തത്ക്കാലം തത്ത കൂട്ടിലിരിക്കട്ടെ; റാഞ്ചാന്‍ പരുന്തുകള്‍ ഒരുപാടുണ്ട് പുറത്ത്

 
തത്ക്കാലം തത്ത കൂട്ടിലിരിക്കട്ടെ; റാഞ്ചാന്‍ പരുന്തുകള്‍ ഒരുപാടുണ്ട് പുറത്ത്

സിബിഐയെ പോലെ വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കില്ല എന്നാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ നയം. തത്ത പുറത്തിറങ്ങി പലര്‍ക്കും ശല്യമുണ്ടാക്കി തുടങ്ങിയപ്പോള്‍ വീണ്ടും കൂട്ടില്‍ കയറ്റാനുള്ള പരിപാടിയാണോ നടക്കുന്നത് എന്ന് സംശയമുണ്ടാക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. തുറമുഖ വകുപ്പിന് ഡ്രഡ്ജര്‍ വാങ്ങിയ ഇടപാടില്‍, ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അഴിമതി നടത്തിയെന്ന് ആരോപിച്ച് ധനവകുപ്പ് സെക്രട്ടറി (അഡീഷണല്‍ ചീഫ് സെക്രട്ടറി) കെഎം എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നിയമോപദേശം തേടിയിരിക്കുകയാണ്. ജേക്കബ് തോമസ് അല്ല ആര്‍ക്കെതിരെ അഴിമതി ആരോപണം വന്നാലും അത് അന്വേഷിക്കുകയും ആവശ്യമായ നിയമ നടപടികള്‍ ഉണ്ടാവുകയും വേണം. എന്നാല്‍ അത്തരമൊരു സ്വാഭാവിക നടപടിയാണോ ഇപ്പോള്‍ ഉണ്ടാവുന്നത്.

ജേക്കബ് തോമസ് ഒരു ശല്യമായി മാറിയിരിക്കുന്നത് ആര്‍ക്കൊക്കെയാണ്. ഉമ്മന്‍ചാണ്ടി, കെഎം മാണി, കെ ബാബു, ഇപി ജയരാജന്‍, ടോം ജോസ്, കെഎം എബ്രഹാം ഇങ്ങനെ പലര്‍ക്കും വിജിലന്‍സിന്റെ ശല്യം നിലവിലുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ടൈറ്റാനിയം കേസ്, കെഎം മാണിക്കും കെ ബാബുവിനും അനധികൃത സ്വത്ത് സമ്പാദന കേസുകള്‍, ബാര്‍ കോഴ കേസ് ഇങ്ങനെ പോകുന്നു. മന്ത്രിമാര്‍ക്കെതിരെയും വിജിലന്‍സ് കേസുകളുണ്ട്. ടോംജോസിനേയും കെഎം എബ്രഹാമിനേയും റെയ്ഡ് നടത്തി ശല്യം ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഐഎഎസുകാര്‍ വിജിലന്‍സിനും ജേക്കബ് തോമസിനുമെതിരെ ആക്രമണവുമായി രംഗത്തെത്തുകയും ഐഎഎസ് - ഐപിഎസ് പോര് ശക്തമാവുകയും ചെയ്തു. ജേക്കബ് തോമസിനെയാണ് പ്രധാനമായും ഐഎഎസുകാര്‍ ടാര്‍ഗറ്റ് ചെയ്യുന്നതെങ്കിലും ഐപിഎസുകാരും മോശമല്ല. തിരിച്ചും പണി കൊടുക്കുന്നുണ്ട്. ഇങ്ങനെ കൊണ്ടും കൊടുത്തും മുന്നോട്ട് പോകുന്നതിനിടയിലാണ് ജേക്കബ് തോമസിനെതിരായ കേസ് പൊക്കിയെടുത്ത് ഐഎഎസുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. വ്യക്തി താല്‍പര്യങ്ങള്‍ മാത്രമാണ് ഇതിലുള്ളതെന്ന് വ്യക്തമാണ്.

വിജിലന്‍സിനെ ഐഎഎസുകാര്‍ നിഷ്‌ക്രിയമാക്കുന്നു എന്ന ആരോപണവുമായി വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരിക്കുന്നു. ടൈറ്റാനിയം അടക്കമുള്ള കേസുകളുടെ അന്വേഷണം തടസപ്പെട്ടിരിക്കുകയാണെന്ന് വിഎസ് ചൂണ്ടിക്കാട്ടി. ഭരണപരമായ ജോലികള്‍ ചെയ്യേണ്ട ഐഎഎസ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷണ ചുമതല ഏറ്റെടുക്കുന്നതും മലബാര്‍ സിമന്‍റ്സ് അഴിമതി കേസ് അടക്കമുള്ളവയില്‍ കുറ്റാരോപിതരെ സംരക്ഷിച്ച് നിര്‍ത്തുന്നതും സര്‍ക്കാരിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് വിഎസ് കത്തില്‍ പറയുന്നു.

തത്ക്കാലം തത്ത കൂട്ടിലിരിക്കട്ടെ; റാഞ്ചാന്‍ പരുന്തുകള്‍ ഒരുപാടുണ്ട് പുറത്ത്

ലളിത കുമാരി vs ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രകാരം അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമികാന്വേഷണം അനിവാര്യമാണ്. ഇതിന് ശേഷം ആവശ്യമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താം. ജേക്കബ് തോമസ് 15 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടി കെഎം എബ്രഹാം നല്‍കിയ റിപ്പോര്‍ട്ട് അഴിമതി കണ്ടെത്തിയ ഒരു അന്വേഷണ റിപ്പോര്‍ട്ടാണ്. ജേക്കബ് തോമസിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന ശുപാര്‍ശയോടെ ആണ് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. ധനവകുപ്പ് സെക്രട്ടറിയുടെ നടത്തിയ അന്വേഷണം പ്രാഥമിക അന്വേഷണമായി കാണാമോ എന്ന കാര്യത്തില്‍ വ്യക്തത ആവശ്യമുണ്ട്. വിജിലന്‍സ് അവസാനിപ്പിച്ച കേസ് ധനവകുപ്പ് പുനരന്വേഷണം നടത്തിയ സാഹചര്യത്തില്‍ അതിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് സ്വാഭാവിക നടപടിക്രമെന്ന രീതിയില്‍ നിയമവശം പരിശോധിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

എന്നാല്‍ ജേക്കബ് തോമസിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താനുള്ള ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്. ജേക്കബ് തോമസിനെ സര്‍ക്കാരിന് വിശ്വാസമുള്ളത് കൊണ്ടാണ് അദ്ദേഹം വിജിലന്‍സ് ഡയറക്ടറായി തുടരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ടെങ്കിലും ജേക്കബ് തോമസിനെതിരായ കെഎം എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന ചില കാര്യങ്ങള്‍ ശരിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. ജേക്കബ് തോമസിനെ സര്‍ക്കാരിന് വിശ്വാസമാണോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ അങ്ങനെയാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് വ്യക്തമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്. വിജിലന്‍സിനും ജേക്കബ് തോമസിനും മൂക്ക് കയറിടുന്നു എന്ന് സംശയിക്കേണ്ടി വരും. പ്രധാനപ്പെട്ട കേസുകള്‍ വിജിലന്‍സുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നതിനിടയിലാണ് ഇത്.

വിഎസ് അടക്കമുള്ളവര്‍, ഐഎഎസുകാരുടെ സംഘടിത നീക്കങ്ങളെ ശക്തമായി എതിര്‍ത്തുകൊണ്ടും ജേക്കബ് തോമസിനും വിജിലന്‍സിനും പിന്തുണയുമായും രംഗത്തെത്തിയതിന് പിന്നാലെയാണ് ജേക്കബ് തോമസിനെ തള്ളിപ്പറയാതെ മുഖ്യമന്ത്രി രംഗത്തെത്തിയത്. അഴിമതി കേസുകളില്‍ വിജിലന്‍സിന്റെ മെല്ലെപോക്ക് സംബന്ധിച്ച് വിഎസും സിപിഐയും നിരന്തരം പരാതികള്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കണമെന്നാണ് ആവശ്യം. ജേക്കബ് തോമസിനെ പിന്തുണക്കുന്നതായി പിണറായി പറയുമ്പോഴും അഴിമതി കേസുകളില്‍ വിജിലന്‍സ് ഇഴഞ്ഞു നീങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.