വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന കാലത്ത് അട്ടക്കുളങ്ങര സ്‌കൂള്‍ മുന്നോട്ടുവയ്ക്കുന്ന മാതൃക

 
വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന കാലത്ത് അട്ടക്കുളങ്ങര സ്‌കൂള്‍ മുന്നോട്ടുവയ്ക്കുന്ന മാതൃക

വി ഉണ്ണികൃഷ്ണന്‍

ഹലോ..

അതേ.. അട്ടക്കുളങ്ങര ഗവ സെന്‍ട്രല്‍ എച്ച് എസ്.

കിഴക്കേകോട്ടയില്‍ വിഴിഞ്ഞം ഭാഗത്തേക്ക് ഉള്ള ബസ് സ്റ്റോപ്പിന്റെ ഇടതു വശം. നേരെ കയറിപ്പോന്നാല്‍ മതി. ബോര്‍ഡ് കാണാം.’

മേയ് 28 ശനി. അട്ടക്കുളങ്ങര സ്കൂളിലെ ലാന്‍ഡ് ലൈന്‍ വിശ്രമമില്ലാതെ നിലവിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. തുടര്‍ച്ചയായി കോളുകള്‍. കാരണം രണ്ടാണ്. ഒന്ന് പി.എസ്.സി പരീക്ഷ നടക്കുന്നു, ലൊക്കേഷന്‍ അറിയാനായി ഉദ്യോഗാര്‍ത്ഥികള്‍ വിളിച്ചു കൊണ്ടിരിക്കുകയാണ്. ഹെഡ് മാസ്റ്റര്‍ ആര്‍എസ് സുരേഷ് ബാബുവും മറ്റ് ഓഫീസ് ജീവനക്കാരും മാറിയും തിരിഞ്ഞും ഫോണ്‍ എടുത്തു കൊണ്ടിരിക്കുകയാണ്. രണ്ടാമത് അഡ്മിഷനായുള്ള കോളുകള്‍.

അഡ്മിഷന്‍ ക്ലോസ് ചെയ്തോ? എപ്പോള്‍ വരണം? എന്നിങ്ങനെ അന്വേഷണങ്ങളുടെ പെരുമഴ.

രണ്ടാമത്തേത് ആണ് സ്കൂളിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രധാനപ്പെട്ടത്. കഷ്ടി രണ്ടു ദിവസം കൂടിയേ ഉള്ളൂ സ്കൂള്‍ തുറക്കാന്‍. പുതുപാഠങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ എത്തുന്ന ദിവസം. കുട്ടികളെ ചേര്‍ക്കുന്നതിന്റെ നടപടികള്‍ തകൃതിയായി നടക്കുകയാണ്.

ഓഫീസിനടുത്തുള്ള ക്ലാസ് റൂമില്‍ സ്കൂള്‍ സംരക്ഷണ സമിതിയുടെ യോഗം നടക്കുന്നുണ്ട്. ഇടയ്ക്ക് അതേ ക്ലാസ്റൂമിലേക്ക് ആവി പറക്കുന്ന ചായയുമായി ജീവനക്കാരന്‍ മസ്താന്‍ ധൃതി പിടിച്ചു പോകുന്നു. സിലബസില്‍ പറഞ്ഞിട്ടുള്ളതല്ലാതെ കുട്ടികള്‍ക്ക് നല്‍കേണ്ടത് എന്തൊക്കെ എന്നുള്ളതില്‍ ചര്‍ച്ച നടക്കുകയാണ് അവിടെ. മേയ് 28 വരെ അഡ്മിഷനായി എത്തിയത് 100 ഓളം കുട്ടികളാണ്, അഡ്മിഷന്‍ നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇവിടെയെത്തിയത് 132 കുട്ടികളാണ്. അതും അടച്ചുപൂട്ടല്‍ ഭീഷണിയുടെ വക്കില്‍ നിന്നിരുന്ന സമയത്ത്. ഇത്തവണ 250 കുട്ടികള്‍ വരുമെന്നാണ് പ്രതീക്ഷ. തലസ്ഥാനത്തെ പല സ്കൂളില്‍ നിന്നും ഇവിടേക്ക് കുട്ടികള്‍ എത്തുന്നുണ്ട്.

അട്ടക്കുളങ്ങര സ്കൂളിലേക്ക് ഇത്തവണ വിദ്യാര്‍ഥികള്‍ എത്തുമ്പോള്‍ തകര്‍ന്നടിയുക ചിലരുടെ മോഹങ്ങളാണ്. 125 വര്‍ഷങ്ങളുടെ പാരമ്പര്യം പേറുന്ന ഒരു സ്കൂളിനെ ഇടിച്ചു നിരത്തി ഷോപ്പിംഗ് കോംപ്ലക്‌സ്‌ ഉയര്‍ത്താം എന്നും ബാക്കിയുള്ള സ്ഥലം കൈയ്യടക്കാം എന്ന താത്പര്യം വച്ചു പുലര്‍ത്തിയിരുന്ന ഒരു കൂട്ടം ആളുകളുടെ കപട വികസനചിന്തകളാണ്.

വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന കാലത്ത് അട്ടക്കുളങ്ങര സ്‌കൂള്‍ മുന്നോട്ടുവയ്ക്കുന്ന മാതൃക

മൂന്നു വര്‍ഷത്തിനു മേലെയായി പ്രക്ഷോഭങ്ങള്‍ തുടരുന്നുവെങ്കിലും 2014-16 കാലയളവ് അട്ടക്കുളങ്ങരയെ സംബന്ധിച്ചിടത്തോളം ഒരു നിര്‍ണ്ണായക കാലമായിരുന്നു. സമരങ്ങള്‍, പ്രതിഷേധ കൂട്ടായ്മകള്‍, കൈയ്യേറ്റങ്ങള്‍ എന്നിങ്ങനെ ഏറെ നടപടികള്‍ ആയിരുന്നു ഈ സമയത്ത് സ്കൂള്‍ കോമ്പൌണ്ടിനും പുറത്തും നടന്നത്. സ്കൂളിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായ ബസ് ടെര്‍മിനല്‍-ട്രിഡ ഷോപ്പിംഗ് കോമ്പ്ലക്സ് എന്ന പദ്ധതിയ്ക്കെതിരെയായിരുന്നു സമരങ്ങള്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള, കഥകള്‍ ഏറെ പറയാനുള്ള വൃക്ഷ മുത്തശിമാരുടെ കടയ്ക്കല്‍ മഴുവച്ച് സ്കൂള്‍ കോമ്പൌണ്ടിനു നടുവില്‍ ഒരു ഷോപ്പിംഗ് കോമ്പ്ലക്സ് കം ബസ് സ്റ്റാന്‍ഡ്; അതായിരുന്നു അന്നത്തെ കോര്‍പ്പറേഷന്‍ ഭരണക്കാരുടെയും ചില വികസനവാദികളുടെയും സ്വപ്നം.

ഒരു സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനു മിനിമം മൂന്ന് ഏക്കര്‍ വേണം എന്നുള്ള വിദ്യാഭ്യാസനിയമത്തിന്റെ മറ പിടിച്ച് ആയിരുന്നു ഇവരുടെ നീക്കങ്ങള്‍. സ്കൂള്‍ നില്‍ക്കുന്ന അഞ്ചേക്കര്‍ സ്ഥലത്തു നിന്നും പലപ്പോഴായി സ്ഥലം ചീന്തിയെടുത്ത് സ്കൂളിനെത്തന്നെ ഇല്ലാതാക്കാനുള്ള പദ്ധതിയായിരുന്നു അത്. ഉണ്ടായിരുന്ന അഞ്ചേക്കര്‍ സ്ഥലത്തു നിന്നും അര ഏക്കര്‍ ആദ്യമേ സര്‍ക്കാര്‍ സ്ഥാപനമായ സീമാറ്റിനു നല്‍കി. സര്‍ക്കാര്‍ വക അന്ധവിദ്യാലയത്തിനു വേണ്ടി ഒന്നര ഏക്കര്‍ പതിച്ചെടുക്കാനുള്ള ശ്രമവും ഇതിനിടയില്‍ നടന്നു. ബാക്കിയുള്ള രണ്ടര ഏക്കര്‍ ആണ് ട്രിഡയുടെ ഷോപ്പിംഗ് കോമ്പ്ലക്സ് -ബസ് ടെര്‍മിനല്‍ എന്നിവയ്ക്കായി പകുത്തു നല്‍കിയത്. അതോടെ മിനിമം മൂന്ന് ഏക്കര്‍ എന്ന നിബന്ധന പാലിക്കാത്ത സ്കൂള്‍ ആയി അട്ടക്കുളങ്ങരയിലെ വിദ്യാലയ മുത്തശി മാറും. പിന്നെയെല്ലാം എളുപ്പമാകും. ഒടുക്കം റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് തീറെഴുതി കൊടുക്കുകയും ചെയ്യാം. സമരസമിതി അംഗവും ഇവിടത്തെ പൂര്‍വ്വവിദ്യാര്‍ഥിയുമായ അന്‍വര്‍ ഇക്കാര്യം വ്യക്തമായിത്തന്നെ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ സംരക്ഷണ സമിതി ഇതിനെ ശക്തമായി എതിര്‍ത്തു. സ്കൂള്‍ പൂട്ടാതിരിക്കാനായി സ്കൂളിനെ സ്നേഹിക്കുന്നവര്‍ കോടതി കയറി. സ്ഥലം കൈമാറ്റത്തിനെതിരെ സ്റ്റേ വാങ്ങി. മൂന്നോളം കേസുകളാണ് അന്ന് കോടതിയിലെത്തിയത്. പരിസ്ഥിതി സംഘടനായ ‘ട്രീവാക്ക്’ പ്രവര്‍ത്തക അനിത, അട്ടക്കുളങ്ങരയിലെ ഒരു വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താവ് ഷാജഹാന്‍ എന്നിവര്‍ നല്‍കിയ കേസുകള്‍ അതില്‍പ്പെടും. അതോടെ അട്ടക്കുളങ്ങരയിലെ പ്രതിഷേധം ചായക്കോപ്പയില്‍ ഒടുങ്ങുന്ന കാറ്റല്ല എന്ന് എതിര്‍പക്ഷത്തിനു വ്യക്തമായി.

ഏറെ പ്രയാസപ്പെട്ട് അന്ധവിദ്യാലയത്തിനു പതിച്ചു നല്‍കാനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഒരു സ്കൂള്‍ നടത്തുക എന്നുള്ളത് ചെറിയകാര്യം അല്ലെങ്കിലും സംരക്ഷണ സമിതി വെല്ലുവിളികളെ തരണം ചെയ്തു. ഒരു മാസം സ്കൂള്‍ പ്രവര്‍ത്തിക്കാന്‍ മിനിമം 40000 ചെലവുണ്ട്. എന്നാല്‍ ഒരു തവണ പോലും സ്കൂളിനായി ഒരു രൂപ പോലും പിരിവ് ഇവര്‍ നടത്തിയിട്ടില്ല, സ്കൂള്‍ നടത്താന്‍ സഹായിക്കണം എന്നഭ്യര്‍ത്ഥിച്ച് ആരെയും സമീപിചിട്ടുമില്ല. ട്രീ വാക്ക്, പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഈ വിഷയം അറിഞ്ഞെത്തിയ അഭ്യുദയകാംക്ഷികള്‍ എന്നിവരെല്ലാം ചേര്‍ന്നുള്ള ഒരു കൂട്ടായ്മ തന്നെയാണ് സ്കൂളിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്.

വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന കാലത്ത് അട്ടക്കുളങ്ങര സ്‌കൂള്‍ മുന്നോട്ടുവയ്ക്കുന്ന മാതൃക

ഇ എം എസിന്റെ മകള്‍ ഇ എം രാധ അങ്ങനെ സംരക്ഷണ സമിതിയില്‍ എത്തിയ ഒരാള്‍ ആണ്. ഇന്ന് സമിതിയുടെ അവിഭാജ്യ ഘടകമാണ് ഇ എം രാധ.

‘മൂന്നു വര്‍ഷം മുന്‍പ് ട്രീ വാക്ക് എന്ന പരിസ്ഥിതി സംഘടനയിലൂടെയാണ് ഞാന്‍ അട്ടക്കുളങ്ങരയില്‍ എത്തുന്നത്. പിന്നീട് സ്കൂളിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ അതിന്റെ നേരെ ഉണ്ടായ ഈ കടന്നു കയറ്റം എതിര്‍ക്കപ്പെടേണ്ടതു തന്നെ എന്ന് മനസ്സിലായി. അസംബ്ലിയിലേക്ക് മാര്‍ച്ച്, പ്രതിഷേധ സമരങ്ങള്‍ എന്നിങ്ങനെ പല തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ ഞങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇന്നിപ്പോള്‍ അട്ടക്കുളങ്ങര സ്കൂള്‍ മുന്നോട്ടു പോകുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്’- അവര്‍ തന്‍റെ സന്തോഷം പങ്കുവച്ചു.

അടച്ചു പൂട്ടല്‍ ഭീഷണി നിന്നിരുന്ന സമയം കുട്ടികളുടെ എണ്ണവും വല്ലാതെ കുറഞ്ഞിരുന്നു. അതായിരുന്നു സ്കൂള്‍ സംരക്ഷണ സമിതി നേരിട്ട മറ്റൊരു പ്രധാന വെല്ലുവിളി.

അവര്‍ അതേറ്റെടുത്തു, മുന്നോട്ടു പോയി. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്കൂള്‍ തുറന്നപ്പോള്‍ എത്തിയത് 132 കുട്ടികളാണ്. അതിനു കാരണം സംരക്ഷണ സമിതിയുടെ ‘ഹിമാലയന്‍ എഫര്‍ട്ട്’ ആണെന്നു തന്നെ പറയണം.

സമീപത്തു തന്നെയുള്ള ജഗത് പ്രകാശ് ഇവിടത്തെ പിടിഐ അംഗമാണ്. അദ്ദേഹത്തിന്റെ മകന്‍ അട്ടക്കുളങ്ങര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. പൂട്ടല്‍ ഭീഷണി നിലവിലുണ്ടായിരുന്ന സമയമാണ് നഗരത്തിലെ മറ്റൊരു പ്രമുഖ സ്കൂളില്‍ നിന്നും ജഗത് പ്രകാശ് തന്റെ മകനെ അട്ടക്കുളങ്ങരയില്‍ ചേര്‍ക്കുന്നത്. ആ ധൈര്യത്തിനു കാരണം എന്തായിരുന്നു എന്ന് ചോദിച്ചാല്‍ ജഗത്പ്രകാശിന്റെ മറുപടി ഇതാണ്.

പാഠപുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്നതു മാത്രമല്ല വിദ്യാഭ്യാസം. പരിസ്ഥിതിയെക്കുറിച്ചും നിലനില്‍പ്പിനെക്കുറിച്ചും ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടതുണ്ട്. അത് അട്ടക്കുളങ്ങര പോലെ എല്ലാ വിധത്തിലും അനുഭവസമ്പത്തുള്ള ഒരു വിദ്യാലയത്തില്‍ നിന്നാകുമ്പോള്‍ പരീക്ഷയ്ക്ക് പാസ്സാകാന്‍ മാത്രമല്ല വിദ്യാഭ്യാസം എന്നവനു മനസ്സിലാകും, ഇന്നല്ലെങ്കില്‍ പിന്നീട്. ഈ സ്കൂളിന്റെ ചെറുത്തുനില്‍പ്പ്‌ മറ്റുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഒരു മാതൃകയാണ്. ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ എനിക്ക് ചെയ്യാനാകുന്നത് ഇതാണ്’

കഴിഞ്ഞ ഒരു വര്‍ഷമായി പിടിഐ അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്കൂള്‍ സംരക്ഷണ സമിതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ദൃക്സാക്ഷി ആയ വ്യക്തി കൂടിയാണ് ജഗത് പ്രകാശ്‌.

അട്ടക്കുളങ്ങര സ്കൂളിന്റെ ‘ഇന്നിന്റെ’ പ്രാധാന്യം വ്യക്തമാകണമെങ്കില്‍ അതിന്റെ ‘ഇന്നലെ’കളെക്കൂടി അറിയണം

ചരിത്രം

1889 ല്‍ ടി.മാര്‍ത്താണ്ഡന്‍ തമ്പിയാണ് സ്‌കൂള്‍ ആരംഭിക്കുന്നത്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്ററും. പിന്നീടാണ് സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുക്കുന്നത്. അട്ടക്കുളങ്ങര വെര്‍ണാക്കുലര്‍ സ്‌കൂള്‍ എന്നതില്‍ നിന്ന് സെന്‍ട്രല്‍ ഹൈസ്‌കൂള്‍ അട്ടക്കുളങ്ങര എന്നാക്കി മാറുന്നത് അങ്ങനെയാണ്. സഹോദരന്‍ അയ്യപ്പന്‍, മഹാകവി ഉള്ളൂര്‍, മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ള, മുന്‍ ചീഫ് ജസ്റ്റിസ് യു. പദ്മനാഭ കുക്കിലിയ, സ്വാമി വേദാചലം എന്നിപ്രഗത്ഭര്‍ ഈ സ്‌കൂളില്‍ അധ്യാപകരായിരുന്നു.

വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന കാലത്ത് അട്ടക്കുളങ്ങര സ്‌കൂള്‍ മുന്നോട്ടുവയ്ക്കുന്ന മാതൃക

മലയാളം കൂടാതെ ഇംഗ്ലിഷ്, തമിഴ്, അറബിക് എന്നീ ഭാഷകളിലും പ്രാവീണ്യം നേടാനായുള്ള ക്ലാസ്സുകളും ഇവിടെ ഉണ്ടായിരുന്നു. 1970-കളില്‍ കഥകളി, ചെണ്ട, മൃദംഗം എന്നിവയും അഭ്യസിപ്പിച്ചിരുന്നു.

1995 നുശേഷമാണ് അട്ടക്കുളങ്ങര സ്‌കൂളിന്റെ വളര്‍ച്ച മുരടിക്കാന്‍ തുടങ്ങിയത്. എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സംഭവിക്കുന്നത് പോലെ ഇവിടെയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഒരു കാരണമായി. 1988ല്‍ അധ്യയന വര്‍ഷത്തില്‍ 1700 കുട്ടികള്‍ ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ പിന്നീടുള്ള ഓരോ വര്‍ഷത്തിലും കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയായിരുന്നു. കാലാകാലങ്ങളായി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അനുവദിക്കാറുള്ള ഫണ്ടുകള്‍ ഒന്നുപോലും പത്തു വര്‍ഷമായി അട്ടക്കുളങ്ങരയ്ക്ക് ലഭിക്കാറില്ലായിരുന്നു. തുടര്‍ന്ന് കോര്‍പ്പറേഷന്‍-ട്രിഡ കടമ്പകള്‍.

അട്ടക്കുളങ്ങര സ്കൂളിന്റെ പുനര്‍ജ്ജന്മം

അടച്ചുപൂട്ടല്‍ എന്ന പകുതി മരണത്തിന്റെ വക്കില്‍ നിന്നും പിടിച്ചു കയറ്റിയ കൂട്ടായ്മ തന്നെയാണ് ഇപ്പോഴും സ്കൂളിന്റെ നട്ടെല്ല്. സംരക്ഷണ സമിതിയുടെ എക്സിക്യുട്ടീവ്‌ കമ്മിറ്റിയില്‍ അംഗമാകണമെങ്കില്‍ പാലിക്കേണ്ട ഒരു നിയമം തന്നെ അവരുടെ ആത്മാര്‍ത്ഥതയ്ക്കു തെളിവാണ്.

കമ്മിറ്റിയില്‍ അംഗമാകുന്ന ഒരാള്‍ സ്കൂളിലെ രണ്ടു വിദ്യാര്‍ഥികളുടെ ചെലവ് വഹിക്കണം എന്നുള്ളതാണ് അത്. ഇവരെക്കൂടാതെ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗമായ എംഎ ബേബി, ധനകാര്യ മന്ത്രി ടിഎം തോമസ്‌ ഐസക്, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ ഓരോ കുട്ടികളുടെ ചിലവുകള്‍ വഹിച്ചിരുന്നു. ഈ വര്‍ഷവും അതു തുടരും എന്നു തന്നെയാണ് പ്രതീക്ഷ എന്ന് സംരക്ഷണ സമിതി അംഗങ്ങള്‍ പങ്കു വയ്ക്കുന്നു.

ഒരു അധ്യയനവര്‍ഷം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്ക് പഠന ആവശ്യത്തിന് എന്തൊക്കെ വേണമോ അതെല്ലാം സമരസമിതി നല്‍കി, കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വരെ. ഇതൊക്കെ നടന്നത് സര്‍ക്കാരിന്റെ കാര്യമായ പിന്തുണ ഇല്ലാതെയായിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. അധ്യയനവര്‍ഷം അവസാനിക്കുന്നതിനു രണ്ടു മാസം മുന്‍പ് മാത്രമാണ് സ്കൂള്‍ ബസ് ലഭിക്കുന്നത്. മുന്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വിഎസ് ശിവകുമാറിന്റെ പ്രത്യേക വികസന ഫണ്ടില്‍ നിന്നുമാണ് ബസിനുള്ള തുക ലഭിച്ചത്. അതിനായി ഒരു യുദ്ധം തന്നെ വേണ്ടിവന്നു എന്ന് സംരക്ഷണ സമിതി അംഗവും പൂര്‍വ്വ വിദ്യാര്‍ഥിയുമായ സജി പറയുന്നു. സ്വന്തമായി ബസ് ലഭിക്കുന്നതിനു മുന്‍പ് മാസം 25,000 രൂപയാണ് കുട്ടികളുടെ ട്രാന്‍സ്പോര്‍ട്ടേഷനായി സമിതി ചെലവാക്കിക്കൊണ്ടിരുന്നത്.

ദിവസ വേതനക്കാര്‍ അടക്കം 16 അധ്യാപകരാണ് ഇവിടെയുള്ളത്. അതില്‍ ഒരാളെ നിയമിച്ചതും അവര്‍ക്ക് ശമ്പളം നല്‍കുന്നതും സംരക്ഷണ സമിതിയാണ്. തിരുവനന്തപുരം മുട്ടത്തറ കല്ലുംമൂടുള്ള ശ്രീലക്ഷ്മിയാണ് ആ ടീച്ചര്‍. യു.പി, എച്ച്എസ് എന്നിവിടങ്ങളില്‍ പഠിപ്പിക്കാന്‍ ടിടിസി യോഗ്യത മാത്രം മതിയെന്നിരിക്കെ ബിഎഡ്കാരിയായ ശ്രീലക്ഷ്മിയെ നിയമിച്ചിരിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ക്വാളിറ്റി എജുക്കേഷന്‍ ലഭ്യമാകണം എന്നുള്ള ഒറ്റ നിര്‍ബന്ധത്തിനാലാണ്. ഇതേ യോഗ്യതയുള്ള ഒരു അധ്യാപികയെക്കൂടി നിയമിക്കാന്‍ ഒരുങ്ങുകയാണ് സമിതി. അധ്യാപകര്‍ക്കായി പ്രത്യേക മോട്ടിവേഷണല്‍ ക്ലാസും ഈ വര്‍ഷം മുതല്‍ ആരംഭിക്കുകയാണ്.

വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന കാലത്ത് അട്ടക്കുളങ്ങര സ്‌കൂള്‍ മുന്നോട്ടുവയ്ക്കുന്ന മാതൃക

ദിവസവും ഉള്ള ക്ലാസുകള്‍ക്ക് പുറമേ ഇംഗ്ലീഷ് സ്പീക്കിംഗ് സെഷനുകള്‍, ഗണിതശാസ്ത്ര വര്‍ക് ഷോപ്പുകള്‍ എന്നിവയും സ്കൂളില്‍ സംഘടിപ്പിക്കുന്നുണ്ട്. ലോക സ്പേസ് ദിനാചരണത്തോടനുബന്ധിച്ച് വിഎസ്എസ് സിയിലേക്ക് പഠനയാത്രയും നടത്തിയിരുന്നു, കൂടാതെ കാര്യവട്ടം കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ്‌ ബയോ ഇന്ഫോര്‍മാറ്റിക്സ് വിഭാഗത്തിലെ ഗവേഷകവിദ്യാര്‍ത്ഥികളുമായി ഇന്ററാക്ഷന്‍ നടത്താന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു.

കുട്ടികളുടെ കഴിവിന്റെ മേഖല വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കിയ പിന്നണി പ്രവര്‍ത്തകര്‍ മുന്‍പുണ്ടായിരുന്ന കഥകളി പഠനം സ്കൂളില്‍ തിരികെ കൊണ്ടുവന്നു. നെല്ലിയോട് വാസുദേവന്‍‌ നമ്പൂതിരിയുടെ കീഴില്‍ ഇവിടത്തെ കുട്ടികള്‍ കഥകളി അഭ്യസിക്കുന്നു. ആഴ്ചയില്‍ രണ്ടു ദിവസമാണ് പരിശീലനം ഉണ്ടാവുക. ജൂണ്‍ ഒന്നിന് വിഎസ് അച്യുതാനന്ദന്‍ പ്രവേശനോത്സവം ഉത്ഘാടനം ചെയ്യാനെത്തുമ്പോള്‍ മുദ്രകളിലൂടെ സ്വാഗതം ചൊല്ലുക വാസുദേവന്‍ നമ്പൂതിരിയുടെ അട്ടക്കുളങ്ങരയിലെ കുട്ടി ശിഷ്യഗണം ആയിരിക്കും.

അട്ടക്കുളങ്ങരയിലെ ശിഷ്യര്‍ക്ക് ലഭിക്കുന്നത്‌ എല്ലാ രീതിയിലും വ്യത്യസ്തവുമായ ശിക്ഷണം ആണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

‘കഥകളി പഠിക്കാനായി ആദ്യം കുറച്ചു പേരേ ഉണ്ടായിരുന്നുള്ളൂ. പിന്നീട്‌ അത് കൂടി. ഉള്ളവരില്‍ മിക്കവരും സമയ’ക്രമങ്ങള്‍ പാലിക്കുകയും പാഠങ്ങള്‍ വ്യക്തമായി ഉള്‍ക്കൊള്ളുന്നവരും ആണ്. ശരിയായ പരിശീലനം തുടര്‍ന്നും ലഭിക്കുകയാണെങ്കില്‍ കലാമേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും അവര്‍. ഈ വര്‍ഷം കുട്ടികള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ’-വാസുദേവന്‍ നമ്പൂതിരി അഭിപ്രായപ്പെടുന്നു.

കൂടാതെ തിരുവനന്തപുരം സത്യന്‍ ഗുരുക്കള്‍ (സിവിഎന്‍ കളരി) പകര്‍ന്നു നല്‍കുന്ന കളരി മുറകളും പൂര്‍വ്വവിദ്യാര്‍ഥിയും യോഗാധ്യാപികയുമായ രേഖ നല്‍കുന്ന സ്പെഷ്യല്‍ സെഷനുകളും ചെറുപ്രായത്തില്‍ത്തന്നെ ഇവര്‍ക്ക് കരുത്തു പകരുന്നു.

ശ്രദ്ധേയമായ മറ്റൊരു വസ്തുതയുണ്ട്. ഈ സ്കൂളിലെ എല്ലാ വിദ്യാര്‍ഥികളുടെയും ഹെല്‍ത്ത് ഡാറ്റാബേസ് സംരക്ഷണ സമിതിയുടെ പക്കല്‍ ഉണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

എങ്കില്‍ കേട്ടോളൂ...

ഇവിടത്തെ ഓരോ കുട്ടികളുടെയും ആരോഗ്യപരമായ വിവരങ്ങള്‍, അതായത് ബ്ലഡ് ഗ്രൂപ്പ് മുതല്‍ ഏതൊക്കെ അസുഖങ്ങള്‍ ഉണ്ടെന്നു വരെ സംരക്ഷണ സമിതിയുടെ പക്കലുള്ള ഡാറ്റാബേസില്‍ ഉണ്ട്. കഴിഞ്ഞ അധ്യയനവര്‍ഷം പൂര്‍വ്വവിദ്യാര്‍ഥികളുടെ കൂട്ടത്തിലുള്ള ഡോക്ടര്‍മാര്‍ അമേരിക്കയിലും മറ്റു രാജ്യങ്ങളില്‍ നിന്നും എത്തി സംഘടിപ്പിച്ച ക്യാമ്പിലൂടെയാണ് ഇവ ശേഖരിക്കാനായത്. ഈ വര്‍ഷം ഒക്ടോബറില്‍ ക്യാമ്പിന്റെ രണ്ടാം ഘട്ടവും നടക്കുന്നുണ്ട്.

ഇതിനോടു ചേര്‍ത്തു വായിക്കാവുന്ന ഒന്നാണ് ശനിയാഴ്ച നടന്ന യോഗത്തിലുണ്ടായ പുതിയ തീരുമാനം. ഒരു ദിവസം എത്ര പ്രോട്ടീന്‍ ആണ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായത് എന്ന് കണക്കുകൂട്ടി അത്രയും ലഭ്യമാകുന്ന തരത്തിലുള്ള ഭക്ഷണരീതി സ്കൂളില്‍ നടപ്പിലാക്കാന്‍ ആണ് സംരക്ഷണ സമിതിയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷവും ഇതിന്റെ പ്രാഥമിക ഘട്ടമെന്ന നിലയില്‍ മറ്റു സ്കൂളുകളില്‍ നിന്നും വ്യത്യസ്തമായ ഭക്ഷണരീതിയാണ്‌ നടപ്പിലാക്കിയിരുന്നത് എന്ന് സജി വ്യക്തമാക്കുന്നു.

വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന കാലത്ത് അട്ടക്കുളങ്ങര സ്‌കൂള്‍ മുന്നോട്ടുവയ്ക്കുന്ന മാതൃക

‘നേരത്തെ ഉണ്ടായിരുന്ന ഒരു സ്റ്റാഫിനെക്കൂടാതെ ഒരാളെ സമിതി ജോലിക്കെടുത്തിട്ടുണ്ട്, ഇവിടത്തെ ഒരു വിദ്യാര്‍ഥിയുടെ അമ്മയ്ക്കാണ് ആ ജോലി ലഭിച്ചത്. കൂടാതെ ഓരോ കുട്ടികള്‍ക്കും ആവശ്യമായ ഷൂ മുതല്‍ ബാഗ് വരെ സംരക്ഷണ സമിതി നല്‍കും. യുഎസ്ടി ഗ്ലോബലിന്റെ സഹകരണത്തോടെ പുതിയ ടോയ് ലെറ്റിനും മറ്റു ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ ഒരു ബയോഗ്യാസ് പ്ലാന്‍റ്റും കൃഷിയും ആരംഭിക്കും’-സജി സ്കൂളിന്റെ മുന്നോട്ടുള്ള യാത്രയെക്കുറിച്ചു പറയുന്നു.

ഏറെ പ്രതിസന്ധികളെ മറികടന്ന് ഇപ്പോള്‍ സ്കൂള്‍ മുന്നോട്ടു പോകുമ്പോള്‍ വ്യക്തമാകുന്നത് സമരസമിതിയുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും പ്രയത്നം ഫലം കണ്ടുവെന്നതാണ് എന്ന് മുന്‍ സ്കൂള്‍ ഹെഡ് മിസ്ട്രസ് ആയ അംബികാകുമാരി അഭിപ്രായപ്പെടുന്നു. സ്കൂള്‍ ഇനിയും മുന്‍പോട്ടു പോകും എന്നുള്ള ആശംസയും അവര്‍ അറിയിക്കുന്നു.

വ്യക്തമായ കണക്കുകൂട്ടലോടെ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളുടെ പിന്തുണയോടെ പഠനത്തില്‍ മാത്രമല്ല ഇതരപ്രവര്‍ത്തനങ്ങളിലും വ്യക്തമായ അവബോധം കുട്ടികളില്‍ ഉണര്‍ത്താന്‍ ഈ സ്കൂളിലെ വിദ്യാഭ്യാസത്തിനു സാധിക്കുന്നു എന്നുള്ളത് കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി റിസള്‍ട്ടില്‍ നിന്നു തന്നെ വ്യതമാകും. കാരണം കഴിഞ്ഞ അധ്യയന വര്‍ഷം ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ സ്കൂളിനു നല്‍കിയത് 100 ശതമാനം വിജയമാണ്.

പഠനത്തില്‍ മാത്രമല്ല അട്ടക്കുളങ്ങര സ്കൂള്‍ മുന്നില്‍. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന അന്തരീക്ഷം. സിറ്റിയുടെ നടുക്ക് ആണെങ്കിലും പച്ചപ്പിന്റെ കുളിര്‍മ്മ, കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനും ആവശ്യത്തിനു സ്ഥലം. അവിടത്തെ ഓരോ മരങ്ങള്‍ക്കും ഉണ്ട് ഏറെ പ്രത്യേകതകള്‍.

ജൈവവൈവിധ്യത്തിന്റെ കലവറ
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ട്രീവാക് പ്രവര്‍ത്തക അനിതാ ശര്‍മ്മ പറയുന്നത് അവിടത്തെ മരങ്ങളുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചാണ്. തുടക്കം മുതല്‍ അട്ടക്കുളങ്ങര സ്കൂളിനു വേണ്ടി നില്‍ക്കുന്ന വ്യക്തികളില്‍ ഒരാളാണ് അനിതാ ശര്‍മ്മ. എന്നാല്‍ ഒരു സമരം എന്ന രീതിയിലേക്ക് ഇതെത്തിയത് പിന്നീടാണ്‌ എന്ന് അവര്‍ പറയുന്നു.

'2012 ജൂണില്‍ ആണ് ഞങ്ങള്‍ അട്ടക്കുളങ്ങര എത്തുന്നത്. അങ്ങനെയാണ് സിറ്റിയുടെ നടുക്കുള്ള ഈ ഹരിത ശ്വാസകോശത്തെക്കുറിച്ച് അറിയാന്‍ സാധിക്കുന്നത്. അവിടെ താപനില അളന്നപ്പോള്‍ സിറ്റിയിലേതില്‍ നിന്നും നാല് മുതല്‍ അഞ്ചു വരെ ഡിഗ്രി കുറവാണ് സ്കൂളിന്റെ പരിസരത്ത്. കിഴക്കേകോട്ടയില്‍ അത് 32 ഡിഗ്രി ആണെങ്കില്‍ 27-28 ന് അടുത്തേ എത്തുകയുള്ളൂ.

അത്തരത്തില്‍ പാരിസ്ഥിക മൂല്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുവാനും ജനങ്ങളെ അറിയിക്കുവാനും ആണ് ഞങ്ങള്‍ ആദ്യം ശ്രമിച്ചത്. അതിനു ശേഷമാണ് ഷോപ്പിംഗ് കോംപ്ലക്സിനും ബസ് ടെര്‍മിനലിനും സ്ഥലം പതിച്ചു നല്‍കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ആ നടപടി എതിര്‍ക്കപ്പെടെണ്ടതാണ് എന്ന് വ്യക്തമായതോടെ നിയമനടപടികളിലേക്കും സമരങ്ങളിലേക്കും അത് തിരിയുകയായിരുന്നു.'മുപ്പത്തിരണ്ടു തരത്തിലുള്ള 100ഓളം മരങ്ങളാണ് ഈ സ്‌കൂള്‍ വളപ്പില്‍ ഉള്ളത്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുന്ന മഴമരം അടക്കം. ദേശാടനപക്ഷികള്‍ അടക്കം മുപ്പതിലധികം പക്ഷികള്‍ക്ക് പ്രിയപ്പെട്ട ഇടമാണിവിടം. സാധാരണ ദേശാടന പക്ഷികള്‍ പോകുന്നയിടത്ത് കൂടു കൂട്ടുന്ന പതിവില്ല. എന്നാല്‍ ഇവിടെ അതും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇരുപതിലധികം ചിത്രശലഭങ്ങളെയും 85ല്‍ അധികം ഔഷധസസ്യങ്ങളെയും ഇവിടുന്നു കണ്ടെത്താന്‍ സാധിച്ചു. കിഴക്കേക്കോട്ടയിലെ മലിനമായ അന്തരീക്ഷത്തില്‍ ഇത്രയും മരങ്ങള്‍ ഉള്ളത് ഒരു വലിയ പ്രയോജനമാണ് നമുക്ക്. അന്തരീക്ഷത്തിലെ പല വിഷഘടകങ്ങളെയും വലിച്ചെടുക്കാന്‍ ഇവയ്ക്കു സാധിക്കും'- അനിത അഭിപ്രായപ്പെടുന്നു.

തകരാതെ മുന്നോട്ട്
മൂന്നു കേസുകളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഓരെണ്ണം വല്ലപ്പോഴുമെങ്കിലും സംരക്ഷണ സമിതിയുടെ ദുസ്സ്വപ്നമാകാറുണ്ട്. അതിനെ ഉന്‍മൂലനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അവരിപ്പോള്‍. സ്ഥലം ട്രിഡയ്ക്ക് കൈമാറിക്കൊണ്ടുള്ള റവന്യൂ വകുപ്പ് ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നു.

വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സംരക്ഷണ സമിതിയെ വിളിക്കുകയും വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി കൂടുതല്‍ സൗകര്യങ്ങള്‍ സ്കൂളിനു നല്‍കുന്നതിനുള്ള നടപടികള്‍ ആരഭിച്ചതായി സമിതി അംഗങ്ങള്‍ പറയുന്നു. സ്കൂളിന്റെ ചുറ്റുമതില്‍ കെട്ടിഉയര്‍ത്താനും കെട്ടിടം അറ്റകുറ്റപ്പണികള്‍ക്കായി നാലു ലക്ഷം രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ വര്‍ഷങ്ങള്‍ക്കു ശേഷം കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും സഹായങ്ങള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. പുതിയ ഗ്യാസ് അടുപ്പ് 50 ഡസ്ക്, ബഞ്ച് എന്നിവ നല്‍കാം എന്നും സ്കൂളിന്റെ ഇനിയുള്ള അറ്റകുറ്റപ്പണികള്‍ തങ്ങള്‍ ഏറ്റെടുക്കാം എന്നും കോര്‍പ്പറേഷന്‍ സമിതിയ്ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇനി പ്ലസ് ടൂ കൂടി അനുവദിക്കാന്‍ കോര്‍പ്പറേഷന്‍ നടപടി ആരംഭിക്കുകയും ചെയ്തു.

ഒരു സ്‌കൂള്‍ എങ്ങനെയാകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അട്ടക്കുളങ്ങര സ്‌കൂള്‍. അതോടൊപ്പം കച്ചവട താത്പര്യങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ഒരു കൂട്ടായ്മ നടത്തിയ പോരാട്ടം മറ്റുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഒരു മാതൃകയുമാണ്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആണ് ഉണ്ണികൃഷ്ണന്‍)