തള്ളാനും കൊള്ളാനുമാകാതെ ജയരാജന്‍; പിണറായിക്ക് മുന്നില്‍ ഇനിയുള്ള വഴികള്‍

 
തള്ളാനും കൊള്ളാനുമാകാതെ ജയരാജന്‍; പിണറായിക്ക് മുന്നില്‍ ഇനിയുള്ള വഴികള്‍

അഴിമുഖം പ്രതിനിധി

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകമായ 'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' വലിയ ഹിറ്റായി മാറിയപ്പോള്‍ തന്നെ കേട്ടതാണ്, വരുന്നത് ഇടതു സര്‍ക്കാരാണെങ്കില്‍ ഈ ശരിയാക്കല്‍ പരസ്യം അവരെ തിരിഞ്ഞു കടിക്കുമെന്ന്. വ്യവസായ മന്ത്രി ഇപി ജയരാജന്‍ അതിപ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ എത്തിച്ചു. കേരളത്തില്‍ ഇതാദ്യമായല്ല, ഒരു മന്ത്രി തന്റെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ശമ്പളം വാങ്ങിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളുടെ കണക്കെടുത്താല്‍ ആയിരങ്ങള്‍ കടക്കും. ഇപ്പോള്‍ പ്രതിഷേധവും കേസുമൊക്കെയായി രംഗത്തു വന്നിരിക്കുന്നവരുടെ തന്നെ ബന്ധുക്കള്‍ സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നത് പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷയെഴുതിയോ റിയാബില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടോ അല്ല. എന്നിരിക്കിലും അതൊന്നും ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ നടക്കുന്ന കൊള്ളരുതായ്മയെ ന്യായീകരിക്കാന്‍ തക്ക കാരണമാകുന്നില്ല. അതുകൊണ്ടു തന്നെ ഇപി ജയരാജന്‍ എന്ന വ്യവസായ മന്ത്രി ചെയ്ത തെറ്റുകള്‍ കമ്യൂണിസം എന്ന ജനകീയാശയത്തെ ബലകഴിക്കുന്നതാണ്.

ഇതു വല്ലാത്തൊരു പ്രതിസന്ധിയാണ്. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കും ജനം വിശ്വസിക്കുന്ന ഒരു മന്ത്രിസഭയ്ക്കും ഈ പ്രതിസന്ധി ഒഴിവാക്കുക അത്ര എളുപ്പമല്ല. രണ്ടു സാധ്യതകളാണ് ഇപ്പോള്‍ മുന്നിലുള്ളത്. ഒന്ന്, ജയരാജന്‍ സ്വയം രാജിവയ്ക്കുക, രണ്ട്, ജയരാജനെ നിലനിര്‍ത്തുക. ചുരുക്കിപ്പറഞ്ഞാല്‍ ഇരുതല മൂര്‍ച്ചയുള്ളൊരു ആയുധം കൈയില്‍ പിടിച്ചുകൊണ്ടു നില്‍ക്കുകയാണ് സര്‍ക്കാരും സിപിഎമ്മും. ആയുധം ഇപേക്ഷിക്കാനും വയ്യാ, കൈയില്‍ കരുതിയാല്‍ മുറിവേല്‍ക്കുകയും ചെയ്യും. പക്ഷേ രണ്ടിലൊന്നില്‍ തീരുമാനം വേണ്ടതുണ്ട്. അതു നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉണ്ടാകും.

താന്‍ മൂലം പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ടായ അവമതിപ്പ് ഇല്ലാതാക്കാന്‍ രാജിക്ക് തയ്യാറാണെന്ന് ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഉടനടിയൊരു തീരുമാനം എടുക്കാന്‍ നില്‍ക്കാതെ നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് യോഗം വരെ കാത്തിരിക്കാന്‍ കോടിയേരി നിദ്ദേശിച്ചതായാണ് അറിയാന്‍ കഴിയുന്നത്. ജയരാജന്‍ രാജി വെക്കുന്നതാണ് ഉചിതമെന്നാണ് പ്രധാനഘടക കക്ഷികളുടെ അഭിപ്രായം. ഇതേ അഭിപ്രായം സിപിഎമ്മിലെ പല നേതാക്കള്‍ക്കുമുണ്ട്. ആ നിലക്ക് നാളത്തെ സെക്രട്ടേറിയേറ്റു യോഗം ഏറെ നിര്‍ണായകമാണ്. ജയരാജന് എതിരായ നടപടി വെറും ശാസനയില്‍ മാത്രം ഒതുക്കുക എന്ന നിലപാട് സ്വീകരിക്കുന്നതിന് യോഗത്തില്‍ ഉയരാന്‍ ഇടയുള്ള പ്രധിഷേധ സ്വരങ്ങള്‍ വിഘാതമാകും എന്നുറപ്പ്. ജയരാജനെതിരേ അന്വേഷണം നടത്തുകയും കേസ് തീര്‍പ്പാകുന്നത് വരെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

എതിര്‍പ്പ് ശക്തം
വെറും നാലു മാസം മാത്രം പിന്നിട്ട സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്ത നടപടിയെ സിപിഎം കേന്ദ്ര നേതൃത്വവും വളരെ ഗൗരവമായാണ് കാണുന്നത്; തന്നെയുമല്ല ഇത് ആദ്യമായല്ല ജയരാജന്‍ ജാഗ്രതക്കുറവ് കാട്ടുന്നതെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. ആ നിലക്ക് ജയരാജന് എതിരെ അച്ചടക്ക നടപടി എന്ന ആവശ്യവും നാളത്തെ യോഗത്തില്‍ ഉയരാന്‍ തന്നെയാണ് സാധ്യത.

നിയന വിവാദത്തില്‍ ശ്രീമതി ടീച്ചറും തെറ്റുകാരിയാണെന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളെന്ന നിലയില്‍ ഇരുവരും ചെയ്തതു വച്ചുപൊറുപ്പിക്കാനാവാത്ത കുറ്റമാണെന്ന വിമര്‍ശനം പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. ആ നിലക്ക് എന്തെങ്കിലുമൊക്കെ ചെയ്യാതെ പ്രശ്നം രമ്യമായി ഒതുക്കി തീര്‍ക്കാന്‍ പാര്‍ട്ടിക്ക് ആവില്ല. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളെന്ന നിലയില്‍ ഇരുവര്‍ക്കും എതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സമിതിക്കു കഴിയില്ലെങ്കിലും നടപടിക്ക് ശിപാര്‍ശ ചെയ്യാം. അങ്ങനെ ചെയ്താല്‍ ആ നടപടി ശരിവയ്ക്കാന്‍ കേന്ദ്ര നേതൃത്വം തയ്യാറാണെന്നു യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.

തള്ളാനും കൊള്ളാനുമാകാതെ ജയരാജന്‍; പിണറായിക്ക് മുന്നില്‍ ഇനിയുള്ള വഴികള്‍

മുഖ്യമന്ത്രിക്കും അതൃപ്തി
ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ജയരാജന്‍ തീര്‍ത്തും ഒറ്റപ്പെട്ടതായാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. സിപിഎമ്മിലേയും ഘടകകക്ഷികളിലേയും മന്ത്രിമാര്‍ ജയരാജനെതിരേ വിമര്‍ശനവുമായി വന്നു. തനിക്കെതിരേ ഉയരുന്ന പരാതികള്‍ക്കു വിശദീകരണം നല്‍കാന്‍ മുതിര്‍ന്ന ജയരാജനെ ഞെട്ടിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായെന്നതാണ് അപ്രതീക്ഷിതം. ജയരാജന്‍ മിണ്ടേണ്ടതില്ല എന്നായിരുന്നു പിണറായിയില്‍ നിന്നും ഉയര്‍ന്ന ശബ്ദമെന്നാണ് ചാനലുകാര്‍ വാര്‍ത്തയാക്കുന്നത്. ഇതില്‍ സ്ഥിരീകരണം ഇല്ലെങ്കിലും പിണറായിയുടെ വലംകൈയായിരുന്ന ജയരാജന്‍ ഇപ്പോള്‍ ആ ബന്ധുത്വത്തില്‍ നിന്നും പുറത്തായിരിക്കുന്നു എന്നതാണ് ഇതൊക്കെ നല്‍കുന്ന സൂചനകള്‍. മുമ്പ് പാര്‍ട്ടിക്ക് ജയരാജന്‍ ഉണ്ടാക്കിവച്ച പ്രതിസന്ധികളില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറായ ആളാണ് പിണറായി വിജയനെങ്കിലും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയിരിക്കുന്ന പിണറായിക്ക് പഴയ സ്‌നേഹം ജയരാജനോട് കാണിക്കാന്‍ സാധിക്കില്ല. കാരണം, ഇതു പിണറായിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന കാര്യമാണ്. തുടര്‍ഭരണം ലക്ഷ്യമിട്ട് ഭരണത്തില്‍ ഏറിയിരിക്കുന്ന പിണറായിക്ക് തന്റെയും സര്‍ക്കാരിന്റെയും മാന്യത നിലനിര്‍ത്തി പോകേണ്ടതിന്റെ ആവശ്യകത നന്നായി അറിയാം. അവിടെ ജയരാജനെ പോലുള്ളവരുടെ ഇടപെടല്‍ വിപരീതഫലം ഉണ്ടാക്കുകയാണെങ്കില്‍ അതൊഴിവാക്കാനും പിണറായി തയ്യാറാകും. നിലവിലെ സാഹചര്യങ്ങളും പാര്‍ട്ടിയില്‍ പിണറായിക്ക് ശക്തമായ സ്വാധീനം ഉണ്ടെന്നതിന്റെ തെളിവുകള്‍ നല്‍കുന്നതിനാല്‍ ഒരു തീരുമാനം എടുത്താല്‍ അത് എതിര്‍പ്പുകളില്ലാതെ നടപ്പിലാക്കാന്‍ പിണറായി വിജയനും കഴിയുമെന്നു സാരം.

കണ്ണൂര്‍ ലോബിക്കെതിരേ കിട്ടിയ വടി
ജയരാജന്‍ ഉയര്‍ത്തിയിരിക്കുന്ന വിവാദത്തില്‍ മനസുകൊണ്ടെങ്കിലും സന്തോഷിക്കുന്നൊരു കൂട്ടരുണ്ട്. സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്കെതിരേ നില്‍ക്കുന്ന തെക്കന്‍ ജില്ലയിലെ നേതാക്കള്‍. നേരിട്ടൊരു പോരാട്ടത്തിന് ഇതുവരെ പ്രാപ്തിയില്ലായിരുന്നവര്‍ ഈ വിഷയത്തില്‍ കാര്യമായി ഇടപെടും. എം സി ജോസഫൈന്‍ ഇന്നലെ കേന്ദ്ര കമ്മിറ്റിയില്‍ നടത്തിയ പരാതി തന്നെ അതിന് ഉദാഹരണം. വിഷയം ഇത്രയും കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും മധ്യകേരളത്തിലേയും തെക്കന്‍ കേരളത്തിലേയും മന്ത്രിമാരും നേതാക്കന്മാരും കാര്യമായി ഒരഭിപ്രായവും നടത്തുന്നില്ല. തങ്ങളുടെ മൗനംകൊണ്ട് ജയരാജനെ പരോക്ഷത്തില്‍ എതിര്‍ക്കുകയും ഈ വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്യട്ടെ എന്ന നിലപാടില്‍ നില്‍ക്കുകയുമാണ്. ജയരാജന്‍ വീണാല്‍ കണ്ണൂര്‍ ബെല്‍റ്റില്‍ ശക്തമായൊരു വിള്ളല്‍ വീഴും. ഒരുപക്ഷേ പിണറായിക്കെതിരെ തട്ടകത്തില്‍ നിന്നു തന്നെ എതിര്‍പ്പുയരും. അങ്ങനെ വന്നാല്‍ മുഖ്യമന്ത്രി തന്റെ കണ്ണ്‍ തെക്കോട്ടു പായിക്കും. അവിടെ നിന്നുള്ള പിന്തുണ ഉറപ്പിക്കും. അതിനു സാധിക്കുകയും ചെയ്യും. എതിരാളികള്‍ക്കെതിരേ ഏതു തന്ത്രയും പയറ്റാമെന്നാണു യുദ്ധത്തിലെന്നപോലെ രാഷ്ട്രീയത്തിലും ശാസ്ത്രം.

രാജി ഒഴിവാക്കിയുള്ള ശിക്ഷയുമാകാം
ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നുള്ളത് മാധ്യമങ്ങളുടെ ആവേശം മാത്രമായി ഒതുങ്ങാനും വഴിയുണ്ട്. അതിനാകും കൂടുതല്‍ സാധ്യതയും. നാലുമാസത്തിനകത്ത് ഒരു മന്ത്രി, അതും മന്ത്രിസഭയിലെ രണ്ടാമനെന്നു കരുതുന്നൊരാള്‍ രാജിവയ്ക്കുക എന്നതു പിണറായി സര്‍ക്കാരിനുണ്ടാക്കുന്നത് ചെറുതല്ലാത്ത ആഘാതമാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ കൈയില്‍ കിട്ടുന്ന വലിയൊരു വടിയാണത്. സ്വജനപക്ഷപാതം അഴിമതി തന്നെയാണ്. അങ്ങനെയുള്ളതിനാല്‍ ജയരാജന്‍ രാജിവച്ചാല്‍ അത് അഴിമതിക്കേസില്‍ രാജിവയ്ക്കുന്ന മന്ത്രി എന്ന ചീത്തപ്പേരു തന്നെയാകും സര്‍ക്കാരിനു മേല്‍ വീഴ്ത്തുക. അതൊഴിവാക്കാനാകും സര്‍ക്കാര്‍ നോക്കുക. പകരം ജയരാജനെ വ്യവസായ വകുപ്പില്‍ നിന്നു മാറ്റി അത്രമേല്‍ പ്രാധാന്യമില്ലാത്ത, ഒരുപക്ഷേ കായികവും യുവജനക്ഷേമവും മാത്രം നല്‍കി മന്ത്രിസഭയില്‍ നിലനിര്‍ത്താം. അതുകൂടാതെ പാര്‍ട്ടി തലത്തിലും നടപടിയെടുക്കാം. കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാം. അതല്ലെങ്കില്‍ പരസ്യശാസന നല്‍കാം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സംഘടനാതലത്തില്‍ നിന്നുണ്ടാകുന്ന ശിക്ഷ തന്നെയാണ് കടുത്തത്. ഇതൊക്കെ പക്ഷേ ജനങ്ങള്‍ക്ക് സ്വീകാര്യമാകണമെന്നില്ല. പ്രതിപക്ഷത്തിനും അതൊരു പിടിവള്ളിയാകും. അഴിമതിക്കാരനായ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നൂവെന്ന ആക്ഷേപം ഉയര്‍ത്തും. പേരുദോഷം കേട്ടു കഴിഞ്ഞിരുന്ന യുഡിഎഫിന് കുറച്ചൊക്കെ മൈലേജ് ഇതുവഴി കിട്ടും.

തള്ളാനും കൊള്ളാനുമാകാതെ ജയരാജന്‍; പിണറായിക്ക് മുന്നില്‍ ഇനിയുള്ള വഴികള്‍

ത്വരിതപരിശോധന ഉണ്ടാകും
ഇതിനിടെ ജയരാജനെതിരേ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താം എന്നാണു വിജിലന്‍സ് ഡയറക്ടര്‍ക്കു ലഭിച്ച നിയമോപദേശം. ഇക്കാര്യത്തില്‍ അവസാന തീരുമാനം ഡയറക്റ്റര്‍ ഇനിയും അറിയിച്ചിട്ടില്ല. ജയരാജന് എതിരേ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച കോടതി വിജിലന്‍സിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. നാളെ അന്വേഷണത്തിന്റെ കാര്യത്തില്‍ വിജിലന്‍സ് നിലപാട് വ്യക്തമാക്കും. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ത്വരിതാന്വേഷണം നടത്തിക്കൊള്ളാനുള്ള അനുവാദം വിജിലന്‍സ് ഡയറക്ടര്‍ക്ക് കിട്ടിയിട്ടുണ്ടെന്നാണു സൂചന. വിജിലന്‍സിന്റെ പേരും മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കും ഹാനിസംഭവിക്കാതിരിക്കാന്‍ അത്തരമൊരു അനുമതി നല്‍കിയേ മതിയാകൂ എന്നു ജേക്കബ് തോമസിനും പിണറായിക്കും അറിയാം. എന്തായാലും സാഹചര്യങ്ങള്‍വച്ച് പറയുകയാണെങ്കില്‍ നാളെ ജയരാജനെതിരേ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് ഉത്തരവുണ്ടാകും.

ഒരരര്‍ത്ഥത്തില്‍ നല്ല ചില തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിനു ജയരാജന്‍ കാരണമായി എന്നും പറയാം. നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയുന്നതിനായി നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നു. നിയമനങ്ങളെ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. മാനേജിംഗ് ഡയറക്ടര്‍/ജനറല്‍ മാനേജര്‍ തസ്തികകളിലെ നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയതും ദേശീയതലത്തിലടക്കമുള്ള സാങ്കേതിക വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയോഗിച്ചുകൊണ്ടായിരിക്കും ഇനിമുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്കുള്ള നിയമനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് നടത്തുക എന്ന തീരുമാനം എടുത്ത് അത് നിയമമാക്കാന്‍ നിര്‍ദേശം നല്‍കുക വഴി പറ്റിപ്പോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത് കൈയടിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. എങ്കിലും എല്ലാ പ്രശ്‌നങ്ങളും അതുകൊണ്ട് തീരുന്നില്ല. തൂത്താലോ മറച്ചാലോ ഇപ്പോള്‍ പറ്റിയിരിക്കുന്ന ചെളി അത്രവേഗം മറയില്ല.