ആരെടാ എന്ന് ചോദിച്ചാല്‍ ഞാനെടാ എന്ന് തിരിച്ചു പറയുന്ന ചങ്കൂറ്റം; കോണ്‍ഗ്രസ്സുകാരില്‍ വ്യത്യസ്തനാണ് കെ സുധാകരന്‍

 
ആരെടാ എന്ന് ചോദിച്ചാല്‍ ഞാനെടാ എന്ന് തിരിച്ചു പറയുന്ന ചങ്കൂറ്റം; കോണ്‍ഗ്രസ്സുകാരില്‍ വ്യത്യസ്തനാണ് കെ സുധാകരന്‍

ആരെടാ എന്ന് ചോദിച്ചാല്‍ ഞാനെടാ എന്ന് തലയെടുപ്പോടെ തിരിച്ചു പറയാനുള്ള ചങ്കൂറ്റം. അതാണ് കണ്ണൂരിലെ എന്നല്ല കേരളത്തിലെ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കെ സുധാകരനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടു തന്നെയാണ് എതിരാളികള്‍ സുധാകരനെ ഭയപ്പെടുന്നതും. തിരഞ്ഞെടുപ്പുകളില്‍ ജയപരാജയങ്ങള്‍ ഒരേപോലെ രുചിച്ചു ശീലിച്ച കുമ്പക്കുടി സുധാകരന്‍ എന്ന കെ സുധാകാരന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റും എന്തിനെയും ധീരതയോടെ നേരിടാനുള്ള ഈ ചങ്കൂറ്റവും തലയെടുപ്പും തന്നെയാവണം കണ്ണൂരില്‍ വീണ്ടും സുധാകരന്‍ തന്നെ മത്സരിച്ചാല്‍ മതിയെന്ന ഒരു തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തെയും എത്തിച്ചതും.

1996 മുതല്‍ 2006 വരെ മൂന്ന് തവണ എംഎല്‍എ, 2001-2004ലെ എകെ ആന്റണി മന്ത്രിസഭയില്‍ വനം -പരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രി. ഒരു തവണ (2009 - 2014) കണ്ണൂരില്‍ നിന്നും എംപി. ഇതൊക്കെയാണ് സുധാകരന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ വിജയഗാഥ എന്ന് കരുതിയാല്‍ തെറ്റി. 1992ല്‍ എടക്കാട് നിയമ സഭ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു സിപിഎമ്മിലെ ഓ ഭരതനോട് തോറ്റെങ്കിലും നിയമ യുദ്ധത്തിലൂടെ ഒടുവില്‍ സുധാകരന്‍ വിജയി ആയി പ്രഖ്യാപിക്കപ്പെട്ട സംഭവവും കണ്ണൂര്‍ ഡിസിസി തിരെഞ്ഞെടുപ്പില്‍ ലീഡര്‍ കെ കരുണാകരന്‍ കഴിഞ്ഞാല്‍ ഞാനാണ് ലീഡര്‍ എന്നവകാശപ്പെട്ടു നടന്നിരുന്ന എന്‍ രാമകൃഷ്ണനെ തോല്‍പ്പിച്ച് പ്രസിഡന്റ് ആയതും സുധാകര വിജയങ്ങളോട് ചേര്‍ത്ത് വെക്കേണ്ടതുണ്ട്.

1948ല്‍ കണ്ണൂര്‍ നടാലില്‍ വി രാവുണ്ണിയുടെയും കെ മാധവിയുടെയും മകനായി ജനിച്ച സുധാകരന്‍ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തലശ്ശേരി ബ്രെണ്ണന്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ സുധാകരന്‍ പിന്നീട്ട് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1980ലും 82ലും ജനത പാര്‍ട്ടി ടിക്കറ്റില്‍ എടക്കാട് അസംബ്ലി മണ്ഡലത്തില്‍ നിന്നും മത്സരിച്ചു തോറ്റു. ഇടതു പാളയം വിട്ടു കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ സുധാകരന്‍ 1991ല്‍ വീണ്ടും എടക്കാട് മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടി. സിപിഎമ്മിലെ ഓ ഭരതനോട് തോറ്റെങ്കിലും ഏറെക്കാലം നീണ്ടുനിന്ന നിയമ യുദ്ധത്തിനൊടുവില്‍ വിജയിയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും അപ്പോഴേക്കും ആ നിയമ സഭയുടെ കാലാവധി അവസാനിച്ചിരുന്നു. കരുണാകരന്റെ വലംകൈ ആയിരുന്ന എന്‍ രാമകൃഷ്ണനില്‍ നിന്നും കണ്ണൂര്‍ ഡിസിസി പിടിച്ചെടുത്തതോടെ സുധാകരന്‍ കണ്ണൂര്‍ കോണ്‍ഗ്രസില്‍ സ്റ്റാറായി. തുടര്‍ന്നങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു പാര്‍ട്ടിയില്‍. 1996ല്‍ കണ്ണൂര്‍ അസംബ്ലി മണ്ഡലത്തില്‍ സുധാകരന് സീറ്റു നല്‍കിയതില്‍ പ്രതിക്ഷേധിച്ച് എന്‍ആര്‍ കോണ്‍ഗ്രസ് റിബല്‍ ആയി രംഗത്തുവന്നപ്പോള്‍ ഇടതു മുന്നണി പിന്തുണച്ചു. സുധാകരന്റെ തിരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ലീഡര്‍ സുധാകരനെ വാഴ്ത്തിപ്പാടിയില്ലെങ്കിലും ഒരു കാര്യം പറഞ്ഞു. സിപിഎം പിന്‍തുണയോടെ മത്സരിക്കാനുള്ള എന്‍ രാമകൃഷ്ണന്റെ തീരുമാനം തന്നെ വല്ലാതെ വേദനിപ്പിച്ചു എന്ന്. കണ്ണൂരില്‍ ജയിച്ചു കയറാന്‍ അത് സുധാകരന് ധാരാളമായിരുന്നു. സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എം വി രാഘവനായിരുന്നു കണ്ണൂരില്‍ സുധാകരന്റെ ശക്തി.

മുല്ലപ്പള്ളി രാമചന്ദ്രനെ തുടര്‍ച്ചയായി രണ്ടു തവണ കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ തോല്‍പ്പിച്ച എപി അബ്ദുള്ളകുട്ടി സിപിഎം വിട്ടപ്പോള്‍ അയാളെ കോണ്‍ഗ്രസിലേക്ക് ആനയിച്ചത് സുധാകരനായിരുന്നു. തുടര്‍ന്ന് 2009ല്‍ നടന്ന ലോക് സഭ തിരെഞ്ഞെടുപ്പില്‍ എംഎല്‍എ ആയിരുന്നിട്ടും കോണ്‍ഗ്രസ്സിനുവേണ്ടി കളത്തിലിറങ്ങിയ സുധാകരന്‍ സിപിഎമ്മിലെ കെ കെ രാഗേഷിനെതിരെ 40,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. താന്‍ രാജിവെച്ചൊഴിഞ്ഞ കണ്ണൂര്‍ നിയമസഭാ സീറ്റില്‍ അബ്ദുള്ളക്കുട്ടിയെ നിര്‍ത്തി വിജയിപ്പിക്കുകയും ചെയ്തു. 2006 ലെ അസംബ്ലി തിരെഞ്ഞെടുപ്പില്‍ രണ്ടാം വിജയം നേടിയ അബ്ദുള്ളക്കുട്ടിയുമായി ഉണ്ടായ ചില അസ്വാരസ്യങ്ങളാണ് 2014ലെ ലോക്സഭ തിരെഞ്ഞെടുപ്പില്‍ സുധാകരന്‍ പരാജയപ്പെടാനുണ്ടായ കാരണങ്ങളില്‍ ഒന്ന്. സുധാകരന്‍ - അബ്ദുള്ളക്കുട്ടി പോര് തന്നെയാണ് ഇക്കഴിഞ്ഞ അസംബ്ലി തിരെഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് വിട്ടു അബ്ദുള്ളകുട്ടിക്കു തലശ്ശേരിയിലും സുധാകരന് ഉദുമയിലും പോയി മത്സരിച്ചു തോല്‍ക്കേണ്ട ഗതികേടുണ്ടാക്കിയത്. അബ്ദുള്ളക്കുട്ടിക്കു പകരക്കാരനായി കണ്ണൂരില്‍ മത്സരിച്ച സതീശന്‍ പാച്ചേനിക്കും കടന്നപ്പള്ളി രാമചന്ദ്രനോട് തോല്‍ക്കാനായിരുന്നു വിധി.

കോണ്‍ഗ്രസ്സും യുഡിഎഫും സിപിഎമ്മിനെതിരെ കൊലപാതക രാഷ്ട്രീയം പ്രധാന തിരെഞ്ഞെടുപ്പ് വിഷയമാക്കുമ്പോള്‍ സിപിഎം കണ്ണൂരില്‍ സുധാകരനെതിരെ പ്രചാരണായുധമാക്കുന്നതും അതേ വിഷയം തന്നെയാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നാല്‍പ്പാടി വാസു വധം, സിപിഎം നേതാവ് ഇപി ജയരാജനെ ട്രെയിനില്‍ വെച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപിക്കപ്പെട്ട പങ്ക്, ഒരാള്‍ മരിക്കാനും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ കണ്ണൂരിലെ സേവറി ഹോട്ടല്‍ ബോംബാക്രമണം, വളപട്ടണം പോലീസ് സ്റ്റേഷനില്‍ നിന്നും മണല്‍ കടത്തു കേസിലെ പ്രതികളെ മോചിപ്പിച്ച സംഭവം എന്നിങ്ങനെ പോകുന്നു സി പി എം ആരോപണങ്ങള്‍.

സുധാകരന്‍ ബിജെപി യിലേക്ക് പോകുന്നു എന്ന പ്രചാരണത്തിന് പിന്നാലെ തന്നെ ചില നേതാക്കള്‍ വന്നു കണ്ടിരുന്നുവെന്ന സുധാകരന്റെ വെളിപ്പെടുത്തലും എതിരാളികളുടെ കൈയ്യിലെ പ്രചാരണായുധം തന്നെ. ഇത്തരം പ്രചാരണങ്ങളെക്കാള്‍ സുധാകരന്‍ ഈ തിരഞ്ഞെടുപ്പിലും പേടിക്കേണ്ടത് ഒരു പക്ഷെ അബ്ദുള്ളക്കുട്ടിയെ തന്നെയാണ്. ഇത്തവണ കാസര്‍ഗോഡ്, കണ്ണൂര്‍, വടകര മണ്ഡലങ്ങളിലേക്കു പരിഗണിക്കപ്പെടുന്നു എന്ന് പറഞ്ഞിട്ടും ഒടുവില്‍ എവിടെയും സീറ്റ് അനുവദിക്കാതിരുന്നതില്‍ പ്രതിക്ഷേധിച്ച് അബ്ദുള്ളക്കുട്ടി ഇന്നലെ നടന്ന സുധാകരന്റെ മണ്ഡലം കണ്‍വെന്‍ഷനില്‍ നിന്നും വിട്ടു നിന്നിരുന്നു.

നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ സുധാകരന്റെ ഭാര്യ സ്മിത. മക്കള്‍: സംജോഗ്, സൗരഭ്.

Explainer: കാര്യത്തെ മറച്ചുപിടിക്കുന്ന ഹാഷ്ടാഗ് കളികളുമായി മോദി ടീം; ‘കാവൽക്കാരനെ കള്ളനെ’ന്ന് വിളിക്കുന്നത് പ്രയോജനകരമോ?