1761 ജനുവരി 14: മറാത്ത സാമ്രാജ്യവും അഫ്ഗാനികളും തമ്മില്‍ മൂന്നാം പാനിപ്പത്ത് യുദ്ധം തുടങ്ങി

 
1761 ജനുവരി 14: മറാത്ത സാമ്രാജ്യവും അഫ്ഗാനികളും തമ്മില്‍ മൂന്നാം പാനിപ്പത്ത് യുദ്ധം തുടങ്ങി

18ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ യുദ്ധങ്ങളിലൊന്നായ മൂന്നാം പാനിപ്പത്ത് യുദ്ധം 1761 ജനുവരി 14ന് തുടങ്ങി. ബലാജി റാവുവിന്‌റെ മറാത്ത സാമ്രാജ്യവും അഫ്ഗാന്‍ ഭരണാധികാരി അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാന്‍ സാമ്രാജ്യവും തമ്മിലായിരുന്നു യുദ്ധം. ഡല്‍ഹിയില്‍ നിന്ന് 97 കിലോമിറ്റര്‍ ദൂരെ ഹരിയാനയിലാണ് നിലവില്‍ പാനിപ്പത്ത്. സദാശിവ റാവു ഭാവുവാണ് മറാത്ത സേനയ്ക്ക് നേതൃത്വം നല്‍കിയത്. ഇന്ത്യയിലെ രണ്ട് മുസ്ലീം രാജവംശങ്ങളുടെ പിന്തുണ അഫ്ഗാന്‍ സേനയ്ക്കുണ്ടായിരുന്നു. ദൊവാബിലെ റോഹില്ല അഫ്ഗാനികളും അവാദിലെ ഷുജാ ഉദ് ദൗളയും.

മറാത്ത സൈന്യത്തിന്‌റെ ഫ്രഞ്ച് നിര്‍മ്മിത പീരങ്കികളും ആയുധങ്ങളും അഫ്ഗാനികളുടെ അതിനേക്കാള്‍ വലിയ പീരങ്കികളുടേയും ആയുധങ്ങളുടേയും മുന്നില്‍ അടിയറവ് പറഞ്ഞു. 18ാം നൂറ്റാണ്ടില്‍ ലോകത്ത് നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധങ്ങളിലൊന്നാണ് പാനിപ്പത്ത് യുദ്ധം. ഒരു യുദ്ധത്തില്‍ ഒരു ദിവസം ഏറ്റവുമധികം പേര്‍ കൊല്ലപ്പെട്ട യുദ്ധങ്ങളിലൊന്നും മൂന്നാം പാനിപ്പത്ത് യുദ്ധമായിരുന്നു. യുദ്ധം നടന്ന യഥാര്‍ത്ഥ സ്ഥലം സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. എന്നാല്‍ ഇന്നത്തെ കാലാ ആംബിനും സനൗലി റോഡിനും ഇടയിലെവിടെയോ ആണ് യുദ്ധം നടന്നതെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.

1761 ജനുവരി 14: മറാത്ത സാമ്രാജ്യവും അഫ്ഗാനികളും തമ്മില്‍ മൂന്നാം പാനിപ്പത്ത് യുദ്ധം തുടങ്ങി

ഒരു ലക്ഷത്തി 25,000ത്തോളം സൈനികര്‍ ഇരു ഭാഗത്തുമായി യുദ്ധത്തില്‍ പങ്കെടുത്തു. മരണസംഖ്യ സംബന്ധിച്ചും ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. 60,000നും 70,000നും ഇടയില്‍ പേര്‍ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. ഷൂജാ ദൗളയുടെ ദിവാനായിരുന്ന കാശിരാജിന്‌റെ കണക്ക് പ്രകാരം യുദ്ധത്തടവുകാരായി പിടിച്ച 40,000ത്തോളം മറാത്ത് സൈനികരെ അഫ്ഗാനിസ്ഥാന്‍ വധിച്ചിട്ടുണ്ട്. ഉത്തരേന്ത്യ പിടിച്ചടക്കാനുള്ള മറാത്ത സാമ്രാജ്യത്തിന്‌റെ കൂടുതല്‍ മുന്നറ്റങ്ങള്‍ മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ തടയപ്പെട്ടു. മറാത്ത സാമ്രാജ്യം 10 വര്‍ഷത്തേയ്ക്ക് സൈനികമായി ദുര്‍ബലമായി.

എന്നാല്‍ പേഷ്വാ മാധവ് റാവുവിന്‌റെ നേതൃത്വത്തില്‍ മറാത്ത സാമ്രാജ്യം വീണ്ടും ശക്തി വീണ്ടെടുത്തു. 10 വര്‍ഷത്തിന് ശേഷം 1771ല്‍ വലിയൊരു സൈന്യത്തെ അയച്ച് മാധവ് റാവു തിരിച്ചടിക്കുകയും ഉത്തരേന്ത്യയില്‍ ആധിപത്യം പുനസ്ഥാപിക്കുകയും ചെയ്തു. 1761ലേത് അവസാനത്തെ പാനിപ്പത്ത് യുദ്ധമായിരുന്നു.