പഠനം പാല്‍പ്പാസയം ആക്കാന്‍ ; ഇവ ശ്രദ്ധിക്കാം

 
പഠനം പാല്‍പ്പാസയം ആക്കാന്‍ ; ഇവ ശ്രദ്ധിക്കാം

വലിയ മത്സരാധിഷ്ടിതമാണ് നമ്മളുടെ ലോകം. ഏറ്റവും വേഗത്തില്‍ ഏറ്റവും ഉയരത്തിലേക്ക് എന്നതാണ് എല്ലാവരുടേയും ലക്ഷ്യം. അതുകൊണ്ടു തന്നെ പ്രാധമിക തലം മുതല്‍ പഠനം വലിയ ശ്രമകരമായി തീരുന്നു. പഠിച്ചാലും പഠിച്ചാലും തീരാത്തവണ്ണം വിപുലമാണ് സിലബസുകള്‍ എന്നാണ് പല കുട്ടികളുടേയും പരാതി. ക്ലാസ് മുറിയിലെ പഠനം, നീണ്ട ട്യൂഷന്‍ സെഷനുകള്‍... പഠനം ബാലികേറാമല പോലെ ആയി തീരുന്നു പലപ്പോഴും. രക്ഷിതാക്കളുടെ അമിതമായ പ്രതീക്ഷകള്‍. അതുണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങള്‍. അതിനിടെ അഭിരുചിക്കൊത്ത വിഷയം പഠിക്കാനാവാതെ പോകുന്നതിന്റെ സമ്മര്‍ദ്ദങ്ങള്‍. ഇങ്ങനെ നിരവധി അനവധി പ്രശ്‌നങ്ങള്‍ നമ്മുടെ കുട്ടികളെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

കാര്യങ്ങള്‍ നേരാംവണ്ണം ചെയ്്താല്‍ പഠനം അത്രയ്ക്കങ്ങ് വിഷമകരമൊന്നുമാകില്ലെന്നതാണ് സത്യം. ശരിയായ പഠനശീലങ്ങള്‍ ഉണ്ടാക്കാനായാല്‍ ആസ്വദിച്ച് പഠിക്കാന്‍ ആവുമെന്നാണ് വിദ്യാഭ്യാസ പണ്ഡിതന്മാരും മറ്റും പറയുന്നത്. സാബ്രദായിക പഠനരീതികള്‍ക്കൊക്കെ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ക്ലാസ് മുറികളുടേയും പരീക്ഷാരീതികളുടേയും ഒക്കെ സ്വഭാവം തന്നെ മാറി. സൈബര്‍ ഇടങ്ങള്‍ നമ്മുടെ പഠനരീതികളെ തന്നെ വിലയ തോതില്‍ മാറ്റി മറിച്ചു. ഇക്കാലത്ത് ക്ലാസ് മുറിക്ക് പുറത്തെ പഠനത്തിന് സഹായകമായ ചില ടിപ്പുകള്‍ ചുവടെ:

1.പഠനത്തിനായി ഒരിടം

ഇക്കാലത്ത് പഠനത്തിനായി സ്വന്തം ഇടമുണ്ടാക്കുകയെന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. ഫ്‌ളാറ്റുകളുടേയും മറ്റും ഇഠാവട്ടത്ത് ജീവിക്കുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും. എങ്കിലും ഓരോ ഇടത്തേയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പഠനത്തിനായി സ്വന്തമായി ഒരിടം ഉണ്ടാക്കിയെടുക്കണം. ടെലിവിഷന്റേയും മറ്റും ശബ്ദപ്പെരുക്കങ്ങളില്‍ നിന്ന് കഴിയുന്നത്ര അകന്ന്. അത് നിങ്ങളുടെ കിടപ്പുമുറിയിലാണെങ്കിലും തരക്കേടില്ല. മറ്റ് തരത്തിലുള്ള ശല്യങ്ങള്‍ പരമാവധി കുറച്ച് സുഖരമായി ഇരുന്ന് പഠിയ്ക്കാനായി ഒരിടം.

വീട്ടില്‍ അങ്ങനെ ഒരിടം സാധ്യമല്ലെങ്കില്‍ ലൈബ്രറികളിലോ പാര്‍ക്കിലോ എന്തിന് അടുത്തുള്ള കോഫി ഷോപ്പിനോട് ചേര്‍ന്ന് പോലുമോ അത്തരം ഒരിടം കണ്ടെത്താന്‍ ശ്രമിക്കണം. വായിക്കുന്നതിനും വേണം ചിട്ട. നേരെ ഇരുന്ന് തന്നെ വായിക്കണം, കട്ടിലിലോ കോച്ചി കസേരയിലോ കിടന്ന് വായിക്കുന്ന ശീലം ഒഴിവാക്കണം.

2. മൊബൈല്‍ ഫോണ്‍ ദൂരം

പഠന സമയത്ത് മൊബൈല്‍ ഓഫ് ചെയ്ത് വെയ്ക്കുക. അല്ലെങ്കില്‍ ചങ്ങാതികളുടേയും മറ്റും സന്ദേശങ്ങളായും ട്വീറ്റുകളായും മറ്റും അവ നിങ്ങളെ അലോസരപ്പെടുത്തിയേക്കാം, ശ്രദ്ധയെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്‌തേക്കാം.

3. വയറ് നിറച്ചശേഷം പഠനം

വെറും വയറ്റില്‍ പഠിക്കാന്‍ ഇരിക്കരുത്. അത് നിങ്ങള്‍ക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. പഠിത്തം തുടങ്ങുന്നതിന് മുന്‍പ് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഉള്ളിലാക്കിയിരിക്കണം, പരീക്ഷ ഒക്കെ അടുത്ത സമയമായതുകൊണ്ട് നീണ്ട സമയത്തെ പഠനത്തിനായിട്ടാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഇടയ്ക്കിടെ കഴിയ്ക്കാനായി സ്‌നാക്കുകളും വെള്ളവും കൂടി എടുത്ത് വെയ്ക്കുന്നത് നന്നായിരിക്കും.

4. പഠനക്രമം വേണം

എന്ത്, എപ്പോള്‍, എങ്ങനെ, എത്രസമയം കൊണ്ട് പഠിയ്ക്കണം എന്നതിന് കൃത്യമായ റൂട്ട് മാപ്പ് വേണം. ഓരോ ദിവസത്തേയും ടാര്‍ജറ്റ് എത്തുന്നുണ്ടോയെന്നും വിലയിരുത്തണം. സമയക്രമവും മറ്റും തയാറാക്കുന്നതിന് സഹായിക്കുന്ന ആപ്പുകളും മറ്റും ഇപ്പോള്‍ ലഭ്യമാണെന്നതിനാല്‍ ഇക്കാലത്ത് ഇതൊന്നും വലിയ വിഷമകരമായ കാര്യമല്ല.

5. പകുത്ത് പഠിക്കുക

എല്ലാം കൂടി വാരിവലിച്ച് പഠിയ്ക്കാന്‍ ശ്രമിയ്ക്കരുത്. കൂടുതല്‍ കാര്യങ്ങള്‍ ഒരേ സമയത്ത് കുത്തി നിറച്ച് മനസ്സ് മടുപ്പിയ്ക്കരുത്. പഠിയ്ക്കാനുള്ള ഭാഗം കൃത്യമായി പകുത്ത് ഓരോ ദിവസവും അധികഭാരം വരാത്ത തരത്തില്‍ ക്രമീകരിക്കണം. അതുപോലെ തന്നെ നീണ്ട സമയം പഠനത്തിനായി മാറ്റിവെയ്ക്കരുത്. അങ്ങനെ വേണ്ടിവന്നാല്‍ അതിനിടെ ചെറു നടത്തത്തിനോ ഉല്ലാസപ്രവര്‍ത്തികള്‍ക്കോ സമയം കണ്ടെത്തണം. അല്ലെങ്കില്‍ വല്ലാത്ത വിരസത ഉണ്ടാകും.

6. പഠനത്തിനിടെ കുറിപ്പുകള്‍ തയാറാക്കണം

വായിച്ച് പോകുന്നതിനിടെ സ്വന്തം ഭാഷയില്‍ കുറിപ്പുകള്‍ തയാറാക്കുന്നത് പഠിതാവിന് കൂടുതല്‍ വ്യക്തത തരും. അതുകൊണ്ട് കുറിപ്പുകള്‍ തയാറാക്കി പഠിക്കുന്ന ശീലം സ്വായത്തമാക്കണം, പിന്നീട് പഠിച്ചവ ഓര്‍ത്തെടുക്കുന്നതിനും ഈ കുറിപ്പുകള്‍ സഹായിക്കും.

7. ഫ്‌ളാഷ് കാര്‍ഡുകള്‍ തയാറാക്കണം

പഠനകുറിപ്പുകള്‍ എടുക്കുന്നതിനിടെ കഴിയുന്നത്ര ഫ്‌ളാഷ് കാര്‍ഡുകള്‍ കൂടി ഉണ്ടാക്കണം. പഠിച്ച ഭാഗത്തിന്റെ കാതല്‍ ഒരു വാക്കിലോ ഏതാനോ വാക്കുകളിലോ ഉള്‍ക്കൊള്ളിച്ച് തയാറാക്കുന്ന ഫ്‌ളാഷ് കാര്‍ഡുകള്‍ ആവര്‍ത്തിച്ച് പരിശോധിക്കുന്നത് പഠിച്ചഭാഗം വീണ്ടും ഉറപ്പിക്കുന്നതിന് സഹായിക്കും. അതുപോലെ തന്നെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവാത്തതിലെ അവ്യക്തത നീക്കുന്നതിനും ഇത് ഗുണകരമായിരിക്കും. അത്തരം ഭാഗങ്ങള്‍ അധ്യാപകരുടേയും മറ്റും സഹായത്തോടെ ആവര്‍ത്തിച്ച് ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ഥികളെ ഇത്തരം കാര്‍ഡുകള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക് കും.

8. പഠച്ചാല്‍ പോര അത് വിലയിരുത്തുകയും വേണം

ലക്ഷ്യമിട്ട തരത്തില്‍ പഠനം മുന്നോട്ട് പോകുന്നുണ്ടോയെന്ന് കഴിയുമെങ്കില്‍ എല്ലാ ദിവസവും തന്നെ വിലയിരുത്തണം. അല്ലെങ്കില്‍ ആഴ്ചയില്‍ ഒരുവട്ടം. ഇത്തരം വിലയിരുത്തലില്‍ പഠനത്തിന്റെ പുരോഗതി മാത്രമല്ല പരിശോധിക്കേണ്ടത്, പഠിയ്ക്കാന്‍ ശ്രമിച്ച ഭാഗം സ്വന്തം നിലയില്‍ മനസ്സിലേക്ക് എത്തിയ്ക്കാനായില്ലെങ്കില്‍ അതിന് മറ്റുള്ളവരുടെ സഹായം ആവശ്യമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ കൂടി വിലയിരുത്താന്‍ ശ്രമിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായം തേടണം.

9. വേണം പരീക്ഷകള്‍ സ്വന്തം നിലയില്‍

പഠിച്ചഭാഗം വേണ്ട വണ്ണം ഉള്‍ക്കൊണ്ടുവോയെന്ന് പരിശോധിക്കുന്നതിനായി സ്വന്തം നിലയില്‍ ചെറു ടെസ്റ്റുകളും ക്വിസ്സുകളും നടത്തണം. പല പാഠഭാഗങ്ങളിലും ഇത്തരത്തിലുള്ള ചോദ്യാവലികള്‍ ഉള്ളതുകൊണ്ടുതന്നെ പലപ്പോഴും സ്വന്തം നിലയില്‍ അവ തയാറാക്കേണ്ട സാഹചര്യം ഉണ്ടാവുകയില്ല.

10. സ്വന്തം വഴി

ഈ പറഞ്ഞതൊക്കെ പൊതുവായ ചില സഹായക നിര്‍ദ്ദേശങ്ങള്‍ മാത്രം. ഓരോരുത്തരും സ്വന്തം വഴി കണ്ടെത്തുകയെന്നാണ് ഏറ്റവും പ്രധാനം. ഓരോരുത്തരും സ്വന്തം മാനസിക സവിശേഷതകള്‍ കണക്കിലെടുത്ത് രൂപപ്പെടുത്തുന്ന ക്രമമാകും ഏറ്റവും യോജ്യമാകുക. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് മുകളില്‍ വിവരിച്ചത്. അവയുടെ വെളിച്ചത്തില്‍ പഠനം ചിട്ടപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തം നിലയില്‍ ഒരു പഠനക്രമം രൂപപ്പെട്ടുവരും. അതാവും ഏറ്റവും ഉചിതമായ രീതി. അത് പിന്‍തുടരാനായാല്‍ പഠനം ഏറ്റവും ആസ്വാദ്യകരമായി തീരും. അ്ത്തരത്തില്‍ സ്വന്തം പാതവെട്ടി മുന്നോട്ട് പോകുന്നവരാണ് ജീവിതത്തില്‍ മറ്റാര്‍ക്കും കീഴ്‌പ്പെടുത്താനാവാത്ത ഉയരങ്ങള്‍ താണ്ടുന്നതും.