വനിതാ കോളേജില്‍ അടിവസ്ത്രമഴിപ്പിച്ച്‌ ആര്‍ത്തവ പരിശോധന, നടപടി മതപരമായ ചട്ടങ്ങള്‍ ലംഘിച്ചെന്ന പേരില്‍

 
വനിതാ കോളേജില്‍ അടിവസ്ത്രമഴിപ്പിച്ച്‌ ആര്‍ത്തവ പരിശോധന, നടപടി മതപരമായ ചട്ടങ്ങള്‍ ലംഘിച്ചെന്ന പേരില്‍

ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച്‌ ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് അടിവസ്ത്രമഴിപ്പിച്ച്‌ ആര്‍ത്തവ പരിശോധന. ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്സ്ടിട്യൂട്ടിലാണ് സംഭവം. 68 ബിരുദ വിദ്യാര്‍ത്ഥിനികളെയാണ് അധികൃതര്‍ അപമാനകരമായ പരിശോധനയ്ക്ക് വിധേയമാക്കിയത്.

കച്ച്‌ യൂണിവേഴ്സിറ്റിക്ക് കീഴില്‍‌ പ്രവര്‍ത്തിക്കുന്ന കോളേജാണ് ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്സ്ടിട്യൂട്ട്. ഹോസ്റ്റല്‍‌ വാര്‍ഡന്റെ പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ റിത റാണിന്‍ഗയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയതെന്നാണ് വിവരം.

കോളേജിനും ഹോസ്റ്റലിലും അടുത്ത് ക്ഷേത്രമുണ്ട്. ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ അടുക്കളയിലും അമ്ബലത്തിലും പ്രവേശിക്കാന്‍ പാടില്ലെന്നുമാണ് ഇവിടെയുള്ള ചട്ടം. ആര്‍ത്തവ സമയത്ത് മറ്റു കുട്ടികളെ സ്പര്‍ശിക്കാനും പാടില്ല എന്നും നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. . ഈ നിയമം ചിലര്‍ ലംഘിച്ചുവെന്ന പേരില്‍ പെണ്‍കുട്ടികളെ ശുചിമുറിയിലേക്ക് വിളിച്ചു വരുത്തി പരിശോധിപ്പിക്കുകയായിരുന്നു.

1500 ഓളം പേര്‍ പഠിക്കുന്ന വനിതാ കോളേജില്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന കുട്ടികള്‍ക്കാണ് ദുരവസ്ഥ. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടിളാണ് ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നത്. മുന്‍പും ഇവിടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, സംഭവത്തെ കുറിച്ച്‌

ആരും പരാതിപ്പെട്ടില്ലെന്നാണ് വിവരം. എന്നാല്‍ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വര്‍മ കച്ച്‌ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉത്തരവിട്ടു. കമ്മറ്റിയെ രൂപീകരിച്ചാണ് അന്വേഷണം നടത്താനാണ് നിര്‍ദേശം. ബുജ്ജിലെ സ്വാമിനാരയണ്‍ മന്ദിര്‍ അനുഭാവികള്‍ 2012ല്‍ ആരംഭിച്ചതാണ് ഈ കോളേജ്.