രജനി എസ് ആനന്ദിനെ ഓര്‍മയുണ്ടോ?

 
രജനി എസ് ആനന്ദിനെ ഓര്‍മയുണ്ടോ?

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ കച്ചവടത്തിന്റെ ഇരയായി രജനി എസ് ആനന്ദ് ജീവനൊടുക്കിയപ്പോള്‍ സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ച് ദളിത്-സാമൂഹിക പ്രവര്‍ത്തകന്‍. അടൂര്‍ എഞ്ചിനിയറിംഗ് കോളജില്‍ അധികൃതരുടെ പീഡനങ്ങളേറ്റ് ആത്മഹത്യ ചെയ്ത രജനി എസ് ആനന്ദിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും കാണിക്കുന്ന അലംഭാവത്തെയും അതു തന്നെയായിരിക്കും ജിഷ്ണുവിനും സംഭവിക്കുകയെന്ന് സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിക്കുകയാണ് ദളിത് - സാമൂഹിക പ്രവര്‍ത്തകനായ ഒപി രവീന്ദ്രന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രദ്ധയമായ നിരീക്ഷണങ്ങള്‍ രവീന്ദ്രന്‍ നടത്തിയിരിക്കുന്നത്. സ്വാശ്രയ കോളേജുകളില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത് സര്‍ക്കാരിന്റെ കപടതയെയാണ് വെളിവാക്കുന്നതെന്നാണ് രവീന്ദ്രന്‍ പറയുന്നത്.

അഴിമുഖം പ്രതിനിധിയോട് രവീന്ദ്രന്‍ പറയുന്നത്-'നിലവില്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ കൈക്കാര്യം ചെയ്യുവാന്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്ന് സമിതികളും കമ്മറ്റികളുമൊക്കെയുണ്ട്. പക്ഷെ ഇതൊന്നും പല സ്വാശ്രയ കോളേജുകളിലുമില്ല. വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹരിക്കാനുമുള്ള ഒരു കാര്യവും ഇത്തരം കോളേജുകള്‍ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. അപ്പോള്‍ രജനിയുടെയോ, ജിഷ്ണുവിന്റെയോ പോലെ വലിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാണ് വാര്‍ത്തകളാകുന്നതും പ്രക്ഷോഭങ്ങളുണ്ടാകുന്നതും അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ ഇത്തരം വിഷയം എത്തുന്നതും. ഇന്‍സ്റ്റിറ്റ്യൂഷണല്‍ മരണങ്ങള്‍ സംഭവിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നത് സര്‍ക്കാര്‍ അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം എടുക്കുന്നതിന് തുല്യമാണ്. ജിഷ്ണുവിന്റെ കാര്യത്തിലും സര്‍ക്കാര്‍ അതാണ് ചെയ്തിരിക്കുന്നത്. രജനിയുടെ വിഷയത്തില്‍ തന്നെ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ ഒരു ഇന്‍സ്റ്റ്യൂഷണല്‍ മരണം സംഭവിക്കില്ലായിരുന്നു. സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളെ ഗൗരവപൂര്‍ണമായി കാണുകയും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാത്തിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയുമാണ് ചെയ്യേണ്ടത്. ഇനിയെങ്കിലും ഇത്തരം സംഭവങ്ങളില്‍ നഷ്ടപരിഹാരം നല്‍കി ധാര്‍മ്മിക ഉത്തരാവാദിത്വം ഏറ്റെടുക്കുക മാത്രമല്ലാതെ വേണ്ട നടപടികള്‍ കൂടി ചെയ്താലേ ഭാവിയില്‍ ഈ പ്രവണതകള്‍ ഇല്ലാതാകൂ.'

ഒ പി രവീന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

രജനി. എസ് ആനന്ദ്, അടൂര്‍ എഞ്ചിനിയറിംഗ് കോളജില്‍ നിന്ന് ജാതിവിവേചനങ്ങളുള്‍പ്പെടെയുള്ള പീഡനങ്ങളേറ്റ്, പഠനം മറ്റൊരു കോളജിലേക്ക് മാറ്റാന്‍ വേണ്ടിയാണല്ലോ എന്‍ട്രന്‍സ് കമ്മീഷനെ സമീപിച്ചത്. ടി സി കിട്ടില്ലെന്നും, മറ്റൊരു കോളജിലേക്ക് മാറാന്‍ കഴിയില്ലെന്നും തന്റെ പഠനം അവസാനിച്ചെന്നും തിരിച്ചറിഞ്ഞ ആ നിമിഷം തന്നെയാണ് അവള്‍ മൂന്നാം നിലയില്‍ നിന്ന് തന്റെ ജീവനെടുത്ത് വലിച്ചെറിഞ്ഞത്. തുടര്‍ന്ന് ദിവസങ്ങളോളം തിരുവനന്തപുരം നഗരം വിറപ്പിച്ച വല്യേട്ടന്‍മാര്‍ (SFI) യു.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയും (സ്വാശ്രയ വിദ്യാഭ്യാസത്തിന് പച്ചക്കൊടി കാട്ടിയ ഇടത് സര്‍ക്കാറിന്റെ നയങ്ങളെ വിദഗ്ദ്ധമായി മറച്ചു പിടിച്ചു കൊണ്ട് ), അനിയന്‍മാര്‍ (KSU) ബാങ്കുകള്‍ക്കെതിരേയും സമരമഴിച്ച് വിട്ടു പ്രതിഷേധങ്ങളറിയിച്ചു.

ഇതിനിടയില്‍ രജനി.എസ് ആനന്ദിന്റെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും, സ്വാശ്രയ സ്ഥാപനങ്ങളില്‍ നടക്കുന്ന ജാതിവിവേചനങ്ങളും പീഡനങ്ങളും അന്വേഷിക്കണമെന്നും, രജനിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ദളിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഒരു മാസക്കാലം നീണ്ട ഒരു സമരം നടന്നിരുന്നു. ഇതില്‍ ആദ്യത്തെ ഒന്‍പത് ദിവസം നിരാഹാരം കിടന്നത് ഈയുള്ളവനായിരുന്നു. പിന്നീട് എം.ബി.മനോജും മോഹന കൃഷണനും, വാസുവും, മുരുക രാജും.. ( ലിസ്റ്റ് അപൂര്‍ണം) സര്‍ക്കാര്‍ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഖാലിദ് കമ്മീഷനെ ചുമതലപ്പെടുത്തിയെങ്കിലും. കുടുംബത്തിന് ഒരഞ്ച് പൈസ പോലും നഷ്ടപരിഹാരം അനുവദിച്ചില്ല. ഖാലിദ് കമ്മീഷനില്‍ ഹാജരായി (ഒരു വര്‍ഷത്തോളം) രജനി എസ് ആനന്ദ് അനുഭവിച്ച ജാതിവിവേചനങ്ങളും അനീതികളും അക്കമിട്ട് നിരത്തി. ഒടുവില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കപ്പെട്ടു. അതിന് മുകളിലൂടെ ഇടതും വലതും സര്‍ക്കാരുകള്‍ പലകുറി കൊടി വെച്ച് പറന്നു. പൊടിപിടിച്ചു കിടക്കുന്ന റിപ്പോര്‍ട്ട് ,വെള്ളറടയിലെ ഒറ്റമുറി വീടിന്റെ മുറ്റത്ത് നീതി കിട്ടാതെ മണ്ണടിഞ്ഞ രജനിയുടെ അനാഥമായ ഓര്‍മകള്‍ പോലെ സെക്രട്ടേറിയറ്റിലെ ഏതെങ്കിലും ഇരുണ്ട മൂലകളില്‍ ഇന്നും ഉണ്ടാകണം..!?