കേരളത്തിലെ ഭൂമി സമരങ്ങള്‍ ചിതറിപ്പോയത് എന്തുകൊണ്ട്?

 

മെഹബൂബ്


ചെങ്ങറ പട്ടയ ഭൂമി അവകാശ സമിതിക്കാര്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്പില്‍ നടത്തിവരുന്ന സമരം 200 ദിവസം കഴിഞ്ഞിരിക്കുന്നു. വെയിലും മഴയുമേറ്റ ഇരുന്നൂറ് ദിനരാത്രങ്ങള്‍ക്ക് ശേഷം അവരില്‍ ചിലര്‍ ഇങ്ങനെ പൊട്ടിത്തെറിച്ചു.


“ഞങ്ങളിനി എന്തുചെയ്യണം...? ഈ മരക്കൊമ്പില്‍ തൂങ്ങിച്ചാകണോ? കയറിക്കിടക്കാന്‍ ഇത്തിരി മണ്ണല്ലേ ചോദിച്ചുള്ളൂ..” ഇടയ്ക്കാമണ്ണുകാരി ഗ്രേസിയുടെ രോഷത്തിന് വാര്‍ദ്ധക്യത്തിന്‍റെ അവശതയുണ്ടായിരുന്നില്ല.


“അഞ്ചാറുമാസമായി വാടക കൊടുക്കാത്ത വീട്ടില്‍ പ്രായമായ രണ്ട് പെണ്‍മക്കളെ തനിച്ചാക്കിയിട്ടാണ് ഞാനിവിടെ വന്നു കിടക്കുന്നു. അതിങ്ങള്‍ ഉണ്ടോ ഉറങ്ങിയോ എന്നാലോചിക്കുമ്പോള്‍ പേടിയാവുകയാ.. ഇത്രേം മനുഷ്യര്‍ ഇത്രേം നാളായി സമരം കിടക്കുമ്പോ ആറടി മണ്ണെങ്കിലും തരേണ്ടേ..?” ഭാരതിപുരത്തെ തന്‍റെ മക്കളെ വിളിച്ച് കരയുകയാണ് ശ്യാമള.


“കടയ്ക്കാവൂരില്‍ ഒരു പുറമ്പോക്ക് ഭൂമിയിലാ ഞാനും കുടുംബവും കഴിയുന്നത്. ഭര്‍ത്താവ് മരിച്ചു. മൂന്നു കുഞ്ഞുങ്ങളുമായി ഞാന്‍ എങ്ങനെ ജീവിക്കും...? ഈ സര്‍ക്കാരിന്‍റെ കണ്ണില്‍ ചോരയില്ലേ..?” സമരപ്പന്തലിലിരുന്ന് ഓമന ചോദിക്കുന്നു.


“ഞങ്ങള്‍ വേറെ ഒന്നും ചോദിക്കുന്നില്ല. ഞങ്ങള്‍ക്ക് അനുവദിച്ച പട്ടയ ഭൂമി ഞങ്ങളെ ഏല്‍പ്പിക്കാന്‍ മാത്രമേ ആവിശ്യപ്പെടുന്നുള്ളൂ..അതിനിങ്ങനെ ഞങ്ങളെ കാഷ്ടപ്പെടുത്താണോ...?” നിലമേലുകാരന്‍ ശശീന്ദ്രന്‍റെ അഭിപ്രായത്തെ പിന്താങ്ങി പി സി കുട്ടനും ഷണ്‍മുഖവും ബിനു എബ്രാഹാമും എത്തി.


“ചെങ്ങറയില്‍ സമരം ചെയ്തപ്പോള്‍ അന്ന് 1495പേര്‍ക്കു പട്ടയം കിട്ടി. അതില്‍ ഭൂമി കൈവശം കിട്ടാത്ത 70 പേരാണ് ഇന്നിവിടെ സമരം ചെയ്യുന്നത്. 2013ല്‍ സെപ്തംബര്‍ മാസം മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞത് ഇതില്‍ 57 പേര്‍ക്ക് തിരുവനന്തപുരം വിതുരയില്‍ ഭൂമി തരാം എന്നാണ്. എന്നാല്‍ ഇതുവരെ ആ വാഗ്ദാനം നിറവേറ്റിയിട്ടില്ല. എന്തുകൊണ്ടാണ് ഇത് വൈകുന്നത് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കടുത്ത ഉദ്യോഗസ്ഥ അനാസ്ഥയാണ് ഇതിന് പിന്നില്‍ എന്ന് ഞങ്ങള്‍ക്ക് മനസിലായി. ഞങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെയോ റവന്യൂ മന്ത്രിയെയോ അല്ല കുറ്റപ്പെടുത്തുന്നത്. പല നിലപാടുകളുമായി ഓഫീസിലിരിക്കുന്ന ഉദ്യോഗസ്ഥന്‍മാരാണ് ഞങ്ങളെ ചതിച്ചുകൊണ്ടിരിക്കുന്നത്.” സമര നേതാവ് വിജയന്‍ കലശക്കുഴി പറയുന്നു.


“കൂലി വേല ചെയ്ത് ജീവിക്കുന്ന കുടുംബങ്ങളാണ് ഇവിടെ സമരം ചെയ്യുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ താമസിക്കുന്നവരാണ് ഞങ്ങള്‍. സമരത്തിന്‍റെ ആദ്യ ദിനങ്ങളില്‍ കെ ഡി പി, ചേരമര്‍ സഭ, ഡി എച്ച് ആര്‍ എം, സോളിഡാരിറ്റി പോലുള്ള സംഘടനകള്‍ പണവും സാധനങ്ങളും തന്നു സഹായിച്ചിരുന്നെങ്കിലും പിന്നീടാരും സഹായിച്ചില്ല. കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ പോലീസുകാര്‍ തരുന്ന ഭക്ഷണം കഴിച്ചാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. പത്രക്കാരും ചാനലുകളും ഒന്നും ഞങ്ങളെപ്പറ്റി റിപ്പോര്‍ട് ചെയ്യാറില്ല. ഒരു രാഷ്ട്രീയക്കാരും ഞങ്ങളെ തിരിഞ്ഞുനോക്കുന്നില്ല. പി സി ജോര്‍ജ് വന്നിട്ട് ഞങ്ങള്‍ അര്‍ഹത പ്പെട്ടവരാണ് എന്ന് പറഞ്ഞിട്ട് പോയി. പിന്നെ ഇവിടെയെങ്ങും കണ്ടില്ല. ചെങ്ങറ പട്ടയ ഭൂമി അവകാശ സമിതിയില്‍ 70 പേരുണ്ട് കൂടാതെ ഞങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് നില്‍ക്കുന്ന 350ഓളം പേരുണ്ട്. ചുരുക്കത്തില്‍ 400 ഓളം പേര്‍ വരുന്ന ചെറിയൊരു വോട്ട് ബാങ്കാണ് ഞങ്ങള്‍. തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. പകരം ഞങ്ങളുടെ ആവിശ്യം നേടിത്തരുവാനായ് ആര് നീതിപൂര്‍വം ഇടപെടും എന്നു നോക്കിയിട്ടായിരിക്കും ഞങ്ങളുടെ വോട്ട്.” വിജയന്‍ കലശക്കുഴി പറഞ്ഞു.


“ചെങ്ങറയില്‍ ഞങ്ങള്‍ സമരം ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയ പട്ടയം വാങ്ങരുത് എന്നു പറഞ്ഞ് ഞങ്ങളെ ചതിച്ചയാളാണ് ളാഹ ഗോപാലന്‍. സാധു ജന വേദി പിരിച്ചെടുത്ത കാശുകൊണ്ട് എട്ടര സെന്‍റില്‍ നിര്‍മ്മിച്ച മൂന്നു നില കെട്ടിടത്തില്‍ വലിയ നേതാവായി ജീവിക്കുകയാണ് അയാള്‍. അയാള്‍ക്ക് നേതാവാകണം. പ്രശസ്തനാകണം. അത്രയേ ഉള്ളൂ. ചെങ്ങറക്കാരും അരിപ്പയില്‍ സമരം ചെയ്യുന്നവരും ഞങ്ങളെ തിരിഞ്ഞു നോക്കുന്നില്ല. ചിന്നി ചിതറി കിടക്കുന്ന ഈ ഭൂസമരങ്ങളെ ഏകോപിപ്പിച്ച് ഒരു ഐക്യം ഉണ്ടാക്കാന്‍ ആരും മുന്നോട്ട് വരുന്നില്ല. ഞങ്ങള്‍ അതിന് തയ്യാറാണ്. പക്ഷേ ചിലര്‍ക്ക് നേതാവാകനും പ്രശസ്തരാകാനും പാവങ്ങളുടെ പണം വാങ്ങി ജീവിക്കാനും ആണിഷ്ടം. എന്തായാലും ഞങ്ങള്‍ക്കനുവദിച്ച ഭൂമി നേടിയെടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ല.” വിജയന്‍ കലശക്കുഴി പറഞ്ഞു നിര്‍ത്തുന്നു.