അരനൂറ്റാണ്ട് കാലത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് സു കി പഠിക്കേണ്ടത്

 
അരനൂറ്റാണ്ട് കാലത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് സു കി പഠിക്കേണ്ടത്

യാങ്‌ഗോണ്‍ ഫാബ്ലെറ്റുകളുടെ (phablets) നഗരമാണ്. ഏഷ്യയിലെവിടെയും പൊതുസ്ഥലങ്ങളില്‍ ഇത്രയധികം വലിയ സ്മാര്‍ട്‌ഫോണുകള്‍ ഞാന്‍ കണ്ടിട്ടില്ല. അതും ഇത്ര സാര്‍വജനീനമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ബ്രിട്ടീഷ് ഗൈഡുകള്‍ മുതല്‍ ഇംഗ്ലീഷ് വ്യാകരണം വരെ വില്‍ക്കുന്ന വഴിയോര കച്ചവടക്കാര്‍ മുതല്‍ പോക്കിമോന്‍ ഗോ കളിക്കുന്ന പുതുതലമുറ വരെ ഈ ഫോണുകളില്‍ ആകൃഷ്ടരാണ്.

ഒറ്റപ്പെട്ട ഒരു രാജ്യത്ത് 4ജി സ്മാര്‍ട്‌ഫോണ്‍ പലര്‍ക്കും അവരുടെ ആദ്യ ആധുനിക ആഡംബരങ്ങളിലൊന്നാണ്. ഒരു സിം കാര്‍ഡിന് രണ്ടായിരം ഡോളര്‍ വിലയുണ്ടായിരുന്ന രാജ്യത്ത് സ്മാര്‍ട്‌ഫോണുകളുടെ വ്യാപ്തി വികസനത്തിന്റെ കുതിച്ചുചാട്ടത്തിന് - സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ ആധുനികീകരണത്തിനും നഗരവല്‍ക്കരണത്തിനും വേണ്ടി കുറുക്കുവഴികള്‍ ഉപയോഗിക്കുന്നതിന് - ഉദാഹരണമായേക്കാം.

മ്യാന്‍മറിലും മറ്റെവിടെയും വിലകുറഞ്ഞ ചൈനീസ് ബ്രാന്‍ഡുകളായ സിയോമി, വിവോ, ഓപ്പോ തുടങ്ങിയവയിലൂടെ ആധുനികജീവിതശൈലി പ്രദര്‍ശിപ്പിക്കുക എന്നത് എളുപ്പമാക്കുന്നു. യാങ്‌ഗോണിലെ പൊട്ടിപ്പൊളിഞ്ഞ ഒരു വ്യവസായമേഖലയിലെ നിര്‍മാണസ്ഥലത്ത് 'റോളക്‌സ് - ഉടന്‍ തുറക്കുന്നു' എന്ന പരസ്യബോര്‍ഡ് വളരെ ദരിദ്രമായൊരു രാജ്യത്ത് ഉപഭോക്തൃ വിപ്ലവത്തിനുള്ള പരിധികള്‍ കാണിച്ചുതരുന്നുണ്ട്.

മ്യാന്‍മറിലെ മൊത്തം ആഭ്യന്തര ഉത്പാദനം എട്ടു ശതമാനത്തിലേറെയാകാം. എന്നാല്‍ 70 ശതമാനത്തിലധികം പേര്‍ വരുമാനം കുറഞ്ഞ കാര്‍ഷികരംഗത്തുള്ള രാജ്യമാണിത്. സാമ്പത്തിക വെല്ലുവിളികളാവട്ടെ, അടിസ്ഥാന സൗകര്യമില്ലായ്ക, പുരാതന നിയമങ്ങള്‍, അവിദഗ്ധ തൊഴിലാളികള്‍, കുറഞ്ഞ നികുതിവരുമാനം, ബജറ്റ് കമ്മി, നാണ്യപ്പെരുപ്പം എന്നിവ മൂലം കൂടുതല്‍ കടുക്കുന്നു. നീണ്ട പവര്‍കട്ടുകളും താമസസൗകര്യമില്ലായ്കയും ഗതാഗതക്കുരുക്കുകളുമാണ് നഗരജീവിതം. ഗ്രാമീണരില്‍ പലരും കടക്കെണിയിലുമാണ്.

അന്‍പതുവര്‍ഷത്തിലേറെയായി പട്ടാളഭരണത്തിലായിരുന്ന മ്യാന്‍മര്‍ ഈയിടെ ലഭിച്ച സ്വാതന്ത്ര്യത്തിലും ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലും പ്രതീക്ഷയര്‍പ്പിച്ച് ഇഴഞ്ഞുനീങ്ങുകയാണ്. സ്വയംഭരണത്തിലുള്ള രാജ്യത്തിന്റെ ആദ്യപരീക്ഷണം 1962-ല്‍ ഏഷ്യയിലും ആഫ്രിക്കയിലുമുള്ള വിവിധ വംശീയവും ശരിയായി വിഭാവനം ചെയ്യപ്പെടാത്തതുമായ പല രാജ്യങ്ങളെയും പോലെ ആഭ്യന്തര യുദ്ധത്തിലും പട്ടാളഭരണത്തിലുമാണ് അവസാനിച്ചത്. രണ്ടാമത്തെ പരീക്ഷണത്തിന്റെ ഫലം നേതാക്കള്‍ രാജ്യത്തെ അസ്വസ്ഥമായ ന്യൂനപക്ഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാകും.

ഭരണകക്ഷിയുടെ കാര്യപരിപാടികള്‍ നിറഞ്ഞുകവിയുകയാണ് എന്നത് ശരിതന്നെ. കഴിഞ്ഞയാഴ്ച മ്യാന്‍മറിലെ ഒരു ഇംഗ്ലിഷ് പത്രത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: 'ധനമന്ത്രി ചൈനാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു.' പ്രസിഡന്റ് ആകുന്നതില്‍നിന്ന് തന്നെ വിലക്കുന്ന ഭരണഘടനയെ മറികടക്കാന്‍ പല വകുപ്പുകള്‍ക്കൊപ്പം ധനമന്ത്രാലയത്തിന്റെ ചുമതലയും വഹിക്കുന്ന 'സ്റ്റേറ്റ് കൗണ്‍സിലര്‍' ആങ് സാന്‍ സു കിയെപ്പറ്റിയായിരുന്നു വാര്‍ത്തയിലെ പരാമര്‍ശം. നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) അധികാരത്തില്‍ വന്നശേഷം തെക്കുകിഴക്കന്‍ ഏഷ്യയ്ക്കു പുറത്തേക്കുള്ള ആദ്യചുവടാണ് സു കിയുടെ ചൈന സന്ദര്‍ശനം. എന്നാല്‍ അവര്‍ നേരിടുന്ന വലിയ വെല്ലുവിളികള്‍ രാജ്യത്തിനകത്തുനിന്നു തന്നെയാണ്.

അരനൂറ്റാണ്ട് കാലത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് സു കി പഠിക്കേണ്ടത്

മ്യാന്‍മറിലെ നിരവധി വംശീയ സംഘര്‍ഷങ്ങളില്‍ ഏറ്റവും കഠിനമായത് മുസ്ലിങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പാണ്. 1982-ല്‍ മ്യാന്‍മറിലെ പട്ടാളഭരണകൂടം പടിഞ്ഞാറന്‍ സംസ്ഥാനമായ റാഘൈനിലെ മുസ്ലിങ്ങള്‍ക്ക് പൗരത്വം നിഷേധിച്ചു. നൂറുകണക്കിനു വര്‍ഷങ്ങളായി മുസ്ലിങ്ങളുള്ള പ്രദേശമാണ് റാഘൈനി. പട്ടാളഭരണം ജനാധിപത്യത്തിനു വഴിമാറിയപ്പോള്‍ വിദ്വേഷത്തിന്റെ വിസ്‌ഫോടനത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 2012-ല്‍ ജനക്കൂട്ടം നൂറുകണക്കിന് റോഹിന്‍ഗ്യ മുസ്ലിങ്ങളെ കൊന്നൊടുക്കുകയും പതിനായിരങ്ങളെ വീടുവിട്ടോടാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്ത റാഘൈനില്‍ മാത്രമല്ല രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും മുസ്ലിങ്ങള്‍ക്കെതിരെ അക്രമമുണ്ടായി.

തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യത്തിന്റെ വരവോ രാജ്യാന്തര ആരാധനാമൂര്‍ത്തിയായ സു കിയുടെ അവരോധമോ ന്യൂനപക്ഷങ്ങളുടെ അവസ്ഥയ്ക്കു കാര്യമായ മാറ്റം വരുത്തിയില്ല. റോഹിന്‍ഗ്യ മുസ്ലിങ്ങളുടെ ദുരിതത്തിനു നേരെ സു കിയുടെ സമീപനത്തില്‍ ദലൈ ലാമ പോലും നിരാശ പ്രകടിപ്പിച്ചിരുന്നു.

തുടരെയുള്ള അക്രമങ്ങള്‍ രാജ്യം വിടാനോ അഭയാര്‍ത്ഥി ക്യാംപുകളിലെത്താനോ മുസ്ലിങ്ങളെ നിര്‍ബന്ധിതരാക്കുന്നു. മലേഷ്യ, തായ്‌ലന്‍ഡ്, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്തുകാരുടെ കൈകളിലൂടെ അപകടകരമായ ബോട്ട് യാത്രയാണ് അവരുടെ മുന്നിലുള്ള ഏക വഴി. റാഘൈനിലെ മുന്‍ നിയമസഭാംഗത്തിന്റെ മകള്‍ ഇപ്പോള്‍ സിറ്റ്വെയില്‍ അവരുടെ പഴയവീടിനടുത്തുള്ള അഭയാര്‍ത്ഥി ക്യാംപിലാണ്. ഞാന്‍ അവരെ കണ്ടു. കുടിയേറ്റ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനു കൈക്കൂലി കൊടുത്താണ് അവര്‍ റാഘൈനില്‍നിന്നു രക്ഷപെട്ടത്. മറ്റു പലരെയും പോലെ പ്രശ്‌നപരിഹാരത്തിന് സു കിക്കുള്ള താല്‍പര്യത്തിലും കഴിവിലും ഇവര്‍ക്കും വിശ്വാസമില്ല.

മ്യാന്‍മറില്‍ ജനപ്രീതിയുണ്ടെങ്കിലും അവകാശവാദങ്ങളുടെയും എതിര്‍വാദങ്ങളുടെയും കൂമ്പാരത്തിലൂടെ സു കിക്ക് കരുതലോടെ നീങ്ങേണ്ടതുണ്ട്. തുര്‍ക്കി, ഈജിപ്ത്, ഇറാഖ് തുടങ്ങിയവ കാണിച്ചുതന്നതുപോലെ ജനാധിപത്യവല്‍ക്കരണം ദോഷഫലങ്ങളില്ലാത്ത ഒന്നല്ല. സ്വേച്ഛാധിപത്യത്തിന്റെ പല ഭാവനകള്‍ക്കും വിഹരിക്കാന്‍ രാഷ്ട്രീയ സ്വാതന്ത്ര്യം അവസരമൊരുക്കുന്നു.

മ്യാന്‍മറിലും കടിഞ്ഞാണ്‍ വിട്ട ആവേശം ആഗോള സാമ്പത്തിക, സാംസ്‌കാരിക ശക്തികളാല്‍ വഷളാക്കപ്പെട്ടിരിക്കുന്നു. പരക്കെയുള്ള മുസ്ലിം വിരുദ്ധ വികാരങ്ങളില്‍ സജീവമായ ബുദ്ധിസ്റ്റ് ഭീകരത മാറിമറിയുന്ന രാഷ്ട്രീയ ചേരിതിരിവുകളാല്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്ന അസംബന്ധങ്ങളില്‍ ഒന്നാണ്.

ഒരേ പോലെ സാധ്യതകളും അപകടങ്ങളും നിറഞ്ഞ സാഹചര്യമാണ് രാജ്യത്തുള്ളത്. അതിനാല്‍ ധാര്‍മിക നേതൃത്വവും രാഷ്ട്രീയ പ്രായോഗികതയും ഇപ്പോള്‍ ഒരേപോലെ ആവശ്യമാണ്. പട്ടാളഭരണത്തിന്റെ തിരിച്ചുവരവ് വിദൂരസാധ്യതയെന്നു തോന്നുമെങ്കിലും നേതാക്കളിലെ പരിധിവിട്ട അധികാര കേന്ദ്രീകരണം മ്യാന്‍മറിനെപ്പോലുള്ള വിവിധ വംശീയ വിഭാഗങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് വിഘടനവാദത്തിനു വഴിയൊരുക്കും. ഇന്‍ഡോനേഷ്യയിലേതുപോലെ എല്ലാവരെയും ഉള്‍പ്പെടുത്തുകയും സ്വയംഭരണവും ഫെഡറലിസവും നടപ്പാക്കുകയുമാണ് വിഘടനവാദത്തെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.

മാതൃകാ തടവുകാരിയായിരുന്നു സു കി. ധീരയും ആദര്‍ശവതിയും. തന്റെ രാജ്യത്ത് പിച്ചവയ്ക്കുന്ന ജനാധിപത്യത്തിന് അധികാരം ബുദ്ധിപൂര്‍വം ഉപയോഗിക്കുക വഴി പുതിയൊരു മാതൃക കാണിക്കുകയാണ് ഇനി അവര്‍ ചെയ്യേണ്ടത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ വിശാലമായി അധികാരം പങ്കിടുക.