ബാബറി വിഷയം കൈകാര്യം ചെയ്തതുപോലെ അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങള്‍; പൗരത്വ വിഷയത്തില്‍ എസ് ഡി പി ഐ, ജമാ അത്തെ ഇസ്ലാമി പ്രക്ഷോഭം മുസ്ലീം ലീഗിന് വെല്ലുവിളിയാകുമ്ബോള്‍

 
ബാബറി വിഷയം കൈകാര്യം ചെയ്തതുപോലെ അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങള്‍; പൗരത്വ വിഷയത്തില്‍ എസ് ഡി പി ഐ, ജമാ അത്തെ ഇസ്ലാമി പ്രക്ഷോഭം മുസ്ലീം ലീഗിന് വെല്ലുവിളിയാകുമ്ബോള്‍

പൗരത്വ നിയമം പിന്‍വലിക്കുക, പൗരത്വ രജിസ്റ്റര്‍ ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നിന്നും ആരംഭിച്ച സിറ്റിസണ്‍സ് മാര്‍ച്ചിന്റെ രാജ് ഭവന് മുന്നില്‍ നടന്ന പ്രതിക്ഷേധ സംഗമം അതില്‍ പങ്കെടുക്കാനെത്തിയ വന്‍ ജനാവലിയുടെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഒരു പക്ഷെ പ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദിന്റെ താരമൂല്യം ആയിരുന്നു ഇത്രയേറെ ആളുകളെ രാജ് ഭവന് മുന്നിലെത്തിച്ചതെന്നു വാദിക്കാം. പോരെങ്കില്‍ സിറ്റിസണ്‍ മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം എസ് ഡി പി ഐ പതിച്ച പോസ്റ്ററുകളില്‍ ചന്ദ്രശേഖര്‍ ആസാദിനെ വിശേഷിപ്പിച്ചത് 'സിംഹം', 'രാവണന്‍' എന്നൊക്കെ ആയിരുന്നു എന്നതും പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്തു ആസാദും അനുയായികളും ചേര്‍ന്നു തീര്‍ത്ത പ്രതിക്ഷേധ മതിലും അദ്ദേഹത്തിന്റെ അറസ്റ്റും ജയില്‍ വാസവുമൊക്കെ നല്‍കിയ നായക പരിവേഷവുമൊക്കെ കണക്കിലെടുക്കുമ്ബോള്‍ പത്തു തലയുള്ള ഈ രാവണനെ ശ്രവിക്കാന്‍ ആളുകള്‍ തടിച്ചുകൂടുകയെന്നത് തികച്ചും സ്വാഭാവികം.

അതേസമയം ചന്ദ്രശേഖര്‍ ആസാദിന്റെ താരമൂല്യം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്ന് തന്നെയായിരുന്നു എസ് ഡി പി ഐയുടെ സംഘാടക മികവും. പൗരത്വ നിയമത്തിനും പൗരത്വ റജിസ്റ്ററിനും എതിരെയുള്ള കേരളത്തിലെ സംയുക്ത പ്രക്ഷോഭങ്ങളില്‍ നിന്നും തങ്ങളെ മാറ്റി നിറുത്തിയവര്‍ക്കുള്ള മറുപടി ആയിട്ടുകൂടിയാണ് എസ് ഡി പി ഐ കാസര്‍കോട് നിന്നും രാജ് ഭവനിലേക്കുള്ള സിറ്റിസണ്‍ മാര്‍ച്ചിനെയും പ്രതിക്ഷേധ സംഗമത്തെയും രൂപപ്പെടുത്തിയത് എന്നിടത്താണ് അതിന്റെ രാഷ്ട്രീയ പ്രസക്തി എന്നു തോന്നുന്നു. മാര്‍ച്ചും പ്രതിക്ഷേധ സംഗമവും എസ് ഡി പി ഐ വക ആയിരുന്നുവെങ്കിലും ജമാ അത്തെ ഇസ്‌ലാമിയുടെ എല്ലാവിധ പിന്തുണയും ഇക്കാര്യത്തില്‍ അവര്‍ക്കു ലഭിച്ചു എന്നും കരുതേണ്ടതുണ്ട്. ചന്ദ്രശേഖര്‍ ആസാദിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ജമാ അത്തെ ഇസ്‌ലാമിയുടെ നേതാക്കളും ഉണ്ടായിരുന്നു എന്നത് ഇതിനുള്ള തെളിവ് തന്നെ. എസ് ഡി പി ഐ യെപോലെ തന്നെ സംയുക്ത പ്രക്ഷോഭത്തില്‍ നിന്നും ജമാ അത്തെ ഇസ്ലാമിയും അകറ്റിനിര്‍ത്തപ്പെട്ടിരുന്നു എന്നതിനാല്‍ അവര്‍ക്കിടയിലെ ഈ യോജിപ്പിനു മറ്റു കാരണങ്ങള്‍ തേടേണ്ടതില്ല എന്നു തോന്നുന്നു.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ എസ് ഡി പി ഐ യുടെ രാജ് ഭവന് മുന്നിലെ പ്രതിക്ഷേധ സംഗമം കേവലം ഒരു പ്രതിക്ഷേധ സംഗമം എന്നതിനപ്പുറം ഗൗരവതരമായ ചില രാഷ്ട്രീയ ചോദ്യങ്ങള്‍ കൂടി ഉയര്‍ത്തുന്നുണ്ട്‌. പൗരത്വ നിയമ പ്രശ്നത്തില്‍ എസ് ഡി പി ഐ യും ജമാ അത്തെ ഇസ്‌ലാമിയും ഉണ്ടാക്കി എടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റം കേരളത്തില്‍, പ്രത്യേകിച്ചും മലബാര്‍ മേഖലയില്‍, ഒരു വലിയ രാഷ്ട്രീയ ശക്തിയായി നിലകൊള്ളുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ എങ്ങനെ ബാധിക്കും എന്നത് തന്നെയാണത്. 1992 - ല്‍ ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ മുസ്ലിം ലീഗിനുള്ളില്‍ ഉടലെടുത്ത ഭിന്നത ഒരു പിളര്‍പ്പിലേക്കായിരുന്നു ആ പാര്‍ട്ടിയെ നയിച്ചത്. മുസ്ലിം ലീഗു കൂടി പിന്തുണക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന വേളയിലായിരുന്നു ബാബരി പള്ളി തകര്‍ക്കപ്പെട്ടതെന്നതിനാല്‍ ആ പാര്‍ട്ടിയുമായുള്ള ബന്ധം വിഛേദിക്കണം എന്ന ആവശ്യമായിരുന്നു ലീഗിന്റെ ദേശീയ നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഉള്ളവര്‍ ഉന്നയിച്ചത്. ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്ന് സേട്ടും കൂട്ടരും പുതിയ പാര്‍ട്ടി ഉണ്ടാക്കി കേരളത്തില്‍ മുസ്ലിം ലീഗിനും യു ഡി എഫിനും വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ ആ വെല്ലുവിളിയെ മുസ്ലിം ലീഗ് അതിജീവിച്ചു. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മരണത്തോടെ അദ്ദേഹം രൂപീകരിച്ച ഐ എന്‍ എല്‍ എന്ന പാര്‍ട്ടിയുടെ വളര്‍ച്ചയും മുരടിച്ചു. ബാബരി പള്ളി കേരളത്തിലെ മുസ്ലിമുകളെ സംബന്ധിച്ചിടത്തോളം തുടക്കത്തില്‍ ഒരു വൈകാരിക പ്രശ്നമായിരുന്നെങ്കിലും അധികം വൈകാതെ തന്നെ അവര്‍ അത് മറക്കുന്നതാണ് കണ്ടത്. അന്നത്തെ മുസ്ലിം ലീഗ് നേതൃത്വം എടുത്ത സമീപനവും ഇക്കാര്യത്തില്‍ നിര്‍ണായകമായി.

എന്നാല്‍ എവിടെയോ കിടക്കുന്ന ബാബരി മസ്‌ജിദ്‌ പോലുള്ള ഒരു വിഷയമായല്ല കേരളത്തിലെ മുസ്ലിം ജന സാമാന്യം പൗരത്വ നിയമ പ്രശ്നത്തെ കാണുന്നത്. പിറന്ന മണ്ണില്‍ നിന്നും തങ്ങളെ ആട്ടിയോടിക്കാനുള്ള ഒരു കുല്‍സിത തന്ത്രം എന്ന നിലയിലാണ് അവര്‍ ഈ നിയമത്തെ എടുത്തിട്ടുള്ളത്. തങ്ങളുടെ ജീവനും സ്വത്തും മാത്രമല്ല സ്വത്വവും അപകടത്തില്‍ പെട്ടിരിക്കുന്നു എന്നു അവര്‍ ഉറച്ചു വിശ്വസിക്കുന്ന ഘട്ടത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസ്സും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല എന്ന ആക്ഷേപം അവര്‍ക്കിടയില്‍ ശക്തമാണ്. അവരുടെ ഭയത്തെയും പൗരത്വ നിയമ വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട് സംബന്ധിച്ച അതൃപ്തിയെയും തന്നെയാണ് എസ് ഡി പി ഐയും ജമാ അത്തെ ഇസ്‌ലാമിയും ഇപ്പോള്‍ ലക്‌ഷ്യം വെക്കുന്നതും. പൗരത്വ നിയമത്തിനും പൗരത്വ രെജിസ്റ്ററിനും എതിരെ വീട് വീടാന്തരം കയറിയുള്ള പ്രചാരണത്തില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്ബോള്‍ കേരളത്തില്‍ മുസ്ലിം ലീഗ് കടുത്ത വെല്ലുവിളി തന്നെയാണ് നേരിടുന്നത്. ബാബരി മസ്‌ജിദ്‌ വിഷയത്തില്‍ നേരിട്ട പ്രതിസന്ധിയേക്കാള്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി തന്നെയായാണ് മുസ്ലിം ലീഗിനെയും അതുവഴി കോണ്‍ഗ്രസ്സും അവരും ചേര്‍ന്നു നയിക്കുന്ന യു ഡി എഫിനെയും കാത്തിരിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)