'അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു'; അവര്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍ സ്വന്തം ആളുകളെ നിറക്കുന്നു: രാഹുല്‍ ഗാന്ധി

 
'അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു'; അവര്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍ സ്വന്തം ആളുകളെ നിറക്കുന്നു: രാഹുല്‍ ഗാന്ധി

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതല്‍ 77 വരെ ഇന്ത്യയില്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത് തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിലെ കോര്‍ണെലിയ സര്‍വ്വകലാശാല സംഘടിപ്പിച്ച വെബിനാറിനിടെ പ്രൊഫസറും സാമ്പത്തിക വിദഗ്ധനുമായ കൗഷിക് ഭാസുവുമായുള്ള അഭിമുഖത്തിലാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.

ഭരണഘടനാ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും താല്‍ക്കാലികമായി നിര്‍ത്തിവച്ച് മാധ്യമങ്ങളെ കര്‍ശനമായി നിയന്ത്രിക്കുകയും പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്ത അടിയന്തരാവസ്ഥ നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'അത് (അടിയന്തരാവസ്ഥ) തീര്‍ത്തും തെറ്റായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ മുത്തശ്ശിയും (ഇന്ധിരാ ഗാന്ധി) അങ്ങനെ പറഞ്ഞിട്ടുണ്ട്' - രാഹുല്‍ പറഞ്ഞു. എന്നാല്‍, അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചതും ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോള്‍ സംഭവിക്കുന്നത് തീര്‍ത്തും വ്യത്യസ്തമാണ്. ഭരണഘടനാ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് അവരുടെ ആളുകളെ നിറക്കുകയാണ്. അതുകൊണ്ടു തന്നെ, തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയാലും ഭരണഘടനാസ്ഥാപനങ്ങളെ ഉടനെയൊന്നും മോചിപ്പിക്കാനാകില്ല'- രാഹുല്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണെന്ന് അഭിപ്രായപ്പെടുന്ന ആദ്യത്തെയാളാണ് താനെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഈ ചോദ്യം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയെപ്പറ്റിയും പറഞ്ഞു കേള്‍ക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവജനസംഘടനകളിലും തെരഞ്ഞെടുപ്പ് എന്ന ആശയം താന്‍ മുന്നോട്ടുവെച്ചെന്നും അതിന്റെ പേരില്‍ നിരവധി തവണ തന്നെ മാധ്യമങ്ങള്‍ വേട്ടയാടിയെന്നും രാഹുല്‍ പറഞ്ഞു.