അമേരിക്കയുടെ വാർത്താ ഉറവിടങ്ങളിൽ പ്രധാനിയായി സാമൂഹ്യ മാധ്യമങ്ങൾ മാറുന്നുവെന്ന് വിശകലനം. പ്രധാന വാർത്താ ഉറവിടമായിരുന്ന ടെലിവിഷനെ മറികടന്നു കൊണ്ടാണ് സാമൂഹ്യ മാധ്യമം മുന്നിലെത്തിയത്. ട്രംപിന്റെ രണ്ടാം ഭരണക്കാലം ആരംഭിച്ചതിന് ശേഷം നടത്തിയ ആഗോള പഠനം പറയുന്നത് 54 ശതമാനം അമേരിക്കക്കാരും സോഷ്യൽ മീഡിയയിൽ നിന്നാണ് വാർത്തകൾ സ്വീകരിക്കുന്നതെന്നാണ്. എന്നാൽ വാർത്തകൾക്കായി ഇപ്പോഴും ടെലിവിഷനെ ആശ്രയിക്കുന്നവരുമുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തിലധികം വാർത്താ ഉപഭോക്താക്കളിലായി റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ജേണലിസം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സോഷ്യൽ മീഡിയയിലേക്കും മറ്റു വീഡിയോ പ്ലാറ്റ്ഫോമുകളിലേക്കുമുള്ള ആളുകളുടെ ദ്രുതഗതിയിലുള്ള മാറ്റം പഠനം വ്യക്തമാക്കുന്നു. പരമ്പരാഗത വാർത്താ സ്ഥാപനങ്ങളുടെ സ്വാധീനം കുറയുന്നതായും കൂടുതൽ ആളുകൾ യൂട്യൂബർമാർ, പോഡ്കാസ്റ്റർമാർ, ടിക്ടോക് എന്നിവയെ ആശ്രയിക്കുന്നതായി പഠനം കാണിക്കുന്നു. സ്വന്തം ഓൺലൈൻ ബ്രാൻഡ് ഉപയോഗിച്ച് ഫോളോവേഴ്സിനെ നേടുന്ന വാർത്താ സ്വാധീനകരുടെ എണ്ണവും വർദ്ധിച്ചുക്കൊണ്ടിരിക്കയാണ്. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് കഴിഞ്ഞ വർഷത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്കൻ പോഡ്കാസ്റ്റർ ജോ റോഗൻ ചെലുത്തിയ അസാധാരണമായ സ്വാധീനമാണ്. യുഎസിൽ നിന്നുള്ള 22 ശതമാനം ആളുകൾ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയെ ആണ് വാർത്തകൾക്കായി ആശ്രയിച്ചിരുന്നത്. ഇതിലേറെയും യുവാക്കളായിരുന്നുവെന്ന് പഠനം പറയുന്നു. യുഎസിലെ സോഷ്യൽ മീഡിയ കണ്ടന്റുകൾക്ക് യുഎസിന് പുറമേ ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവടങ്ങളിൽ നിന്നും പ്രേക്ഷകരെ ലഭിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലെ പകുതിയിലേറെ യുവാക്കളും സോഷ്യൽ മീഡിയ ഉപയോക്താക്കളാണ്. എലോൺ മസ്കിന്റെ എക്സിനുള്ള പ്രചാരം വർദ്ധിച്ചിട്ടുണ്ട്. മസ്ക് എക്സ് ഏറ്റെുത്തതിനെ തുടർന്ന് വലതുപക്ഷ അനുഭാവമുളള വ്യക്തികൾക്കിടയിൽ എക്സിന്റെ ഉപയോഗം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. എക്സിന്റെ വലതുപക്ഷ ചായ്വുള്ള ഉപയോക്താക്കളിൽ 50 ശതമാനം വർദ്ധനവാണുണ്ടായത്. ലിബറുകൾ എക്സ് പൂർണ്ണമായി ബഹിഷ്കരിച്ച ലക്ഷണമാണ് കാണുന്നത്. ലിബറുകളായ ഉപയോക്താക്കളുടെ എണ്ണത്തിൽ ഇടിവ് വന്നതായാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള വാർത്ത ഉപഭോഗത്തിൽ വന്ന മാറ്റത്തെക്കുറിച്ച് പഠനം വ്യക്തമാക്കുന്നതായി ബിബിസി ന്യൂസ് വെബ്സൈറ്റിന്റെ സ്ഥാപക അംഗവും പഠനത്തിന്റെ മുഖ്യ രചയിതാവുമായ നിക്ക് ന്യൂമാൻ പറഞ്ഞു. ഒരു ദശാബ്ദം മുമ്പ് വരെ വാർത്താ ഉള്ളടക്കം എത്തിച്ചിരുന്നത് വെറും രണ്ട് ഓൺലൈൻ നെറ്റ്‌വർക്കുകൾ മാത്രമായിരുന്നു. ഇപ്പോൾ അത് ആറായി വളർന്നു.
ഫേസ്ബുക്ക് വഴി ഉള്ളടക്കങ്ങൾ സ്വീകരിക്കുന്നവർ 36 ശതമാനവും, യൂട്യൂബ് വഴി സ്വീകരിക്കുന്നവർ 30 ശതമാനവും. വാർത്താ ഉള്ളടക്കത്തിനായി ഇൻസ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും അഞ്ചിലൊന്ന് ആളുകളും ഉപയോഗിക്കുന്നു, അതേസമയം 16 ശതമാനം ആളുകളാണ് വാർത്തകൾക്കായി ടിക് ടോക്കിലേക്ക് തിരിയുന്നത്. 12 ശതാമനം ആളുകൾ എക്‌സിൽ നിന്നും വാർത്തകൾ സ്വീകരിക്കുന്നു. പഠനവിധേയരായ ജനസംഖ്യയുടെ 58 ശതമാനം ആളുകളും എന്നാൽ ഓൺലൈൻ വാർത്തകളിലെ തെറ്റും ശരിയും മനസിലാക്കുന്നില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
content summary: Analysis finds social media has surpassed TV as the primary source of news in the US