ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് സോഷ്യല്‍ മീഡിയയില്‍ വൈറലായത് ഒരു വീഡിയോ ദൃശ്യത്തിലൂടെയാണ്. അത് സത്യപ്രതിജ്ഞ ചടങ്ങുമായോ ആന്ധ്ര രാഷ്ട്രീയവുമായോ ബന്ധപ്പെട്ടതല്ലായിരുന്നു എന്നതാണ് പ്രത്യേകത. തമിഴ്നാട് രാഷ്ട്രീയമാണ് ആ വൈറല്‍ വീഡിയോയിലുള്ളത്. amit shah tamilisai talk viral video tamil nadu bjp conflict
നായിഡുവിന്റെ സ്ഥാനാരോഹണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായും തമിഴ്നാട് പാര്‍ട്ടി മുന്‍ അധ്യക്ഷയും തെലങ്കാന മുന്‍ ഗവര്‍ണറുമായ തമിളിസൈ സൗന്ദര്‍രാജനും തമ്മിലുള്ള സംസാരമാണ് വീഡിയോയില്‍ കാണുന്നത്. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അമിത് ഷായും വേദിയിലിരിക്കേ ഇവരെ അഭിവാദ്യം ചെയ്ത് മുന്നോട്ടു പോവുകയായിരുന്ന തമിളിസൈയെ വിളിച്ചു നിര്‍ത്തി അമിത് ഷാ ഉപദേശങ്ങളും കര്‍ശന നിര്‍ദേശങ്ങളും നല്‍കുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. ഷോഭത്തോടെയല്ലെങ്കിലും മുന്നറിയിപ്പ് പോലെ, വ്യക്തമായ നിര്‍ദേശങ്ങളാണ് തന്റെ പാര്‍ട്ടി നേതാവിന് അമിത് ഷാ നല്‍കുന്നതെന്ന് വ്യക്തമാണ്. അക്ഷോഭ്യമായ ഭാവത്തില്‍ ഒരു കാരണവരുടെ കാര്‍ക്കശ്യത്തില്‍ അമിത് ഷാ, തമിളിസൈയ്ക്ക് നല്‍കുന്നത് തമിഴ്നാട് ബിജെപി രാഷ്ട്രീയത്തില്‍ പുകയുന്ന അസ്വസ്ഥകള്‍ അവസാനിപ്പിക്കണമെന്ന താക്കീതാണ്.
ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കൂടുതലും പങ്കുവയ്ക്കുന്നത് ബിജെപി ഹാന്‍ഡിലുകള്‍ തന്നെയാണ്. പാര്‍ട്ടിക്കാരില്‍ പലരും വീഡിയോ ആഘോഷിക്കുകയാണ്. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ നടക്കുന്ന ചേരിപ്പോരില്‍ ദേശീയ നേതൃത്വം കര്‍ശന ഇടപെടല്‍ നടത്തുന്നുണ്ടെന്നതിന്റെ സന്തോഷമാണ് ബിജെപിക്കാര്‍ക്കുള്ളത്.
#BREAKING | தமிழக பாஜகவில் உட்கட்சி பூசல் – தமிழிசையை கண்டித்த அமித்ஷா!
ஆந்திராவில் நடைபெறும் சந்திரபாபு நாயுடு பதவியேற்பு விழாவில் தமிழிசை சவுந்தரராஜனிடம் அமித் ஷா கண்டிப்புடன் பேச்சு#Amitshah #Tamilisai #BJP #Tamilnadu #SparkMedia pic.twitter.com/I5UuruTKPn
— Spark Media (@SparkMedia_TN) June 12, 2024
എഐഎഡിഎംകെയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കില്‍ തമിഴ്നാട്ടില്‍ ബിജെപിക്ക് മികച്ച റിസള്‍ട്ട് ഉണ്ടാക്കാമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിനോട് തമിളിസൈ പറഞ്ഞിരുന്നു. ഇതേ വിഷയത്തില്‍ എഐഎഡിഎംകെ നേതാക്കള്‍ നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയ്ക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി നില്‍ക്കുന്ന സമയത്ത് തന്നെയാണ്, തന്റെ പാര്‍ട്ടി നേതാവിനെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന രീതിയില്‍ തമിളിസൈയും സംസാരിച്ചത്. ബിജെപി-എഐഡിഎംകെ സഖ്യത്തിന്റെ പേര് പറഞ്ഞ് അണ്ണാമലൈയും ദ്രാവിഡ പാര്‍ട്ടി നേതാക്കളുമായി ദിവസങ്ങളായി തര്‍ക്കം നടക്കുകയാണ്. അതിനിടയില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന പ്രതികരണമാണ് തമിളൈസയില്‍ നിന്നുണ്ടായതെന്ന പരാതി അവര്‍ക്കെതിരെയുണ്ട്.
അനാവശ്യമായ വര്‍ത്തമാനത്തിന് കിട്ടിയ ശകാരം എന്ന നിലയിലാണ് തമിഴ്നാട്ടിലെ ബിജെപിക്കാര്‍ അമിത് ഷാ- തമിളിസൈ വീഡിയോ പങ്കുവയ്ക്കുന്നത്.
‘അമിത് ഷാ ജീയില്‍ നിന്നും തമിളിസൈ അക്കയ്ക്കുള്ള കര്‍ശനമായ ഉപദേശം, എന്നാല്‍ ഇങ്ങനെ പരസ്യമായ മുന്നറിയിപ്പിന്റെ കാരണം എന്തായിരിക്കും? അനാവശ്യമായ പൊതു അഭിപ്രായങ്ങള്‍?’ ഇങ്ങനെയുള്ള ചോദ്യവുമായാണ് തമിഴ്നാട് ബിജെപി സോഷ്യല്‍ മീഡിയ സെല്‍ വൈസ് പ്രസിഡന്റ് കാര്‍ത്തിക് ഗോപിനാഥ് വീഡിയോ പങ്കുവച്ചത്.
അതേസമയം, ഈ വീഡിയോ എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ‘ഇത് എന്തുതരം രാഷ്ട്രീയമാണ്? ഭീഷണിയുടെ ശരീരഭാഷയുമായി ഒരു മുതിര്‍ന്ന വനിത നേതാവിനെ പൊതുവേദിയില്‍ അപമാനിക്കുന്നത് എന്തുതരം സംസ്‌കാരമാണ്? ഇതൊക്കെ എല്ലാവരും കാണുന്നുണ്ടെന്ന വിചാരം അമിത് ഷായ്ക്ക് ഇല്ലായിരുന്നോ? ‘ ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരെ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു.
‘പാര്‍ട്ടിയിലെ സാമൂഹ്യവിരുദ്ധന്മാരെ സാധാരണയായി ഞാന്‍ അവഗണിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ആണ് പതിവ്. ഈയിടയായി അതുപോലുള്ള പലരും പാര്‍ട്ടിയില്‍ കയറിക്കൂടുകയും ചില ജില്ലകളില്‍ സ്ഥാനമാനങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ തീര്‍ച്ചയായും തടയപ്പെടേണ്ടതുണ്ട്. പാര്‍ട്ടിക്ക് വേണ്ടി പരിശ്രമിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം കിട്ടണം. അണ്ണാമലൈ ഒരു മോശം നേതാവാണെന്ന് ഞാന്‍ പറയില്ല, അദ്ദേഹം അങ്ങനെയൊരാളല്ല, ഓരോ നേതാക്കളും വ്യത്യസ്ത രീതിയിലായിരിക്കും തീരുമാനങ്ങളെടുക്കുക’ യൂട്യൂബ് ചാനലിനോട് തമിളിസൈ പറഞ്ഞ കാര്യങ്ങളാണിത്. അണ്ണാമലൈയുടെ നേതൃത്വത്തോടുള്ള വിയോജിപ്പാണ് അവരുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നത്.
‘എഐഎഡിഎംകെ 12 സീറ്റുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാനും, ഉറപ്പായിരുന്ന പല സീറ്റുകളിലും അവരെ തോല്‍പ്പിക്കാനും ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇതൊക്കെ കുറച്ച് ദിവസത്തേക്ക് മാത്രമെ ചര്‍ച്ചയാകൂ, വിജയിക്കുക എന്നതാണ് പ്രധാനം. തെരഞ്ഞെടുപ്പില്‍ വിജയിക്കാത്ത പക്ഷം അടുത്ത ചുവട് മുന്നോട്ടു വയ്ക്കാനാകില്ല. ജനങ്ങളുടെ പ്രതിനിധിയാവുക എന്നതാണ് പ്രധാനം. നല്ല സഖ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ യാതൊരു തെറ്റുമില്ല” എഐ എഡിഎംകെയുമായി സഖ്യം വേണ്ടെന്ന അണ്ണാമലൈയുടെ തീരുമാനത്തെ പരോക്ഷമായി തള്ളിക്കൊണ്ട് തമിളിസൈ പറയുന്നു.
പുതിയ വീഡിയോ പങ്കുവച്ച് ബിജെപി സംസ്ഥാന ഒബിസി മോര്‍ച്ച ജനറല്‍ സെക്രട്ടറി തിരുച്ചി സൂര്യയും സന്തോഷം പ്രകടിപ്പിക്കുകയാണ്. അണ്ണാമലൈയുടെ അടുത്ത അനുയായിയായി അറിയപ്പെടുന്നയാളാണ് സൂര്യ. ഇത്തരം പ്രതികരണങ്ങള്‍ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷ ഒരിക്കലും നടത്താന്‍ പാടില്ലായിരുന്നുവെന്നാണ് സൂര്യ പറയുന്നത്. തമിളിസൈ സംസ്ഥാനത്തെ പാര്‍ട്ടിയുടെ തലപ്പത്തുണ്ടായിരുന്ന സമയത്ത് ആളുകള്‍ ബിജെപിയില്‍ ചേരാന്‍ മടിച്ചിരുന്നുവെന്നും തിരുച്ചി സൂര്യ കുറ്റപ്പെടുത്തുന്നുണ്ട്.
‘നിങ്ങളുടെ ശുപാര്‍ശ പ്രകാരം സംസ്ഥാന അധ്യക്ഷനാക്കിയ എല്‍ മുരുകന്റെ (മുന്‍ സംസ്ഥാന അധ്യക്ഷന്‍, മൂന്നാം മോദി സര്‍ക്കാരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി) കാലത്ത് ബിജെപിയില്‍ അംഗത്വം കൊടുത്ത ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളുടെ ലിസ്റ്റ് നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞാന്‍ തരാം. പാര്‍ട്ടിയുടെ വളര്‍ച്ചയും ശ്രദ്ധയും ഒറ്റ നേതാവിലേക്ക് (അണ്ണാമലൈ) പോകുന്നത് കണ്ട് നിങ്ങള്‍ അസ്വസ്ഥയാണെന്നു വ്യക്തം. എഐഎഡിഎംകെയുമായി സഖ്യം ഉണ്ടായിരുന്നെങ്കില്‍, കൂടുതല്‍ സീറ്റുകള്‍ നേടുമായിരുന്നുവെന്നത് നിങ്ങളുടെ അഭിപ്രായമാണ്, അത് പാര്‍ട്ടി തീരുമാനത്തിന് എതിരല്ലേ?’ എന്നാണ് തിരുച്ചി സൂര്യ സാമൂഹ്യ മാധ്യമത്തിലൂടെ ചോദിക്കുന്നത്.
നേരത്തെ എഐഡിഎംകെ നേതാക്കളായ ഉദയകുമാര്‍, വേലുമണി എന്നിവര്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ അണ്ണാമലൈയ്ക്ക് എതിരേ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. ബിജെപി-എഐഎഡിഎംകെയെക്കാള്‍ മികച്ച പ്രകടനം നടത്തിയെന്ന അണ്ണാമലൈയുടെ അവകാശവാദത്തിനു പിന്നാലെയായിരുന്നു തമിഴ് പാര്‍ട്ടി നേതാക്കള്‍ ബിജെപി അധ്യക്ഷനെതിരേ രംഗത്തു വന്നത്. അണ്ണാമലൈ ഒരാളാണ് ഇത്രവലിയ തോല്‍വിക്ക് കാരണമെന്നാണ് എഡിഎംകെ നേതാക്കള്‍ ആരോപിച്ചത്. സഖ്യം രൂപീകരിക്കാതെ പോയതിന് കാരണക്കാരനായി അവര്‍ കുറ്റപ്പെടുത്തിയതും അണ്ണാമലൈയെയാണ്. അയാളുടെ നാക്ക് വായില്‍ കിടന്നിരുന്നുവെങ്കില്‍ ഇത്ര വലിയ പരാജയം നേരിടേണ്ടി വരില്ലെന്നായിരുന്നു എഐഎഡിഎംകെ നേതാക്കള്‍ ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു തവണ പ്രചാരണത്തിന് വന്ന തമിഴ്‌നാട്ടില്‍ നിന്നും മികച്ചൊരു പ്രകടനം ദേശീയ നേതൃത്വം പ്രതീക്ഷിച്ചിരുന്നു. കോയമ്പത്തൂരില്‍ അണ്ണാമലൈ അടക്കം ബിജെപിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും തോറ്റുപോയി. amit shah tamilisai talk viral video tamil nadu bjp conflict