കഴിഞ്ഞമാസവും മല കയറി, ശബരിമല വിധിയുടെ ഒന്നാം വര്‍ഷത്തില്‍ ബിന്ദു അമ്മിണി അനുഭവം പറയുന്നു

 
കഴിഞ്ഞമാസവും മല കയറി, ശബരിമല വിധിയുടെ ഒന്നാം വര്‍ഷത്തില്‍ ബിന്ദു അമ്മിണി അനുഭവം പറയുന്നു

2018 സെപ്തംബര്‍ 28-നാണ് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വച്ച സുപ്രീംകോടതിയുടെ ഉത്തരുവുണ്ടാവുന്നത്. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാന്‍ സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് ഉത്തരവിട്ട കോടതി വിധി വന്നത് മുതല്‍ കേരളത്തില്‍ അസ്വസ്ഥതകള്‍ പുകഞ്ഞു. വിധി നടപ്പാക്കുമെന്ന് സര്‍ക്കാരും നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരു വിഭാഗവും നേര്‍ക്കുനേര്‍ നിന്നു. ആദ്യമെടുത്ത നിലപാട് മാറ്റി സംഘപരിവാര്‍ സംഘടനകള്‍ ശബരിമല യുവതീ പ്രവേശനത്തിനെതിരെ നിലപാടെടുത്തതോടെ കേരളം സംഘര്‍ഷ ഭൂമിയായി. നിരവധി യുവതികള്‍ ശബരിമല സന്ദര്‍ശനത്തിനായി ഒരുങ്ങിയെങ്കിലും അവര്‍ക്കെല്ലാം പാതിവഴിയില്‍ മടങ്ങേണ്ടി വരികയും പലവിധ ആക്രമണങ്ങള്‍ക്ക് ഇരകളാവുകയും ചെയ്തു. ഇതിനിടയിലാണ് ഡിസംബര്‍ 31ന് രാത്രി എതിര്‍ക്കാന്‍ തയ്യാറായി നിന്നിരുന്ന സംഘപരിവാറുകാരുടെ കണ്ണ് വെട്ടിച്ച്‌ ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിക്കുന്നത്. സന്ദര്‍ശനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം മടങ്ങിയ ഇവരുടെ പിന്നീടുള്ള ജീവിതം ആക്രമണങ്ങളുടേയും ഭീഷണികളുടേയും നടുവിലായിരുന്നു. ശബരിമല യുവതീ പ്രവേശന വിധി പുറപ്പെടുവിച്ച്‌ ഒരു വര്‍ഷമാവുമ്ബോള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് ശേഷമുള്ള തങ്ങളുടെ ജീവിതം എന്തായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ബിന്ദു അമ്മിണി.

"നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നവരില്‍ നിന്നുണ്ടായ അതിക്രമങ്ങള്‍ നിറഞ്ഞതായിരുന്നു ആ ദിവസങ്ങള്‍. മനുഷ്യര്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. ജീവിതവും സ്വകാര്യതയും സഞ്ചാരസ്വാതന്ത്ര്യവും ഇല്ലാതായി. എന്നാല്‍ അതിനെയെല്ലാം മറികടന്ന് ഞങ്ങള്‍ സമൂഹത്തില്‍ ഭയമില്ലാതെ ഇറങ്ങി നടക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങള്‍ കയറിയതിന് ശേഷം തന്ത്രി നടത്തിയ ശുദ്ധികലശം തൊട്ടുകൂടായ്മയുടെ ഭാഗമാണെന്നതിനാല്‍ വക്കാലത്ത് ഒപ്പിട്ട് നല്‍കി. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ പോലീസ് സംരക്ഷണം തരാമെന്ന് പറഞ്ഞു. പോലീസുകാര്‍ സംരക്ഷണത്തിനായി ഒപ്പമുണ്ടായിരുന്നു. എന്നാല്‍ സമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ ധൈര്യമുള്ള എനിക്ക് പോലീസിന്റെ സംരക്ഷണം ഇനി ആവശ്യമില്ലെന്ന് തോന്നി. സെപ്തംബര്‍ ആറ് മുതല്‍ പോലീസ് സംരക്ഷണം ഇനി ആവശ്യമില്ല എന്ന് ഞാന്‍ ആവശ്യപ്പെട്ടതിനനുസരിച്ച്‌ അത് പിന്‍വലിച്ചു. ഇത് വ്യക്തിപരമായ വശം.

എന്നെ ആശ്ചര്യപ്പെടുത്തിയത് മറ്റൊന്നാണ്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്രത്തോളം ആചാരലംഘനത്തിനെതിരായി നിന്നു എന്നതാണ്. എല്ലാ പാര്‍ട്ടികളും വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വച്ച്‌ ഈ വിഷയത്തില്‍ ഇടപെട്ടു. ഒരു വശത്ത് കോടതി വിധി നടപ്പിലാക്കും എന്ന് പറയുന്നവര്‍ പോലും അതിനുള്ള തയ്യാറെടുപ്പുകളല്ല നടത്തിയതെന്നത് നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. എങ്ങനെ ഒരു യുവതിയെപ്പോലും ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുക എന്ന സമീപനമാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്. അതിനായി അവര്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ കണ്ണുവെട്ടിച്ചാണ് കയറിയത്. കഴിഞ്ഞ മാസവും ശബരിമലയില്‍ സന്ദര്‍ശനം നടത്തി. അപ്പോഴും സര്‍ക്കാരും പോലീസും എന്താണ് ചെയ്തതെന്ന് അറിയാം. സംഘപരിവാറുകാരേക്കാള്‍ പോലീസ് ആയിരുന്നു പ്രശ്‌നം. സംരക്ഷണം നല്‍കാനാണെന്ന പേരില്‍ വലിയ പരിശോധനകളും, വയസ്സ് പരിശോധനകളും, ഐഡികാര്‍ഡ് നോക്കിയുള്ള ചോദ്യം ചെയ്യലുകളുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് ചെയ്തത്. സംഘപരിവാറുകാര്‍ അന്വേഷിച്ചെത്തുന്നത് വരെ ഞങ്ങളെ പിടിച്ച്‌ നിര്‍ത്തുകയായിരുന്നു അവരുടെ ഉദ്ദേശം എന്നാണ് ബോധ്യപ്പെട്ടത്. സംരക്ഷണത്തിനാണെങ്കില്‍ എന്തിന് സ്ത്രീകളെ മാത്രം പരിശോധിക്കുന്നു. സിപിഎമ്മും സര്‍ക്കാരും ഈ വിഷയത്തില്‍ ഡബിള്‍ സ്റ്റാന്‍ഡ് ആണ് എടുത്തത്. ഒരു വശത്ത് യുവതികളെത്താതിരിക്കാനും പരമാവധി അവരെ തടയാനുമുള്ള കാര്യങ്ങള്‍ ചെയ്തിട്ട്, പുരോഗമനാശയം പ്രസംഗിക്കുകയും ചെയ്യുക എന്ന രണ്ട് വള്ളത്തില്‍ കാലിട്ടുകൊണ്ടുള്ള പരിപാടിയായിരുന്നു അത്. തങ്ങളുടെ തന്ത്രങ്ങള്‍ ക്ലച്ച്‌ പിടിക്കാന്‍ പോവുന്നില്ല എന്ന് മനസ്സിലായതോടെ ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും മുന്‍ നിലപാടുകളില്‍ നിന്ന് അയഞ്ഞു. എന്നാല്‍ അപ്പോള്‍ പുരോഗമനവാദം പ്രചരിപ്പിച്ച സര്‍ക്കാര്‍ ബിജെപിയുടെ സ്ഥാനത്തേക്ക് മാറി.

ഇപ്പോഴും എന്നെ കാണുമ്ബോള്‍ പല സ്ത്രീകളും പോസിറ്റീവ് ആയി സംസാരിക്കാറുണ്ട്. അവരില്‍ പലരും ശബരിമലയില്‍ പോവാന്‍ ആഗ്രഹിച്ചിരുന്നവരാണ്. എന്നാല്‍ ഭീഷണിയും അക്രമങ്ങളും ഭയന്ന് ആരും അനങ്ങിയില്ല. 'ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് നിങ്ങള്‍ ചെയ്തു' എന്ന പറഞ്ഞാണ് പല സ്ത്രീകളും എന്റെ അടുത്ത് വരാറ്. കുടുംബങ്ങളിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളാണ് പല സ്ത്രീകളേയും ശബരിമലയില്‍ പോവുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. കുടുംബപ്രശ്‌നവും കുട്ടികളുടെ കാര്യവും സംഘര്‍ഷങ്ങളും പറഞ്ഞ് പോലീസ് പരമാവധി സ്ത്രീകളെ പിന്തിരിപ്പിക്കാനാണ് നോക്കുന്നതെന്നത് മറ്റൊരു വസ്തുത.

ശബരിമലയില്‍ പോയ എനിക്ക് തെരുവില്‍ ഇറങ്ങാന്‍ ഇപ്പോള്‍ ഭയമില്ല. ജനങ്ങളില്‍ നിന്ന് വലിയ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഉണ്ടാവുന്നില്ല. സംഘപരിവാറുകാര്‍ അവരുടെ ഭീഷണികളും മുന്നറിയിപ്പുകളും തുടരുന്നുണ്ട്. എന്നാല്‍ പിന്നീട് അക്രമങ്ങള്‍ ഒന്നും ഉണ്ടായില്ല. എനിക്കൊപ്പം മലകയറിയ കനക ദുര്‍ഗയുടെ കുടുംബം ഇതോടെ തകര്‍ന്നു എന്നാണ് പലരും വിചാരിക്കുന്നത്. വര്‍ഷങ്ങളായി കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്ന കനകദുര്‍ഗക്ക് ഒറ്റയ്ക്ക് നില്‍ക്കാന്‍, സ്വാതന്ത്ര്യത്തോടെ ശ്വാസമെടുക്കാന്‍ ഒരു അവസരം ലഭിച്ചതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവര്‍ക്ക് അവരായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തതായിരുന്നു ശബരിമല സന്ദര്‍ശനം.