EXCLUSIVE: തെരഞ്ഞെടുപ്പ് ബോണ്ട് കുംഭകോണത്തിന് ഭരണഘടനയെ അട്ടിമറിച്ചു, നിയമ ഭേദഗതി രാജ്യസഭയില്‍ അവതരിപ്പിക്കാതിരുന്നത് ക്രമവിരുദ്ധമായി; കോര്‍പറേറ്റ് മന്ത്രാലയത്തിന്‍്റെ നിര്‍ദ്ദേശം പുറത്ത്

 
EXCLUSIVE: തെരഞ്ഞെടുപ്പ് ബോണ്ട് കുംഭകോണത്തിന് ഭരണഘടനയെ അട്ടിമറിച്ചു, നിയമ ഭേദഗതി രാജ്യസഭയില്‍ അവതരിപ്പിക്കാതിരുന്നത് ക്രമവിരുദ്ധമായി; കോര്‍പറേറ്റ് മന്ത്രാലയത്തിന്‍്റെ നിര്‍ദ്ദേശം പുറത്ത്

തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിനെ സംബന്ധിച്ചും, തെരഞ്ഞെടുപ്പ് ബോണ്ടുകളെ സംബന്ധിച്ചുമുള്ള പല നിയമങ്ങളും നിര്‍മ്മിക്കുന്നതില്‍ നിയമകാര്യ മന്ത്രാലയം അനാവശ്യമായ തിടുക്കം കാണിച്ചിരുന്നതായി തെളിയുന്നു. ഇത്തരം നിയമങ്ങള്‍ പാസാക്കാന്‍ രാജ്യസഭയുടെ കൂടി അനുമതി വേണമെന്ന പാര്‍ലിമെന്ററി ചട്ടത്തെ മറികടന്നുകൊണ്ട് ഭരണഘടന വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്.

വ്യാജ കമ്ബനികള്‍ക്ക് പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാവുന്ന തരത്തില്‍ നിയമ വിരുദ്ധ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചകള്‍ ഔദ്യോഗിക മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടില്ല. അതെല്ലാം പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചകളായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് നിയമവിരുദ്ധവും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവുമാണ്. ബിജെ പി നേതൃത്വം നല്‍കുന്ന സര്‍ക്കാരിലെ നിയമകാര്യ മന്ത്രാലയം തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിനായുള്ള ഈ തിരിമറികള്‍ക്ക് സമ്മതം നല്‍കിക്കൊണ്ട് പുറത്തിറക്കിയ രണ്ടു പേജുള്ള കുറിപ്പില്‍ 'ഇതൊരു കീഴ് വഴക്കമായി കണക്കാക്കരുത്'എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടികള്‍ക്ക് കൂട്ടുനിന്നിരിക്കുന്നത് എന്ന് അഴിമുഖത്തിന് ലഭിച്ച രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.സ്വകാര്യ വ്യക്തികള്‍ക്കും, കോര്‍പറേറ്റുകള്‍ക്കും മറ്റു എന്‍ ജി ഓകള്‍ക്കും പരിധിയില്ലാത്തത്ര പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി സംഭാവന ചെയ്യാന്‍ വഴിയൊരുക്കുന്ന തെരഞ്ഞെടുപ്പു ബോണ്ടുകള്‍ 2017 ലെ കേന്ദ്ര ബജറ്റിലാണ് അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചത്.
ഇത്തരമൊരു നിയമം അവതരിപ്പിക്കുന്നതിനായി നിലനില്‍ക്കുന്ന വ്യവസ്ഥകളില്‍ ഒട്ടനവധി മാറ്റങ്ങള്‍ വരുത്തേണ്ടതായിട്ടുണ്ട്. പ്രധാനമായും കമ്ബനി ആക്ടിന്റെ ചില വകുപ്പുകള്‍, അതായത്, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്കു മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാന്‍ അനുവാദമുള്ളൂ എന്ന നിബന്ധന, എടുത്തുകളയുകയാണ് പുതിയ പരിഷ്‌കാരങ്ങളിലൂടെ ആദ്യം ചെയ്തത്.

എന്ന് മാത്രമല്ല ഇന്ത്യയില്‍ നിലനിന്നിരുന്ന നിയമങ്ങള്‍ പ്രകാരം കമ്ബനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ക്കു ഒരു പരിധി നിശ്ചയിച്ചിരുന്നു. കൂടാതെ ആര്‍ക്കാണ് സംഭാവന നല്‍കുന്നത് എന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തവും കമ്ബനികള്‍ക്കുണ്ടായിരുന്നു. അത്തരം നിബന്ധനകളും എടുത്തുമാറ്റുവാന്‍ ഈ പുതിയ നിയമ പരിഷ്‌കരണങ്ങള്‍ക്കൊണ്ടു സര്‍ക്കാരിന് സാധിച്ചു.

തങ്ങള്‍ക്കു ഭൂരിപക്ഷമില്ലാതിരുന്ന രാജ്യസഭയില്‍ ഈ നിയമങ്ങള്‍ പാസാക്കിയെടുക്കാന്‍ ബുദ്ധിമുട്ടാകും എന്ന് മനസിലാക്കിയ ബി ജെ പി നിയമ പരിഷ്‌കാരങ്ങളുടെ ഈ കരട് രാജ്യസഭയില്‍ അവതരിപ്പിച്ചില്ല.

എന്‍ സി പി ആര്‍ ഐ അംഗവും വിവരാവകാശ പ്രവര്‍ത്തകനുമായ സൗരവ് ദാസ് കണ്ടെടുത്ത രേഖകള്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായി, തെരഞ്ഞെടുപ്പു ബോണ്ടുകളെ കുറിച്ചുള്ള ബില്ല് രാജ്യസഭയിലവതരിപ്പിക്കാതെ എങ്ങനെ പാസാക്കിയെടുത്തുമെന്നു വ്യക്തമാക്കുന്നുണ്ട്. നിലനിനില്‍ക്കുന്ന നിയമങ്ങളും നിബന്ധനകളും മറികടന്നുകൊണ്ട് മണി ബില്ലായി അവതരിപ്പിച്ചുകൊണ്ട് ഈ ബില്ല് പാസാക്കിയെടുക്കുകയായിരുന്നു. ഭരണഘടനയുടെ നൂറ്റിപ്പത്താം വകുപ്പ് പ്രകാരം മണി ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കേണ്ടതില്ല.

അരുണ്‍ ജെയ്റ്റ്ലിക്ക് കീഴിലുണ്ടായിരിക്കുന്ന കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, പ്രസ്തുത നിയമം മണി ബില്ലായി പാസാക്കിയെടുക്കുന്നതിനെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്കായി നിയമകാര്യ മന്ത്രാലയത്തെ സമീപിച്ചതായി കാണാം. നിയമകാര്യ മന്ത്രാലയമാകട്ടെ 'കൃത്യമായി പരിശോധിച്ചാല്‍ ഇതിനെ മണി ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയില്ല' എന്ന് കുറിപ്പെഴുതിയെങ്കിലും അതിനു അനുമതി നല്‍കുകയായിരുന്നു.

ഇതിന്റെ ബലത്തിലാണ് ഭാവിയില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സാരമായി ബാധിക്കുവാന്‍ പോകുന്ന തെരഞ്ഞെടുപ്പു ബോണ്ടുകളെ സംബന്ധിച്ച നിയമം ബി ജെ പിയ്ക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ അവതരിപ്പിക്കാതെ പാസാക്കിയെടുത്തത്.

ഇതേ വിഷയത്തെ കുറിച്ചു കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തോടും, നിയമകാര്യ മന്ത്രാലയത്തോടും പ്രമുഖ ദേശീയ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ഹഫ് പോസ്‌റ് ഇന്ത്യ വിശദമായ അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടു കത്തുകളയച്ചുവെങ്കിലും മറുപടി ലഭിച്ചില്ല.

2017ല്‍ ബി ജെ പി നേതാവായ അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര സര്‍ക്കാരില്‍ രണ്ടു പ്രധാനപ്പെട്ട പദവികള്‍ വഹിച്ചിരുന്നു; ഇന്ത്യയുടെ ധനകാര്യ മന്ത്രിയായും കോര്‍പ്പറേറ്റുകാര്യ മന്ത്രിയായും ഒരേസമയം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന് തിരഞ്ഞെടുപ്പു ബോണ്ടുകള്‍ പാസാക്കിയെടുക്കാന്‍ രണ്ടു വകുപ്പുകളുടെയും നിയന്ത്രണമാവശ്യമായിരുന്നു.

2017 മാര്‍ച്ച്‌ എട്ടിന് തിരഞ്ഞെടുപ്പു ബോണ്ടുകളെ സംബന്ധിച്ച കരടുള്‍പ്പെടുന്ന മണി ബില്ലും ബഡ്ജറ്റും അവതരിപ്പിച്ചതിന് ആഴ്ചകള്‍ക്കുശേഷം കോര്‍പ്പറേറ്റ് കാര്യ മന്ത്രിയെന്ന നിലയ്ക്ക് സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥന്മാരുമായി കമ്ബനീസ് ആക്ടിന്റെ ചില വകുപ്പുകളില്‍ ഭേദഗതികള്‍ വരുത്തുന്നതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. കമ്ബനികളിലെ സ്വതന്ത്ര ഡയറക്ടര്‍മാര്‍, അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചായിരുന്നു പ്രധാനമായും ചര്‍ച്ചകള്‍.

എന്നാല്‍ അഴിമുഖം പുറത്തുവിട്ട രേഖകള്‍ പ്രകാരം തെരഞ്ഞെടുപ്പു ബോണ്ടുകളെ സംബന്ധിച്ചോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള സംഭാവനകളെ സംബന്ധിച്ചുള്ള യാതൊരു ചര്‍ച്ചകളും അന്ന് നടന്നിരുന്നില്ല.

എന്നാല്‍ ഒരാഴ്ചക്ക് ശേഷം മാര്‍ച്ച്‌ പതിനാറിന് കമ്ബനി നിയമത്തില്‍ ഒരു പുതിയ ഭേദഗതി കൂടി ചേര്‍ക്കുകയുണ്ടായി. വ്യാജ കമ്ബനികള്‍ക്കു രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാനുള്ള വഴിയൊരുക്കുന്നതായിരുന്നു ഈ ഭേദഗതി. എന്നാല്‍ മാര്‍ച്ച്‌ എട്ടിന് ചേര്‍ന്ന യോഗത്തിന്റെ അജണ്ടയില്‍ ഇത്തരമൊരു യോഗത്തെ സംബന്ധിച്ചു യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല.

'മേല്പറഞ്ഞവയോടൊപ്പം കമ്ബനി ആക്‌ട് 2013ലെ 182 സെക്ഷനിലും ഭേദഗതി വരുത്തുന്നതായിരിക്കും (രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകളില്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നതായിരുന്നു പ്രസ്തുത വകുപ്പ്) എന്തെന്നാല്‍ തെരഞ്ഞെടു പ്രവര്‍ത്തനങ്ങളിലെ പണമിടപാടുകളില്‍ സര്‍ക്കാര്‍ വരുത്താന്‍ പോകുന്ന പരിഷ്‌കാരങ്ങള്‍ക്കു സഹായകമാകാന്‍ മേല്പറഞ്ഞ നിയമഭേദഗതി ആവശ്യമായി വരും.

കമ്ബനി ആക്ടില്‍ വരുത്തിയ ഭേദഗതികളില്‍ രണ്ടെണ്ണം പ്രധാനപ്പെട്ടവയാണ്.

നിലനിന്നിരുന്ന നിയമപ്രകാരം കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങളുടെ മൂന്നു വര്‍ഷത്തെ ശരാശരി ലാഭത്തിന്റെ ഏഴര ശതമാനം മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവനയായി നല്‍കുവാന്‍ അധികാരമുണ്ടായിരുന്നുള്ളു. 2017ലെ നിയമഭേദഗതി ആദ്യം തന്നെ ഈ നിയന്ത്രണം എടുത്തുകളയുകയാണ് ചെയ്തത്. ഇതിനോടോടൊപ്പം തന്നെ സംഭാവന നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പേരും രഹസ്യമായിവയ്ക്കുവാനുള്ള അധികാരം ഈ നിയമനിര്‍മ്മാണത്തിലൂടെ കോര്‍പറേറ്റുകള്‍ക്കു ലഭിച്ചു.

ആരാണ് പ്രസ്തുത ഭേദഗതി മുന്നോട്ടു വെച്ചത് എന്ന് കുറിപ്പില്‍ പറയുന്നില്ലെങ്കിലും, ധനകാര്യ മന്ത്രാലയത്തിനു കീഴിലെ റവന്യൂ വകുപ്പും കോര്‍പറേറ്റ് മന്ത്രാലയവും തമ്മില്‍ ജനുവരി എട്ടിന് അരുണ്‍ ജയ്റ്റ്‌ലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ അനൗപചാരിക ചര്‍ച്ചകളുടെ ഫലമായാണ് ഈ ഭേദഗതികള്‍ നടപ്പിലാക്കിയതെന്നു വ്യക്തമാകുന്നുണ്ട്.

ഈ അനൗപചാരിക ചര്‍ച്ചകള്‍ക്ക് ആരാണ് നേതൃത്വം നല്‍കിയതെന്ന് പറയുന്നില്ലെങ്കിലും, ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുകളില്‍ പറഞ്ഞ രണ്ടു ഭേദഗതികളും കമ്ബനി ആക്ടിന്റെ ഭാഗമായി ചേര്‍ത്തു 2017ലെ മണി ബില്ലിന്റെ കൂടെ ഉള്‍പ്പെടുത്തി ഫെബ്രുവരി ഒന്നാം തിയ്യതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആ സമയത്ത് ലോക്‌സഭാ ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടത്തിയിട്ടില്ലായിരുന്നു.

സര്‍ക്കാരിന്റ പ്രവര്‍ത്തനങ്ങളും നടപടി ക്രമങ്ങളും നടപ്പിലാക്കുന്നതിനെയും രേഖപ്പെടുത്തുന്നതിനെയും കുറിച്ചുള്ള രീതികള്‍ പ്രധാനമന്ത്രിയുടെ കീഴില്‍ വരുന്ന പേഴ്‌സണല്‍ പബ്ലിക്ക് ഗ്രീവന്‍സ് ആന്റ് പെന്‍ഷന്‍സ് വകുപ്പാണ് തീരുമാനിക്കുന്നത്.

ഈ വകുപ്പിന്റെ ചട്ടങ്ങള്‍ പ്രകാരം രണ്ടു വകുപ്പിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ അവ നേരിട്ടുള്ളതോ അല്ലാത്തവയോ ആകട്ടെ, ഉടന്‍ തന്നെ അതിന്റെതായ ഫയലുകളില്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്നു നിഷ്‌കര്‍ഷിക്കുന്നു. അതിനോടൊപ്പം തന്നെ ഉദ്യോഗസ്ഥര്‍ വാക്കാലുള്ള ഉത്തരവുകള്‍ അനുസരിക്കേണ്ടതില്ല എന്നും വ്യക്തമാകുന്നു. എന്ന് മാത്രമല്ല സുപ്രീം കോടതി തന്നെ അനൗപചാരിക ചര്‍ച്ചകളിലൂടെ എടുക്കുന്ന തീരുമാനങ്ങളും വാക്കാലുള്ള ഉത്തരവുകളും വിലക്കിയിട്ടുമുണ്ട്.

2013 ഒക്ടോബര്‍ പതിമൂന്നിന് ടി എസ് ആര്‍ സുബ്രഹ്മണ്യം v/s ഇന്ത്യന്‍ സ്റ്റേറ്റ് എന്ന കേസില്‍ പുറപ്പെടുവിച്ച വിധിയില്‍ ഇങ്ങനെ പറയുന്നു, 'ഞങ്ങളുടെ കണ്ടെത്തല്‍ പ്രകാരം സര്‍ക്കാരുദ്യോഗസ്ഥര്‍ വാക്കാലുള്ള ഉത്തരവിന്റെയോ, നിര്‍ദേശത്തിന്റെയോ, പ്രമേയങ്ങളുടെയോ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത് ഹിതകരമായിരിക്കുകയില്ല' എന്ന് മാത്രമല്ല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, ബിസ്സിനസ്സുകാര്‍, മറ്റു സ്ഥാപിത താല്‍പര്യക്കാര്‍ എന്നിവരില്‍ നിന്നും വരുന്ന അനാവശ്യവും വഴിവിട്ടതുമായ സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായും വാക്കാലുള്ള ഉത്തരവുകളും അനൗപചാരിക ഉത്തരവുകളും ഒഴിവാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.

ഇതിനാല്‍ തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അനൗപചാരിക ചര്‍ച്ചകളിലൂടെ എടുക്കുന്ന തീരുമാനങ്ങള്‍ നിയമവിരുദ്ധമാണ്. അത്തരം ചര്‍ച്ചകളെല്ലാം തന്നെ രേഖപ്പെടുത്തേണ്ടതുണ്ട്. നടപടികളില്‍ ഇത്രത്തോളം അപാകതകകളും തിരിമറികളും ഉണ്ടായിട്ടുണ്ടെങ്കില്‍, ഇതിലൂടെ രൂപീകരിച്ച നിയമം അതിലുമേറെ കുഴപ്പം പിടിച്ചതാണ്.

സര്‍ക്കാര്‍ ഒരു നിയമം ഭേദഗതി ചെയ്യുമ്ബോള്‍, വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങളുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കരട് രേഖ ആദ്യം തന്നെ തയ്യാറാകും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഈ മാറ്റങ്ങളുടെ വിശദാംശങ്ങള്‍ ഇഴകീറി പരിശോധിക്കും. അതിനോടൊപ്പം തന്നെ പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളും നിയമഭേദഗതികളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രദ്ധിക്കും. അതിനുശേഷം ഭേദഗതി രാജ്യസഭയ്ക്കും ലോക്‌സഭയ്ക്കും മുന്നില്‍ അവതരിപ്പിച്ചു വോട്ടിനിടും.

എന്നാല്‍ തെരഞ്ഞെടു പ്രവര്‍ത്തനങ്ങളിലെ പണമിടപാട് നിയന്ത്രിക്കുന്ന കമ്ബനി ആക്ടിലെ 182 -ാം വകുപ്പില്‍ വരുത്തിയ ഭേദഗതി മേല്പറഞ്ഞ കീഴ് വഴക്കങ്ങളൊന്നും പാലിക്കാതെയായിരുന്നു. പതിവിനു വിപരീതമായി അതീവ ഗൗരവമുള്ള ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനായി, പേര് രേഖപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ക്കിടയിലെ അനൗപചാരിക ചര്‍ച്ചകള്‍ മാത്രം മതിയെന്ന് മോദി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത് ഇല്ലാതാക്കാനായി രാജ്യസഭാ ചര്‍ച്ച ചെയ്യേണ്ടാത്ത മണി ബില്ലിന് കീഴില്‍ വരുന്ന സാമ്ബത്തിക ബില്ലില്‍ ഈ നിയമഭേദഗതി ഉള്‍പ്പെടുത്തുവാനും സര്‍ക്കാര്‍ ശ്രദ്ധിച്ചു.

ഭരണഘടനയുടെ 110-ാം വകുപ്പ് പ്രകാരം ചിലവുകള്‍, നികുതികള്‍, രശീതികള്‍, കടം തുടങ്ങി സര്‍ക്കാര്‍ ഖജനാവുമായി ബന്ധപ്പെട്ട വിഷയങ്ങളെയാണ് മണി ബില്ല് എന്ന് വിളിക്കുന്നത്.

കമ്ബനി ആക്ടിലെ ഭേദഗതി മണി ബില്ലായി കണക്കാക്കാമോ?

മാര്‍ച്ച്‌ പതിനാറാം തിയ്യതി കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം പുറത്തിറക്കിയ ഒരു കുറിപ്പില്‍ ഇതിനുള്ള വിചിത്രമായ മറുപടിയുണ്ട്. 'രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ എല്ലാം തന്നെ കമ്ബനിയുടെ മൊത്തം വരുമാനത്തിന് മുകളില്‍ ചുമത്താവുന്ന നികുതിയില്‍ നിന്നും ഒഴിവാക്കേണ്ടെന്ന് ഇന്‍കംടാസ് ആക്ടിന്റെ 80 ജി ജി ബി വകുപ്പില്‍ കൃത്യമായി പറയുന്നുണ്ട്. അതിനാല്‍ തന്നെ ശരാശരി ലാഭത്തിന്റെ ഏഴര ശതമാനം മാത്രമേ സംഭാവനയായി നല്‍കുവാന്‍ പാടുള്ളു എന്ന നിയമം ഇന്ത്യന്‍ ഖജനാവിന്റെ റവന്യൂ വരുമാനത്തെ സാരമായി ബാധിക്കാനിടയുണ്ട്'

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ നികുതിയൊഴിവാക്കിയവയായിരുന്നു. അതിനാല്‍ തന്നെ സംഭാവന ചെയ്യുന്നതിനുള്ള പരിധി എടുത്തു കളഞ്ഞാല്‍ കമ്ബനികള്‍ കൂടുതല്‍ പണം സംഭാവന ചെയ്യുമെന്നും അതിലൂടെ സര്‍ക്കാരിന് നികുതി കുറയുമെന്നും, അത് സര്‍ക്കാരിന്റെ വരുമാനത്തെ ബാധിക്കുമെന്നുള്ള വിചിത്രമായ ന്യായീകരണത്തിന്റെ അടിസ്ഥാനനത്തിലാണ് നിയമഭേദഗതികള്‍ മണി ബില്ലായി വേണം അവതരിപ്പിക്കാന്‍ എന്ന് തീരുമാനിക്കുന്നത്.

അതേസമയം രഹസ്യമായി സംഭാവനകള്‍ ചെയ്യാന്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ വരുമാനത്തെ എങ്ങനെ ബാധിക്കുമെന്ന് രേഖകള്‍ എവിടെയും ചര്‍ച്ച ചെയ്യുന്നില്ല. അത്തരമൊരു തീരുമാനം മണി ബില്ലിന്റെ ഭാഗമായ ഈ ഭേദഗതിയില്‍ വന്നതെന്തിനാണെന്നും എവിടെയും വ്യക്തമാകുന്നില്ല.

നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശം

2017 മാര്‍ച്ച്‌ 16-ാം തിയ്യതി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം നിയമ മന്ത്രാലയത്തിന് വളരെ ലളിതമായ ഒരു ചോദ്യം ഉന്നയിച്ചുകൊണ്ട് ഒരു കത്തയച്ചു. 'കമ്ബനി ആക്ടിന്റെ 182-ാം വകുപ്പില്‍ നിര്‌ദേശിക്കപ്പെട്ടിട്ടുള്ള മാറ്റങ്ങള്‍ ഒരു സാമ്ബത്തിക ബില്ലായി പരിഗണിച്ചുകൊണ്ട് ഭേദഗതി ചെയ്യാമോ?' എന്നതായിരുന്നു ആ ചോദ്യം

അതിനു രണ്ടു പേജ് വരുന്ന മറുപടി നിയമമന്ത്രാലയം തിരിച്ചയച്ചു, ഡെപ്യൂട്ടി ലീഗല്‍ അഡ്വൈസര്‍ ആയ ആര്‍.ജെ കാശിബട്‌ല തയ്യാറാക്കിയ ഈ മറുപടിയില്‍ ജോയിന്റ് സെക്രട്ടറി എസ്.ആര്‍ മിശ്രയുള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ ഒപ്പിട്ടിരുന്നു.

'വസ്തുതാപരമായും ഭരണഘടനാതത്വങ്ങള്‍ക്കനുസരിച്ചും കമ്ബനി ആക്ടിന്റെ 182 -ാം വകുപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ ഒന്നും തന്നെ ഭരണഘടനയിലെ 110 -ാം വകുപ്പിന്റെ എ മുതല്‍ ജി വരെയുള്ള ഉപവാക്യങ്ങളിലൊന്നും ഉള്‍പ്പെടാത്തതിനാല്‍ മേല്പറഞ്ഞ ഭേദഗതി ഒരു മണി ബില്ലായി കണക്കാക്കാന്‍ സാധിക്കുന്നതല്ല'

അരുണ്‍ ജെയ്റ്റ്‌ലിയുടെ തന്ത്രം തിരിച്ചറിഞ്ഞ നിയമമന്ത്രാലയം പക്ഷെ വ്യക്തമായ ഒരു നിലപാടെടുക്കുന്നതിനു പകരം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു

'എന്നിരുന്നാലും ഭേദഗതികളില്‍ മൂന്നാം പാരഗ്രാഫില്‍ പറയുന്നതിന്‍ പ്രകാരം നിര്‌ദേശിക്കപ്പെട്ടിട്ടുള്ള ചില മാറ്റങ്ങള്‍ 1961 ലെ ആദായനികുതി ആക്ടിന്റെ പരിധിയില്‍ വരുന്നതിനാലും അത് ഇന്ത്യയുടെ ഖജനാവുമായി ബന്ധപ്പെട്ടതിനാലായതിനാലും ഈ ഭേദഗതികള്‍ ഒരു മണി ബില്ലായി കണക്കാക്കാം.

ഇങ്ങനെ പറഞ്ഞുകൊണ്ട് ഭേദഗതിയ്ക്ക് കൂട്ടുനിന്നെങ്കിലും നിയമമന്ത്രാലയത്തിനു ഈ നടപടികള്‍ ഭരണഘടനാ തത്വങ്ങളുടെയും, നിലനില്‍ക്കുന്ന നിയമങ്ങളുടെയും ലംഘനമാണെന്ന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതിനാല്‍ തന്നെ ഭാവിയിലെങ്കിലും ഇത്തരത്തിലുള്ള ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട് എന്ന നിര്‍ദേശത്തോടുകൂടിയാണ് നിയമമന്ത്രാലയം അയച്ച കുറിപ്പവസാനിക്കുന്നത്.

'ഈ നടപടി ഒരു കീഴ്വഴക്കമായി തുടരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അടുത്ത പ്രാവശ്യം ആവശ്യമായ നിയമനിര്‍മാണവും നടപടികളും നിര്‍വഹിക്കുന്നത് നന്നായിരിക്കുമെന്ന് എന്ന് നിര്‍ദേശിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് പ്രസ്തുത കുറിപ്പവസാനിപ്പിക്കുന്നത്.

നിയമമന്ത്രാലയത്തിന്റെ നിര്‍ദേശം ഉടന്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ മുകളിലേക്ക് പോയി, അതെ ദിവസം തന്നെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും കമ്ബനി ആക്ടിന്റെ നൂറ്റിഎണ്‍പത്തിരണ്ടാം വകുപ്പ് മണി ബില്ലായി അവതരിപ്പിക്കുവാനുള്ള ഉത്തരവില്‍ ഒപ്പുവച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി ഒപ്പുവച്ചുകൊണ്ടുള്ള ഈ ഉത്തരവ് ആന്നേ ദിവസം തന്നെ ധന കാര്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു, ഇത്രയും തിടുക്കപ്പെട്ടു ഉത്തരവ് കാണുമ്ബോള്‍ അറിയാം ജെയ്റ്റ്‌ലി ഈ ബില്ലില്‍ ഒപ്പിടാന്‍ കാത്തിരിക്കുകയായിരുന്നെന്ന്.

നാല് ദിവസങ്ങള്‍ക്കു ശേഷം 2017 മാര്‍ച്ച്‌ 21 ന് ജെയ്റ്റ്‌ലി 2017 ഫെബ്രുവരി ഒന്നാം തിയതി മേശപ്പുറത്തു വെച്ച സാമ്ബത്തിക ബില്ലിന് ഭേദഗതികള്‍ അവതരിപ്പിച്ചു. കമ്ബനി ആക്ടില്‍ സര്‍ക്കാര്‍ വരുത്താനുദ്ദേശിച്ച മാറ്റങ്ങളും അതിലുള്‍പ്പെട്ടിരുന്നു.

2017 മാര്‍ച്ച്‌ 31-ാം തിയ്യതി കമ്ബനി ആക്ടിലെ ഭേദഗതികളുള്‍പ്പെടുന്ന സാമ്ബത്തിക ബില്ല് ലോക്‌സഭാ പാസ്സാക്കി, എന്നാല്‍ രാജ്യസഭയുടെ പരിധിയില്‍ ഉള്‍പെടാത്തവണ്ണമാണ് ഇത് നടപ്പിലാക്കിയത്. ഇതിലൂടെ ലാഭമൊന്നും ഉണ്ടാക്കാത്ത വ്യാജ കമ്ബനികള്‍ക്കു പോലും രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വേണ്ടി വന്‍തുക രഹസ്യമായി സംഭാവന ചെയ്യാന്‍ സാധിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഇങ്ങനെ സംഭാവന ചെയ്യുന്ന പണം സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്ന വാര്‍ഷിക കണക്കെടുപ്പില്‍ സമര്‍പ്പിക്കേണ്ടതില്ല. ആര്‍ക്കാണ് തങ്ങള്‍ പണം നല്‍കിയതെന്നോ എത്രയാണ് നല്‍കിയതെന്നോ വ്യക്തമാക്കേണ്ടതില്ല.

വിവരവകാശ പ്രവര്‍ത്തകനായ സൗരവ് ദാസ് വ്യാജ കമ്ബനികളുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രഹസ്യമായി പണം സംഭാവന നല്‍കാന്‍ സഹായിക്കുന്ന ഈ നിയമഭേദഗതിയില്‍ എത്തിച്ചേര്‍ന്നതെങ്ങനെയെന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിവരാവകാശ നിയമത്തിലൂടെ അന്വേഷിച്ചിരുന്നു. ഈ വിഷയത്തെ സംബന്ധിച്ച എല്ലാ കുറിപ്പുകളും, മീറ്റിംഗുകളുടെ മിനുട്‌സും, ഉത്തരവുകള്‍, തുടങ്ങിയ എല്ലാ ആശയവിനിമയങ്ങളും നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്തെന്നാല്‍ രണ്ടു മന്ത്രാലയങ്ങള്‍ക്കിടയില്‍ നടക്കുന്ന എല്ലാത്തരം ആശയവിനിമയങ്ങളുടെയും രേഖകള്‍ നിര്‍ബന്ധമായും പ്രധാനമന്ത്രിയുടെ ഓഫീസില്‍ സൂക്ഷിക്കേണ്ടതുണ്ട്.

എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പരസ്പരവിരുദ്ധമായ മറുപടികള്‍ നല്‍കിക്കൊണ്ട് വിഷയത്തെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. 'ഈ അപേക്ഷ സാമാന്യസ്വഭാവമുള്ളതും, കൃത്യമല്ലാത്തതുമായ ഒന്നാണ്. അപേക്ഷകന്‍ ആവശ്യപ്പെടുന്ന വിവരത്തിനെ സംബന്ധിച്ച്‌ യാതൊരു കൃത്യതയും അപേക്ഷയിലില്ല' എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ അപേക്ഷയോട് ആദ്യം പ്രതികരിച്ചത്. എന്നാല്‍ ദാസിന്റെ ചോദ്യങ്ങള്‍ വളരെ കൃത്യമായിരുന്നു, അവ 2017 ല്‍ കമ്ബനി ആക്ടില്‍ വരുത്തിയ ഭേദഗതിയെ സംബന്ധിച്ചുള്ളവയായിരുന്നു.

വേണ്ട രേഖകള്‍ നല്‍കാതിരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ മറ്റൊരു ന്യായീകരണവും കൂടി നല്‍കിയിരുന്നു, 'ഇത്തരത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നത് അധികച്ചിലവിലേക്കായിരിക്കും വഴിവെക്കുക'എന്ന വിചിത്രവാദമായിരുന്നു മറ്റൊരെണ്ണം.

അതായത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ 2017ലെ നിയമഭേദഗതിയെ സംബന്ധിച്ചിരിക്കുന്ന രേഖകള്‍ വിവരാവകാശ നിയമത്തിലൂടെ ആവശ്യപ്പെട്ട ഒരാള്‍ക്കു നല്‍കുന്നതിനായി ഫോട്ടോകോപ്പിയെടുക്കുന്നതിലൂടെ ഖജനാവിലെ പണം അനാവശ്യമായി ചിലവഴികേണ്ടിവരുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ മറുപടി.

ഇതിനോടൊപ്പം തന്നെ ദാസ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച വിവരാവകാശ രേഖയില്‍, ഏതെങ്കിലും കമ്ബനി തങ്ങള്‍ക്കു രഹസ്യമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം സംഭാവന ചെയ്യാന്‍ താല്‍പ്പര്യമുണ്ട് എന്നറിയിച്ചതിനെ സംബന്ധിച്ച രേഖകളും ആവശ്യപ്പെട്ടിരുന്നു. നിരവധി കമ്ബനികള്‍ രഹസ്യമായി പണം സംഭാവന ചെയ്യാനുള്ള സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രസ്താവനയായിരുന്നു ഈ ചോദ്യത്തിനാധാരം. ഇതിനു മറുപടിയായി ലഭിച്ച രേഖയില്‍ ഒരു കമ്ബനി പോലും സര്‍ക്കാരിന് മുന്നില്‍ അത്തരമൊരു ആവശ്യവുമായി സമീപിച്ചിട്ടില്ല എന്ന് വ്യക്തമായി പറയുന്നുണ്ട്. അഴിമുഖം മുന്‍പ് പുറത്തു വിട്ട രേഖകളില്‍ ധനകാര്യ മന്ത്രാലയം തങ്ങളോട് ആരും തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിന്റെ രീതികള്‍ പരിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് പറഞ്ഞതായി വ്യക്തമാകുന്നുണ്ട്

കോര്‍പ്പറേറ്റുകള്‍ക്കു രഹസ്യമായി വന്‍തുകകള്‍ സംഭാവന ചെയ്യാന്‍ സഹായിക്കുന്ന നിയമം നിര്‍മിക്കുന്നതിനായി നിരവധി തിരിമറികള്‍ നടത്തിയ നടപടികള്‍ സുപ്രീകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ തെരഞ്ഞെടുപ്പു ബോണ്ടുകളുടെ ഭരണഘടനാ സാധുതയെ പറ്റിയും 2017 മുതല്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ സുപ്രീം കോടതി ഇനിയും വിധി പറയാനിരിക്കുകയാണ്.

ഡല്‍ഹി തെരഞ്ഞെടുപ്പിനു ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്പനയ്ക്കായുള്ള പ്രത്യേക ജാലകം ജനുവരി പതിനൊന്നിന് സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

കള്ളപ്പണമൊഴുകുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ മുന്‍ റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം

(അന്വേഷണ റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ് പതിപ്പ് ഹഫ് പോസ്റ്റ് ഇന്ത്യ പ്രസിദ്ധികരിച്ചു വരുന്നു.)