ഇതൊരു ഫഹദ് ചിത്രമാണ്; കാര്‍ബണ്‍ എനിക്ക് സംതൃപ്തി നല്‍കുന്നുണ്ട്; വേണു/അഭിമുഖം

 
ഇതൊരു ഫഹദ് ചിത്രമാണ്; കാര്‍ബണ്‍ എനിക്ക് സംതൃപ്തി നല്‍കുന്നുണ്ട്; വേണു/അഭിമുഖം

പ്രശസ്ത ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കാര്‍ബണ്‍. ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസുമാണ് പ്രധാന കഥാപാത്രങ്ങള്‍. വേണുവിന്റെ തിരക്കഥയിലൊരുങ്ങുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാര്‍ബണിനുണ്ട്. ചിത്രം ഈ മാസം 19 ന് പ്രദര്‍ശനത്തിനെത്തും. കാര്‍ബണിന്റെ വിശേഷങ്ങളുമായി വേണു.

എന്താണ് കാര്‍ബണ്‍?

അങ്ങനെ ഒറ്റവാക്കില്‍ പറയാവുന്ന ചിത്രമല്ല കാര്‍ബണ്‍. ഫഹദ് ഫാസില്‍ ചെയ്യുന്ന കഥപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന കുറെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പക്ഷെ അതിന് പ്രത്യേകമായി ചൂണ്ടിക്കാണിക്കാന്‍ ഒരു സ്റ്റോറി ലൈന്‍ ഇല്ല...

എന്താണ് കാര്‍ബണ്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്?

എനിക്ക് ആ പേര് ആകര്‍ഷകമായി തോന്നി, അതാണ് പ്രധാന കാരണം. കാര്‍ബണ്‍ ആണല്ലോ എല്ലാത്തിന്റെയും ആധാരം. കാര്‍ബണില്ലെങ്കില്‍ ജീവനില്ല. ചിത്രത്തിന്റെ ടാഗ് ലൈന്‍ തന്നെ ആഷസ് ആന്റ് ഡയമണ്ട്‌സ് എന്നാണ്. കരിക്കട്ടയും വജ്രവും രണ്ടും കാര്‍ബണ്‍ തന്നെയാണ്. രണ്ട് രൂപങ്ങളാണെന്നേയുള്ളൂ. ഇതുപോലെ തന്നെയാണ് മനുഷ്യരുടെ കാര്യവും. സ്വഭാവത്തില്‍ ചിലര്‍ കരിക്കട്ടയും ചിലര്‍ വജ്രവുമായിരിക്കും, പക്ഷെ നമുക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റില്ല. അതാണ് ഇങ്ങനെ ഒരു പേരിടാന്‍ കാരണം.

സ്വന്തം തിരക്കഥയിലാണ് മൂന്നാമത്തെ ചിത്രം ചെയ്യുന്നത്?

ഒരു ചിത്രത്തെ സംബന്ധിച്ച് തിരക്കഥ വളരെ പ്രധാനപ്പെട്ട ഘടകമാണ്. അത് സ്വയമെഴുതിയതാകുമ്പോള്‍ സംവിധായകന് കുറച്ചധികം സ്വാതന്ത്ര്യം ഉണ്ടാകും. സ്വന്തം തിരക്കഥ അല്ലെങ്കില്‍ കഥയുടെ ആശയമെങ്കിലും സംവിധായകന്റെതായിരിക്കണം എന്ന അഭിപ്രായമാണ് എനിക്ക്. അല്ലാതെ ഒരു ചിത്രത്തിന് സംവിധായകന്‍ അവകാശവാദമുന്നയിക്കുന്നതിനോട് എനിക്ക് യോജിക്കാനാകില്ല. എന്റെ കഴിഞ്ഞ സിനിമകളിലൊക്കെ തിരക്കഥയിലും ഞാന്‍ വളരെ ഇന്‍വോള്‍വ്ഡ് ആയിരുന്നു. വേറെ ഒരാളുടെ കഥയ്ക്കും തിരക്കഥയ്ക്കും നമ്മുക്ക് അങ്ങനെ ഒരു അവകാശവാദമുന്നയിക്കാനാകില്ല. സ്വന്തമായി തിരക്കഥ എഴുതാന്‍ പറ്റിയില്ലെങ്കില്‍ കഥയെങ്കിലും നമ്മുടെതായിരിക്കണം.

ചിത്രത്തില്‍ കാടിന്റെ സാന്നിധ്യം?

സിനിമയില്‍ കാട് കഥാപാത്രത്തിന്റെ ജീവിത സാഹചര്യം ആവശ്യപ്പെടുന്ന ഒരു ഘടകം മാത്രമാണ്. അതല്ലാതെ അത് പ്രത്യേകിച്ച് എന്തെങ്കിലും ഒരു രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നില്ല. പ്രകൃതി സംരക്ഷണമോ മറ്റെന്തെങ്കിലുമോ ആയ ഒന്നും.

ഇതൊരു ഫഹദ് ചിത്രമാണ്; കാര്‍ബണ്‍ എനിക്ക് സംതൃപ്തി നല്‍കുന്നുണ്ട്; വേണു/അഭിമുഖം

ഈ കാലഘട്ടത്തില്‍ ഈ ചിത്രത്തിന്റെ പ്രസക്തി ?

ഈ കാലഘട്ടത്തില്‍ ചിത്രം പ്രസക്തമാണോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ഇത് വളരെ സംതൃപ്തി നല്‍കുന്ന ചിത്രമാണ്. പിന്നെ ഒരു ഫ്രഷ്‌നെസ് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്, അതിന് വേണ്ടി ചിത്രത്തിന്റെ ടെക്‌നീഷ്യന്‍സും ശ്രമിച്ചിട്ടുണ്ട്. ട്രീറ്റ്‌മെന്റിലും മെയിക്കിംഗിലും ഒക്കെ ഒരു വ്യത്യാസത്തിന് ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഒരു പത്ത് കൊല്ലം കഴിഞ്ഞാല്‍ ഈ ചിത്രം ആരെങ്കിലും ഓര്‍ത്തിരിക്കുമോ എന്ന് പോലും എനിക്ക് പറയാനാകില്ല... എന്നെ സംബന്ധിച്ച് ഞാന്‍ മനസില്‍ കണ്ട ഒരു സിനിമ, അത് മാത്രമാണ് കാര്‍ബണ്‍.

ദയ മഞ്ജു ചിത്രവും മുന്നറിയിപ്പ് മമ്മൂട്ടി ചിത്രവുമാണ്; കാര്‍ബണ്‍ ആരുടെ ചിത്രമായിരിക്കും?

ഇതൊരു ഫഹദ് ചിത്രമാണ്.

ഫഹദിലേക്കും മംമ്തയിലേക്കും എങ്ങനെ എത്തി

ഫഹദിലേക്ക് വേഗം എത്തി... കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ഞാന്‍ ഫഹദിനെ മനസില്‍ കണ്ട് ഉണ്ടാക്കിയ ഒരു ആശയമാണ് കാര്‍ബണ്‍. പിന്നെ മംമ്ത. നമ്മള്‍ ഈ സിനിമയ്ക്ക് എന്നല്ല ഏത് സിനിമയയ്ക്കും കാസ്റ്റിംഗ് നടത്തുമ്പോള്‍ ആദ്യം നോക്കുക അഭിനയിക്കാനുള്ള കഴിവ്, പിന്നെ ആ കഥാപാത്രത്തിന്റെ രൂപത്തിന് ഇണങ്ങുന്ന ആളാണോ എന്നതാണ്. കാര്‍ബണിലെ കഥാപാത്രത്തിന് ഇത് രണ്ടും ഒത്തിണങ്ങിയ ആളായിരുന്നു മംമ്ത. മുമ്പ് ഒരുമിച്ച് ജോലി ചെയ്ത പരിചയമുണ്ട്.

ഓരോ ചിത്രത്തിന് ശേഷം വര്‍ഷങ്ങളുടെ ഇടവേളകള്‍?

ദയയ്ക്ക് ശേഷം 15 വര്‍ഷം കഴിഞ്ഞാണ് മുന്നറിയിപ്പ് ചെയ്യുന്നത്. ആദ്യ ചിത്രത്തിന് ശേഷം ഞാന്‍ പഴയ ജോലിയിലേക്ക് തിരിച്ചു പോയി (ക്യാമറ). മുന്നറിയിപ്പ് കഴിഞ്ഞ് മൂന്നു വര്‍ഷം ആയിട്ടുള്ളൂ. 'കാര്‍ബണ്‍' എല്ലാം ഒത്തു വരാന്‍ താമസിച്ചു, അതാണ് പ്രധാന കാരണം. പിന്നെ എല്ലാ ദിവസവും ജോലി ചെയ്യണമെന്ന് നിര്‍ബന്ധമില്ല. പതുക്കെ കുറച്ച് സാവാധാനം ചെയ്യുന്നതാണ് എനിക്ക് സൗകര്യം.