രാജാവല്ല, ജനങ്ങളാണ് നിങ്ങളെ തെരഞ്ഞെടുത്തത് സര്‍ക്കാരേ

 

സാജു കൊമ്പന്‍


1750 ജനുവരി മൂന്നിനാണ് തിരുവിതാംകൂറിന്റെ ചരിത്രം തിരുത്തിയെഴുതിയ തൃപ്പടിദാനം നടന്നത്. പടക്കരുത്തില്‍ താന്‍ വെട്ടിപ്പിടിച്ച് വിസ്തൃതമാക്കിയ തിരുവിതാംകൂറിനെ ശ്രീപത്മനാഭ സ്വാമിക്ക് സമര്‍പ്പിക്കുമ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മ എന്ന കുശാഗ്ര ബുദ്ധിയായ ഭരണാധികാരിക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ഇത് രാജ്യത്തിന്‍റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി നടത്തിയ ആത്മീയ ത്യാഗത്തേക്കാള്‍ ഉപരി ഒരു രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു. ആഭ്യന്തര പ്രശ്നങ്ങളും ബാഹ്യശക്തികളുമായുള്ള ഏറ്റുമുട്ടലുകളും ഇനി തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ഉണ്ടാകാന്‍ പാടില്ല എന്ന ദീര്‍ഘവീക്ഷണപരമായ ചിന്തയായിരുന്നു അത്. രാജാവിനെതിരെ നടത്തുന്ന ഓരോ കലാപവും ദൈവത്തിനെതിരെയുള്ള കലാപമായി വ്യാഖ്യാനിക്കപ്പെടും എന്നതായിരുന്നു ഈ തീരുമാനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം. പത്മനാഭ ദാസന്മാര്‍ എന്ന പേരില്‍ രാജകുടുംബം അധികാരം കയ്യാളുകയും ഒരു ജനതയെ മുഴുവന്‍ ദൈവ ഭയത്തിന്‍റെ അടിമകളാക്കുകയും ചെയ്തു.


എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷവും ക്ഷേത്രാചാരങ്ങളുടെയും ഐതിഹ്യങ്ങളുടെയും പേരില്‍ ഈ സമ്പത്ത് മുഴുവന്‍ കയ്യാളാന്‍ ഇന്ത്യയിലെ ജനാധിപത്യ സംവിധാനം രാജകുടുംബത്തിന്‍റെ പിന്‍മുറക്കാരെ അനുവദിച്ചു എന്നുള്ളതാണ് ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റ്. മാര്‍ത്താണ്ഡവര്‍മ്മയുടെ തൃപ്പടിദാനത്തിന് ജനാധിപത്യ സംവിധാനത്തിലും എതിര്‍ ശബ്ദങ്ങള്‍ ഉണ്ടായില്ല എന്നതാണ് വാസ്തവം. ആ ചരിത്രമാണ് രാജകുടുംബത്തെ ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് സുപ്രീംകോടതി വിധിച്ച വിധിയിലൂടെ തിരുത്തപ്പെട്ടിരിക്കുന്നത്. അതിന് കാരണമായത് ടി പി സൌന്ദര്‍ രാജന്‍ എന്ന പരമ സാത്വികനായ പത്മനാഭ ഭക്തനും.


ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണം തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ സമിതിയെ ഏല്‍പ്പിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതായത് മാര്‍ത്താണ്ഡ വര്‍മ്മ അവസാനിപ്പിച്ച എട്ടരയോഗത്തിലേക്ക് തിരിച്ചു പോകുന്നു എന്നര്‍ത്ഥം. എട്ടരയോഗം അവസാനിപ്പിക്കപ്പെട്ടത് രക്തരൂക്ഷിതമായിട്ടാണ് എന്നത് തിരുവിതാംകൂറിന്‍റെ ചരിത്രം. എട്ടുവീട്ടില്‍ പിള്ളമാരെ കഴുവേറ്റുകയും അവരുടെ സ്ത്രീകളെ തുറയേറ്റുകയും ചെയ്തു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പോറ്റിമാരെ നാടുകടത്തി. എന്തായാലും രാജാവ് ചെയ്തത് പോലുള്ള രക്തചൊരിച്ചിലിന് ജനാധിപത്യ സംവിധാനത്തില്‍ സ്ഥാനമില്ലെന്ന് ഇപ്പൊഴും രാജഭക്തി തലയ്ക്ക് പിടിച്ചവര്‍ തിരിച്ചറിയുന്നത് നന്ന്.


യഥാര്‍ഥത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മ തൃപ്പടിദാനം നടത്തിയത് രാജാവിന്‍റെ കുടുംബസ്വത്തല്ല. 1729ല്‍ അമ്മാവനായ രാമവര്‍മ്മയുടെ നിര്യാണത്തെ തുടര്‍ന്ന് തിരുവിതാംകൂറിന്‍റെ രാജാവായി അധികാരമേറ്റ മാര്‍ത്താണ്ഡ വര്‍മ്മ കൊച്ചി രാജ്യാതിര്‍ത്തി വരെ നടത്തിയ പടയോട്ടത്തിന്റെയും നാനാജാതി മതസ്ഥരില്‍ നിന്ന് പിരിച്ചെടുത്ത നിരവധിയായ കരങ്ങളുടെയും ആകെത്തുകയായ സ്വത്താണ് തൃപ്പടിദാനം നടത്തിയത്. അതുകൊണ്ട് തന്നെ ഇത് സ്വകാര്യസ്വത്തല്ല. മറിച്ച് രാജ ഭരണം അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ അധികാരത്തിന്‍ കീഴില്‍ ആക്കപ്പെടേണ്ട സ്വത്താണ്. രാജാധിപത്യം അവസാനിച്ചതോടെ പുതിയ ഭരണാധികാരിയായ ജനാധിപത്യ സര്‍ക്കാരിനാണ് ക്ഷേത്രസ്വത്തില്‍ അവകാശം എന്നും സൌന്ദര്‍ രാജന്‍ വാദിക്കാന്‍ കാരണമിതാണ്. മാത്രമല്ല ചോദിക്കാന്‍ ആളുണ്ടായിരുന്ന 50 കൊല്ലത്തെ ജനാധിപത്യ ഭരണക്കാലത്തിനിടയില്‍ രാജകുടുംബത്തിന്‍റെ കാവലില്‍ ക്ഷേത്ര സ്വത്ത് വന്‍തോതില്‍ കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു.


അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍റെ കണ്ടെത്തല്‍ ശരിവെച്ചതും സൌന്ദര്‍രാജന്‍റെ വാദങ്ങളെയാണ്. ക്ഷേത്രസ്വത്തില്‍ ചോര്‍ച്ചയുണ്ടാവുക മാത്രമല്ല ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടന്നത്. ലൈംഗിക പീഢനമുള്‍പ്പെടെ നിയമവിരുദ്ധമായ നിരവധി കാര്യങ്ങള്‍ അവിടെ നടന്നിരിക്കുന്നു എന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട് ചെയ്തത്. ക്ഷേത്രാചാരങ്ങളുടെ പേരില്‍ രാജാധികാരത്തെ വ്യാജമായി നിലനിര്‍ത്തുകയല്ല വേണ്ടത് മറിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന നിയമസംവിധാനത്തോട് ചെര്‍ന്ന് പോകുന്ന ഒരു സ്ഥാപനമായി പത്മനാഭ സ്വാമി ക്ഷേത്രത്തെ മാറ്റിതീര്‍ക്കുകയാണ് ചെയ്യേണ്ടത് എന്ന നിയമപരമായ ഉത്തരവാദിത്തമാണ് അമിക്കസ് ക്യൂറിയും സുപ്രീം കോടതിയും നിര്‍വ്വഹിച്ചിരിക്കുന്നത്.


ജില്ലാ ജഡ്ജി അധ്യക്ഷ പദവിയിലുള്ള സമിതിയില്‍ ഒരംഗത്തെ സര്‍ക്കാരിനോട് ആലോചിച്ച് തീരുമാനിക്കണം എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ വ്യവസ്ഥ സാധാരണ ഗതിയില്‍ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള ഒന്നായിട്ടാണ് കരുതപ്പെടേണ്ടത്. എന്നാല്‍ രാജകുടുംബത്തെ അവഹേളിക്കുന്ന സമീപനത്തോട് യോജിപ്പില്ല എന്ന് മുഖ്യമന്ത്രി പ്രതികരിച്ചതില്‍ ഒളിഞ്ഞുകിടക്കുന്ന രാജഭക്തി വീണ്ടും ഒരു രാജകുടുംബാംഗം സമിതിയില്‍ കടന്നു വന്നേക്കാം എന്നതിന്‍റെ സൂചനയായിട്ട് വേണം കരുതാന്‍. അല്ലെങ്കില്‍ രാജകുടുംബത്തിന്‍റെ നോമിനിയായ ഏതെങ്കിലും ഒരു വ്യക്തി. തിരുവിതാംകൂര്‍ രാജവംശത്തെ അവഹേളിച്ചുകൊണ്ടുള്ള ഒരു നീക്കത്തിനും സര്‍ക്കാരില്ല എന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയും ഇങ്ങനെയൊരു തീരുമാനമുണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാജ്യത്തെ പരമോന്നത നീതിപീഠം തന്നെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ പൂര്‍ണമായി അംഗീകരിച്ചത് എന്ന ഓര്‍മ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇല്ലാതെ വരില്ല. അപ്പോള്‍, ഒരാള്‍ തെറ്റ് ചെയ്യുന്നു എന്ന്‍ നിസംശയം പറയുന്നത് എങ്ങനെയാണ് അവഹേളനം ആകുന്നത്? ന്യായീകരിക്കാന്‍ നില്‍ക്കാതെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും, അത് ഏത് രാജാവായാലും എന്നായിരുന്നില്ലേ നമ്മുടെ ജനാധിപത്യ സംവിധാനത്തോട് കൂറുള്ള ഏത് ഭരണാധികാരിയും പറയേണ്ടിയിരുന്നത്? അതോ നിയമപാലനവും പേടിപ്പിക്കലുകളും ഒക്കെ പാവപ്പെട്ടവരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നേര്‍ക്ക് മാത്രമേ ഉള്ളോ?