പെരുന്നയില്‍ നിന്നും ചെന്നിത്തലയിലേക്കുള്ള ശരിദൂരം

 
പെരുന്നയില്‍ നിന്നും ചെന്നിത്തലയിലേക്കുള്ള ശരിദൂരം

ഈ മാസം 21നു നടക്കുന്ന അഞ്ച് ഉപതെരെഞ്ഞെടുപ്പുകളില്‍ തന്റെ സംഘടനയുടെ നിലപാട് ശരിദൂരം ആയിരിക്കുമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു . ശരിദൂരം എന്നതുകൊണ്ട് താന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് സംഘടനയില്‍ പെട്ടവര്‍ക്ക് നന്നായി അറിയാമെന്നുകൂടി അദ്ദേഹം പറയുമ്ബോള്‍ എന്‍ എസ് എസ് ചായ്‌വ് എങ്ങോട്ടെന്ന് പകല്‍ പോലെ വ്യക്തം. ഇക്കഴിഞ്ഞ മാസം നടന്ന പാലാ ഉപതിരഞ്ഞെടുപ്പില്‍ സംഘടനയുടെ നിലപാട് പ്രഖ്യാപിക്കാതിരുന്നതിലെ ജാള്യവും സുകുമാരന്‍ നായരുടെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്തുവന്നാലും കെ എം മാണിയുടെ പാലാ യു ഡി എഫിനെ കൈവിടില്ലെന്നു ഒരുപക്ഷെ അദ്ദേഹവും കരുതിയിരുന്നിരിക്കണം. അങ്ങനെ ഒരു അബദ്ധം ഇനിയും സംഭവിച്ചുകൂടെന്ന ചിന്തയില്‍ നിന്ന് തന്നെയാവണം ഇക്കുറി നേരത്തെ തന്നെയുള്ള ഈ നിലപാട് പ്രഖ്യാപനം. ഇന്നലെ പെരുന്നയില്‍ ചങ്ങനാശേരി എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ സംഘടിപ്പിച്ച നൂറ്റിആറാമത് വിജയദശമി നായര്‍ മഹാ സമ്മേളനത്തില്‍ വെച്ചായിരുന്നു സുകുമാരന്‍ നായരുടെ നിലപാട് പ്രഖ്യാപനം എന്നതും എന്തുകൊണ്ടും ശ്രദ്ധേയമാണ്.

എന്‍ എസ് എസിന് രാഷ്ട്രീയമില്ലെന്നും സമദൂരമാണ് സംഘടനയുടെ നിലപാടെന്നും പറഞ്ഞ സുകുമാരന്‍ നായര്‍ പിന്നെന്തുകൊണ്ട് ഇപ്പോള്‍ ശരിദൂരം എന്ന് വിശദീകരിക്കുന്നുണ്ട്. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹിക നീതി, ഈശ്വര വിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍ എന്നീ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് ശരിദൂരം കണ്ടെത്തേണ്ടതുണ്ടെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. ശബരിമല വിഷയത്തില്‍ കേരളത്തിലെ ഇടതു സര്‍ക്കാരിനെയും കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിനെയും ഒരുപോലെ വിമര്‍ശിക്കുന്ന സുകുമാരന്‍ നായര്‍ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെന്നതു പോലെ തന്നെ വരുന്ന അഞ്ച് ഉപതെരെഞ്ഞെടുപ്പുകളിലും തന്റെ സംഘടനയുടെ പിന്തുണ യു ഡി എഫിന് ഉറപ്പുവരുത്താന്‍ തന്നെയാണ് ശ്രമിക്കുന്നത് എന്നതും വ്യക്തം. അതുകൊണ്ടു തന്നെയാണ് നായര്‍ സമുദായാംഗം കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുകുമാരന്‍ നായരുടെ ശരിദൂര നിലപാട് പ്രഖ്യാപനത്തെ സഹര്‍ഷം സ്വാഗതം ചെയ്തതും. രമേശ് ചെന്നിത്തലയുടെ ഈ കയ്യടിക്കു പിന്നില്‍ മറ്റൊരു ലക്‌ഷ്യം കൂടി ഉണ്ടെന്നു കൂടി വേണം കരുതാന്‍. പെരുന്നയിലെ എന്‍ എസ് എസ് ആചാര്യന്റെ ഗുഡ് ബുക്കില്‍ കയറിക്കൂടിയാലേ അടുത്ത തിരെഞ്ഞെടുപ്പില്‍ യു ഡി എഫിന് ഭരണം ലഭിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആകാന്‍ അദ്ദേഹത്തിന് ഒരു കൈത്താങ്ങു ലഭിക്കൂ എന്നതാണത്. ഏറെക്കാലമായി ചെന്നിത്തല കൊണ്ടുനടക്കുന്ന ഒരു വലിയ സ്വപ്നമാണ് മുഖ്യമന്ത്രി സ്ഥാനം എന്നത് പരസ്യമായ രഹസ്യം തന്നെയാണ്.

ഇതാദ്യമായല്ല സുകുമാരന്‍ നായര്‍ ശരിദൂരത്തെക്കുറിച്ചു പറയുന്നത്. നാരായണ പണിക്കരുടെ പിന്‍ഗാമിയായി സംഘടനയുടെ ചുമതല ഏറ്റെടുത്തു അധികം വൈകാതെ തന്നെ സുകുമാരന്‍ നായര്‍ ഇടയ്ക്കിടെ അവതരിപ്പിച്ച ഒന്ന് തന്നെയാണ് അദ്ദേഹവുമിപ്പോള്‍ ശരിദൂരം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ നിലപാട്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയിലും ഇക്കഴിഞ്ഞ ലോക്സഭ തിരെഞ്ഞെടുപ്പ് വേളയിലും ശരിദൂര നിലപാട് തന്നെയായിരുന്നു നായരുടേത്. ചെങ്ങന്നൂരില്‍ ശരിദൂരത്തിന്റെ ഗുണഭോക്താവ് എല്‍ ഡി എഫ് ആയിരുന്നെങ്കില്‍ ലോക്സഭ തിരെഞ്ഞെടുപ്പില്‍ അത് യു ഡി എഫ് ആയെന്നു മാത്രം. സമദൂരം വെടിഞ്ഞു എന്‍ എസ് എസ് എന്തുകൊണ്ട് ശരിദൂരം സ്വീകരിക്കുന്നു എന്നതിന് സുകുമാരന്‍ നായര്‍ക്ക് അദ്ദേഹത്തിന്റേതായ വിശദീകരണം ഉണ്ട്. കേവലം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നതല്ല സുകുമാരന്‍ നായര്‍ക്ക് കേരളത്തിലെ പിണറായി സര്‍ക്കാരിനടുള്ള വിരോധം. മുന്നാക്ക വിഭാഗത്തില്‍ പെട്ട പിന്നാക്കക്കാര്‍ക്കു അര്‍ഹതപ്പെട്ട 50 കോടി രൂപയുടെ ധനസഹായം രണ്ടു വര്‍ഷമായി തടഞ്ഞു വെച്ചിരിക്കുന്നു, മന്നം ജയന്തി ദിനത്തില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം അവധി നല്‍കണമെന്ന സംഘടനയുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല എന്നിങ്ങനെ പോകുന്നു ഇടതു സര്‍ക്കാരിനോടുള്ള വിരോധത്തിനുള്ള കാരണങ്ങള്‍. എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന് നല്‍കുന്ന പരിഗണന തനിക്കോ തന്റെ സംഘടനക്കോ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)