EXCLUSIVE: ഇതെന്തൊരു ജനാധിപത്യം? രാഷ്ട്രീയ പാര്‍ട്ടികളുടെ പോക്കറ്റിലേക്കൊഴുകുന്ന 'അജ്ഞാത' സംഭാവനയുടെ ബാങ്ക് കമ്മീഷന്‍ ജനമടയ്ക്കണം, തെരഞ്ഞെടുപ്പ് ബോണ്ടിന് ചെലവായത് 5 കോടിയിലധികം രൂപ

 
EXCLUSIVE: ഇതെന്തൊരു ജനാധിപത്യം? രാഷ്ട്രീയ പാര്‍ട്ടികളുടെ പോക്കറ്റിലേക്കൊഴുകുന്ന 'അജ്ഞാത' സംഭാവനയുടെ ബാങ്ക് കമ്മീഷന്‍ ജനമടയ്ക്കണം, തെരഞ്ഞെടുപ്പ് ബോണ്ടിന് ചെലവായത് 5 കോടിയിലധികം രൂപ

തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ വ്യവസ്ഥകള്‍ ചൂഷണം ചെയ്തു അജ്ഞാതരായ ദാതാക്കള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പണപ്പെട്ടി നിറയ്ക്കുമ്ബോള്‍, പദ്ധതിചിലവുകള്‍ വഹിക്കേണ്ടി വരുന്നത് സാധാരണക്കാരായ നികുതിദായകര്‍. പദ്ധതി നടപ്പിലാക്കാനാവശ്യമായ ബാങ്കിങ് ഫീ, കമ്മീഷന്‍, അച്ചടിച്ചിലവ് എന്നിവ കണ്ടെത്തുന്നത് സര്‍ക്കാരിന് ലഭിക്കുന്ന നികുതികളില്‍ നിന്നാണെന്നു അഴിമുഖത്തിനു ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

ബോണ്ടുകള്‍ വഴി സംഭാവന നടത്താന്‍ വേണ്ട സംവിധാനങ്ങളായ ബാങ്കിങ് ചാനലുകള്‍, അക്കൗണ്ടുകള്‍, അച്ചടി പ്രസ്സുകള്‍ എന്നിവയ്ക്കൊന്നും അജ്ഞാതനായ ദാതാവോ പണം സ്വീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയോ ഒരു രൂപ പോലും ചിലവാക്കുന്നില്ല. ഇന്ത്യയിലെ പൗരന്മാരുടെ നികുതിപ്പണം ചെന്നുചേരുന്ന കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ എന്ന നിധിയില്‍ നിന്നാണ് ഈ തുക ഈടാക്കുന്നത്. സാധാരണക്കാര്‍ ബാങ്കിടപാടുകള്‍ നടത്തുമ്ബോള്‍ ബാങ്കിങ് ഫീ, കമ്മീഷന്‍ എന്നിങ്ങനെ വിവിധ ചാര്‍ജുകള്‍ അടയ്ക്കേണ്ടി വരുന്നുണ്ടെന്നുള്ളത് ഇവിടെ ഓര്‍ക്കേണ്ടതാണ്. ഇന്ത്യന്‍ നികുതിദായകരെക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം ചെയ്യിപ്പിക്കുന്ന ഈ ദാനത്തിന്റെ ഗുണഫലങ്ങള്‍ ഏറെയും കിട്ടിയിട്ടുള്ളത് ബി.ജെ.പിയ്ക്കാണ്. ബോണ്ട് പദ്ധതി തുടങ്ങിയതിനു ശേഷം ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിട്ടുള്ള രാഷ്ട്രീയകക്ഷി ബി.ജെ.പിയാണ്. 2018-19 കാലയളവില്‍ ബി.ജെ.പിയ്ക്ക് സംഭാവനയായി കിട്ടിയ തുകയുടെ 60% ആയ 1,450 കോടി തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ നേടിയതാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇതിലെ ഖേദകരമായ വസ്തുത രാഷ്ട്രീയകക്ഷികള്‍ക്കു സംഭാവനയായി നല്‍കുന്ന തുകയ്ക്ക് ദാതാവിനു ആദായനികുതിയിളവ് ലഭിക്കും എന്നുള്ളതാണ്. കോടിക്കണക്കിനു ആസ്തിയുള്ള വ്യക്തികളും കമ്ബനികളും അവരുടെ ഇഷ്ടപാര്‍ട്ടിക്കു വലിയ തുകകള്‍ സംഭാവന നല്‍കുമ്ബോള്‍, ഇന്ത്യന്‍ ഖജനാവിലേക്ക് നികുതിയായി എത്തുന്ന തുക അത്രകണ്ട് കുറയും. തിരഞ്ഞെടുപ്പ് ബോണ്ട് പോലെ പ്രധാനപ്പെട്ട ഒരു പദ്ധതി രാജ്യസഭയുടെ പരിഗണയ്ക്കു പോകാതെ പാസാക്കി കിട്ടാന്‍ പണ ബില്ലായി അവതരിപ്പിച്ചതിന് 2017 ല്‍ ബി.ജെ.പി നല്‍കിയ ന്യായവും ഇത് തന്നെയാണെന്നുള്ളതാണ് വിചിത്രം.
ധനകാര്യവകുപ്പില്‍ നിന്ന് ലഭിച്ച ഫയല്‍ കുറിപ്പുകള്‍, മെമ്മോകള്‍, കത്തുകള്‍, വകുപ്പുതല രേഖകള്‍ എന്നിവ അഴിമുഖം പരിശോധിച്ചതില്‍ നിന്ന് മനസ്സിലായത് രാഷ്ട്രീയ സംഭാവനകള്‍ക്കുള്ള പദ്ധതിയ്ക്കായി പൊതുപണം ധൂര്‍ത്തടിക്കാനുള്ള തീരുമാനം പദ്ധതിരൂപീകരണഘട്ടത്തില്‍ തന്നെ എടുത്തിട്ടുള്ളതാണെന്നാണ്.
മേല്‍പ്പറഞ്ഞ രേഖകള്‍ പ്രകാരം, തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ നിയമാവലി പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുമ്ബോള്‍ അതില്‍ പണമടവ് സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ പിന്നീട് പൊതുജനങ്ങള്‍ക്ക് മുന്നിലെത്താതെ ധനകാര്യ വകുപ്പിന്റെയും പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെയും ആഭ്യന്തര രേഖകളില്‍ മറഞ്ഞു പോകുകയായിരുന്നു.
2017 ഫെബ്രുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി നടപ്പിലാക്കി തുടങ്ങിയത് 2018 ലാണ്. അന്ന് തൊട്ടു ഇന്ന് വരെ 14 തവണ ബോണ്ടുകളുടെ വില്പനയും അവയുടെ തുക ഈടാക്കലും നടന്നിട്ടുണ്ട്. ഇത്രയും പ്രവര്‍ത്തനങ്ങള്‍ക്കായി എസ്.ബി.ഐ സര്‍ക്കാരിന്റെ പക്കല്‍ നിന്നും എത്ര തുക കൈപ്പറ്റിയിട്ടുണ്ടെന്നു വിവരാവകാശ നിയമപ്രകാരം ചോദ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.എന്നാല്‍ ആക്ടിവിസ്റ്റായ റിട്ടയേര്‍ഡ് കോമോഡോര്‍ ലോകേഷ് ബത്ര വിവരാവകാശ നിയമപ്രകാരം നേടിയ രേഖകള്‍ വെളിവാക്കുന്നത് 2018 മാര്‍ച്ച്‌ തൊട്ടു 2019 മെയ് വരെയുള്ള കാലയളവില്‍ 10 ഘട്ടങ്ങളിലായി നടന്ന 5,832 കോടിയുടെ ബോണ്ട് വില്പനയുടെ കണക്കില്‍ എസ്.ബി.ഐ ധനവകുപ്പില്‍ നിന്നും 3.24 കോടി വാങ്ങിച്ചിട്ടുണ്ടെന്നാണ്.ഓരോ 1000 രൂപയുടെ ബോണ്ടിനും എസ്.ബി.ഐ സര്‍ക്കാരില്‍ നിന്നും ഈടാക്കുന്നത് 5.5 രൂപയാണ്. ഡിജിറ്റല്‍ ബോണ്ടുകള്‍ ആണെങ്കില്‍ 12 രൂപ അധികം ഈടാക്കുന്ന എസ്.ബി.ഐ കടലാസ്സില്‍ സൂക്ഷിക്കുന്ന ബോണ്ടുകള്‍ക്കു വാങ്ങുന്നത് 50 രൂപയാണ്.ഇതിനു പുറമെ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം എസ്.ബി.ഐക്ക് വേണ്ടി രഹസ്യ നമ്ബറും പ്രത്യേക സുരക്ഷാ സംവിധാനങ്ങളുമുള്ള ബോണ്ടുകള്‍ അച്ചടിക്കുന്ന നാസിക്കിലെ ഇന്ത്യന്‍ സെക്യൂരിറ്റി പ്രസ് (സര്‍ക്കാര്‍ സ്ഥാപനമായ സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്) ബോണ്ടൊന്നിന് സര്‍ക്കാരില്‍ നിന്ന് വാങ്ങുന്നത് 25 രൂപയാണ്.
ഈ തുകകള്‍ നിസ്സാരമാണെന്നു തോന്നാമെങ്കിലും ഒരു വ്യക്തി അഥവാ കമ്ബനി ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കു സംഭാവന നല്‍കുമ്ബോള്‍ അതിനു വേണ്ടി വരുന്ന ബാക്കി ചിലവുകള്‍ ഇതിലേതെങ്കിലും കക്ഷി വഹിക്കാതെ അത് പൊതുജനങ്ങളുടെ ചിലവായി മാറുന്നതെന്തിനാണെന്നു ചോദ്യം ഉയരേണ്ടതുണ്ട്.2017 ജനുവരിയില്‍, കേന്ദ്ര ധനവകുപ്പ് തെരഞ്ഞെടുപ്പു ബോണ്ടുകളെക്കുറിച്ചുള്ള റിസര്‍വ്വ് ബാങ്കിന്റെ അഭിപ്രായമാരാഞ്ഞപ്പോള്‍, ബാങ്ക് പദ്ധതിയെ അടച്ചെതിര്‍ക്കുകയാണ് ചെയ്തത്. 2017 സെപ്റ്റംബറില്‍ റിസര്‍വ് ബാങ്ക് അര്‍ദ്ധസമ്മതത്തോടെ പദ്ധതിയുടെ ഭാഗമായതിനു ശേഷം, 2017 സെപ്റ്റംബര്‍ 18 നു ധനവകുപ്പ് പ്രധാനപ്പെട്ട ഒരു ചോദ്യമടങ്ങുന്ന ആഭ്യന്തര രേഖ പുറത്തിറക്കി. 'തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൈകാര്യം ചെയ്യുകയും പുറത്തിറക്കുകയും ചെയ്യുന്ന ആര്‍.ബി.ഐ/മറ്റു ബാങ്കുകള്‍ എന്നിവയ്ക്കു കൊടുക്കേണ്ടുന്ന കമ്മീഷന്‍ എത്രയായിരിക്കണം?'എന്നതായിരുന്നു ആ ചോദ്യം.

ഈ ഘട്ടത്തില്‍, പദ്ധതി നടപ്പിലാക്കാന്‍ ആര്‍.ബി.ഐ തിരഞ്ഞെടുക്കുന്ന ബാങ്കുകള്‍ക് കിട്ടേണ്ട ഹാന്‍ഡ്ലിങ് ഫീ, കമ്മീഷന്‍ എന്നീ തുകകള്‍ ദാതാക്കളില്‍ നിന്നീടാക്കാതെ ആര്‍.ബി.ഐ തന്നെ നല്‍കണമെന്ന നിര്‍ദേശം ധനവകുപ്പ് മുന്നോട്ടു വച്ചു.

പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ തീരുമാനമായതിനു ശേഷമാണു ആര്‍.ബി.ഐയെ ചുമതല ഏല്പിച്ചതെങ്കിലും ധനവകുപ്പ് വിഭാവനം ചെയ്ത രീതിയില്‍ സഹകരിക്കാന്‍ ആര്‍.ബി.ഐ തയ്യാറായില്ല. അങ്ങനെയാണ് ബോണ്ട് പദ്ധതി നടപ്പിലാക്കാനും കൈകാര്യം ചെയ്യാനും എസ്.ബി.ഐ നിയമിക്കപ്പെടുന്നത്.

2017 ഒക്ടോബര്‍ 28 നു ധനവകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ(ബഡ്ജറ്റ്) പ്രശാന്ത് ഗോയല്‍ ഒരു ആഭ്യന്തര കുറിപ്പില്‍ ഇങ്ങനെയെഴുതി:'കടലാസിലുള്ള തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പുറത്തിറക്കാന്‍ നിസ്സാരമല്ലാത്ത തുക വേണ്ടി വരുന്നതിനാല്‍ അത് ദാതാവിന്റെ അടുത്ത് നിന്നും ഈടാക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ, ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ മൂല്യമുള്ള ബോണ്ടുകള്‍ മാത്രം പുറത്തിറക്കുന്നതാണ് അഭികാമ്യം.'

തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി നടപ്പിലാക്കാന്‍ ഗണ്യമായ ചെലവ് വരുമെന്നതിനു ഔദ്യോഗിക രേഖകളില്‍ കാണാവുന്ന ആദ്യത്തെ സ്ഥിരീകരണമായിരുന്നു ആ കുറിപ്പ്.

എന്നാല്‍, ആയിരക്കണക്കിന് കോടി രൂപ സംഭാവന ചെയ്യുന്ന ദാതാക്കള്‍ താരതമ്യേന തീരെ നിസ്സാരമായ കമ്മീഷന്‍ അടയ്ക്കണമെന്ന വ്യവസ്ഥ പിന്നീട് ധനവകുപ്പില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. പദ്ധതി നടപ്പിലാക്കാന്‍ ബാങ്ക് ചിലവഴിക്കുന്ന പണം സര്‍ക്കാര്‍ ബാങ്കിന് തിരിച്ചു കൊടുക്കുമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു. അതിനുള്ള തുക സര്‍ക്കാര്‍ കണ്ടെത്തേണ്ടതാകട്ടെ പൊതുഖജനാവില്‍ നിന്നും. അതായതു ജനങ്ങളില്‍ നിന്നും.

2017 നവംബറില്‍ തയ്യാറാക്കപ്പെട്ട, തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയുടെ കരട് നിയമാവലി ഈ കാര്യം സ്ഥിരീകരിച്ചു.

'പദ്ധതിനിര്‍വ്വഹണത്തിനായി ചുമതലപ്പെട്ട ബാങ്കിന് ഇതിനായി ചിലവാകുന്ന എല്ലാ തുകയും കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്കുന്നതായിരിയ്ക്കും', നിയമാവലിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

2017 ഡിസംബര്‍ 19 നു, ധനവകുപ്പിലെയും നീതിന്യായ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന കൂടിയാലോചനകള്‍ക്കു ശേഷം നിയമാവലിയുടെ രണ്ടാമത്തെ കരട് തയ്യാറായി. ഇതിന്‍പ്രകാരം എസ്.ബി.ഐക്ക് തിരികെ നല്‍കേണ്ട പദ്ധതിചിലവുകള്‍ സര്‍ക്കാര്‍ കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍ നിന്നാണ് എടുക്കുന്നതെന്ന വസ്തുത പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുന്ന നിയമാവലിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനമായി. പൊതുജനങ്ങള്‍ക്ക് സാധാരണഗതിയില്‍ അപ്രാപ്യമായ വകുപ്പ് തല ഉത്തരവിലൂടെ ഇക്കാര്യം പ്രസിദ്ധീകരിക്കാനും ധാരണയായി.

'തെരഞ്ഞെടുപ്പു ബോണ്ട് വാങ്ങുന്ന വ്യക്തി ബ്രോക്കറേജ്, കമ്മീഷന്‍ എന്നിങ്ങനെയുള്ള യാതൊരു തുകയും വേറെ നല്‍കേണ്ടതില്ല' എന്ന് മാത്രമാണ് കരട് നിയമാവലിയില്‍ ചേര്‍ത്തത്. ആ തുക ആരില്‍ നിന്നും കണ്ടെത്തുമെന്നതിനെക്കുറിച്ചു ഒരു വിശദീകരണവുമുണ്ടായില്ല.

എന്നാല്‍, സര്‍ക്കാരിന്റെ ബാധ്യത നിയമാവലിയില്‍ വ്യക്തമായി വിശദീകരിക്കണമെന്ന് എസ്.ബി.ഐ ആവശ്യപ്പെട്ടു.

'ബാങ്കിന് ചിലവാകുന്ന തുക കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്‍കുമെന്ന് വ്യക്തമാക്കുന്ന കരടിലെ പത്താം ഖണ്ഡികയിലെ (ബി) ഉപഖണ്ഡിക നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്', എസ്.ബി.ഐയുടെ റുപ്പീ മാര്‍ക്കറ്റ്‌സ് ഡിവിഷനിലെ ചീഫ് ജനറല്‍ മാനേജരായ ജി.രവീന്ദ്രനാഥ് 2017 ഡിസംബര്‍ 7 നു ധനവകുപ്പിന് നല്‍കിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 'ഈ വ്യവസ്ഥ നിയമാവലിയില്‍ തിരികെ ചേര്‍ക്കണമെന്ന് ബാങ്ക് കരുതുന്നു. അല്ലാത്തപക്ഷം പദ്ധതിച്ചിലവ് ബോണ്ട് വാങ്ങുന്ന ആളില്‍ നിന്ന് കണ്ടെത്താന്‍ ബാങ്കിനെ അനുവദിക്കണം.'

എസ്.ബി.ഐയുടെ ഈ ആവശ്യം തള്ളപ്പെട്ടു. പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ച നിയമാവലിയില്‍ ബോണ്ട് വാങ്ങുന്നയാളോ സ്വീകരിക്കുന്നയാളോ പദ്ധതിച്ചിലവ് വഹിക്കില്ലെന്നുള്ള വസ്തുത സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയില്ല. ഈ തുക പൊതുഖജനാവില്‍ നിന്നെടുക്കുമെന്നുള്ള കാര്യവും സൗകര്യപൂര്‍വം ഒഴിവാക്കി.

2018 മാര്‍ച്ചില്‍ ആദ്യഘട്ട ബോണ്ട് വില്പന നടന്നു. അധികം വൈകാതെ, 2018 ഏപ്രില്‍ 4നു, പദ്ധതിച്ചിലവും കമ്മീഷന്‍ തുകയും നല്‍കണമെന്നാവശ്യപ്പെട്ട് എസ്.ബി.ഐ ധനവകുപ്പിന് കത്തയച്ചു. ഇത്തരത്തില്‍ ഓരോ ഘട്ടം വില്പനയ്ക്ക് ശേഷവും എസ്.ബി.ഐ സര്‍ക്കാരിന് ചിലവായ തുക കാണിച്ചുള്ള രസീതുകള്‍ അയച്ചു കൊണ്ടിരുന്നു. 2019 മെയ് 27 വരെ സര്‍ക്കാരിന് ഈ വിഷയത്തില്‍ ലഭിച്ച കത്തുകള്‍ അഴിമുഖത്തിന്‍്റെ പക്കലുണ്ട്
സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും ബോണ്ട് അച്ചടിച്ച ഇനത്തിലുള്ള തുക ആവശ്യപ്പെട്ടു ധനവകുപ്പിന് കത്തയച്ചു. 2018 ഒക്ടോബര്‍ ആയപ്പോഴേക്കും അതീവ സുരക്ഷയുള്ള നാസിക്കിലെ അച്ചടി പ്രസ്സിന് സര്‍ക്കാര്‍ കൊടുക്കേണ്ട തുക 1.67 കോടിയായി. ഇത് പിന്നീട് ധനവകുപ്പ് എങ്ങനെയോ അടച്ചു തീര്‍ത്തു.

പന്ത്രണ്ടു ഘട്ടങ്ങളായി ഇതുവരെ നടന്ന ബോണ്ട് വില്പനയുടെ പത്താം ഘട്ടം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ എസ്.ബി.ഐയ്ക്ക് നല്‍കാനുള്ളത് 3.24 കോടിയായിരുന്നു. ബോണ്ടുകള്‍ വഴിയുള്ള രഹസ്യ സംഭാവന സര്‍ക്കാര്‍ ഓരോ തവണ തുടങ്ങുമ്ബോഴും പൗരന്മാര്‍ അതിന്റെ ചെലവ് വഹിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. ഡല്‍ഹി തിരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പ് സര്‍ക്കാര്‍ തുടങ്ങുന്ന പതിമ്മൂന്നാം ഘട്ട ബോണ്ട് വില്പനയുടെ പേരില്‍ പൊതുജനം അടയ്ക്കേണ്ടി വരുന്ന തുക എത്രയാണെന്ന് ഫെബ്രുവരി 2020 ല്‍ മാത്രമേ അറിയുകയുള്ളൂ.അതും ഈ വിഷയത്തില്‍ വിവരാവകാശ നിയമത്തിനു കീഴില്‍ ഫയല്‍ ചെയ്ത ചോദ്യങ്ങള്‍ക്കു എസ്.ബി.ഐ മറുപടി നല്‍കുകയാണെങ്കില്‍ മാത്രം.

തിരഞ്ഞെടുപ്പ് ബോണ്ട് കുംഭകോണം - ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടതെങ്ങനെ? ഞെട്ടിക്കുന്ന രേഖകള്‍ പുറത്ത്