എരുമേലിയില്‍ വിമാനമിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; എതിര്‍പ്പുമായി ബിജെപി; ഭൂപ്രശ്നവും സജീവം

 
എരുമേലിയില്‍ വിമാനമിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; എതിര്‍പ്പുമായി ബിജെപി; ഭൂപ്രശ്നവും സജീവം

അഴിമുഖം പ്രതിനിധി

വിവാദമായ ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍ പകരം കോട്ടയം ജില്ലയിലെ എരുമേലിയില്‍ വിമാനത്താവളം നിര്‍മ്മിക്കുമെന്നും ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിക്കഴിഞ്ഞതായുമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. പ്രധാനമായും ശബരിമല തീര്‍ത്ഥാടനം പരിഗണിച്ച് തന്നെയാണ് കോട്ടയം - പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ എരുമേലിയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത്. കെപി യോഹന്നാന്‌റെ ബിലീവേഴ്‌സ് ചര്‍ച്ചിന്‌റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റാണ് വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

അതേസമയം പദ്ധതിക്കെതിരായ എതിര്‍പ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. നേരത്തെ ആറന്മുള ഉപേക്ഷിച്ച് എരുമേലിയില്‍ വിമാനത്താവളം ആകാം എന്നായിരുന്നു സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് 2014 ഏപ്രിലില്‍ എം ടി രമേശ്‌ അടക്കമുള്ള ബി ജെ പി നേതാക്കള്‍ ഇക്കാര്യം പറഞ്ഞിരുന്നു. കെ പി യോഹന്നാന്‍റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള പദ്ധതിക്കായി ഉപയോഗിച്ചു കൂടേ എന്നാണ് ബിജെപി നേതാവ് ചോദിച്ചത്. എന്നാല്‍ ഈ നിലപാടില്‍ മലക്കം മറഞ്ഞിരിക്കുകയാണ് ബി ജെ പി. കെ പി യോഹന്നാന്‍ കച്ചവടക്കാരനാണെന്നാണ് ബിജെപി ഇപ്പോള്‍ പറയുന്നത്. ശബരിമലയുടെ പേരില്‍ തീവെട്ടിക്കൊള്ളക്കാണ് സര്‍ക്കാര്‍ ശ്രമമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ ആരോപിച്ചു.


പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുകൂലമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞത്. ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി റദ്ദാക്കിയതിന് പിന്നാലെ പത്തനംതിട്ട - കോട്ടയം മേഖലയില്‍ മറ്റൊരു വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. ളാഹ, പെരുനാട്, എരുമേലി, കുമ്പഴ, കല്ലേലി തുടങ്ങിയ സ്ഥലങ്ങളിലെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളാണ് ഇതിനായി സര്‍ക്കാര്‍ പരിഗണിക്കുന്നത്. പരിസ്ഥിതി ആഘാതം വളരെ കുറവായിരിക്കും എന്നതാണ് ഇതിന്റെ ഗുണം. പദ്ധതിക്കായി ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുകയുമില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നെടുമ്പാശേരിയിലെ സിയാല്‍ (കൊച്ചിന്‍ ഇന്‌റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) മാതൃകയില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തിലുള്ള ആഭ്യന്തര വിമാനത്താവളമാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല തീര്‍ത്ഥാടകരുടെ ഒഴുക്ക് വലിയ വരുമാനമുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്‌റെ പ്രതീക്ഷ. എരുമേലിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിമാനത്താവള പദ്ധതി സഹായകമാവും.

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ടുണ്ടായ വലിയ ജനകീയ പ്രക്ഷോഭം പോലൊന്ന് എരുമേലിയില്‍ ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണാം. ഭൂസമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സജീവമായിരിക്കുന്നത് ബാധിക്കാനിടയുണ്ട്. ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ ഭൂമി പ്രശ്‌നം സജീവമാണ്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെ 97 ബി ഡിവിഷനില്‍ റാന്നി ആസ്ഥാനമായ സമഗ്ര ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ഭൂമി പിടിച്ചെടുത്തുള്ള സമരത്തിന് ശ്രമം നടന്നിരുന്നു. ഒരേക്കര്‍ വീതം കൃഷിഭൂമി വേണമെന്ന ആവശ്യവുമായാണ് സംഘം എത്തിയത്. പടുതകള്‍കൊണ്ട് പത്ത് ഷെഡ്ഡുകളും നിര്‍മിച്ചു. പൊലീസ് ഇടപെടല്‍ സംഘര്‍ഷമൊഴിവാക്കി. മുമ്പും പലതവണ ഭൂരഹിതരുടെ സംഘടനകള്‍ ചെറുവള്ളി എസ്റ്റേറ്റില്‍ ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.