അദാനിയുടെ അവിശ്വസനീയ വളര്‍ച്ച; ചങ്ങാത്ത മുതലാളിത്തത്തിന്റെ മോദി മാതൃക

 
അദാനിയുടെ അവിശ്വസനീയ വളര്‍ച്ച; ചങ്ങാത്ത മുതലാളിത്തത്തിന്റെ മോദി മാതൃക

ഇന്ത്യയുടെ ഏറ്റവും വലിയ ബാങ്കായ സര്‍ക്കാര്‍ നിയന്ത്രിത സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഗൗതം അദാനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കമ്പനിയുമായി ഉണ്ടാക്കിയ ധാരണാപത്രം (Memorandum of Understanding-MOU) പിന്‍വലിക്കാന്‍ തീരുമാനിച്ചോ? ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്റില്‍, ഒരു വിവാദ കല്‍ക്കരി ഖനന പദ്ധതിക്കായി ഒരു ബില്യണ്‍ യുഎസ് ഡോളര്‍ അഥവാ 6,200 കോടി ഇന്ത്യന്‍ രൂപ മൂന്‍കൂറായി വായ്പ നല്‍കാനുള്ളതായിരുന്നു ധാരണാപത്രം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ധാരണാപത്രം ഒപ്പിടുന്നത്.

എസ് ബി ഐയും അദാനി ഗ്രൂപ്പും തമ്മിലുള്ള വായ്പ ഉടമ്പടിക്ക് 'ശാന്തവും സ്വാഭാവികവുമായ അന്ത്യം' ഉണ്ടാവുമെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക അഭിപ്രായങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

ധാരണാപത്രം പിന്‍വലിക്കപ്പെടുകയാണെങ്കില്‍, അത് ഇന്ത്യയിലെ ഏറ്റവും വലിയ വായ്പ ദാതാവിന്റെ നിലപാടിലുള്ള നാടകീയമാറ്റത്തിന്റെ ഉറപ്പായ സൂചനയായി കാണേണ്ടിവരും. ബാങ്കും അദാനി ഗ്രൂപ്പും തമ്മിലുള്ള ധാരണാപത്രം പിന്‍വലിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള മാധ്യമ ഊഹാപോഹം 'നുണ' യാണെന്ന് എസ്ബിഐ അദ്ധ്യക്ഷ അരുന്ധതി ഭട്ടാചാര്യ മാര്‍ച്ച് 13ന് പറഞ്ഞിരുന്നു.

പത്ത് മില്യണ്‍ ഡോളര്‍ അഥവ 62,000 കോടി രൂപ മുടക്കി, ഓസ്‌ട്രേലിയയുടെ വടക്ക്-കിഴക്കന്‍ പ്രദേശത്ത് ഒരു കല്‍ക്കരി ഖനി വികസിപ്പിക്കലും റെയില്‍വേ പാതയുടെ നിര്‍മ്മാണവും ഒരു തുറമുഖത്തിന്റെ പുനരുദ്ധാരണവും ഉള്‍ക്കൊള്ളുന്ന പദ്ധതിയില്‍ നിന്നും എസ്ബിഐ പിന്മാറുകയാണെങ്കില്‍, പ്രാദേശിക സമൂഹങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും എതിര്‍ക്കുന്ന വിവാദ പദ്ധതിക്ക് ധനസഹായം നല്‍കാന്‍ താല്‍പര്യമില്ലെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയ അന്താരാഷ്ട്ര ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പട്ടികയിലേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കും അണിചേരും.

മുകളില്‍ പറഞ്ഞ ബാങ്കുകളുടെ പട്ടികയില്‍ ബിഎന്‍പി പാരിബസ് എസ്എ, ക്രെഡിറ്റ് അഗ്രികോള്‍ എസ്എ, സൊസൈറ്റിയ ജെനറാലെ എസ്എ, ബാര്‍ക്ലെയ്‌സ് പിഎല്‍സി, സിറ്റിഗ്രൂപ്പ് ഇന്റര്‍നാഷണല്‍, ഡ്യൂഷെ ബാങ്ക് എജി, ഗോള്‍ഡ്മാന്‍ സാഞ്ചസ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍, എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സി, ജെപി മോര്‍ഗന്‍ ചേസ് & കോ, മോര്‍ഗന്‍ സ്റ്റാന്‍ലി, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്റ് പിഎല്‍സി എന്നിവ ഉള്‍പ്പെടുന്നു.

സ്വാഭാവിക ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ ഗ്രേറ്റ് ബാറിയര്‍ റീഫിലെ ആവാസവ്യവസ്ഥയ്ക്ക് പദ്ധതി കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്ന വാദം നിലനില്‍ക്കെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പദ്ധതിയുമായി സഹകരിക്കേണ്ടെന്ന് മിക്ക ബാങ്കുകളും തീരുമാനിച്ചത്. എന്നാല്‍ പദ്ധതിയുടെ സാമ്പത്തിക സാധ്യതകളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

അദാനിയുടെ അവിശ്വസനീയ വളര്‍ച്ച; ചങ്ങാത്ത മുതലാളിത്തത്തിന്റെ മോദി മാതൃക

ഒരു വിദേശ പദ്ധതിക്കായി ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഗ്രൂപ്പിന് നല്‍കപ്പെടുന്ന ഏറ്റവും വലിയ വായ്പയില്‍ നിന്നും പിന്മാറാന്‍ എസ്ബിഐ തീരുമാനിക്കുന്ന പക്ഷം മറ്റ് സാധ്യതകള്‍ തേടാനും അദാനി ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്. 7.8 മില്യണ്‍ ഡോളര്‍ അടങ്കല്‍ തുക പ്രതീക്ഷിക്കുന്ന പദ്ധതിയുടെ കല്‍ക്കരി ഖനന ഭാഗത്തിന്റെ നിര്‍മ്മാണത്തിനായി ഒരു ബില്യണ്‍ ഡോളര്‍ പങ്ക് മുതല്‍മുടക്ക് എന്ന ആശയവുമായി ചില ചൈനീസ് ബാങ്കുകളുമായും കൊറിയയിലെ എക്‌സിം ബാങ്കുമായും ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ കാണുന്നു.

എന്നാല്‍, താന്‍ ഇപ്പോള്‍ ചിന്തിക്കുന്ന അത്രയും വലുതായി ചിന്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണിലുണ്ണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യവസായ ഭീമനായ ഗൗതം അദാനിക്ക് ലഭിച്ച ധൈര്യമാണ് കഥയിലെ ഏറ്റവും സങ്കീര്‍ണമായ വശം. ഈ രാജ്യത്തിലെ ഒരു വ്യവസായ പ്രമുഖനാകുക എന്നതിനപ്പുറം ഇന്ത്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര കുത്തക ആവുക എന്ന ഉല്‍ക്കര്‍ഷേച്ഛ അദ്ദേഹം പുലര്‍ത്തിയിരുന്നു എന്ന കാര്യം വ്യക്തമാണ്.

കോളേജ് പഠനം പകുതിയില്‍ ഉപേക്ഷിച്ച കാലത്തില്‍ നിന്നും ഗൗതം അദാനി ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു. ഈ ജൂണില്‍ അദ്ദേഹത്തിന് 53 വയസ് തികയും. കാല്‍നൂറ്റാണ്ട് മുമ്പ്, വജ്ര, പ്ലാസ്റ്റിക് വ്യാപാരങ്ങള്‍ ആരംഭിക്കുന്നതിനായി മുംബെയിലെ ഒരു പ്രഭാത കോളേജിലെ പഠനം അദ്ദേഹം മതിയാക്കി. വജ്ര വ്യാപാര രംഗത്ത് വിജയം കൈവരിച്ച അദ്ദേഹം, 1981ല്‍ തന്റെ ഒരു കസിനെ പിവിസി (പോളി വിനൈല്‍ ക്ലോറൈഡ്) വ്യാപാരം അരംഭിക്കുന്നതില്‍ സഹായിക്കുന്നതിനായി ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലേക്ക് കൂടുമാറി.

1988ല്‍ അദാനി എക്‌സപോര്‍ട്ട്‌സ് എന്ന കമ്പനിയുടെ കീഴില്‍ ചരക്ക് വ്യാപാര സംരംഭം ആരംഭിച്ച അദ്ദേഹം, സ്വന്തം സംസ്ഥാനത്തിലെ വാണിജ്യ പത്രങ്ങളിലെ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്ന രീതിയില്‍ വളരാന്‍ തുടങ്ങി. 1990 കളുടെ പകുതിയോടെ അദാനിയുടെ വ്യാപാരവിജയങ്ങള്‍ ശ്രദ്ധ നേടാന്‍ തുടങ്ങി. അതത്ര സ്വാഗതാര്‍ഹമായ രീതിയിലായിരുന്നില്ല എങ്കില്‍ പോലും.

പതിനെട്ട് വര്‍ഷം മുമ്പ്, അതായത് 1997ല്‍, ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഫസ്ലു റഹ്മാന്‍ എന്നറിയപ്പെടുന്ന ഫസല്‍-ഉര്‍-റഹ്മാന്‍ എന്ന അധോലോക നായകന്‍ അദാനിയെ തട്ടിക്കൊണ്ടു പോയതായി ആരോപണം ഉയര്‍ന്നു. അഹമ്മദാബാദിന്റെ പ്രാന്തങ്ങളില്‍ വച്ച് റഹ്മാനും അയാളുടെ രണ്ട് സംഘാംഗങ്ങളും ചേര്‍ന്ന് ഒരു കാറില്‍ അദാനിയെ തട്ടിക്കൊണ്ടു പോവുകയും പിന്നീട് 15 കോടി രൂപ മോചനദ്രവ്യം വാങ്ങി വിട്ടയയ്ക്കുകയുമാണ് ചെയ്‌തെന്നാണ് ആരോപണം. ദുബായ് ആസ്ഥാനമായുള്ള ഗുണ്ടാത്തലവന്‍ ഇര്‍ഫാന്‍ ഗോഗയ്ക്ക് വേണ്ടിയാണ് ആരോപണവിധേയര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

http://www.azhimukham.com/india-paying-exorbitant-electricity-charges-because-of-alleged-corruption-by-adani-ambani-essar/

അഹമ്മദാബാദിലെയും ഡല്‍ഹിയിലെയും മുംബെയിലേയും വന്‍കിട വ്യാപാരികളും വ്യവസായികളും ഉള്‍പ്പെടുന്ന പല ഉന്നത തട്ടിക്കൊണ്ടുപോകല്‍ കേസുകളിലെയും പ്രധാന പ്രതിയാണ് റഹ്മാന്‍. എന്നാല്‍ തന്റെ പ്രവര്‍ത്തനമേഖല ദുബായിലേക്ക് മാറ്റിയതോടെ ഇയാള്‍ നിയമത്തിന്റെ പിടിയില്‍ നിന്നും പുറത്ത് തുടര്‍ന്നു. 2006 ഓഗസ്റ്റില്‍, ബിഹാറിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ ഡല്‍ഹി പോലീസ് കസ്റ്റഡില്‍ എടുത്തത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ സംരംഭകരും അതുപോലെ തന്നെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി ഉല്‍പാദകരുമായ കമ്പനികള്‍ അടങ്ങുന്ന ഗ്രൂപ്പിന്റെ തലവനാണ് ഇപ്പോള്‍ ഗൗതം അദാനി. കൂടാതെ, മറ്റ് നിരവധി മേഖലകളിലും അദാനി ഗ്രൂപ്പിന് പ്രത്യേക താല്‍പര്യങ്ങള്‍ ഉണ്ട്: കല്‍ക്കരി ഖനനം, ഇന്ധന, വാതക പര്യവേഷണം, വാതക വിതരണം, വൈദ്യുതി വികിരണവും വിതരണവും, പൊതുമരാമത്തും അടിസ്ഥാന സൗകര്യങ്ങളും, ബഹുമാതൃക ലോജിസ്റ്റിക്‌സ്, അന്താരാഷ്ട്ര വ്യാപാരം, വിദ്യാഭ്യാസം, ഭൂമി കച്ചവടം, ഭക്ഷ എണ്ണ, ഭക്ഷണ സംഭരണം തുടങ്ങിയ മേഖലകളില്‍ അവര്‍ താല്‍പര്യം കാണിക്കുന്നു.

ഏറ്റവും കുറഞ്ഞത് 28 രാജ്യങ്ങിലെ 30ല്‍പരം കമ്പനികളുമായി അദ്ദേഹത്തിന്റെ കമ്പനികള്‍ ഇപ്പോള്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 2014 വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍, അദാനി ഗ്രൂപ്പിലെ കമ്പനികളുടെ കമ്പോള മൂലധനസ്വരൂപീകരണം (കമ്പനികളുടെ നിലവിലെ കമ്പോള ഓഹരി വിലയെ മൊത്തം ഓഹരികളുമായി ഗുണിക്കുമ്പോള്‍ കിട്ടുന്ന തുക) 250 ശതമാനം കണ്ട് വര്‍ദ്ധിച്ചു! ഫോബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം അഹമ്മദാബാദില്‍ നിന്നുള്ള ഈ വ്യാപാരിക്ക് 7.1 ബില്യണ്‍ ഡോളറിന്റെ (43,000 കോടി രൂപ) വ്യക്തിഗത സ്വത്തുക്കള്‍ ഉണ്ട്.

അദാനിയുടെ അവിശ്വസനീയ വളര്‍ച്ച; ചങ്ങാത്ത മുതലാളിത്തത്തിന്റെ മോദി മാതൃക

കോര്‍പ്പറേറ്റ് മത്സരങ്ങളിലെ അദ്ദേഹത്തിന്റെ നിസംശയ പടയോട്ടങ്ങള്‍ക്കപ്പുറം ശ്രദ്ധ ആകര്‍ഷിക്കുന്ന ഘടകം പ്രധാനമന്ത്രി മോദിയുമായുള്ള അദാനിയുടെ അടുപ്പമാണ്. ഇതത്ര ഞെട്ടിപ്പിക്കുന്ന കാര്യമൊന്നുമല്ല. ആയിരക്കണക്കിന് വാക്കുകള്‍ ഉള്ള ഒരു അന്യോപദേശ കഥ പറയുന്ന ഒരു ചിത്രം കണ്ടെത്താന്‍ ഇന്റര്‍നെറ്റില്‍ ഒന്ന് പരതിയാല്‍ മതിയാകും. ഈ നിശ്ചലചിത്രം 2014 മേയ് 14ന് ഇന്ത്യയിലെമ്പാടുമുള്ള വാര്‍ത്തമാന പത്രങ്ങളിലും വെബ്‌സൈറ്റുകളിലും നിറഞ്ഞുനിന്നതാണ്.

2001 ഒക്ടോബര്‍ മുതല്‍ തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷം താന്‍ മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദില്‍ നിന്നും, ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് തിരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. അദ്ദേഹം കൈയുര്‍ത്തി വീശുന്ന (സ്വന്തം നാട്ടിലെ ആവേശഭരിതരായ ജനക്കൂട്ടത്തെയാവണം) ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പറക്കാന്‍ പോകുന്ന വിമാനത്തിന്റെ ബഹുവര്‍ണ ലോഗോ വ്യക്തമായി കാണാമായിരുന്നു. അതിതായിരുന്നു: അദാനി.

ഒരു വ്യവസായി എന്ന നിലയിലുള്ള അദാനിയുടെ അസൂയാവഹമായ വളര്‍ച്ചയും സംസ്ഥാനത്തുള്ള മോദിയുടെ കാര്യാധീശത്വവും തമ്മില്‍ അത്ഭുതകരമായ യാദൃശ്ചികത്വം നിലനില്‍ക്കുന്നു. 'ഗുജറാത്ത് മാതൃക' എന്ന് പൊതുവായി വിശേഷിപ്പിക്കപ്പെടുന്ന, സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വ്യാവസായിക പ്രധാനമായ ശൃംഗലകളിലൂന്നിയുള്ള മോദിയുടെ സമ്പത്തിക വികസന കാഴ്ചപ്പാടിന് അടിസ്ഥാനമായിത്തീരുക കൂടി ചെയ്ത പരസ്പര താല്‍പര്യങ്ങളുടെ മൂശയില്‍ കെട്ടിപ്പൊക്കിയതാണ് ഈ ബന്ധം.

2013 സപ്തംബര്‍ 13നു, മോദി ഭാരതീയ ജനത പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള 12 മാസക്കാലയളവില്‍, ഗ്രൂപ്പിലെ പ്രധാന കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില അഞ്ച് രൂപയില്‍ നിന്നും 786 രൂപയായി അല്ലെങ്കില്‍ 265 ശതമാനം കണ്ട് കുതിച്ചുയര്‍ന്നു. ഒരു ദശാബ്ദത്തിനിടയില്‍, അദാനി ഗ്രൂപ്പിന്റെ ടേണ്‍ ഓവര്‍ 2001-02ലെ 3,741 കോടിയില്‍ നിന്നും 2013-14ലെ 75,659 കോടിയായി വര്‍ദ്ധിച്ചു. അതായത് ഇരുപത് ഇരട്ടിയുടെ വര്‍ദ്ധന.

ഈ മോദി-അദാനി പ്രത്യേക ബാന്ധവും, കാലക്രമാനുഗതമായി വരച്ചിട്ടാല്‍, ഗുജറാത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ വര്‍ഗ്ഗീയ കലാപം നടന്ന 2002 വരെ പുറകിലേക്ക് പോകുന്നതായി കാണാം. ചേംബര്‍ ഓഫ് കോമേഴ്‌സില്‍ അംഗത്വമുണ്ടായിരുന്ന കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിലെ (സിഐഎല്‍) ചില വ്യാപാരികള്‍ മോദിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് അദാനിയുടെ നേതൃത്വത്തിലുള്ള ചില പ്രാദേശിക വ്യാപാരികളുടെ ഒരു സംഘം റിസര്‍ജന്റ് ഗ്രൂപ്പ് ഓഫ് ഗുജറാത്ത് (ആര്‍ജിജി) എന്ന പേരില്‍ ഒരു ബദല്‍ സംഘടന ഉണ്ടാക്കുകയും സിഐഎല്ലില്‍ നിന്ന് വിട്ടുപോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ആദ്യത്തെ വൈബ്രന്റ് ഗുജറാത്ത് സമിറ്റിന് (2003 സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെ) 15,000 കോടി രൂപയാണ് അദാനി വാഗ്ദാനം ചെയ്തത്. അതിന് ശേഷം മോദിയുമായുള്ള തന്റെ ബന്ധം അരക്കിട്ടുറപ്പിച്ച അദാനി, മോദിയുടെ കടുത്ത അനുയായി ആവുകയും അദ്ദേഹത്തിന് വേണ്ടി ഇന്ത്യയിലും വിദേശത്തും വ്യക്തിഗത പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തു.

2013 മാര്‍ച്ചില്‍, മോദിയുടെ വിമര്‍ശകരായ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് യുഎസ് വാന്റണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ് സംഘടിപ്പിച്ച പൊതു പരിപാടിയിലെ മുഖ്യപ്രഭാഷണത്തില്‍ നിന്നും ചടങ്ങുകളില്ലാതെ മോദിയെ മാറ്റും എന്ന്‍ വ്യക്തമായപ്പോള്‍, ആ ചടങ്ങിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒന്നായിരുന്ന അദാനി ഗ്രൂപ്പ് അവരുടെ സാമ്പത്തിക സഹായം പിന്‍വലിച്ചു.

ഗുജറാത്തിലെ വളരെ സുപ്രധാന ഇടപാടുകളും അദാനിക്ക് ലഭിക്കുന്നതിന് മോദിയും അദാനിയും തമ്മിലുള്ള നല്ല ബന്ധം അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത്, എല്ലാ പാരിസ്ഥിതിക നിയമങ്ങളും ലംഘിച്ചു കൊണ്ട് പടിഞ്ഞാറന്‍ തീരത്തെ മുന്ദ്രയില്‍, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമഖമം നിര്‍മ്മിക്കുന്നതിനായി നാമമാത്ര വിലയ്ക്ക് (ചതുശ്ര മീറ്ററിന് ഒരു രൂപ മുതല്‍ 16 രൂപ വരെ) ധാരാളം ഭൂമി അദാനി ഗ്രൂപ്പിന് കൈമാറുകയുണ്ടായി. മുന്ദ്രയില്‍, ആദ്യം ഒരു ചതുരശ്ര മീറ്ററിന് ഒരു സെന്റും പിന്നീട് പതുക്കി നിശ്ചയിച്ച നിരക്കനുസരിച്ച് ഒരു ചതുരശ്ര മീറ്ററിന് 11 ഡോളര്‍ എന്ന നിരക്കിലും 7,350 ഹെക്ടര്‍ ഭൂമി 30 വര്‍ഷത്തെ പാട്ടത്തിന് അദാനി ഗ്രൂപ്പിന് ലഭ്യമായതായി ഇതുവരെ നിഷേധിക്കപ്പെട്ടിട്ടില്ലാത്ത മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റയില്‍വെ ശൃംഖലയുടെ പിന്തുണയുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖലയും (സെസ്) ഈ പ്രദേശത്താണുള്ളത്. ഈ പ്രദേശത്തെ ഭൂമി, ചതുരശ്ര മീറ്ററിന് 600 രൂപയില്‍ കുറയാത്ത നിരക്കില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എണ്ണ, പ്രകൃതിവാതക കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) എന്നീ പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി കമ്പനികള്‍ക്ക് അദാനി ഗ്രൂപ്പ് മറിച്ച് വില്‍ക്കുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്തിട്ടുണ്ട്. സെസിന് വേണ്ടി ഏറ്റെടുത്ത ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയ്ക്കുള്ള എല്ലാ സ്റ്റാമ്പ് നികുതികളില്‍ നിന്നും ഗ്രൂപ്പിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

അദാനിയുടെ രാഷ്ട്രീയ സ്വാധീനങ്ങള്‍ നിലനില്‍ക്കുമ്പോഴും, അദ്ദേഹത്തിന്റെ ഗ്രൂപ്പിലുള്ള കമ്പനികള്‍ക്കെതിരെ ചില സമയത്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ നിയമം നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സികള്‍ തയ്യാറായിട്ടുണ്ട്. ഊര്‍ജ്ജ പദ്ധതികള്‍ക്കായി ഇറക്കുമതി ചെയ്യപ്പെട്ട മൂലധന ഉപകരണങ്ങള്‍ക്ക് 'അമിത മൂല്യം' നിശ്ചയിച്ചു എന്ന ആരോപണത്തെ കുറിച്ച് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ (ഡിആര്‍ഐ) മുംബെ യുണിറ്റ് അന്വേഷണം ആരംഭിച്ചതായി 2014 ജനുവരി രണ്ടിന് ഇക്കണോമിക് ടൈംസ് റി്‌പ്പോര്‍ട്ട് ചെയ്തിരുന്നു.

'യുഎഇ ആസ്ഥാനമായുള്ള ഒരു മധ്യവര്‍ത്തിയില്‍ നിന്നും അദാനി ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങള്‍ ഉപകരണങ്ങളും യന്ത്രങ്ങളും ഇറക്കുമതി ചെയ്തതിലുള്ള അമിതമൂല്യനിശ്ചയത്തെ കുറിച്ച്' കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഭാഗമായ ഏജന്‍സി അന്വേഷിക്കുകയാണെന്ന് 2013 ഡിസംബറില്‍ തയ്യാറാക്കിയ ഡിആര്‍ഐയുടെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. 'ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ പേരിലുള്ള ഇറക്കുമതികളില്‍ അമിതമൂല്യനിര്‍ണയത്തിലൂടെ അദാനി ഗ്രൂപ്പ് 2,322.75 കോടി രൂപ വിദേശത്തേക്ക് കടത്തിയതായും' ഈ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

മൂലധന ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ അമിതമൂല്യം കാണിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ അദാനി ഗ്രൂപ്പിലെ കമ്പനികള്‍ക്ക് ഡിആര്‍ഐ 5,500 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായി 2014 മേയ് 18ന് (പൊതു തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷം) പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അദാനി പവര്‍ മഹാരാഷ്ട്ര, അദാനി പവര്‍ രാജസ്ഥാന്‍, മഹാരാഷ്ട്ര ഈസ്റ്റേണ്‍ ഗ്രിഡ് പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനി എന്നിവയെ കൂടാതെ ഒരു കരാര്‍ കമ്പനിക്കുമാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

2014 മേയ് 16ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കപ്പെടുകയും ലോക്‌സഭയില്‍ മോദി നയിക്കുന്ന ബിജെപി ഭൂരിപക്ഷം സീറ്റുകള്‍ നേടുകയും ചെയ്തു എന്ന് വ്യക്തമായ ദിവസം, 0.92 ബില്യണ്‍ ഡോളറിന് അഥവാ 6,000 കോടി രൂപയ്ക്ക് ഒഡിഷയിലെ ദംറയില്‍ ഒരു തുറമുഖം ഏറ്റെടുക്കാന്‍ തന്റെ ഗ്രൂപ്പിലെ കമ്പനികളില്‍ ഒന്നായ അദാനി പോര്‍ട്ട്‌സ് സമ്മതിച്ചതായി ഗൗതം അദാനി അഭിമാനപൂര്‍വം പ്രഖ്യാപിച്ചു.

വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആമകളുടെ ആവാസ വ്യവസ്ഥയും കണ്ടല്‍ക്കാടുകളും തകര്‍ക്കപ്പെടുമെന്നതിനാല്‍ ഗ്രീന്‍പീസില്‍ അംഗത്വമുള്ളത് ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നതാണ് ദാംറയിലെ (നേരത്തെ ടാറ്റാ ഗ്രൂപ്പും ലാര്‍സണ്‍ ആന്റ് ടൂബ്രോയും സംയുക്തമായി നിര്‍മ്മിച്ചുകൊണ്ടിരുന്നത്) തുറമുഖ നിര്‍മ്മാണം.

കര്‍ണാടകത്തിലെ തങ്ങളുടെ ഇരുമ്പയിര് ഖനന താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട് അനര്‍ഹ ലാഭങ്ങള്‍ നേടിയെടുക്കുന്നതിനായി കൈക്കൂലി വാഗ്ദാനം ചെയ്തതിന്റെ പേരില്‍ അദാനി ഗ്രൂപ്പിനെ നേരത്തെ തരംതാഴ്ത്തിയിരുന്നു. 2001 ജൂലൈയില്‍, കര്‍ണാടകത്തിലെ അനധികൃത ഖനനത്തെ തുറന്നു കാട്ടുന്ന റിപ്പോര്‍ട്ടില്‍, അന്നത്തെ ലോകായുക്ത ആയിരുന്ന സംസ്ഥാന ജഡ്ജി സന്തോഷ് ഹെഗ്‌ഡെ, 'അനധികൃത കയറ്റുമതിക്ക് വേണ്ട അനര്‍ഹ സൗജന്യങ്ങള്‍ ലഭിക്കുന്നതിനായി കൈക്കൂലി' നല്‍കിയതിന് അദാനി ഗ്രൂപ്പിനെ കുറ്റപ്പെടുത്തിയിരുന്നു.

കര്‍ണാടകത്തിലെ തങ്ങളുടെ തുറമുഖ സൗകര്യങ്ങള്‍ അനധികൃത ഇരുമ്പയിര് കയറ്റുമതിക്കായാണ് അദാനി ഗ്രൂപ്പ് ഉപയോഗിക്കുന്നത് എ്ന്ന്എന്ന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇരമ്പയിര് കടത്തിക്കൊണ്ട് പോകുന്നതിനായി കമ്പനി വ്യാജ അനുമതി പത്രങ്ങള്‍ ഉണ്ടാക്കിയതായും ലോകായുക്ത കുറ്റപ്പെടുത്തിയിരുന്നു. 2011 ജൂലൈ 30ന്, ലോകായുക്തയുടെ റിപ്പോര്‍ട്ടിലെ പ്രതികൂല പരാമര്‍ശങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന്, അദാനി എന്റര്‍പ്രൈസസിനെ കമ്പോളമൂലധനരൂപീകരണം, രണ്ടര മണിക്കൂറിന്റെ വ്യാപാരത്തിനിടയില്‍ അഞ്ചില്‍ ഒന്നിന്റെ അതായത് 22,177 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തി. അതേ ദിവസം തന്നെ, മറ്റ് രണ്ട് ഗ്രൂപ്പ് കമ്പനികളായ അദാനി പവറിന്റെയും മുന്ദ്ര പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെയും (എംപിസെസ്) ഓഹരി വില യഥാക്രമം 11 ശതമാനവും ഏഴ് ശതമാനവും കണ്ടിടിഞ്ഞു.

2014 നവംബര്‍ 24ന്, അദാനി ഗ്രൂപ്പിലെ വിവിധ കമ്പനികള്‍ക്കെതിരായി ഉയര്‍ന്നിട്ടുള്ള പണം വെളുപ്പിക്കല്‍ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്രാന്വേഷണ ഏജന്‍സി (കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍, ഡിആര്‍ഐ, സിബിഐ എന്നിവ ഉള്‍പ്പെടെ) മേധാവികള്‍ക്ക്, ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറിയായി ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും വിരമിച്ചയാളും ഇപ്പോള്‍ അഴിമതി വിരുദ്ധപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായ ഇഎഎസ് ശര്‍മ കത്തയച്ചിരുന്നു.

കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘം ഈ ആരോപണം അന്വേഷിക്കുന്നതിനാല്‍, ഗ്രൂപ്പിന് ഒരു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാനുള്ള ധാരണാപത്രത്തില്‍ എസ്ബിഐ ഒപ്പിടുരുതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അദാനി ഗ്രൂപ്പ് കമ്പനികളുടെ (പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നവ) ഉടമസ്ഥഘടനയെ കുറിച്ചും അവരുടെ വിദേശ നിക്ഷേപങ്ങളെ കുറിച്ചും ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമുള്ള നിരവധി പത്രറിപ്പോര്‍ട്ടുകള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു എന്ന വസ്തുതയിലേക്കും അദ്ദേഹം വിരല്‍ ചൂണ്ടിയിരുന്നു.

ഇതിന് മുമ്പ്, 2012 മാര്‍ച്ച് 30ന്, ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വച്ച സിഎജി റിപ്പോര്‍ട്ടില്‍, അദാനി ഗ്രൂപ്പ് കമ്പനിക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിച്ചതിന്റെ പേരില്‍ ഗുജറാത്ത് സംസ്ഥാന പെട്രോളിയം കോര്‍പ്പറേഷനെ (ജിഎസ്പിസി) വിമര്‍ശിച്ചിരുന്നു. ജിഎസ്പിസിയുടെ കെടുകാര്യസ്ഥത നിമിത്തം ഖജനാവിന് 5,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഗുജറാത്ത് സര്‍ക്കാര്‍ കമ്പനി തുറന്ന കമ്പോളത്തില്‍ നിന്നും പ്രകൃതി വാതകം വാങ്ങിക്കുകയും വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് അദാനി ഗ്രൂപ്പിന് വില്‍ക്കുകയും ചെയ്തു. ഈ പ്രക്രിയയിലൂടെ അദാനി എനര്‍ജിക്ക് 70.54 കോടി രൂപയുടെ 'അനര്‍ഹ നേട്ടം' ഉണ്ടായതായി സിഎജി വിലയിരുത്തി.

അദാനിയുടെ അവിശ്വസനീയ വളര്‍ച്ച; ചങ്ങാത്ത മുതലാളിത്തത്തിന്റെ മോദി മാതൃക

പിന്നീട്, 2014 ജൂലൈ 26ന്, സംസ്ഥാനത്തിന്റെ ധനവിഭവങ്ങളുടെ ദുരുപയോഗത്തിന് അഞ്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളിലായി സിഎജി ഗുജറാത്ത് സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അദാനി ഗ്രൂപ്പിലേത് ഉള്‍പ്പെടെയുള്ള ചില കമ്പനികള്‍ക്ക് അനര്‍ഹമായി 1500 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കിയത് ഉള്‍പ്പെടെ ഏകദേശം 25,000 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന കാര്യം റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു. 'അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തിന്റെ ഫേസ് ഒന്നിലെ ജെട്ടി നിര്‍മ്മാണത്തിന്റെ ജപ്തിയില്‍ 118.12 കോടി രൂപയുടെ കുറവ് വന്നത്' മതിയായ പരിശോധനകള്‍ നടക്കാതിരുന്നത് കൊണ്ടാണെന്ന് സിഎജി ചൂണ്ടിക്കാട്ടിയിരുന്നു.

ഖജനാവിന് 1.07 കോടി രൂപ നഷ്ടമുണ്ടാക്കുന്നതരത്തില്‍, 2005-06ല്‍ നാഫ്തയുടെയും വിളക്കെണ്ണയുടെയും ഇറക്കുമതിയില്‍ മൂല്യം കുറച്ച് കാണിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ ഗൗതം അദാനിയുടെ സഹോദരനും അഹമ്മദാബാദിലെ അദാനി എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ രാജേഷ് അദാനിയെ ഗോവയില്‍ വച്ച് സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തതായി 2010 ഫെബ്രുവരി 27ന് ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗോവയില്‍ ജോലി ചെയ്യുന്ന പത്ത് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസും ചുമത്തിയിരുന്നു. ബോധപൂര്‍വം ഇറക്കുമതിയുടെ മൂല്യം ഇകഴ്ത്തിക്കാണിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിച്ചു എന്നതായിരുന്നു അവര്‍ക്കെതിരായി ചുമത്തപ്പെട്ട കുറ്റം.

ഏറ്റവും ഒടുവിലത്തെ വിവാദത്തിലേക്ക് മടങ്ങിവന്നാല്‍, ഒരു വികസിത തുറമുഖത്തില്‍ നിന്നും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ക്യൂന്‍സ് ലാന്‍ഡിലെ ഗലീലി തടത്തില്‍ നിന്നും കറുത്ത ധാതു കയറ്റുമതി ചെയ്യുന്നതിനായി ഗ്രേറ്റ് ബാരിയര്‍ റീഫിന് കുറുകെ റെയില്‍വേ പാത പണിയുന്ന 16 ബില്യണ്‍ ഡോളറിന്റെ ഭീമന്‍ പദ്ധതിയുടെ ഭാഗമായി, രാജ്യത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഖനി (ലോകത്തിലെ ഏറ്റവും വലിയ ഖനികളില്‍ ഒന്ന്) വികസിപ്പിക്കുന്നതിനായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. ഈ പദ്ധതിയെ തദ്ദേശവാസികളും (ആദിമവാസികള്‍) പരിസ്ഥിതി പ്രവര്‍ക്കരും ശക്തമായി എതിര്‍ത്തിരുന്നു.

ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടാമെന്ന കാര്യം വ്യക്തമാക്കാതെ, പ്രധാനമന്ത്രി ടോണി അബോട്ട് ഉള്‍പ്പെടെയുള്ള മതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്ക് അദാനി ഗ്രൂപ്പ് വിലപിടിച്ച സമ്മാനങ്ങള്‍ നല്‍കിയതായി ഓസ്‌ട്രേലിയയുടെ ഫെയര്‍ഫാക്‌സ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. തുറമുഖ വികസനം സംയുക്തമായി വിലയിരുത്തുന്നതിനായി അദാനിയുടെ കമ്പനികളില്‍ ഒന്നുമായി, ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ധനിക സ്ത്രീയായ ഗിനാ റിനെഹാര്‍ട്ട് നിയന്ത്രിക്കുന്ന കമ്പനികളില്‍ ഒന്ന് പങ്കാളിയായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അദാനിയിലുള്ള ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുടെ താല്‍പര്യം വര്‍ദ്ധിച്ചതോടെ, ഗുജറാത്തിലെ ഏറ്റവും ജനനിബിഢ നഗരമായ അഹമ്മദാബാദിന്റെ പ്രാന്തങ്ങളില്‍ ആഢംബരവസതികളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് നിര്‍മ്മാണ തൊഴിലാളികളെ അദാനി ഗ്രൂപ്പ് നിയോഗിച്ച കരാറുകാര്‍ ഹീനമായി പെരുമാറുന്നതിനെ കുറിച്ചുള്ള ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് ഫെയര്‍ഫാക്‌സ് പുറത്തുവിട്ടു. എന്നാല്‍ തങ്ങളെ നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വക്താവിന്റെ നിലപാട്.

ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനനത്തിലും അബോട്ട് പോയിന്റ് തുറമുഖത്തിലുമുള്ള നിര്‍ദ്ദിഷ്ട നിക്ഷേപങ്ങളെ കുറിച്ചുള്ള അദാനിയുടെ അതിമോഹം യഥാര്‍ത്ഥത്തില്‍ കല്‍ക്കരി വ്യാപാര ഉടമ്പടികളുടെ ലംഘനമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. കയറ്റുമതി ചെയ്യപ്പെടാന്‍ പോകുന്ന കല്‍ക്കരിയില്‍ അധികവും ഇന്ത്യയ്ക്ക് വേണ്ടിയാണെന്നതാണ് മറ്റൊരു വസ്തുത.

മറുവശത്ത്, ഓസ്‌ട്രേലിയയില്‍ നിന്നായാലും ഇന്തോനേഷ്യയില്‍ നിന്നായാലും അല്ലെങ്കില്‍ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്നായാലും, ഇന്ത്യയിലേക്കുള്ള കല്‍ക്കരി ഇറക്കുമതി സമ്പൂര്‍ണമായി നിറുത്തുന്നതില്‍ ബദ്ധശ്രദ്ധനാണ് കേന്ദ്ര കല്‍ക്കരി മന്ത്രി പീയുഷ് ഗോയല്‍. ഓസ്‌ട്രേലിയയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള കല്‍ക്കരിയെക്കാള്‍ ഗുണനിലവാരം കുറഞ്ഞതാണെങ്കിലും, ഇന്ത്യയില്‍ ഈ ധാതുവിന്റെ ആവശ്യത്തിനുള്ള കരുതല്‍ ശേഖരമുണ്ട് എന്നതാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കാര്‍മിക്കല്‍ കല്‍ക്കരിയുടെ മൂന്നില്‍ രണ്ടും, അതായത് പ്രതിവര്‍ഷം നാല്‍പ്പത് മില്യണ്‍ ടണ്ണില്‍ അധികം, ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണ്. ഇതില്‍ പകുതിയോളം അദാനിയുടെ സ്വന്തം ഊര്‍ജ്ജ നിലയങ്ങള്‍ക്ക് വേണ്ടിയുള്ളതും. ഓസ്‌ട്രേലിയ ഇത്തരം ഒരു പദ്ധതിയെ പോലെ ഒന്ന് ഇതിന് മുമ്പ് കണ്ടിട്ടേയില്ലെന്ന് എബിസി റേഡിയോ പറയുന്നു. അതേ, ഇന്ത്യയും ഇതുപോലെ ഒരു പദ്ധതി കണ്ടിട്ടില്ല.

ഖനികള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ, അത് ഓസ്‌ട്രേലിയയിലെ ഇതുവരെയുള്ള ഖനികളില്‍ ഏറ്റവും വലുതായിരിക്കും (രണ്ടാമത്തെ വലിയ കല്‍ക്കരി ഖനിയെക്കാള്‍ ഇരട്ടി വലുത്). മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഖനികളില്‍ ഒന്നുമായിരിക്കും. ഈ 'വഴികാട്ടി' പദ്ധതിക്ക് പുറകെ അഞ്ച് 'ഭീമന്‍' കല്‍ക്കരി ഖനികള്‍ കൂടി നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവയില്‍ ഒന്ന് മറ്റൊരു ഇന്ത്യന്‍ കുത്തകയായ ജിവികെ ഗ്രൂപ്പും മറ്റൊന്ന് മാക്‌മൈന്‍സ് എന്ന ചൈനീസ് കമ്പനിയുമാണ് വികസിപ്പിക്കുന്നത്.

പ്രധാനമായും, ഗലീലി തടത്തിലെ ഒരു വഴികാട്ടി പദ്ധതിയെന്ന നിലയില്‍, അദാനിയുടെ പദ്ധതിക്ക് ഒരു ബഹുവിധ പ്രഭാവം ഉണ്ടാവും. റയില്‍വേ, തുറമുഖം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കുന്നതോടെ, പ്രതിവര്‍ഷം 272 മില്യണ്‍ ടണ്‍ കല്‍ക്കരിയുടെ സംയുക്ത ഉല്‍പാദനശേഷിയുള്ള അഞ്ച് നിര്‍ദ്ദിഷ്ട വന്‍കിട ഖനികള്‍ക്ക് കൂടി ജീവന്‍ വയ്ക്കും. നിര്‍മ്മിക്കുന്നതിനും സേവനത്തിനുമുള്ള ചിലവുകള്‍ പങ്കുവയ്ക്കപ്പെടുമെന്നതിനാല്‍ ഈ അഞ്ച് പദ്ധതിയുടെ ആരംഭത്തെ ആശ്രയിച്ചാണ് അടിസ്ഥാനസൗകര്യ വികസനത്തിന്റെ ലാഭസാധ്യത നിലനില്‍ക്കുന്നത്.

ഗലീലി തടം മുഴുവന്‍ ധാതും പര്യവേഷണത്തിന് തുറന്ന് കൊടുക്കപ്പെടും എന്നതാണ് അദാനിയുടെ നീക്കത്തിന്റെ അന്തിമ ഫലം. 250,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗലീലി തടം, യുകെയെക്കാള്‍ അല്‍പം കൂടി വലുതാണെന്ന് മാത്രമല്ല, 27 ബില്യണ്‍ ടണ്‍ കല്‍ക്കരി നിക്ഷേപം അവിടെ ഉണ്ടെന്നുമാണ് കണക്കാക്കപ്പെടുന്നത്.

അദാനിയുടെ അവിശ്വസനീയ വളര്‍ച്ച; ചങ്ങാത്ത മുതലാളിത്തത്തിന്റെ മോദി മാതൃക

തദ്ദേശവാസികളില്‍ നിന്നും അദാനി ഗ്രൂപ്പ് എതിര്‍പ്പ് നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യൂന്‍സ് ലാന്‍ഡ് സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 2014 ഒക്ടോബറില്‍ ഒപ്പുവച്ച കരാര്‍, ഭൂമിയുടെ തദ്ദേശ, പരമ്പരാഗത ഉടമകളെ പ്രതിനിധാനം ചെയ്യുന്ന വാന്‍ഗാന്‍ ആന്റ് ജാഗാലിംഗ്വോ (ഡബ്ലിയു ആന്റ് ജെ) ക്ലെയിം ഗ്രൂപ്പ് തള്ളിക്കളഞ്ഞിട്ടുണ്ട്.

ഒരു അനുകൂല തീരുമാനം ആവശ്യപ്പെട്ട് നാഷണല്‍ നേറ്റീവ് ടൈറ്റില്‍ ട്രിബ്യൂണലില്‍ ഗ്രൂപ്പ് നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ കല്‍ക്കരി ഖനികളില്‍ നിന്നും അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി തദ്ദേശവാസികളുമായി ഒരു കരാറില്‍ എത്തിയെന്ന അവകാശവാദവുമായി അദാനി ഗ്രൂപ്പ് 2015 ഏപ്രിലില്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ അദാനി ഗ്രൂപ്പിന്റ് പ്രസ്താവന 'തെറ്റിധാരണാജനകമാണ്' എന്ന് ചൂണ്ടിക്കാട്ടിയ ഡബ്ലിയു ആന്റ് ജെ ക്ലെയിം ഗ്രൂപ്പിന്റെ പ്രതിനിധി ഈ പ്രസ്താവന തള്ളിക്കളഞ്ഞിരുന്നു.

പ്രദേശത്തെ ഭൂഗര്‍ഭജലത്തെ മലിനപ്പെടുത്തുമെന്നും ഗ്രേറ്റ് ബാരിയര്‍ റീഫിലെ ലോലവും അന്യാദൃശ്യവുമായ പരിസ്ഥിതിയെ കാര്‍ബണ്‍ വികിരണങ്ങള്‍ ദുര്‍ബലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഖനിക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

കല്‍ക്കരി ഖനനം മൂലമുണ്ടാകുന്ന വികിരണത്താല്‍, ഗലീലി തടത്തില്‍ 24.7 ടണ്‍ കാര്‍ബണ്‍ സംരക്ഷിച്ച് നിറുത്തപ്പെടുമെന്ന് ഗ്രീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്‌ട്രേലിയ പറയുന്നു. ആഗോള താപന വര്‍ദ്ധന രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചു നിറുത്താന്‍ ഭൂഗോളത്തിലെ ജനങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, 2010നും 2050നും ഇടയില്‍ ലഭ്യമാകുന്ന കാര്‍ബണ്‍ ബജറ്റിന്റെ അഞ്ച് ശതമാനം വരുമിത്.

ഗ്രേറ്റ് ബാരിയര്‍ റീഫിലെ പരിസ്ഥിതി ഇപ്പോള്‍ തന്നെ സമ്മര്‍ദ്ദങ്ങള്‍ നേരിടുകയാണെന്ന് പാരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നു. ആഗോള താപനം പ്രദേശത്ത് കൂടുതല്‍ ആഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇതൊടൊപ്പം, തുറമുഖ നിര്‍മ്മാണത്തിനായി നടത്തുന്ന ഡ്രഡ്ജിംഗ്, പ്രദേശത്ത് ചളിയടിയുന്നതിനും കാരണമാകും. കൂടാതെ കല്‍ക്കരിപ്പൊടിയും ശകലകങ്ങളും ഇവിടെ ഉപേക്ഷിക്കപ്പെടും. കപ്പലുകളുടെ സഞ്ചാരം ജലത്തിന്റെയും വായുവിന്റെയും ഊഷ്മാവ് വര്‍ദ്ധിപ്പിക്കും.

പാരിസ്ഥിതിക പരിഗണനകള്‍ക്കപ്പുറം, പദ്ധതിയുടെ സാമ്പത്തിക സാധ്യതകളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മ്മിച്ച ശേഷം 2017ഓടെ ലാഭകരമായ രീതിയില്‍ കല്‍ക്കരി ഖനനം സാധ്യമാവുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. സമീപകാലത്ത് പദ്ധതിയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കല്‍ക്കരിയുടെ വില ലോക ശരാശരിയെക്കാള്‍ അധികമായിരിക്കുമെന്നും പദ്ധതിയുടെ സമ്പൂര്‍ണശേഷിയിലുള്ള ഉല്‍പാദനം തുടങ്ങാന്‍ 2022 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും യുഎസ് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എനര്‍ജി ഇക്കണോമിക്‌സ് ആന്റ് ഫിനാന്‍ഷ്യല്‍ അനാലിസിസ് കണക്കുകൂട്ടുന്നു. അങ്ങനെ, വരും വര്‍ഷങ്ങളില്‍ അദാനി കമ്പനി ഭീമമായ നഷ്ടത്തില്‍ കലാശിക്കും.

2014 നവംബറില്‍, ജി 20 രാജ്യങ്ങളുടെ തലവന്മാര്‍ ക്യൂന്‍സ് ലാന്‍ഡിന്റെ തലസ്ഥാനമായ ബ്രിസ്‌ബേനില്‍ ഒത്തുകൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാപാര സംഘത്തില്‍ ഗൗതം അദാനിയും എസ്ബിഐ മേധാവി അരുന്ധതി ബട്ടാചാര്യയും ഉണ്ടായിരുന്നു. അവരുടെ മടക്കയാത്രയില്‍, ബാങ്കും അദാനി ഗ്രൂപ്പും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചു. ഇപ്പോള്‍ ഉടമ്പടി ധാരണാപത്രം പിന്‍വലിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കുന്നു.

വളരെ കുറച്ച് അഭിമുഖങ്ങള്‍ മാത്രം അനുവദിച്ചിട്ടുള്ള അദാനി, മാധ്യമങ്ങളെ വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്ന ആളാണ്. അദ്ദേഹം പൊതുപ്രസ്താവനകളുടെ കാര്യത്തിലും വളരെ ശ്രദ്ധാലുവാണ്. എപ്പോഴും നിയമങ്ങള്‍ പാലിക്കുന്ന ആളാണ് താനെന്നും തന്റെ കമ്പനികള്‍ അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ സര്‍ക്കാരിന്റെ പിന്തുണ ആവശ്യമായതിനാലാണ് രാഷ്ട്രീയക്കാരുമായി അടുത്ത് പെരുമാറേണ്ടി വരുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

മോദിയുടെ ശത്രുക്കളും അസൂയാലുക്കളായ വ്യാപാര ശത്രുക്കളും അദ്ദേഹത്തെ വേട്ടയാടുന്നതായി അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. രാഷ്ട്രീയക്കാരോടുള്ള അദ്ദേഹത്തിന്റെ ദാനശീലത്തിന്റെയും മൈത്രീ മുതലാളിത്തം നിലനില്‍ക്കുന്നതിന്റെയും ബലത്തിലാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയെന്ന് എതിരാളികള്‍ ആക്ഷേപിക്കുന്നു. പ്രധാനമന്ത്രിയുടെ കാരുണ്യപൂര്‍ണമായ നോട്ടത്തിന്റെ കീഴില്‍ അദാനി ഗ്രൂപ്പ് ശക്തിയില്‍ നിന്നും ശക്തിയിലേക്ക് കുതിക്കുമോ? അതോ ഓസ്‌ട്രേലിയയില്‍ അത് ദഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ വിഴുങ്ങിയോ?

ഇത്തരം ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നല്‍കാന്‍ കാലത്തിന് മാത്രമേ സാധിക്കൂവെങ്കിലും, അദാനിമാരോടും അംബാനിമാരോടും വിനീതവിധേയരാണ് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ എന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കള്‍ വിശേഷിപ്പിക്കുകയും ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്യുമ്പോഴും നരേന്ദ്ര മോദിക്ക് പ്രത്യക്ഷത്തില്‍ അപമാനമൊന്നും തോന്നുന്നില്ല. എന്തുകൊണ്ടായിരിക്കും അത്?

ഒന്നുമല്ലെങ്കിലും, അദാനി കടം കൊടുത്ത വിമാനം ഉപയോഗിക്കുന്നതില്‍ നിന്നും മോദിയെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും നിയമത്തിനും സാധിച്ചില്ല.

http://www.azhimukham.com/india-adanigroup-scam-money-laundering-of-5000cr-corruption-deal-for-equipments-imported-for-powerplants/

(ഗവേഷണ സഹായം: ആനന്ദ് വര്‍ധന്‍)

(ദി സിറ്റിസണ്‍.ഇന്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Sources

1.http://www.livemint.com/Opinion/PSAjYMTctZg144dW94ODUL/The-death-of-a-1-billion-loan-agreement.html

2.http://www.livemint.com/Companies/LCFbfLzo9GBjVUdXNDIVQO/Adani-Group-in-talks-with-Korea-China-banks-for-Australia-p.html

3.http://www.outlookindia.com/printarticle.aspx?289708

4.http://www.dnaindia.com/india/report-gautam-adani-kidnapping-case-underworld-don-fazl-ur-rehman-produced-in-ahmedabad-court-2009969

5.http://www.bbc.com/news/world-asia-india-29658768

6.http://www.firstpost.com/business/corporate-business/modi-mundra-and-zeal-how-adani-made-it-to-top-10-indian-billionaire-list-2011805.html

7.http://articles.economictimes.indiatimes.com/2013-09-05/news/41802723_1_adani-group-wharton-india-economic-forum-gujarat-summit

8.http://www.outlookindia.com/printarticle.aspx?289708

9.http://articles.economictimes.indiatimes.com/2014-01-02/news/45799234_1_adani-group-dri-revenue-intelligence

10.http://www.thehindubusinessline.com/companies/adani-group-gets-rs-5500cr-tax-notice/article6022508.ece

11.http://www.dnaindia.com/bangalore/report-santosh-hegde-s-censure-hits-adani-share-prices-cuts-market-cap-by-rs22000-crore-1571045

12.http://www.aamaadmiparty.org/adani-group-under-investigation-for-money-laundering

13.http://www.thehindu.com/news/national/adani-group-md-held-for-evading-customs-duty/article114455.ece;

14. http://www.outlookindia.com/printarticle.aspx?289708

15. http://www.theguardian.com/australia-news/2015/mar/26/aboriginal-group-fights-to-stop-16bn-carmichael-coalmine17.

16. http://www.smh.com.au/federal-politics/political-news/concerns-at-barrier-reef-contractors-humanitarian-environment-record-20140904-10cgxk.html

17. http://in.reuters.com/article/2014/11/12/india-coal-imports-idINKCN0IW0FJ20141112

18.http://businesstoday.intoday.in/story/gautam-adani-group-australian-coal-mine-investment-analysis/1/213956.html;

19.https://in.finance.yahoo.com/news/why-adani-betting-10-bn-044252000.html; 20.http://www.abc.net.au/environment/articles/2014/07/28/4025069.htm; 21.http://www.theguardian.com/environment/2014/nov/18/carmichael-mine-environmental-impact-unknown-for-years

22.http://businesstoday.intoday.in/story/gautam-adani-group-australian-coal-mine-investment-analysis/1/213956.html

23. http://m.rediff.com/business/report/adanis-australia-project-faces-fresh-trouble/20150415.htm

24. http://businesstoday.intoday.in/story/gautam-adani-group-australian-coal-mine-investment-analysis/1/213956.html

25.http://www.theguardian.com/environment/2014/aug/01/-sp-great-barrier-reef-and-coal-mine-could-kill-it