ബഹിഷ്‌കരണത്തില്‍ യൂണിലിവറും, പരസ്യനയത്തില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായി ഫേസ്ബുക്ക്

 
ബഹിഷ്‌കരണത്തില്‍ യൂണിലിവറും, പരസ്യനയത്തില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായി ഫേസ്ബുക്ക്

വിദ്വേഷ പ്രചാരണത്തിനും വോട്ടര്‍മാരെ സമ്മര്‍ദ്ദത്തിനാക്കുന്നതിനും വഴിവക്കുന്ന നയങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഫേസ്ബുക്ക് തീരുമാനിച്ചു. എന്നിട്ടും ഫേസ്ബുക്കില്‍നിന്നും പരസ്യം പിന്‍വലിക്കുന്ന കമ്ബനികളുടെ എണ്ണം കൂടിവരികയാണ്. അടുത്ത ആറ് മാസത്തേക്ക് പ്ലാറ്റ്‌ഫോമില്‍ നിന്ന് പരസ്യങ്ങള്‍ പിന്‍വലിക്കുമെന്ന് മള്‍ട്ടിനാഷണല്‍ കമ്ബനിയായ യൂണിലിവര്‍ പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നിരവധി മാറ്റങ്ങളുമായി പുതിയ നയം അവതരിപ്പിച്ചത്.

എന്നാല്‍ ഫേസ്ബുക്കിന്റെ പ്രഖ്യാപനങ്ങളൊന്നും കമ്ബനികളുടെ രോഷം ശമിപ്പിച്ചില്ല. കൊക്കക്കോള, ഹോണ്ട, ചോക്ലേറ്റ് ബ്രാന്‍ഡായ ഹെര്‍ഷെ, വസ്ത്ര കമ്ബനികളായ ലുലുലേമോന്‍, ജാന്‍സ്‌പോര്‍ട്ട് തുടങ്ങിയ കമ്ബനികള്‍ ഫേസ്ബുക്കിന് പരസ്യം നല്‍കുന്നത് നിര്‍ത്തിവെച്ചു. നൂറിലധികം പ്രമുഖ ബാന്‍ഡുകളാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തിരിക്കുന്നത്. ഫേസ്ബുക്ക് തങ്ങളുടെ വാര്‍ഷിക വരുമാനമായ 70 ബില്യണ്‍ ഡോളറില്‍ 98 ശതമാനവും ഉണ്ടാക്കുന്നത് പരസ്യത്തിലൂടെയാണ്.

ബഹിഷ്‌കരണത്തില്‍ യൂണിലിവറും ചേര്‍ന്നതോടെ ഫേസ്ബുക്ക് കാര്യമായ സമ്മര്‍ദ്ദത്തില്‍ ആയെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച്‌ സ്ഥാപനമായ ഇമാര്‍ക്കറ്ററിലെ പ്രിന്‍സിപ്പല്‍ അനലിസ്റ്റ് നിക്കോള്‍ പെറിന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പരസ്യദാതാക്കളില്‍ ഒരാളെന്ന നിലയില്‍, അവരുടെ നീക്കങ്ങള്‍ മറ്റ് ബ്രാന്‍ഡ് പരസ്യദാതാക്കളെയും സ്വധീനിച്ചേക്കാം. 'ഇത് ഉപയോക്തൃ-നിര്‍മ്മിത ഉള്ളടക്ക പ്ലാറ്റ്ഫോമുകളിലെ ആഴത്തിലുള്ള പ്രശ്‌നത്തെ സൂചിപ്പിക്കുന്നു. രാഷ്ട്രീയ ആവിഷ്കാരം അനുവദിക്കുന്ന ഇത്തരത്തിലുള്ള ഏത് പ്ലാറ്റ്ഫോമിലും ഭിന്നിപ്പിന്റെ സ്വരങ്ങള്‍ ഉയരും' നിക്കോള്‍ പെറിന്‍ കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററിന് സമാനമായ ഒരു സമീപനം സ്വീകരിക്കുമെന്നാണ് ഫേസ്ബുക്ക് ഇപ്പോള്‍ പറയുന്നത്. നയങ്ങള്‍ ലംഘിക്കുന്ന പോസ്റ്റുകള്‍ വ്യക്തമായി ലേബല്‍ ചെയ്യും. വാര്‍ത്താ യോഗ്യതയുള്ളതായി കണക്കാക്കപ്പെടുന്നതിനാല്‍ അവ പ്ലാറ്റ്ഫോമില്‍ തുടരുകയും ചെയ്യും. ഫേസ്ബുക്കിന്റെ മുമ്ബത്തെ നിലപാടുകളില്‍ നിന്നുള്ള പിന്മാറ്റമാണ് ഇപ്പോള്‍ പ്രകടമാകുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് തുടരെതുടരെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഫേസ്ബുക്ക് നടപടി സ്വീകരിച്ചിരുന്നില്ല. അതേസമയം, സമാനമായ പോസ്റ്റ്‌ ട്വിറ്റര്‍ വ്യക്തമായി ലേബല്‍ ചെയ്യുകയും ചെയ്തിരുന്നു.