'കള്ള്' കുടിക്കുന്നതുകൊണ്ട് ഒരുപക്ഷെ രാജുവിനെ 'കള്ളന്‍' എന്ന് വിളിക്കാമായിരിക്കും, സത്യത്തില്‍ രാജു വിശുദ്ധനാണ്, സല്യൂട്ട്: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

 
'കള്ള്' കുടിക്കുന്നതുകൊണ്ട് ഒരുപക്ഷെ രാജുവിനെ 'കള്ളന്‍' എന്ന് വിളിക്കാമായിരിക്കും, സത്യത്തില്‍ രാജു വിശുദ്ധനാണ്, സല്യൂട്ട്: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

സിസ്റ്റര്‍ അഭയ കേസില്‍ സുപ്രധാന സാക്ഷിമൊഴി നല്‍കിയ രാജുവിന് ആദരമറിയിച്ച് യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. 'കള്ള്' കുടിക്കുന്നതുകൊണ്ട് ഒരുപക്ഷെ രാജുവിനെ 'കള്ളന്‍' എന്ന് വിളിക്കാമായിരിക്കും, സത്യത്തില്‍ രാജു വിശുദ്ധനാണ്, സല്യൂട്ട് എന്നാണ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചത്. മനുഷ്യത്വത്തിന്റെ മുഖം, നീതിയുടെയും...സത്യത്തിന്റെ കാവലാള്‍ ആദരവ് എന്ന് രാജുവിന്റെ ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു. കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതി വിധച്ചതിനു പിന്നാലെയായിരുന്നു മാര്‍ കൂറിലോസിന്റെ പ്രതികരണം.

കേസില്‍ സാക്ഷികളെല്ലാം ഒന്നൊന്നായി കൂറുമാറിയപ്പോഴും സകല ഭീഷണിയേയും പ്രലോഭനങ്ങളെയും വകവെയ്ക്കാതെ ഉറച്ചുനിന്ന രാജുവിന്റെ മൊഴികള്‍ കേസില്‍ ഏറെ നിര്‍ണായകമായിരുന്നു. അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തിലെത്തിയപ്പോള്‍ ഫാദര്‍ തോമസ് കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയിലിനെയും കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. മോഷ്ടാവിന്റെ മൊഴിയുടെ വിശ്വാസയോഗ്യതയെക്കുറിച്ച് പ്രതിഭാഗം നിരവധി എതിര്‍വാദങ്ങള്‍ ഉന്നയിച്ചെങ്കിലും കോടതി രാജുവിന്റെ മൊഴി അംഗീകരിക്കുകയായിരുന്നു. 'ആ കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ, എന്റെ കുഞ്ഞിന് നീതി കിട്ടി. ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഒരുപാട് പേര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു. കോടികള്‍ ഓഫര്‍ ചെയ്തു. ഒന്നും ഞാന്‍ വാങ്ങിയില്ല. ഇപ്പോഴും മൂന്ന് സെന്റ് കോളനിയിലാണ് ഞാന്‍ കിടക്കുന്നത്' കേസില്‍ കോടതി വിധി വന്നതിനു പിന്നാലെ രാജുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.