'തൊലിപ്പുറത്ത് അല്ല സൗന്ദര്യം'; മൈക്കിള്‍ ജാക്‌സണ്‍ന്റെ ജന്മദിനം വെള്ളപ്പാണ്ട് ദിനമായതെങ്ങനെ

 
'തൊലിപ്പുറത്ത് അല്ല സൗന്ദര്യം'; മൈക്കിള്‍ ജാക്‌സണ്‍ന്റെ ജന്മദിനം വെള്ളപ്പാണ്ട് ദിനമായതെങ്ങനെ

ഷാന്റല്ല ബ്രൗണ്‍ യങ്.. ഒരു കനേഡിയന്‍ സുന്ദരിക്കുട്ടി...ഏതൊരു പെണ്‍കുട്ടിയെയും പോലെ സഹോദരിമാര്‍ക്കൊപ്പം പൂമ്ബാറ്റയെ പോലെ പറന്നു നടന്ന കുട്ടിക്കാലം...

നാലാം വയസ്സില്‍ യാദൃശ്ചികമായാണ് മുഖത്തു ഒരു നിറവ്യത്യാസം അമ്മ ശ്രദ്ധിക്കുന്നത്. പരിശോധനകള്‍ക്കു ശേഷം വെള്ളപ്പാണ്ട് (വിറ്റിലിഗോ) എന്ന രോഗമാണ് എന്ന് ഡോക്ടര്‍. തുടക്കത്തില്‍ കുഞ്ഞു ഷാന്റല്ലക്കു കാര്യം ഒന്നും പിടികിട്ടിയിലെങ്കിലും ക്രമേണ കാര്യങ്ങള്‍ മാറി മറിഞ്ഞു. ശരീരത്തില്‍ കൂടുതല്‍ പാടുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ രോഗം പകരുമെന്ന് കരുതി കൂട്ടുകാര്‍ കൂടെ കൂട്ടാതെയായി. പരിഹാസവും ഒറ്റപ്പെടുത്തലും ആ കുഞ്ഞുമനസ്സിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. സീബ്ര എന്ന പരിഹാസം നിറഞ്ഞ വിളി താങ്ങാനാവാതെ പല സ്‌കൂളുകള്‍ മാറി. കളിയാക്കലിലും ഒറ്റപ്പെടുത്തലിലും മനം നൊന്ത് ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ച നാളുകള്‍....അന്നു നിറകണ്ണുകളോടെ സ്‌കൂളിന്റെ പടിയിറങ്ങിയ ഷാന്റല്ലയെ പിന്നീടു ലോകം അറിയുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളപ്പാണ്ട് ചിത്രമെഴുതിയ കൈകളുയര്‍ത്തി ആത്മാഭിമാനത്തോടെ സദസ്സിനെ അഭിവാദ്യം ചെയ്യുന്ന വിന്നി ഹാര്‍ലോ എന്ന ലോക പ്രശസ്ത മോഡലായാണ്... തൊലിയുടെ നിറമല്ല, ആത്മവിശ്വാസമാണ് വിജയത്തിന്റെ അടിത്തറ എന്നവള്‍ തെളിയിച്ചു. ഇന്ന് അവള്‍ ലോകപ്രശസ്ത മോഡലും വെള്ളപ്പാണ്ട് രോഗത്തിന്റെ വക്താവുമാണ്.

ജൂണ്‍ 25, ലോക വെള്ളപ്പാണ്ട് ദിനമാണ്. ലോക പ്രശസ്ത പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സണ്‍ന്റെ ചരമദിനം ഇതിനായി തിരഞ്ഞെടുത്തതിനു കാരണം അദ്ദേഹത്തിന് ഈ രോഗം ഉണ്ടായിരുന്നു എന്നത് തന്നെയാണ്.

ലോകജനതയുടെ ഏകദേശം ഒരു ശതമാനത്തെ വര്‍ഗ്ഗ-വംശഭേദമന്യേ വെള്ളപ്പാണ്ട് ബാധിക്കുന്നു. ഏതു പ്രായക്കാരെയും ബാധിക്കാമെങ്കിലും,ചെറുപ്പക്കാരിലാണ് സാധാരണയായി രോഗം കണ്ടു വരുന്നത്.

എന്താണ് വെള്ളപ്പാണ്ട് / വിറ്റിലിഗോ (vitiligo) ?

ചര്‍മ്മത്തിനു നിറം നല്‍കുന്നത് മെലാനിന്‍ (melanin) എന്ന പദാര്‍ത്ഥമാണ്. ത്വക്കിലെ മെലാനോസൈറ്റ് (melanocyte) കോശങ്ങളാണ് മെലാനിന്‍ ഉല്പാദിപ്പിക്കുന്നത്. വെള്ളപ്പാണ്ടില്‍ ഈ കോശങ്ങള്‍ നമ്മുടെ തന്നെ പ്രതിരോധശ്രേണിയാല്‍ നശിപ്പിക്കപ്പെടുന്നു. തന്മൂലം മെലാനോസൈറ്റ് കോശങ്ങള്‍ ഇല്ലാതെ വരുന്ന ഭാഗങ്ങളില്‍ മെലാനിന്‍ ഉല്പാദിപ്പിക്കാന്‍ കഴിയാതെ, ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെട്ടു വെള്ളപ്പാടുകള്‍ രൂപപ്പെടുന്നു.

ശരീരത്തിന്റെ പ്രതിരോധശ്രേണിയെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂണ്‍ രോഗമായതിനാല്‍ വെള്ളപ്പാണ്ട് ഉള്ള രോഗികളില്‍ തൈറോയ്ഡ്, പാരാതൈറോയ്ഡ്, ഡയബെറ്റിസ് തുടങ്ങിയ മറ്റു ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ കണ്ടു വരാറുണ്ട്.

വെള്ളപ്പാണ്ട് പകരുമോ?

വെള്ളപ്പാണ്ട് പകരില്ല.

എന്നാല്‍ ഏകദേശം 30 ശതമാനത്തോളം രോഗികളില്‍ അടുത്ത ബന്ധുക്കളിലും ഈ രോഗം കണ്ടു വരുന്നതിനാല്‍ ജനിതകമായ ഘടകങ്ങളും വെള്ളപാണ്ടിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി കരുതി വരുന്നു.

ലക്ഷണങ്ങള്‍

ശരീരത്തിന്റെ ഏതു ഭാഗത്തു വെള്ളപ്പാടുകള്‍ പ്രത്യക്ഷപ്പെടാമെങ്കിലും കൈകാലുകളിലും , മുഖത്തും ആണ് സാധാരണ കണ്ടു വരാറ്.

പേപ്പര്‍ പോലെ വെളുത്ത, ചൊറിച്ചിലോ മറ്റോ ഇല്ലാത്ത പാടുകളാണ് രോഗലക്ഷണം. ഇത്തരം വെള്ളപ്പാടിനുള്ളിലെ രോമങ്ങളും നരച്ചു കാണപ്പെടുന്നു.

പരിക്കുകള്‍ ഏല്‍ക്കുന്ന മാതൃകയില്‍ പുതിയ പാടുകള്‍ പ്രത്യക്ഷപ്പെടുന്നത് രോഗം ആക്റ്റീവ് ആണ് എന്നതിന്റെ ലക്ഷണമാണ്. ഇതിനെ കോബ്‌നെര്‍ ഫെനോമെനന്‍ (Koebner phenomenon) എന്നു വിളിക്കുന്നു.

പാടുകള്‍ കാണപ്പെടുന്ന ശരീരഭാഗങ്ങള്‍ക്ക് അനുസൃതമായി പലതരം വെള്ളപ്പാണ്ട് ഉണ്ട്.

സെഗ്മെന്റല്‍ വിറ്റിലിഗോ (Segmental Vitiligo)

കുട്ടികളില്‍ കൂടുതലായി ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായി കണ്ടു വരുന്ന ഇനമാണിത്.

മ്യുക്കോസല്‍ വിറ്റിലിഗോ (Mucosal vitiligo)

വായ, ചുണ്ട് തുടങ്ങിയ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്നു.

ലിപ്-ടിപ്പ് അല്ലെങ്കില്‍ ഏക്രോ-ഫേഷ്യല്‍ വിറ്റിലിഗോ (Lip tip or Acrofacial vitiligo)

വിരലുകളുടെ അഗ്രങ്ങളിലും ചുണ്ടിലും ലിംഗാഗ്രത്തിലും കണ്ടു വരുന്നു. താരതമ്യേന മറ്റു തരങ്ങളെ അപേക്ഷിച്ചു നിറം തിരികെ വരാന്‍ കൂടുതല്‍ സമയം എടുക്കാനും, ദീര്‍ഘകാലം ചികിത്സ വേണ്ടി വരാനും സാധ്യത കൂടുതലാണ്, സര്‍ജ്ജറിയും വേണ്ടി വന്നേക്കാം.

കുറച്ചു ശരീരഭാഗത്തു മാത്രം ഒതുങ്ങി നില്‍ക്കുന്ന ഫോക്കല്‍ വിറ്റിലിഗോ (Focal vitiligo), കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്ന ജനറലൈസ്ഡ് വിറ്റിലിഗോ (Generalized vitiligo), ശരീരഭാഗങ്ങളെ ഏകദേശം പൂര്‍ണമായും ബാധിക്കുന്ന യൂണിവേഴ്‌സല്‍ വിറ്റിലിഗോ (Universal vitiligo) എന്നിവയാണ് മാറ്റിനങ്ങള്‍.

പരിശോധന

ലക്ഷണങ്ങളാണ് രോഗനിര്‍ണയത്തിന്റെ ആധാരശില. അതിനാല്‍ തന്നെ രോഗനിര്‍ണയത്തിനായി ടെസ്റ്റുകളുടെ ആവശ്യമില്ല. ഒരു ത്വക് രോഗവിദഗ്ദ്ധനു പ്രഥമദൃഷ്ട്യാ തന്നെ രോഗനിര്‍ണ്ണയം സാധ്യമാണ്.

പ്രാരംഭഘട്ടത്തിലെ പാടുകള്‍ക്ക് ചിലപ്പോള്‍ കുഷ്ഠം, ചുണങ്ങ്, തുടങ്ങിയ മറ്റു രോഗങ്ങളുമായി സാദൃശ്യം തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളില്‍ ബയോപ്‌സി പരിശോധന വേണ്ടി വന്നേക്കാം.

മറ്റു ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ ഉണ്ടോ എന്നറിയാനായി തൈറോയ്ഡ് ഫങ്ക്ഷന്‍ ടെസ്റ്റ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് മുതലായ ടെസ്റ്റുകള്‍ ചെയ്യാറുണ്ട്.

??ചികിത്സ

പാടുകള്‍ ചികില്‍സിച്ചു പൂര്‍ണമായും പൂര്‍വസ്ഥിതിയില്‍ ആക്കാവുന്നതാണ്.

എന്നാല്‍, കാലപ്പഴക്കം ചെന്ന രോഗം, രോമങ്ങള്‍ നരച്ച പാടുകള്‍, ശ്ലേഷ്മ സ്തരത്തിലെയും വിരല്‍ തുമ്ബുകളിലെയും പാടുകള്‍ എന്നിവയില്‍ ചികിത്സയോടുള്ള പ്രതികരണം താരതമ്യേന കുറവാണ്.

രോഗത്തിന്റെ തീവ്രത, ബാധിച്ച ശരീര ഭാഗങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ അനുസരിച്ചു വിവിധ തരം ചികിത്സാ രീതികള്‍ നിലവിലുണ്ട്.

ലേപനങ്ങള്‍

സ്റ്റിറോയ്ഡ്, ടാക്രോലിമസ് തുടങ്ങി നിരവധി ലേപനങ്ങള്‍ ഫലപ്രദമാണ്. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയില്‍ ലേപനങ്ങള്‍ മാത്രം മതിയാകും.

ഫോട്ടോതെറാപ്പി

അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങള്‍ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാം. ചില സന്ദര്‍ഭങ്ങളില്‍ അള്‍ട്രാ വയലറ്റ് രശ്മികളോടുള്ള ചര്‍മ്മത്തിന്റെ പ്രതികരണശേഷി കൂട്ടാനുതകുന്ന ലേപനങ്ങളോ ഗുളികകളോ ഇതോടൊപ്പം ഉപയോഗിക്കാറുണ്ട്.

ഗുളികകള്‍

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളാണിവ.

സര്‍ജറി

വെള്ളപ്പാടുകള്‍ ഇല്ലാത്ത തുടയിലെയോ മറ്റോ ചര്‍മ്മം രോഗം ബാധിച്ച ഭാഗത്തേക്ക് പൂര്‍ണമായോ മെലാനോസൈറ്റ് കോശങ്ങള്‍ വേര്‍തിരിച്ചെടുത്തോ ഗ്രാഫ്റ്റ് ചെയ്യാം.

പുതിയ വെള്ളപ്പാടുകള്‍ പ്രത്യക്ഷപ്പെടുന്നതും ഉള്ള പാടുകള്‍ വലുതാകുന്നതും നിലച്ചു ഒരു വര്‍ഷമെങ്കിലും കഴിഞ്ഞ ശേഷമേ സര്‍ജറി ചെയ്യാന്‍ പാടുള്ളു. അല്ലാത്ത പക്ഷം മുന്‍പ് സൂചിപ്പിച്ച കോബ്‌നെര്‍ ഫെനോമെനന്‍ മൂലം ഗ്രാഫ്റ്റ് എടുക്കുന്ന സ്ഥലത്തു പുതിയ പാടുകള്‍ വരാം.

ഓര്‍ക്കുക

വെള്ളപ്പാണ്ട് പകരില്ല

ശരിയായ ചികില്‍സയിലൂടെ ചര്‍മ്മം പൂര്‍ണമായും പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കും

വിവേചനമല്ല, വിവേകമാണ് വേണ്ടത്

സൗന്ദര്യമല്ല ആത്മവിശ്വാസമാണ് അഴകെന്നു ലോകത്തെ പഠിപ്പിച്ച മൈക്കേല്‍ ജാക്സണെയും വിന്നി ഹാര്‍ലോയേയും സ്മരിച്ചു കൊണ്ടു, വിറ്റിലിഗോ രോഗികളെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഈ ലോക വിറ്റിലിഗോ ദിനം നമുക്ക് ആചരിക്കാം..

ഇന്‍ഫോ ക്ലിനികിനു വേണ്ടി ഡോ അശ്വിനി ആര്‍ എഴുതിയത്.