രാമന്റെ ഏദന്‍തോട്ടം: പതിവുകള്‍ തെറ്റിക്കുന്നുണ്ട് ഈ സിനിമ

 
രാമന്റെ ഏദന്‍തോട്ടം: പതിവുകള്‍ തെറ്റിക്കുന്നുണ്ട് ഈ സിനിമ

പാട്ടുകളും നായികയുമൊക്കെ ഹിറ്റ് ആയിട്ടാണ് രഞ്ജിത്ത് ശങ്കറുടെ രാമന്റെ ഏദൻ തോട്ടം റിലീസ് ആയത്. ഫീൽ ഗുഡ് സിനിമാനുഭവം എന്ന് തോന്നിപ്പിച്ച ടീസറും സംഭാഷണങ്ങളും പ്രേക്ഷകർ ആസ്വദിച്ചിരുന്നു. കുഞ്ചാക്കോ ബോബന്റെ സ്കൈഡൈവ്‌ പോലുള്ള പ്രൊമോഷനും മ്യൂസിക്കൽ ട്രെയിലറും വ്യത്യസ്തമായ പ്രചാരണ ആശയങ്ങൾ തന്നെയായിരുന്നു. മുൻ രഞ്ജിത്ത് ശങ്കർ ചിത്രങ്ങളെ പോലെ തന്നെ ചില യഥാർത്ഥ ജീവിത കഥാപാത്രങ്ങളെ കൂടി മുൻനിർത്തി കൂടിയുള്ളതായിരുന്നു രാമന്റെ ഏദൻ തോട്ടവും.

രാമന്റെ ഏദൻ തോട്ടം കാടിന് നടുവിലെ ഒരു റിസോർട്ട് ആണ്. അവിടേക്ക് നഗര ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത് കുറച്ചു ദിവസങ്ങൾ ചിലവഴിക്കാൻ എത്തുകയാണ് സിനിമാ നിർമാതാവ് എൽവിസും (ജോജു) ഭാര്യ മാലിനിയും (അനു സിതാര) മകളും സുഹൃത്തുക്കളും. സിനിമാ നിർമാണത്തിലെ പരാജയങ്ങളും വിചിത്ര സ്വഭാവങ്ങളും ഈഗോയും നിറഞ്ഞ ആളാണ് എൽവിസ്. മാലിനി തന്റെ പാട്ടും നൃത്തവും സ്വപ്നങ്ങളും ഒക്കെ പാതി വഴിയിൽ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം ജീവിക്കുന്നയാളും. ഏദൻ എന്ന റിസോർട്ടിന്റെ മുതലാളിയായ രാമൻ (കുഞ്ചാക്കോ ബോബൻ) പ്രകൃതി ജീവനത്തിന്റെ വഴികളിൽ യാത്ര ചെയുന്ന ആളാണ്. ഒരു ലക്ഷം മരങ്ങൾ നടാൻ ശ്രമിക്കുന്ന, വൻനഗരങ്ങളിൽ ചെറുകാടുകൾ ഉണ്ടാക്കുന്ന, സ്വന്തമായി കൃഷി ചെയ്ത് ഭക്ഷണം കഴിക്കുന്ന ആളാണ്. രാമനും മാലിനിക്കും ഇടയിൽ ഉണ്ടാവുന്ന ഇഴയടുപ്പത്തിന്റെ കഥയാണ് പ്രധാനമായും രാമന്റെ ഏദൻ തോട്ടം പറയുന്നത്.

ഒരു സൗഹൃദവും പ്രണയവും തോന്നാൻ പ്രായമുണ്ടോ. ഉണ്ടെന്ന് കൃത്യമായി സ്ഥാപിക്കുന്ന സിനിമകളാണ് മലയാളത്തിൽ മുഖ്യധാരയായി കടന്നു വരാറുള്ളത്. അതിനെ ബ്രേക്ക് ചെയ്യുന്ന സിനിമകൾ അവസാനം കുറ്റബോധം കൊണ്ട് കരഞ്ഞു കാലുപിടിച്ചു 'പാഠം പഠിച്ച്' തിരിച്ചു വരാറാണ് പതിവ്. ആ പതിവിനെ തെറ്റിക്കുന്നത് ചെറിയ കാര്യമല്ല. വളരെ ലഘുവായ കാഴ്ച്ചാനുഭവമായിരുന്നുകൊണ്ട് തന്നെ രാമന്റെ ഏദൻ തോട്ടം ആ പതിവിനെ മറികടക്കുന്നുണ്ട്. ഒരു ഓൾട്ടർനേറ്റീവ് ജീവിതം സാധ്യമാണോ എന്ന ചോദ്യത്തിന് വളരെ വിജയകരമായി പറ്റും എന്ന് ലളിതമായി പറയുന്നുണ്ട് ഈ സിനിമ.

രാമനും മാലിനിയും തമ്മിലുള്ള സൗഹൃദത്തിന് വ്യവസ്ഥാപിതമായ നിർവ്വചനങ്ങൾ ഇല്ല. അങ്ങനെ ഉണ്ടാവണം എന്നവർ ആഗ്രഹിക്കുന്നുമില്ല. കാടും മരവും പുഴയും ഒക്കെ തരുന്ന ജീവിതത്തിന്റെ താളമാണ് ആ അർത്ഥത്തിൽ ഈ സിനിമയിലെ ഫീൽ ഗുഡ് സാന്നിധ്യം. പല തലത്തിലും മാലിനി എന്ന നായികയാണ് ഈ സിനിമയെ മുന്നോട്ടു നയിക്കുന്നത്. മാലിനിക്ക് അവളെ തന്നെ തിരിച്ചെടുക്കാനും സ്വയം തിരിച്ചറിയാനും ഉള്ള വഴി മാത്രമാണ് രാമനും ഏദൻ തോട്ടവും എൽവിസും മകളും എല്ലാം. ഇവിടുത്തെ പലതരം ഈഗോകളെ നൃത്തം ചെയ്തു തോൽപ്പിക്കുന്ന മാലിനിയുടെ ഫ്രെയിമുകളിലാണ് സിനിമ ഫ്രെയിം ചെയ്യുന്നത്.

മാലിനിക്ക് നൃത്തം സ്വാതന്ത്ര്യവും സ്വസ്ഥമായ, ആത്മാഭിമാനമുള്ള ജീവിതവുമാണ്. ആ ജീവിതത്തിലേക്ക് ഒറ്റയ്ക്ക് നടക്കാൻ അവൾക്കു കിട്ടിയ ചാലകശക്തിയാണ് രാമന്റെ ഏദൻ തോട്ടത്തിലേക്കുള്ള യാത്ര. അങ്ങനെ ഒരു ഊർജ്ജത്തിനൊടുവിൽ അവൾ നൃത്തം ചെയ്ത തുടങ്ങുന്നു. വേണ്ടാത്തതിനോടൊക്കെ നോ പറഞ്ഞു തുടങ്ങുന്നു. നിനക്കു ഫെമിനിസം തലയ്ക്കു പിടിച്ചോ, നീ അടങ്ങി ഒതുങ്ങി പഴയ പോലെ ആവണം എന്നൊക്കെയുള്ള തിട്ടൂരങ്ങളോട് പൂമ്പാറ്റ ചിത്രം പച്ച കുത്തിയ കയ്യിൽ നോക്കി ചിരിച്ച് പിന്തിരിഞ്ഞു നടക്കുകയാണ് അവൾ ചെയുന്നത്. നിരവധി വായനയ്ക്കും ഉപവായനക്കും ഒക്കെ സാധ്യതയുള്ള രംഗങ്ങൾ ആണ് ഇതെല്ലം.

രാമന്റെ ഏദന്‍തോട്ടം: പതിവുകള്‍ തെറ്റിക്കുന്നുണ്ട് ഈ സിനിമ

ആൺ - പെൺ ബന്ധങ്ങളിലെ കപടത ചില സമയത്തൊക്കെ സിനിമ സംസാരിക്കുന്നുണ്ട്. വിവാഹം എന്ന സ്ഥാപനത്തിന്റെ സകല ആനുകൂല്യങ്ങളും സ്വീകരിച്ച് അതിനു പുറത്തുള്ള ബന്ധങ്ങളിലേക്കു നിരന്തരം പോകുന്ന ഒരാൾ ഭാര്യയുടെ സൗഹൃദത്തോട് കലഹിക്കുന്നു. അങ്ങേയറ്റം ആക്രമണോത്സുകമായാണ് അവരുടെ സൗഹൃദത്തെ അയാളും അയാളുടെ മറ്റു ബന്ധങ്ങൾ അറിയുന്ന സുഹൃത്തുക്കളും സ്വീകരിക്കുന്നത്. കുടുംബം നോക്കിയിരുന്ന സ്നേഹമയിയായ ഒരുവൾ ചോദ്യങ്ങളുടെ, വിശദീകരണങ്ങളുടെ ഇടയിലാകുന്നു. ആ അവസ്ഥയെ അവൾ മറികടക്കാൻ അവൾ എടുക്കുന്ന ദൂരമാണ് സിനിമയുടെ ദൂരം. ക്ഷമിക്കാൻ തയ്യാറാണെന്ന ഔദാര്യത്തിനു മുന്നിൽ ആത്മാഭിമാനം തനിക്കും ഉണ്ട് എന്നവൾ പറയുന്നു. മലയാള സിനിമ ഇത്തരം ആത്മാഭിമാനത്തെ കാണിക്കുന്നത് കുറഞ്ഞു കുറഞ്ഞു വരുന്ന സമയത്താണ് മാലിനി ഉണ്ടാവുന്നത് എന്നത് കാണാതിരുന്നു കൂടാ.

ഒരു ബന്ധം ഇല്ലാതാവുമ്പോൾ എന്താണ് ബാക്കിപത്രമാവുന്നത്. അല്ലെങ്കിൽ എന്താണ് ആകേണ്ടത് എന്നതാണ് സിനിമ ചോദിക്കുന്ന മറ്റൊരു ചോദ്യം. സ്നേഹം കിട്ടാത്ത ബന്ധം ഒരു തെറ്റായിരുന്നു എന്ന നിലയിൽ അല്ല, തിരിച്ചറിവിന്റെ ഒരു കാലം എന്ന നിലയിലാണ് സിനിമയിലെ കഥാഗതി ബന്ധങ്ങളെ ഉൾക്കൊള്ളുന്നത്. നമുക്ക്, മനോഹരവും വ്യത്യസ്‍തമായ രണ്ടു ലോകങ്ങൾ മകൾക്കു നൽകാം എന്ന് പറയുന്നത് തീർച്ചയായും ബന്ധത്തെ കുറിച്ചുള്ള നമ്മുടെ സിനിമ കാഴ്ച ശീലങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. പ്രണയ നഷ്ടത്തെ തേപ്പ് എന്നൊക്കെ പറഞ്ഞു റദ്ദാക്കുന്ന ഒരിടമാണിത്. ഇവിടെ പ്രണയത്തിന്റെ ഭാരം ഒഴിച്ച് കടന്നു പോകുന്നവർ വിരളമാണ്. ജനപ്രിയ സിനിമകളിൽ കാണാറേ ഇല്ല.

ഫീമെയ്ൽ നരേറ്റീവിൽ ഒരു സിനിമ ഉണ്ടാവുന്നത് സത്യത്തിൽ ഇവിടെ ഒരു വെല്ലുവിളിയാണ്. അത്തരം മുഴുനീള കഥാപാത്രങ്ങൾ, സ്വന്തമായി എന്തെങ്കിലും സംസാരിക്കുന്ന കഥാപാത്രങ്ങൾ ഒക്കെ ഇപ്പോൾ അപൂര്‍വമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്. സിനിമ ഒരു കച്ചവടവും സ്ത്രീ ഒരു കാഴ്ചാ സുഖമുള്ള കച്ചവട ചരക്കും തന്നെയാണ് എത്രയൊക്കെ സംസാരിച്ചാലും ഇപ്പോഴും ഇവിടെ. മാലിനി അതിൽ നിന്ന് മാറി നടക്കുന്നു, രാമന്റെ ഏദൻ തോട്ടവും.

മിസോഗിനി സംസാരിക്കാൻ മാത്രം ഉരുവം കൊണ്ട അവസ്ഥയിൽ നിന്നും അത്രയെളുപ്പത്തിൽ മാറാൻ സിനിമക്കും പ്രേക്ഷകരുടെ കാഴ്ചാ ശീലത്തിനും സാധിക്കുമെന്ന് തോന്നുന്നില്ല. സിനിമയില്‍, പുരുഷന്റെ ബാങ്കോക്കിക്കിലെ ശാരീരിക ബന്ധത്തിന്റെ അനുഭവത്തിന് കയ്യടിയുടെ, അശ്‌ളീല ചിരിയുടെ പിന്തുണ കിട്ടുമ്പോൾ സ്ത്രീയുടെ ആർദ്രമായ നോട്ടത്തിന് കൂവൽ കേൾക്കുന്നു. എളുപ്പമല്ല ആ അവസ്ഥയെ മറികടക്കാൻ. പക്ഷെ അതിനെ മറികടക്കാൻ ശ്രമിക്കുന്നത് കയ്യടി അർഹിക്കുന്നുണ്ട്.

രാമന്റെ ഏദൻ തോട്ടത്തിലൂടെ പോകുന്ന കാമറ മനസ് തണുപ്പിക്കുന്ന വെള്ളത്തെ, കാടിന് നടുവിലെ കല്‍വഴികളെ ഒക്കെ അതിന്റെ പൂർണമായ സ്വാഭാവികതയോടെ ഉൾക്കൊള്ളുന്നു. അതിനൊപ്പം യാത്ര ചെയുന്നു. അത്തരം ഒരു ജീവിതം നൽകുന്ന സ്വസ്ഥതകളെ കുറിച്ചു കൂടി സംസാരിക്കുന്നതിൽ കാമറ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മാലിനിയായ അനു സിത്താരയുടെയുടെയും കുഞ്ചാക്കോ ബോബന്റെയും ജോജുവിന്റെയും അഭിനയം കൂടിയാണ് സിനിമയെ പ്രേക്ഷകരിലേക്ക് പൂർണമായി എത്തിക്കുന്നത്. വലിച്ചു നീട്ടലുകൾ വളരെ കുറവാണ്. അജു വർഗീസിന്റെ കഥാപാത്രം മാത്രമാണ് സിനിമയുടെ ഫോക്കസ് കുറച്ചു മാറ്റുന്നത്.

സിനിമയുടെ ബിഗ് ബഡ്ജറ്റ് കണക്കുകളിൽ പെടുന്ന കച്ചവട സൂത്രങ്ങൾക്കുള്ളിൽ നിൽക്കുന്ന സിനിമ അല്ല രാമന്റെ ഏദൻ തോട്ടം. സിനിമയുടെ ക്രാഫ്റ്റ്, ഈസ്തറ്റിക്സ് പഠനങ്ങൾക്ക് പറ്റിയ ഇടവും ആകാൻ സാധ്യതയില്ല. സിദ്ധാന്ത ഭാരങ്ങൾ പിന്തുടർന്ന് നിർമിച്ച ഒരു സിനിമയുമല്ല. പക്ഷെ ഇതിനിടയിൽ നിന്നുകൊണ്ട് തന്നെ ഈ സിനിമ അറിഞ്ഞോ അറിയാതെയോ മറികടക്കുന്ന ചില വാർപ്പുമാതൃകകൾ ഉണ്ട്. ആ മറികടക്കലിനെ അംഗീകരിക്കുന്നവർക്ക് രാമന്റെ ഏദൻ തോട്ടം നിരാശപ്പെടുത്താത്ത അനുഭവമായിരിക്കും.