'അപകടകരമായ ഇമാജിനു'കള്‍; എല്ലാം അവള്‍ കാരണം എന്നാണോ കാവ്യ പറയുന്നത്!

 
'അപകടകരമായ ഇമാജിനു'കള്‍; എല്ലാം അവള്‍ കാരണം എന്നാണോ കാവ്യ പറയുന്നത്!

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവന്‍ പൊലീസിന് നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു. മനോരമ ന്യൂസ് വാര്‍ത്തയിലൂടെ പറയുന്ന ഈ വിവരങ്ങള്‍ പ്രകാരം, ദിലീപ്-മഞ്ജു വാര്യര്‍ ദാമ്പത്യം തകര്‍ത്തതിലും ഇപ്പോള്‍ താനും ദിലീപും അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ക്കും കാരണം പ്രസ്തുത നടിയാണെന്നാണ് കാവ്യയുടെ വാദം. 'എല്ലാം അവള്‍ കാരണം' എന്നു തന്നെയാണ് പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന്റെ സംശയപ്പട്ടികയില്‍ ഇടം പിടിക്കുകയും അറസ്റ്റ് ഭയന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു സമീപിക്കുകയും ചെയ്തിരുന്നു കാവ്യ. കാവ്യയേയും അമ്മയേയും കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിട്ടുമുണ്ട്. നടി ആക്രമിക്കപ്പെട്ടതില്‍ നേരിട്ട് ബന്ധമില്ലെങ്കിലും, തന്റെ സഹപ്രവര്‍ത്തകയായിരുന്ന പെണ്‍കുട്ടി ആക്രമിക്കപ്പെടുമെന്ന് മുന്‍കൂര്‍ അറിഞ്ഞിരിക്കുകയോ, ആക്രമിക്കപ്പെട്ടശേഷം അതെങ്ങനെ സംഭവിച്ചു എന്നു മനസിലാക്കുകയും കാവ്യ ചെയ്തിരുന്നുവെന്നായിരുന്നു പൊലീസിന്റെ സംശയം.

എന്നാല്‍ ഈ സംശയങ്ങള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നാണ് കാവ്യ മൊഴിയില്‍ പറയുന്നത്. സംഭവം നടന്നതിന്റെ പിറ്റേദിവസം ഗായിക റിമി ടോമി വിളിക്കുമ്പോഴാണ് താനീ വിവരം അറിയുന്നതെന്നാണ് കാവ്യ പറയുന്നത്.

http://www.azhimukham.com/dileep-says-actress-attacking-case-divorce-kavya-marriage/

കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി കൃത്യം നടത്തിയശേഷം കാക്കനാട് മാവേലിപുരത്ത് സ്ഥിതി ചെയ്യുന്ന ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരസ്ഥാപനത്തില്‍ എത്തിയിരുന്നതായി സമീപകടയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പറഞ്ഞിരുന്നു. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍, ജൂലൈ 10 ന് കേസ് അന്വേഷിക്കുന്ന സി ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ അപകീര്‍ത്തീകരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചിരിക്കാമെന്ന ഊഹമായിരുന്നു പൊലീസിന്.

കേസില്‍ പലഘട്ടങ്ങളിലായി കേട്ടിരുന്ന 'മാഡം' കാവ്യയാണെന്ന് സുനി തന്നെ വെളിപ്പെടുത്തിയിരുന്നു. കാവ്യയുടെ കുടുംബത്തിന്റെ ഡ്രൈവറായി ജോലി നോക്കിയിരുന്നതായും കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂരിലേക്കുള്ള യാത്രയില്‍ സുനിയായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. കാവ്യയുടെ ഫോണില്‍ നിന്നും താന്‍ ദിലീപിനെ വിളിച്ചിരുന്നതായി സുനിയും പറയുമ്പോഴും കാവ്യ സമര്‍ത്ഥിക്കുന്നത് തനിക്ക് സുനിയെ അറിയുകയേയില്ലെന്നാണ്.

ഈ കേസിലേക്ക് ദിലീപിനെ വലിച്ചിട്ടതും തന്നെ പ്രതി വിവാദങ്ങള്‍ ഉയര്‍ത്തുന്നതും മനഃപൂര്‍വം എന്നാണ് കാവ്യയുടെ മൊഴിയിലെ പരോക്ഷ ആരോപണം. ദിലീപ്-മഞ്ജു വാര്യര്‍ ദാമ്പത്യം തകരാന്‍ താനാണ് കാരണമെന്ന നിലയില്‍ വിവാദങ്ങളും വിമര്‍ശനങ്ങളും പടരുമ്പോള്‍, ദിലീപിന്റെ വിവാഹജീവിതം തകരുന്നതിന് പ്രസ്തുത നടിയാണ് കാരണമായി തീര്‍ന്നതെന്നാണ് കാവ്യ ഇപ്പോള്‍ പരാതി ഉന്നയിക്കുന്നത്. ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ 'ഇമാജിന്‍' ചെയ്തു പറയുന്ന വ്യക്തിയാണ് ആ നടിയെന്നാണ് കാവ്യ പറയുന്നത്. തന്നെയും ദിലീപിനേയും ചേര്‍ത്ത് പറഞ്ഞതെല്ലാം അവാസ്തവമായ കാര്യങ്ങളാണെന്നു തന്നെ കാവ്യ ഉറപ്പിക്കുകയാണ്. ഈ ആരോപണങ്ങളാണ് മഞ്ജു വാര്യരെ തെറ്റിദ്ധരിപ്പിച്ചതെന്നും പിന്നീടവരുടെ ദാമ്പത്യം തകരുന്നതിനു കാരണമായതെന്നും കാവ്യയുടെ വാക്കുകളിലുണ്ട്. താനും ദിലീപും നൃത്തം ചെയ്യുന്ന ഫോട്ടോ മഞ്ജുവിന് അയച്ചു കൊടുക്കുന്നതൊക്കെ നടിയായിരുന്നു. ഏതെങ്കിലും ഒരു വ്യക്തിയോടല്ല, സിനിമ മേഖലയിലുള്ളവര്‍ക്കിടയിലും തങ്ങളെ ഇരുവരെയും ചേര്‍ത്ത് അബദ്ധപ്രചാരണങ്ങള്‍ നടത്തിയെന്നും കാവ്യ കുറ്റാരോപണം നടത്തുന്നു. അഭിനേതാക്കളില്‍ ചിലര്‍ ഇക്കാര്യങ്ങള്‍ ദിലീപിനോട് നേരിട്ട് പറഞ്ഞിരുന്നതായും കാവ്യ പറയുന്നു. ഈ വിഷയത്തില്‍ തനിക്കുള്ള പരാതി ദിലീപ് മറ്റു ചിലരെ അറിയിക്കുകയും നടന്‍ സിദ്ദിഖ് ഇതിന്‍പ്രകാരം നടിയെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായും കാവ്യ മൊഴി നല്‍കുന്നു.

http://www.azhimukham.com/film-manju-warrier-should-be-appreciable-on-actress-attacking-case/

നടി ആക്രമിക്കപ്പെടുന്നത് ദിലീപിന് ഇരയോടുള്ള പകയുടെ ഫലമാണെന്നായിരുന്നു, ഗൂഡാലോചന കുറ്റത്തില്‍ നടനെ പ്രതി ചേര്‍ത്തുകൊണ്ട് പൊലീസ് പറയുന്നതും. തന്റെ കുടുംബജീവിതം തകര്‍ക്കുന്നത് നടിയാണെന്നും ഇതില്‍ നിന്നും ഉണ്ടായ പകയാണ് നടിക്ക് ഇത്തരത്തിലൊരു ശിക്ഷവിധിക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നുമാണ് അദ്ദേഹത്തിനെതിരേയുള്ള ആരോപണം. കാവ്യയുടെ മൊഴിയിലും പറയുന്നത് ദിലീപിന്റെ കുടുംബജീവിതം തകര്‍ക്കുന്നതില്‍ നടിയാണ് പങ്ക് വഹിച്ചതെന്നാണ്. എന്നാല്‍ അത് മന:പൂര്‍വം നടി നടത്തിയശ്രമങ്ങളാണെന്നും കാവ്യ ഉറപ്പിച്ചു പറയുകയാണ്. ദിലീപിനും കാവ്യക്കുമിടയില്‍ ഉണ്ടായിരുന്ന വഴിവിട്ട ബന്ധത്തെ കുറിച്ച് മഞ്ജു വാര്യര്‍ക്കു വിവരങ്ങള്‍ നല്‍കിയെന്നതാണ് നടിയോട് ദിലീപിനുണ്ടായ പകയുടെ കാരണമെന്നു പറയുന്നിടത്താണ്, കാവ്യ സമര്‍ത്ഥിക്കുന്നത് എല്ലാം ആ നടിയുടെ ഇമാജിനുകള്‍ ആയിരുന്നുവെന്ന്. കാവ്യയുടെ മൊഴി കേസില്‍ എത്രത്തോളം നിര്‍ണായകം ആകുമെന്നറിയില്ല... പക്ഷേ, ആ നടിക്കെതിരേ ഒരുവിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന വിചാരണയുടെ കുറ്റപത്രത്തില്‍ ഈ വിവരങ്ങള്‍ കൂടി ചേര്‍ത്തായിരിക്കും ഇനി വായിക്കപ്പെടുക...