മതനിരപേക്ഷത വെല്ലുവിളി നേരിട്ട തിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിന്റെ ജയം; ഫലം വ്യാഖ്യാനിച്ച് രക്ഷപെടാനാണ് പ്രതിപക്ഷ ശ്രമം: എ വിജയരാഘവന്‍

 
മതനിരപേക്ഷത വെല്ലുവിളി നേരിട്ട തിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിന്റെ ജയം; ഫലം വ്യാഖ്യാനിച്ച് രക്ഷപെടാനാണ് പ്രതിപക്ഷ ശ്രമം: എ വിജയരാഘവന്‍

മതനിരപേക്ഷത വെല്ലുവിളി നേരിട്ട തിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് ജയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നു. ഇതിന്റെ ഗുണഫലങ്ങള്‍ ബിജെപിയും യുഡിഎഫും പങ്കിടുന്നു. വോട്ട് കച്ചവടത്തിലൂടെ നില മെച്ചപ്പെടുത്താനാണ് ബിജെപി ശ്രമിച്ചത്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം വ്യാഖ്യാനിച്ച് രക്ഷപെടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അത് ഇതിനേക്കാള്‍ വലിയ കുഴപ്പത്തിലാണ് യുഡിഎഫിനെ ചാടിക്കുകയെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഎം സെക്രട്ടേറിയേറ്റിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് അകപ്പെട്ടിട്ടുള്ള ആപത്ത് മനസിലാക്കണം. വടക്കന്‍ ജില്ലകളില്‍ മുസ്ലീം മതമൗലികവാദികളുമായി ആദ്യം സന്ധി ചേര്‍ന്ന് പരിക്ക് ഇല്ലാതാക്കാന്‍ ശ്രമിച്ചു. സ്വന്തം പരിക്ക് കുറയ്ക്കാന്‍ മുസ്ലിം ലീഗുണ്ടാക്കിയ ഈ സഖ്യം കേവല സഖ്യമല്ല. അത് മുസ്ലിം ലീഗിന്റെ മതമൗലികാവാദപരമായ പരിവര്‍ത്തനമാണ്. അതിന് മുന്നില്‍ കീഴ്‌പ്പെടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കേരള സമൂഹം അതിനെ എങ്ങിനെ കാണുന്നുവെന്ന് പോലും അവര്‍ ചിന്തിച്ചില്ല. ജനത്തെ വിലകുറച്ച് കണ്ടതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തകരാറ്. അതുകൊണ്ടാണ് ഇപ്പോഴത്തെ തോല്‍വി തിരിച്ചറിയാന്‍ പോലും സാധിക്കാത്തത്. ഒരു പരിശോധന പോലും നടത്താനാവാത്ത നിലയില്‍ അവര്‍ ചുരുങ്ങിപ്പോയി. ഭൂരിപക്ഷ വര്‍ഗീയ ധ്രുവീകരണവും ന്യൂനപക്ഷ വര്‍ഗീയ ധ്രുവീകരണവും രണ്ട് ഭാഗത്തായി ഉണ്ടായിരുന്നു. വര്‍ഗീയ ധ്രുവീകരണത്തിലൂടെ വിജയം നേടാനാണ് യുഡിഎഫ് ശ്രമിച്ചത്. വോട്ടുകച്ചവടത്തിലൂടെ വിജയം നേടാനായിരുന്നു ബിജെപി ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് മതനിരപേക്ഷത വലിയ വെല്ലുവിളി നേരിട്ടു.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ വിപുലീകരണം തുടങ്ങി എല്ലാ നിലകളിലും ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളുടെ ഫലമാണ് വിജയം. ചില മാധ്യമങ്ങളില്‍ നഗരങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റമെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അന്തിമ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മുനിസിപ്പാലിറ്റികളിലും ഇടതുമുന്നണിക്കാണ് മേല്‍ക്കോയ്മ. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച വിജയത്തിന്റെ തുടര്‍ച്ചയാണ് പ്രധാനം. തുടര്‍ സര്‍ക്കാര്‍ എന്നതിനുവേണ്ടിയുള്ള കാഴ്ചപ്പാടിന്റെയും വിപുലീകരണമാണ് ലക്ഷ്യമിടുന്നത്. കണക്കുകളെല്ലാം വന്നപ്പോള്‍ എല്‍ഡിഎഫിന് യുഡിഎഫിനെക്കാള്‍ കൂടുതല്‍ മുനിസിപ്പാലിറ്റികളും ഉണ്ട്. 1990നു ശേഷം ആദ്യമായാണ് ഭരിക്കുന്ന സര്‍ക്കാരിന് അനുകൂലമായി തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഉണ്ടായതെന്നതാണ് ഇത്തവണത്തെ സവിശേഷതയെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.