അഭയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു; കോണ്‍ഗ്രസ് നേതാക്കളില്‍ പലരും കോട്ടയം ബിഷപ്പും എതിരായി: ചെറിയാന്‍ ഫിലിപ്പ്

 
അഭയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു; കോണ്‍ഗ്രസ് നേതാക്കളില്‍ പലരും കോട്ടയം ബിഷപ്പും എതിരായി: ചെറിയാന്‍ ഫിലിപ്പ്

സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളില്‍ പലരും തനിക്കെതിരെ തിരിഞ്ഞിരുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്. 'അഭയ കേസില്‍ ഉണ്ടായ കോടതി വിധി എനിക്കും അഭിമാനകരമാണ്'എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ വെളിപ്പെടുത്തല്‍.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ അറിയിച്ചു. പ്രധാനമന്ത്രി നരസിംഹറാവുവിനും കത്തയച്ചു. കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖരായ പലരും എനിക്കെതിരായി. 1991ല്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരിക്കെ തനിക്കു വേണ്ടി പരസ്യമായി വന്നിരുന്ന കോട്ടയം ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി നേരില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചു. പിന്നീട് കൈരളി ടി.വിയില്‍ ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന പംക്തിയില്‍ അഭയ കേസ് പ്രത്യേക എപ്പിസോഡായി ഉള്‍പ്പെടുത്തിയിരുന്നു. ജോമോന്റെയും ആദ്യം കേസ് അന്വേഷിച്ച വര്‍ഗീസ് പി മാത്യുവിന്റെയും അഭിമുഖങ്ങള്‍ നേരിട്ടാണ് നടത്തിയത്. 28 വര്‍ഷത്തെ പോരാട്ടത്തില്‍ ജോമോനോടൊപ്പം നിന്ന എനിക്കും കോടതി വിധി വന്ന ഇന്ന് അഭിമാന മുഹൂര്‍ത്തമാണ്. ജോമോനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നതായും ചെറിയാന്‍ ഫിലിപ്പ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

അഭയ കേസില്‍ ഉണ്ടായ കോടതി വിധി എനിക്കും അഭിമാനകരമാണ്.

1993-ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഞാനാണ് അഭയയുടെ ജന്മനാട്ടിലെ ഒന്നാം ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്തത്. ഈ കേസ് സി.ബി ഐ അന്വേഷിക്കണമെന്ന് ഞാന്‍ ആ പൊതുയോഗത്തില്‍ പറഞ്ഞിരുന്നു. യോഗത്തിലേക്ക് എന്നെ ക്ഷണിച്ചത് ജോമോന്‍ പുത്തന്‍പുരയ്ക്കലാണ്.

അടുത്ത ദിവസം തന്നെ ഇക്കാര്യം മുഖ്യമന്ത്രി കെ.കരുണാകരനെ അറിയിച്ചു. പ്രധാനമന്ത്രി നരസിംഹറാവുവിനും കത്തയച്ചു. കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖരായ പലരും എനിക്കെതിരായി.

1991 ല്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എനിക്കു വേണ്ടി പരസ്യമായി വന്നിരുന്ന കോട്ടയം ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി എന്നെ നേരില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചു.

സി.ബി ഐ ഓഫീസിനു മുമ്പില്‍ഇ.കെ നായനാര്‍ ഉദ്ഘാടനം ചെയ്ത സത്യാഗ്രഹ സമരത്തില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഞാനും ഒരു മുഖ്യ പ്രാസംഗികനായിരുന്നു.

ഇക്കാര്യങ്ങളെല്ലാം ജോമോന്‍ പുത്തന്‍പുരയ്ക്കലിന് അറിയാം

അന്നു മുതല്‍ ഈ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യവും ജോമോന്‍ എന്നെ അറിയിച്ചിരുന്നു. കേസ് ഡയറി കണ്ടിരുന്നു.

കൈരളി ടി.വിയില്‍ പല തവണ ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന എന്റെ പംക്തിയില്‍ അഭയ കേസ് പ്രത്യേക എപ്പിസോഡായി ഉള്‍പ്പെടുത്തിയിരുന്നു. ജോമോന്റെയും ആദ്യം കേസ് അന്വേഷിച്ച വര്‍ഗീസ് പി മാത്യുവിന്റെയും അഭിമുഖങ്ങള്‍ ഞാന്‍ നേരിട്ടാണ് നടത്തിയത്.

ഇരുപത്തി എട്ടുവര്‍ഷത്തെ പോരാട്ടത്തില്‍ ജോമോനോടൊപ്പം നിന്ന എനിക്കും കോടതി വിധി വന്ന ഇന്ന് അഭിമാന മുഹൂര്‍ത്മാണ്. ജോമോനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു.