ഇത്ര തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല; മംഗളത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകയുടെ രാജി

 
ഇത്ര തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല; മംഗളത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകയുടെ രാജി

മന്ത്രി എകെ ശശീന്ദ്രന്റെ രാജിയ്ക്ക് ഇടയാക്കിയ മംഗളം വാര്‍ത്തയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തക മംഗളത്തിലെ ജോലി രാജിവച്ചു. മംഗളം തിരുവനന്തപുരം റിപ്പോര്‍ട്ടറായിരുന്ന അല്‍ നീമ അഷ്‌റഫ് ആണ് ജോലി രാജിവച്ചത്. മംഗളത്തിന്റേത് തരംതാണ പ്രവര്‍ത്തിയായിരുന്നെന്നും അവര്‍ ആരോപിച്ചു.

മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ മാത്രമല്ല, സ്ത്രീയെന്ന നിലയിലും അപമാനിക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. ചാനലിന്റെ ആദ്യ വാര്‍ത്ത തന്നെ അവിടെ ജോലി ചെയ്യുന്നവരെ അപമാനകരമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് താന്‍ മംഗളത്തില്‍ ജോലിയില്‍ പ്രവേശിച്ചതെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇത് ഒരു അളവോളം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇത്രയ്ക്ക് തരംതണ രീതിയില്‍ ആകുമെന്ന് കരുതിയതേയില്ലെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മെയിലാണ് അല്‍ നീമ മംഗളത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. അഞ്ച് റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ ഇവരെയും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറായിരുന്നില്ലെന്ന് അല്‍ നീമ വ്യക്തമാക്കുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഉദ്ദേശങ്ങള്‍ തന്റെ പ്രതീക്ഷയിലെ മാധ്യമപ്രവര്‍ത്തനം അല്ലാ എന്ന് തോന്നിയതിനാസാണ് അങ്ങനെ ചെയ്തത്. കൂടാതെ എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്ത ചാനല്‍ പുറത്തുവിട്ടപ്പോഴാണ് താനും അറിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വലിയൊരു ചാനല്‍ ബ്രേക്കിംഗ് എന്ന സൂചന തന്നിരുന്നെങ്കിലും അത് ഇത്തരത്തിലൊരു വാര്‍ത്തയാണെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരണ സമയത്ത് പറഞ്ഞ പല കാര്യങ്ങളുമായി ചേര്‍ത്ത് ആലോചിച്ചപ്പോള്‍ ഇതിലെ ശരികേട് പൂര്‍ണമായും ബോധ്യപ്പെടുന്നുവെന്നും അല്‍ നീമ വ്യക്തമാക്കി. കൂടാതെ തന്റെ മനസില്‍ പല ചോദ്യങ്ങളുമുണ്ടെന്നും അവര്‍ അറിയിച്ചു.

Also Read: നേരിട്ടുകളയും എന്നൊക്കെ പേടിപ്പിക്കുന്നതിന് മുമ്പ് ഒന്ന് കണ്ണാടി നോക്കുന്നത് നല്ലതാണ്

മംഗളം ചാനല്‍ ചര്‍ച്ച നടത്തിച്ചത് ചതിയില്‍; ചാനല്‍ ബഹിഷ്‌കരിച്ചേ മതിയാകൂ: മംഗളത്തിന്റെ സ്ത്രീസുരക്ഷ ചര്‍ച്ചയില്‍ പങ്കെടുത്ത സോണിയ ജോര്‍ജ്ജ്

സാറന്മാരെ, നിങ്ങളുടെയൊക്കെ ബെഡ്‌റൂമുകളിലേക്കും കാമറകള്‍ തിരിച്ചാല്‍ തിരിയും; മംഗളത്തിനെതിരെ രൂക്ഷവിമര്‍ശനം

ഇതിന്റെ പേര് മാധ്യമപ്രവര്‍ത്തനമെന്നല്ല കൂട്ടിക്കൊടുപ്പെന്നാണ്; മംഗളത്തെ രൂക്ഷമായി വിമര്‍ശിച്ച് ജോയ് മാത്യുവും

പോൺ വീഡിയോകൾ മാത്രം കണ്ട് ശീലിച്ചവർ ചാനലിനെക്കുറിച്ച് ചിന്തിച്ചാൽ അതിന് മംഗളം ചാനലാവാനേ സാധിക്കൂ

ആരാണ് ആ പരാതിക്കാരിയായ സ്ത്രീ? എന്ത് പരാതി പറയാനാണ് അവര്‍ ഗതാഗത മന്ത്രിയെ സമീപിച്ചത്? ഫോണിന്റെ മറുതലയ്ക്കലുള്ള സ്ത്രീയുടെ ശബ്ദം എന്തിനാണ് എഡിറ്റ് ചെയ്തത്? എന്നിവയാണ് ആ ചോദ്യങ്ങള്‍. എല്ലാവരെയും പോലെ തനിക്കും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം. കൂടാതെ ഈ സംഭവത്തോടെ സംസ്ഥാനത്തെ മുഴുവന്‍ വനിത മാധ്യമ പ്രവര്‍ത്തകരും സംശയത്തിന്റെ നിഴലിലാകുകയും അപമാനിതരാകുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്നും അത് സങ്കടകരമാണെന്നും അവര്‍ വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് തനിക്ക് ഉണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ ഇവിടെ ഇപ്പോള്‍ നടക്കുന്നതല്ലെന്നും ഇവിടുന്ന് പുറത്തിറങ്ങിയാലും യഥാര്‍ത്ഥ ജേണലിസം ചെയ്യാന്‍ ആകുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്ന് പറഞ്ഞാണ് അല്‍ നീമ പോസ്റ്റ് അവസാനിപ്പിക്കുന്നത്. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് നിരവധി മാധ്യമപ്രവര്‍ത്തകരാണ് മംഗളത്തില്‍ നിന്നും രാജിക്കൊരുങ്ങുന്നത്.