പൊന്‍മണിയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റു കുട്ടികള്‍ എന്തുചെയ്യും സര്‍?

 
പൊന്‍മണിയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റു കുട്ടികള്‍ എന്തുചെയ്യും സര്‍?

ചിത്തിര കെ

ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക് ,

ആദിവാസി സമൂഹത്തിന്റെ ജീവിതത്തില്‍ നിന്ന് നിരവധി വാര്‍ത്തകള്‍ പുറംലോകം അറിയാതെ അവിടെത്തന്നെ അമര്‍ന്നു പോകുന്നുണ്ട്. അതിലൊന്നായിരുന്നു കുട്ടികളുടെ വിദ്യാഭ്യാസവും. എന്നാല്‍ നിരവധി സന്നദ്ധസംഘടനകള്‍ ഇടപെടാന്‍ തുടങ്ങിയതോടെ ചില വര്‍ത്തമാനങ്ങള്‍ മുഖ്യധാരയിലേക്ക് എത്താന്‍ തുടങ്ങിയിട്ടുണ്ട്. അങ്ങനെയാണ് അട്ടപ്പാടിയിലെ ആദിവാസിക്കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയിലെ സ്‌നേഹ എടമിനിയുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്.

അതിങ്ങനെയാണ്: 'ഇന്നലെ അട്ടപ്പാടിയില്‍ ആദിവാസി കുട്ടികളുടെ സംഘടനയായ കാര്‍ത്തുമ്പിയുടെ ക്യാമ്പ് ഉണ്ടായിരുന്നു. മുന്‍ സെക്രട്ടറിയായ പൊന്‍മണിയുമായി ഫോണിലൂടെ വെറുതെ ഓരോ കുശലം ചോദിക്കുന്ന കൂട്ടത്തില്‍ ഇപ്പോ പ്ലസ് ടു ആയില്ലേ എന്ന് ചോദിച്ചു. ഉത്തരം കേട്ട് ഞെട്ടി. ആ കുട്ടിക്ക് പ്ലസ് വണ്ണിന് അഡ്മിഷന്‍ കിട്ടിയില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ പൊന്മണിയെ കണ്ടപ്പോള്‍ പഠനവിവരങ്ങള്‍ അന്വേഷിക്കാത്തതില്‍ കുറ്റബോധം തോന്നി. ഏകജാലകം വഴി ആണല്ലോ അഡ്മിഷന്‍ കൊടുക്കുന്നത്. പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ സ്വന്തമായി പഠിക്കുന്ന അട്ടപ്പാടിയിലെ കുട്ടികള്‍ക്ക് പൊതുവെ മാര്‍ക്ക് വളരെ കുറവായിരിക്കും. അപ്പോള്‍ അട്ടപ്പാടിയില്‍ നിന്നും വിട്ടുള്ള സ്‌ക്കൂളില്‍ ആയിരിക്കും അഡ്മിഷന്‍ കിട്ടുക. അത്രയും ദൂരം ആവുമ്പോള്‍ കുട്ടികള്‍ പോവില്ല. അങ്ങനെ ഒരു സാഹചര്യം നേരിടേണ്ടി വന്നത് 100-ഓളം കുട്ടികള്‍ക്കാണ്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് അട്ടപ്പാടിയിലെ സ്‌ക്കൂളില്‍ത്തന്നെ പഠിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് പറഞ്ഞ് മുന്‍ മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തു. വിഷയം പഠിച്ച് തീരുമാനമായി വന്നപ്പോ സ്‌കൂള്‍ തുറന്ന് 6 മാസം കഴിഞ്ഞിരുന്നു. അപ്പോള്‍ സ്‌കൂളില്‍ ചേര്‍ന്നാല്‍ മറ്റ് കുട്ടികളോടൊപ്പം പഠിച്ചെത്താന്‍ പ്രയാസമായതിനാല്‍ ഈ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ പ്ലസ് വണ്ണിന് ചേരാതിരിക്കുകയാണ്.'

കുട്ടികള്‍ക്ക് വേണ്ടിയുള്ള തമ്പിന്റെ കൂട്ടായ്മയാണ് കാര്‍ത്തുമ്പിക്കൂട്ടം. ആ കൂട്ടത്തിലെ ഏറ്റവും മിടുക്കിയായ കുട്ടിയാണ് പൊന്മണി. കാര്‍ത്തുമ്പിക്കൂട്ടത്തിന്റെ മുന്‍ സെക്രട്ടറി. 'ഞങ്ങളുടെ ഭാഷയില്‍ ഞങ്ങളെ പഠിപ്പിക്കണം' എന്നും 'നിങ്ങള്‍ ഫ്രഞ്ച് ക്ലാസില്‍ ഇരിക്കും പോലെയാണു ഞങ്ങള്‍ മലയാളം കേട്ടിരിക്കുന്നത് ' എന്നും പൊന്മണി പറഞ്ഞത് എല്ലാ ന്യൂസ് പേപ്പറുകളും വലിയ വാര്‍ത്തയായി കൊടുത്തിരുന്നു. ഗ്രീന്‍ വെയിന്‍ എന്ന, മരങ്ങള്‍ നട്ടു വളര്‍ത്തുന്ന ഞങ്ങളുടെ കൂട്ടായ്മയുടെ അട്ടപ്പാടിയിലെ വിത്തുവിതയ്ക്കല്‍ ദിവസം പൊന്മണിയുടെയും കാര്‍ത്തുമ്പിക്കൂട്ടത്തിന്റെയും നേതൃത്വത്തിലാണ് അതൊക്കെ നടന്നത്. ആ കുട്ടിയാണ് അവരുടെ ഭാഷയില്‍ അതിഗംഭീരമായി നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ കൂടിയവര്‍ക്ക് വിവര്‍ത്തനം ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലാഭകരമല്ല എന്നു ചൂണ്ടിക്കാട്ടി അടച്ചുപൂട്ടാന്‍ തീരുമാനിച്ച സ്കൂളുകളില്‍ അട്ടപ്പാടിയിലെ കത്തലക്കണ്ടി, കൂളുക്കൂര്‍, കാവുണ്ടിക്കല്‍, ഗോട്ടിയാര്‍ക്കണ്ടി എന്നിവയും ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ് ഏത് വിധത്തിലാണ് ആദിവാസി മേഖലയിലെ കുട്ടികളോടും അവരുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളോടും നമ്മുടെ മുഖ്യധാരാ സമൂഹം പ്രതികരിക്കുന്നത് എന്നു മനസിലാവുക. കഴിഞ്ഞ നവംബറില്‍ തന്നെ പൊന്‍മണി അടക്കമുള്ള വിവിധ ആദിവാസി മേഖലകളില്‍ നിന്നുള കുട്ടികള്‍ ഈ അവസ്ഥ ചൂണ്ടിക്കാട്ടി പത്രസമ്മേളനം വരെ നടത്തുകയും സ്കൂള്‍ അടച്ചു പൂട്ടുന്നതിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്തയയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ നീക്കം താത്ക്കാലത്തേക്കെങ്കിലും തടയാന്‍ കഴിഞ്ഞത്. പക്ഷേ, അവര്‍ ഉന്നയിച്ച ബാക്കി കാര്യങ്ങളെല്ലാം ഇപ്പോഴും പരിഹാരമാകാതെ കിടക്കുന്നു.

പൊന്‍മണിയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റു കുട്ടികള്‍ എന്തുചെയ്യും സര്‍?
രാജേന്ദ്ര പ്രസാദിനൊപ്പം പൊന്‍മണി

സംഭവിച്ചത് എന്താണെന്ന് താങ്കള്‍ക്ക് മനസിലായിക്കാണും. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ പത്താം ക്ലാസ് പാസായി കുറെയധികം കുട്ടികള്‍. പക്ഷേ, സ്വാഭാവികമായും അവര്‍ക്ക് മാര്‍ക്ക് കുറവായിരുന്നു. അത് അവരുടെ എന്തെങ്കിലും രീതിയിലുള്ള കുഴപ്പം കൊണ്ടല്ല എന്ന് താങ്കള്‍ക്കും അറിയാമെല്ലോ. ഈ കുട്ടികള്‍ക്ക് ഏകജാലകം വഴി ഏറ്റവുമൊടുവില്‍ അനുവദിച്ചു കിട്ടിയത് ദൂരെയുള്ള സ്‌കൂളുകളാണ്. തുല്യ അവകാശവും നീതിയും ഉള്ള ഈ നാട്ടില്‍ ആ പ്രായത്തിലുള്ള എത്ര കുട്ടികളെ ദൂരെ നിര്‍ത്തി പഠിപ്പിക്കാന്‍ വീട്ടുകാര്‍ തയ്യാറാകും? ആദിവാസിക്കുട്ടികളാണ് എന്നതു കൊണ്ട് എറിഞ്ഞു കൊടുക്കുന്ന ഏതപ്പവും അവര്‍ കടിച്ചു കൊള്ളണം എന്നാണോ?


ആദിവാസികള്‍ക്കിടയിലെ പ്രസവമരണങ്ങളുടെ ഭീകരമായ നിരക്കും അവര്‍ക്കെതിരെ നടക്കുന്ന വലിയ തോതിലുള്ള അക്രമങ്ങളും പുറംലോകത്തെ അറിയിച്ച 'തമ്പ് ' എന്ന സംഘടനയുടെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് എന്നോടു പറഞ്ഞത് ഇങ്ങനെയാണ്. 'ഏകജാലകം തുടങ്ങിയപ്പോള്‍ ആ വര്‍ഷം എസ്.എസ്.എല്‍.സി പാസായ കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടിയത് ദൂരെയുള്ള സ്‌കൂളുകളിലായിരുന്നു. കുട്ടികള്‍ക്ക് മാര്‍ക്ക് കുറവായിരുന്നതാണു കാരണം. കുട്ടികളെ അട്ടപ്പാടിയിലെ സ്‌കൂളുകളില്‍ തന്നെ പഠിപ്പിക്കാനുള്ള നിയമവഴികളില്‍ ഞങ്ങള്‍ നീങ്ങി. മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടല്‍ വഴി അത് നിയമമായി വന്നപ്പോഴേക്ക് ഓണപ്പരീക്ഷയായി. സ്‌കൂള്‍ തുടങ്ങിയിട്ട് 6 മാസങ്ങള്‍ കഴിഞ്ഞു. അതുകൊണ്ട് കുട്ടികളെ ആ വര്‍ഷം സ്‌കൂളില്‍ ചേര്‍ക്കാന്‍ പറ്റിയില്ല. ഇനി ഈ ജൂണില്‍ അഡ്മിഷന്‍ സമയത്ത് ഇക്കൊല്ലം ജയിച്ചവരെയും കഴിഞ്ഞ വര്‍ഷം പഠിക്കാന്‍ സാധിക്കാതിരുന്നവരെയും ചേര്‍ക്കാന്‍ ശ്രമിക്കയാണ് ഞങ്ങള്‍'.

പൊന്‍മണിയെപ്പോലെ മിടുക്കിയായ ഒരു കുട്ടിക്ക് ഇതാണ് അവസ്ഥയെങ്കില്‍ ബാക്കി കുട്ടികള്‍ക്ക് കിട്ടുന്നതെന്തായിരിക്കും സര്‍?


192 ആദിവാസി ഊരുകളുണ്ട് അട്ടപ്പാടിയില്‍ മാത്രം. മിക്കവാറും കുട്ടികള്‍ പഠിക്കാന്‍ താത്പര്യമില്ലാത്തവര്‍. അവര്‍ക്കിടയില്‍ നിന്ന് എത്രയൊക്കെ ശ്രമപ്പെട്ടിട്ടാണ് ഒരു കുട്ടി പത്താം ക്ലാസ് വരെ എത്തുക എന്ന് അവിടെച്ചെന്നു കണ്ടു ബോധ്യപ്പെടണം. അതിനൊരു ചെറിയ പ്രോത്സാഹനമെങ്കിലും ഗവണ്മെന്റ് കൊടുക്കേണ്ടതല്ലേ സര്‍? ഇത്തവണ അട്ടപ്പാടിയില്‍ നിന്നു മാത്രം 4 ആദിവാസിക്കുട്ടികള്‍ക്കാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയിരിക്കുന്നത്. അവര്‍ കഠിനമായി ശ്രമിക്കുന്നുണ്ട്. ഒരു ചെറിയ താങ്ങ് മതിയാകും കയറിപ്പോരാന്‍. താങ്കളുടെ സര്‍ക്കാര്‍ ജനപക്ഷത്താണ് എന്ന് അത്രയധികം വിളിച്ചു പറയുന്നുണ്ട് ഓരോ വാക്കിലും പ്രവൃത്തിയിലും. ഈ കുട്ടികള്‍ക്ക് ഒരു മുഴുവന്‍ അധ്യയന വര്‍ഷം നഷ്ടപ്പെട്ടു എന്നത് മാത്രമല്ല ഇവിടെയുള്ള പ്രശ്‌നം. പ്ലസ് റ്റു പഠിക്കുന്നവരില്‍ കൂടുതല്‍ പേരും അതോടെ പഠനം നിര്‍ത്തുന്നു. അവര്‍ക്ക് സ്‌കൂളില്‍ കിട്ടുന്ന അധ്യയനം മാത്രം പോര. വ്യക്തിത്വവികസനത്തിനുള്ള കൂടുതല്‍ സാഹചര്യങ്ങളും ഓരോരുത്തര്‍ക്കും പ്രത്യേകം കിട്ടുന്ന ശ്രദ്ധയും വേണം. താങ്കള്‍ മികച്ച അധ്യാപകനാണെന്നും ജനസമ്മതനായ ഒരു വ്യക്തിയാണെന്നും അറിയാം. വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ താങ്കള്‍ എങ്ങനെയാണ് ഈ പ്രശ്‌നത്തില്‍ ഇടപെടുക എന്നറിയാന്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നു.

(എഴുത്തുകാരിയായ ചിത്തിര കുസുമന്‍ എറണാകുളം സ്വദേശിയാണ്.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)