എന്താണ് ജീവിത വിജയത്തിന്റെ രഹസ്യം? ടെക്നോപാര്‍ക്കില്‍ നിന്നും ഒരു കഥാകാരന്‍; 'ദി സീക്രട്ട് ഓഫ് ഹിരാം' നോവലിന്റെ രചയിതാവ് മുകേഷ് അലക്സ് വൈദ്യന്‍ സംസാരിക്കുന്നു

 
എന്താണ് ജീവിത വിജയത്തിന്റെ രഹസ്യം? ടെക്നോപാര്‍ക്കില്‍ നിന്നും ഒരു കഥാകാരന്‍; 'ദി സീക്രട്ട് ഓഫ് ഹിരാം' നോവലിന്റെ രചയിതാവ് മുകേഷ് അലക്സ് വൈദ്യന്‍ സംസാരിക്കുന്നു

എഴുത്തിനോടുള്ള സ്‌നേഹം ഉള്ളില്‍ സൂക്ഷിക്കുകയും ലോക്ഡൗണ്‍ ആരംഭകാലത്ത് ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത കഥാകാരനാണ് മുകേഷ് അലക്‌സ് വൈദ്യന്‍. ഏഴ് ദിവസം കൊണ്ട് ഏഴ് കഥകളെഴുതി അത്ഭുതപ്പെടുത്തുക മാത്രമല്ല, അത് ആമസോണ്‍ വഴി പുറത്തിറക്കുകയും ചെയ്തു ഈ ടെക്കി കഥാകാരന്‍. അതിന് ശേഷമാണ് ദി സീക്രട്ട് ഓഫ് ഹിരാം എന്ന നോവല്‍ അദ്ദേഹം എഴുതുന്നത്. അത് ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ റാങ്കിങ്ങില്‍ ഇടം നേടി. തിരുവന്തപുരം ടെക്‌നോപാര്‍ക്കില്‍ യുഎസ്ടി ഗ്ലോബല്‍ കമ്ബനിയില്‍ സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്‌ട് ആണ് കൊല്ലം തേവലക്കര സ്വദേശിയായ മുകേഷ്.

പലരും ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് പ്രയാസപ്പെടുകയായിരുന്നു. എന്നാല്‍ ഈ സമയത്തെ തന്റെ സ്വപ്‌നങ്ങള്‍ക്കായി വിനിയോഗിച്ച ആ മോട്ടിവേഷന്‍ കഥകളുടെ കഥാകാരന്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

എഴുത്തിലേക്കുള്ള കടന്നുവരവ് എങ്ങനെയാണ്?

ചെറുപ്പകാലം മുതല്‍ വായന ശീലമായിരുന്നു. പിന്നീട് കോളേജ് കാലഘട്ടത്തില്‍ ലേഖനങ്ങള്‍ ഒക്കെ എഴുതാന്‍ തുടങ്ങി. ജോലി ചെയ്യാന്‍ തുടങ്ങിയതിന് ശേഷവും വായന തുടരുമായിരുന്നു. ലോക്ഡൗണ്‍ കാലത്ത് വായിക്കാനും എഴുതാനുമൊക്കെ ഒരുപാട് സമയംകിട്ടി. ഓഫീസില്‍ പോകാനെടുക്കുന്ന യാത്രയുടെ സമയമൊക്കെ ഈ ഘട്ടത്തില്‍ പേഴ്‌സണല്‍ ആവശ്യങ്ങള്‍ക്കായി ലഭിച്ചു. ലോക്ഡൗണ്‍ ആരംഭത്തിലും മറ്റും ഏറ്റവും കൂടുതല്‍ കേള്‍ക്കാന്‍ കഴിഞ്ഞതും നെഗറ്റീവ് ന്യൂസുകളായിരുന്നല്ലോ. കോവിഡ് മരണങ്ങളും മറ്റും. ഇതില്‍നിന്നെല്ലാം മനസ് മാറ്റാനായിട്ടാണ് എഴുത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ തുടങ്ങിയത്. ആദ്യമായി എഴുതിയത് ചെറുകഥകളായിരുന്നു. ഏഴ് ദിവസങ്ങളിലായി ഏഴ് കഥകള്‍ ഇത്തരത്തില്‍ എഴുതി. ഇത് ഫേ‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിന് നല്ല സ്വീകാര്യതയായിരുന്നു ആളുകള്‍ക്കിടയില്‍നിന്ന് കിട്ടിയത്. പിന്നീടാണ് എന്തുകൊണ്ട് ഇത് ബുക്കാക്കിക്കൂടാ എന്ന തോന്നല്‍ ഉണ്ടാവുന്നത്. അങ്ങനെ ഇത് ആമസോണിലൂടെ പുറത്തിറക്കുകയായിരുന്നു. ഹിരാം അബ്ബിഫ് ആന്റ് അദര്‍ സ്റ്റോറീസ് എന്ന ആ കഥാസമാഹാരത്തിനും വായനക്കാരെ ലഭിച്ചിരുന്നു. അതിനുശേഷമാണ് സിക്രട്ട് ഓഫ് ഹിരാം എന്ന നോവല്‍ എഴുതുന്നത്.

സീക്രട്ട് ഓഫ് ഹിരാം എത്തരത്തിലുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത് ?

സോളമന്‍ രാജവിന്റെ കാലത്തെ ശില്‍പ്പിയായിരുന്ന ഹിരാമിനെയാണ് നോവലില്‍ മുഖ്യകഥാപാത്രമാക്കുന്നത്. ഹിരാമിന്റെ കഥകളില്‍ മുഖ്യമായി കേട്ടിട്ടുള്ള ഒന്ന് ഹിരാമിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ വിജയ രഹസ്യം ആരായുകയും എന്നാല്‍ അത് ലഭിക്കാതെ വന്നപ്പോള്‍ അയാളെ കൊന്നു എന്നതുമാണ്. ഈ മൂലകഥയെ അടിസ്ഥാനമാക്കിയാണ് നോവല്‍ എഴുതിയത്. വിജയത്തെ കുറിച്ചുള്ള രഹസ്യങ്ങളാണ് ഈ നോവല്‍ പറഞ്ഞുതരുന്നത്. ഇതിനായി ഹിരാമിനെ കുറിച്ചുള്ള പുസ്തകങ്ങളൊക്കെയാണ് റിസര്‍ച്ചിനായി ഉപയോഗിച്ചത്. ബൈബിള്‍ നിരവധി തവണ വായിക്കുകയും ചെയ്തു.

തുടക്കക്കാരായ വായനക്കാര്‍ക്ക് വായിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. ഇന്നത്തെ കാലത്ത് വളരെ സമ്മര്‍ദ്ദം അനുഭവിക്കുന്ന ജീവിതമാണ് കൂടുതല്‍ ആളുകളും ജീവിക്കുന്നത്. ഇവിടെ ഒരു അഞ്ച് ശതമാനം അല്ലെങ്കില്‍ 10 ശതമാനം ആളുകള്‍ മാത്രമാണ് ജീവിതത്തില്‍ വിജയം വരിക്കുന്നത്. സാധാരണക്കാരായ ആളുകളൊന്നും ഇത്തരത്തില്‍ ജീവിതത്തിന്റെ വിജയത്തെ കുറിച്ച്‌, അതിന്റെ രഹസ്യത്തെ കുറിച്ച്‌ അന്വേഷിച്ച്‌ പോകാറില്ല. ചില പുസ്തകങ്ങളൊക്കെ വായിച്ചാല്‍ ഈ രഹസ്യങ്ങള്‍ മനസിലാക്കാവുന്നതെയുള്ളൂ. എന്നാല്‍ അതിനും മെനക്കെടാത്ത ആളുകളാണ് പലരും. ഇത്തരം ആളുകള്‍ക്കായാണ് ഇത്തരത്തില്‍ ഒരു നോവല്‍ ഒരുക്കിയത്.

കൂടുതലായും മോട്ടിവേഷന്‍ കഥകളാണ് ചെയ്യുന്നത്. എഴുത്തിലൂടെ എന്താണ് ലക്ഷ്യംവെക്കുന്നത്?

ഒരാളെയെങ്കിലും ജീവിതത്തില്‍ പ്രചോദിപ്പിക്കാന്‍ കഴിയുകയാണെങ്കില്‍ അത് എഴുത്തിന്റെ വിജയമായി കാണുന്നു. അതാണ് മുഖ്യമായും എഴുത്തിലൂടെ ഉദ്ദേശിക്കുന്നത്.

എഴുത്തില്‍ സ്വാധീനിച്ച എഴുത്തുകാര്‍ ,പുസ്തകങ്ങള്‍ എന്നിവ ഏതൊക്കെയാണ്?

പൗലോ കൊയ്‌ലോയുടെ കൃതികള്‍ ഇഷ്ടമാണ്. ഡാന്‍ ബ്രൗണിന്റെ കൃതികള്‍ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രചനകള്‍ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

വീട്ടുകാര്‍?

വീട്ടില്‍ ഭാര്യയും മകളുമാണ് ഉള്ളത്. അവര്‍ നല്ല പിന്തുണയാണ് നല്‍കുന്നത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയുള്ള വായനയെ, അതിന്റെ സാധ്യതകളെ എങ്ങനെയാണ് നോക്കി കാണുന്നത്?

പാരിസ്ഥിതിക കാഴ്ച്ചപ്പാടില്‍ നോക്കിയാല്‍ ഓണ്‍ലൈന്‍ വായനയെ ഇനിയുള്ള കാലത്ത് നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഓരോ ബുക്കും പ്രിന്റ് ചെയ്യാന്‍ മരങ്ങള്‍ വെട്ടിമുറിക്കണം. എന്നാല്‍ മലയാളികള്‍ക്ക് ഓണ്‍ലൈന്‍ വായന കുറവാണ്. യു എസ്, യു കെ , ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് ദി സീക്രട്ട് ഓഫ് ഹിരാം കൂടുതലായി വാങ്ങിയത്. ഓണ്‍ലൈന്‍ വായനയോടുള്ള താല്‍പ്പര്യക്കുറവാണോ, പുതിയ എഴുത്തുകാരെ ഉള്‍ക്കൊള്ളാനെടുക്കുന്നതിലുള്ള സമയമാണോ കേരളത്തില്‍ ഇത്തരത്തില്‍ അധികം വായിക്കപ്പെടാത്തതിന് കാരണം എന്നറിയില്ല.

പുസ്തക പ്രസാധക രംഗത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് അച്ചടിച്ച പുസ്തകങ്ങളാണ്. കൈയ്യില്‍ പുസ്തകങ്ങള്‍ എടുത്ത് വായിക്കുന്നതാണ് പലര്‍ക്കും ഇഷ്ടം. ഇന്ത്യയില്‍ അറ്റ്ലാന്റിക് പബ്ലിക്കേഷന്‍സ് ദി സീക്രട്ട് ഓഫ് ഹിരാം അച്ചടിച്ച്‌ പുറത്തിറക്കിയിട്ടുണ്ട്. ഹാരിപോട്ടര്‍ സീരീസ് ഒക്കെ ഇന്ത്യയില്‍ പുറത്തിറക്കിയ പബ്ലിക്കേഷന്‍സാണിത്.

പുസ്തകം വായിച്ചതിനുശേഷം ആളുകളുടെ പ്രതികരണം എങ്ങനെയായിരുന്നു?

യുകെ, യുഎസ് മാര്‍ക്കറ്റുകളിലും ഇന്ത്യന്‍ മാര്‍ക്കറ്റിലും നോവലിന് നല്ല അഭിപ്രായമാണ് ലഭിച്ചത്. ആമസോണില്‍ റിവ്യൂ കിട്ടാന്‍ ഭയങ്കര പാടാണ്. എല്ലാവരുടേയും റിവ്യൂസ് അവര്‍ അപ്രൂവ് ചെയ്യാറില്ല. ഈ നോവലിന് കിട്ടിയ റിവ്യൂസ് എല്ലാം പോസറ്റീവ് റിവ്യൂസ് ആണ്.

എങ്ങനെയാണ് ഇത്തരം നോവലുകള്‍ ആളുകളില്‍ സ്വാധീനം ചെലുത്തുക?

പല ആളുകളുടേയും ജീവിതത്തില്‍ ഒരു പുസ്തകം മാറ്റം വരുത്തിയ സാഹചര്യം ഉണ്ടാവാറുണ്ട്. ചില പുസ്തകങ്ങള്‍ ജീവിതത്തില്‍ ടേണിങ്‌പോയറ്റ് സാധ്യമാക്കുന്നവയാണ്. അത്തരത്തില്‍ വായനക്കാരുടെ ജീവിതത്തില്‍ ഒരു ടേണിങ് പോയന്റ് ഉണ്ടാവണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയില്‍ എങ്ങനെയാണ് എഴുത്തിനേയും ഒപ്പം കൊണ്ടുപോവുന്നത്?

ഒമ്ബത് മുതല്‍ ആറ് മണിവരെ ഞാന്‍ വര്‍ക്കില്‍ ശ്രദ്ധിക്കും. അത് കഴിഞ്ഞുള്ള സമയമാണ് എഴുത്തിനും വായനയ്ക്കുമായി മാറ്റി വയ്ക്കുന്നത്. വായന എല്ലായ്പ്പോഴും തുടര്‍ന്ന് പോകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഏതെല്ലാം ബുക്ക് കിട്ടുന്നുവോ അതെല്ലാം വായിക്കാന്‍ ശ്രമിക്കുന്നു. എഴുത്ത് എന്റെ പാഷനാണ്. വളരെ ഓര്‍ഗാനിക്കായിട്ടുള്ള എഴുത്ത് രീതിയാണ് എന്റേത്. ഉള്ളില്‍ തോന്നുന്നത് അതേപോലെ എഴുതുകയും പിന്നീട് എഡിറ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. അതിനാല്‍തന്നെ എഴുതാന്‍ എനിക്ക് അധികം സമയം വേണ്ടിവരുന്നില്ല.