാദമ്പതികള്‍ പരസ്പരം താങ്ങാവുന്നത് സ്‌ക്രീനില്‍ ഒരു റിയല്‍ ഫീല്‍ തരുന്നുണ്ട്. പുഷ്പയുടെ 1700 കോടി കുതിപ്പിന് ഈ ജോഡി നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.

ചടുലമാണ് പുഷ്പ 1ന്റെ എഡിറ്റിംഗ്. ജനപ്രീതിയും കൂടുതലാണ്. പുഷ്പ 2ല്‍ ലാഗ് ഉണ്ട്. നീളം കുറക്കേണ്ടതുണ്ട്. സ്പാര്‍ക്ക് പോവുന്നുണ്ട്. പല പുഷ്പ തന്ത്രങ്ങളും നാടകീയവും അവിശ്വസീനിയവും ആവുന്നുണ്ട്. ചിരി വരാതെ ചിരിക്കാന്‍ ഫഹദ് പ്രേരിപ്പിക്കുന്നുണ്ട്. മറ്റു കഥാപാത്രങ്ങളാകട്ടെ വെറും കാഴ്ചക്കാര്‍ മാത്രം. എന്നിട്ടും ‘മല്ലു അര്‍ജുന്‍’ സിനിമ ബോക്‌സ് ഓഫിസില്‍ കുതിച്ചു.. ഇത്രയേറെ സിനിക്കല്‍ ആയ മനുഷ്യര്‍ ഉള്ള കേരളത്തിലെ കളക്ഷനും ഭീമമാണ്.

പുഷ്പയുടെ അപകടകരമായ മോറല്‍, വൈലന്‍സ്, ഒരു പരമ്പരാഗത മസാല ചിത്രത്തിന് വേണ്ട പിന്തിരിപ്പന്‍ ചേരുവകള്‍, തികച്ചും ഇല്ലോജിക്കല്‍ ആയ സ്റ്റന്റുകള്‍, മെയില്‍ ഈഗോ വാഴ്ത്തപ്പെടുന്ന, ഗുണ്ടാ നായക സങ്കല്‍പം, സ്ത്രീവിരുദ്ധത (ശ്രീവല്ലി ഇത് അംഗീകരിക്കാന്‍ വഴിയില്ല), കുലം, ജാതി, ഗ്ലോറിഫിക്കേഷന്‍… ഈ എല്ലാ വിമര്‍ശനങ്ങളെയും അതിജീവിച്ചു, പുഷ്പ ഒരു ഇന്ത്യന്‍ സിനിമയ്ക്കു സ്വപ്നം കാണാനാവാത്ത കളക്ഷന്‍ നേടുമ്പോള്‍ സ്വാഭാവികമായും ചിന്തിച്ചു പോകുന്നു – 2025ല്‍ എത്തിയിട്ടും നമ്മുടെ മാസ്സ് ഹീറോ സങ്കല്‍പ്പങ്ങള്‍ എത്ര മാത്രം ഉടച്ചു വാര്‍ക്കപ്പെട്ടിട്ടുണ്ട്? അതോ, ഇത് തികച്ചും ഒരു അല്ലു അര്‍ജുന്‍ കരിസ്മ ആണോ?  Allu Arjun’s Pushpa-2 and the unchanging mass hero image of Indian cinema

Content Summary; Allu Arjun’s Pushpa-2 and the unchanging mass hero image of Indian cinema

×