ദേശസുരക്ഷ പറഞ്ഞും കോണ്‍ഗ്രസിനെ തെറിവിളിച്ചും റാഫേല്‍ അഴിമതി എത്രനാള്‍ മൂടിവയ്ക്കും?

 
ദേശസുരക്ഷ പറഞ്ഞും കോണ്‍ഗ്രസിനെ തെറിവിളിച്ചും റാഫേല്‍ അഴിമതി എത്രനാള്‍ മൂടിവയ്ക്കും?

ലോക്‌സഭയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനുശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഒരു കാര്യം ചോദിച്ചു: "ഫ്രാന്‍സുമായി ഉണ്ടാക്കിയ റാഫോല്‍ യുദ്ധ വിമാനക്കരാറിനെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളോട് എന്തുകൊണ്ടാണ് അദ്ദേഹം പ്രതികരിക്കാതിരുന്നത്?"

മോദി ചിലപ്പോള്‍ ചെയ്‌തേക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രാലയം ഒരു അസാധാരണ പ്രവര്‍ത്തി ചെയ്തു. ഇന്നലെ വൈകിട്ട് 650 വാക്കുകളോളം വരുന്ന വിശദമായ ഒരു പ്രതികരണം മാധ്യമങ്ങള്‍ക്ക് നല്‍കി. 36 യുദ്ധ വിമാനങ്ങള്‍ വാങ്ങിയ കരാറിനെ കുറിച്ചും എന്തുകൊണ്ട് അതിലെ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല എന്നതുമായിരുന്നു വിശദീകരണത്തിലുണ്ടായിരുന്നത്.

എന്നിരുന്നാലും, മോദിയുടെ നിശബ്ദതയോ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണമോ കാര്യങ്ങളുടെ ഗൗരവം ഇല്ലാതാക്കുന്നില്ല. 2015-ലെ പാരീസ് സന്ദര്‍ശന സമയത്തായിരുന്നു ഇന്ത്യന്‍ വ്യോമസേനയ്ക്കുള്ള 36 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള മോദിയുടെ പ്രഖ്യാപനം വരുന്നത്.

തന്റെ ഒരൊറ്റ നടപടി കൊണ്ട് ഒരു ദശകത്തിലധികമായി നടന്നു വരുന്ന ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കുമാണ് മോദി അവസാനം കുറിച്ചത്. കുറഞ്ഞ വിലയ്ക്ക് യുദ്ധ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങാനും ഒപ്പം സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുകയുമായിരുന്നു ആ ചര്‍ച്ചകളുടെ ലക്ഷ്യം. 18 വിമാനങ്ങള്‍ പൂര്‍ണമായ രീതിയില്‍ കൈമാറുകയും 118 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കാനും അതിനാവശ്യമായ സാങ്കേതിക വിദ്യ ലഭിക്കുകയുമായിരുന്നു കരാറിന്റെ ഉള്ളടക്കം. എന്നാല്‍ തന്റെ ഒറ്റ നടപടികൊണ്ട് അതൊക്കെ ഇല്ലാതാക്കി എന്നു മാത്രമല്ല, പ്രതിരോധ മേഖലയില്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി 118 വിമാനങ്ങള്‍ ഇവിടെ നിര്‍മിക്കുക എന്ന ലക്ഷ്യവും കൂടിയാണ് മോദിയുടെ നടപടികൊണ്ട് അട്ടിമറിക്കപ്പെട്ടത്.

അതിനു പകരം ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്ന കരാര്‍ സര്‍ക്കാരുകള്‍ തമ്മിലാണ്. അതില്‍ സാങ്കേതിക വിദ്യ കൈമാറ്റം ഇല്ല എന്നു മാത്രമല്ല, വളരെ കൂടിയ വിലയ്ക്കാണ് യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതും. ഇതിനേക്കാള്‍ അമ്പരപ്പിക്കുന്ന ഒന്നു കൂടിയുണ്ട്: പൊതുമേഖലയിലുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് പകരം അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പായിരിക്കും വിമാനം ഇന്ത്യയിലെത്തിയ ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നു കൂടി ഫ്രഞ്ച് സര്‍ക്കാരിനെ കൊണ്ട് സമ്മതിപ്പിച്ചു.

Also Read: 1600 കോടി രൂപയ്‌ക്കൊരു കൊലപാതക യന്ത്രം

ഈ കരാറിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്, കടക്കെണിയില്‍ മുങ്ങി നിര്‍ല്‍ക്കുന്ന അനില്‍ അംബാനി ഒരു പ്രതിരോധ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശന സമയത്ത് അനില്‍ അംബാനിയും അവിടെയുണ്ടായിരുന്നു, ഫ്രഞ്ച് അധികൃതര്‍ക്ക് നിരവധി വാഗ്ദാനങ്ങളുമായി അയാള്‍ അതിലെ ചുറ്റി നടന്നു.

36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നായിരിക്കും. തെളിച്ചു പറഞ്ഞാല്‍ നഗ്നമായ അഴിമതിയാണ് ഇതില്‍ നടന്നിരിക്കുന്നത്. ഒന്ന്, മോദിയുടെ തീരുമാനം കൊണ്ട് വന്‍ സാമ്പത്തിക നഷ്ടമാണ് രാജ്യത്തിന്റെ ഖജനാവിന് ഉണ്ടാകുന്നത്. വളരെ കൂടിയ വിലയ്ക്ക് വിമാനം വാങ്ങുന്നതു വഴി ഒരു കരാര്‍ തന്നെ അദ്ദേഹം എഴുതിത്തള്ളുകയായിരുന്നു. രണ്ട്, ഇന്ത്യയില്‍ ഇതിന്റെ ബാക്കി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കമ്പനികളെ തെരഞ്ഞെടുത്തിരിക്കുന്നത് മികവിന്റെ അടിസ്ഥാനത്തിലല്ല. മൂന്ന്, വിലമതിക്കാനാവാത്ത എയ്‌റോസ്‌പേസ് സാങ്കേതിക വിദ്യയാണ് പുതിയ കരാര്‍ വഴി ഇന്ത്യക്ക് നഷ്ടമാകുന്നത്.

എന്നാല്‍, ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പ്രതിരോധ മന്ത്രാലയം ഇങ്ങനെ പറയുന്നു: "ഉടനടി ഉപയോഗിക്കാവുന്ന വിധത്തില്‍ 36 യുദ്ധ വിമാനങ്ങള്‍, സര്‍ക്കാരുകള്‍ തമ്മില്‍ 2016-ല്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ വാങ്ങാനുള്ള കരാറിനെ സംബന്ധിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. സാധാരണഗതിയില്‍ ഇത്തരം ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നതല്ല, എന്നാല്‍ ദേശീയ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന വിധത്തില്‍ ഉണ്ടാകുന്ന തുടര്‍ പ്രസ്താവനകള്‍ വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്".

Also Read: ഇനി ഇന്ത്യന്‍ സൈന്യത്തെ അംബാനിയും അദാനിയും നോക്കും

കരാറിനെ കുറിച്ചുള്ള വിശദാംശങ്ങളും വിമാനം വാങ്ങുന്ന വിലയുമടക്കമുള്ള കാര്യങ്ങള്‍ പുറത്തു പറയാന്‍ പറ്റില്ലെന്നും അത് 'confidentiality requirements'ന്റെ ഭാഗമാണെന്നും പറയുന്ന പ്രതിരോധ മന്ത്രാലയം ഇവ വെളിപ്പെടുത്തണമെന്ന് പറയുന്നത് 'unrealistic' ആയ ആവശ്യമാണെന്നും വാദിക്കുന്നു. സൈനികാവശ്യങ്ങള്‍ക്കായി ആയുധങ്ങള്‍ ഘടിപ്പിക്കുന്നതു പോലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഓരോ വിഭാഗങ്ങളിലുമായുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെളിപ്പെടുത്തുന്നത് സൈന്യത്തിന്റെ പ്രഹരശേഷിയെ ബാധിക്കുമെന്നും അതുവഴി ദേശീയ സുരക്ഷയെ തന്നെ ബാധിക്കുമെന്നും മന്ത്രാലയം പറയുന്നു.

"അത്തരം വിവരങ്ങള്‍ 2008-ല്‍ ഒപ്പുവച്ച സുരക്ഷാ കരാറിന്റെ് ഭാഗവുമായിരുന്നു. അതുകൊണ്ട് ഓരോ ഇനങ്ങള്‍ തിരിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താത്തതു വഴി, 2008-ല്‍ മുന്‍ സര്‍ക്കാര്‍ ഒപ്പു വച്ച ഇന്ത്യ-ഫ്രാന്‍സ് കരാറിനെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും പിന്തുടരുക മാത്രമാണ് ചെയ്തിട്ടുള്ളത്" എന്നും മന്ത്രാലയം പറയുന്നു.

എന്നാല്‍ ഇതിനു മുമ്പ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞത് കരാറിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തും എന്നാണ്. അതേ സമയം തിങ്കളാഴ്ച രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞതാകട്ടെ, കരാറിന് രഹസ്യാത്മകതയുള്ളതു കൊണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല എന്നാണ്. എന്നാല്‍ 2016 നവംബര്‍ 18-ന് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്രെ ഇക്കാര്യം ലോക്‌സഭയില്‍ വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ച് ഒരു യുദ്ധവിമാനത്തിന് വില 670 കോടി രൂപയാണ്. ഇതില്‍ ആയുധങ്ങള്‍ ഘടിപ്പിക്കല്‍, അഞ്ചു വര്‍ഷത്തേക്കുള്ള ലോജിസ്റ്റിക് സപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ കൂടി കണക്കാക്കിയാല്‍ 1640 കോടി രുപ വരും ഒരു വിമാനത്തിന് എന്നതാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. അതുകൊണ്ടു തന്നെ വന്‍ അഴിമതിയാണ് ഈ കരാറിലൂടെ നടന്നിരിക്കുന്നത് എന്നതാണ് ആരോപണം.

ഇപ്പോള്‍ ദേശസുരക്ഷ ഉയര്‍ത്തിയാണ് അഴിമതിയെ മറയ്ക്കാന്‍ ശ്രമിക്കുന്നത്. ദേശീയ സുരക്ഷ എന്നത് ഭരണാധികാരികള്‍ക്ക് തങ്ങളുടെ ക്രമക്കേടുകള്‍ മറയ്ക്കാനുള്ള ഉപാധിയായി മാറുന്നതാണ് ഇവിടെ നടക്കുന്നത്.

Also Read: അന്താരാഷ്ട്ര ആയുധ കമ്പോളത്തിലെ മോദിയുടെ കറക്കം