എന്റെ കണ്‍മുന്നിലിട്ടാണ് അവരെന്റെ കുഞ്ഞിന്റെ വയറ്റില്‍ തൊഴിച്ചത്, ഒരു കുടുംബം അനാഥമാക്കിയിട്ട് എന്താണ് ആ പൊലീസുകാര്‍ നേടിയത്? ഒരമ്മ ചോദിക്കുന്നു

 
എന്റെ കണ്‍മുന്നിലിട്ടാണ് അവരെന്റെ കുഞ്ഞിന്റെ വയറ്റില്‍ തൊഴിച്ചത്, ഒരു കുടുംബം അനാഥമാക്കിയിട്ട് എന്താണ് ആ പൊലീസുകാര്‍ നേടിയത്? ഒരമ്മ ചോദിക്കുന്നു

ഞാനെന്റെ മകനെ കാണാന്‍ സ്റ്റേഷനില്‍ പോയിരുന്നു, പൊലീസുകാര്‍ ഒരുപാട് തല്ലിയിട്ടുണ്ടായിരുന്നു അവനെ. തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു എന്റെ കുഞ്ഞിന് ഒരു തുള്ളി വെള്ളം കൊടുക്കാനോ അവനോടെന്ന് മിണ്ടാനോ അവരെന്നെ അനുവദിച്ചില്ല. അകലെ നിന്ന് ഒരു നോക്ക് കണ്ടു, അപ്പോഴത്തെ അവന്റെ മുഖം...വയറിന് നല്ല വേദനയുണ്ടെന്ന് അവന്‍ കാണിക്കുന്നുന്നുണ്ടായിരുന്നു...നിരപരാധിയായ എന്റെ കുഞ്ഞിനെ എന്തിനാണ് അവര്‍...ശ്യാമളയുടെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ ഇടറി നിന്നു...

പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച വരാപ്പുഴ ദേവസ്വംപാടം സേനായ്പറമ്പില്‍ വീട്ടില്‍ ശ്രീജിത്തി(26)ന്റെ അമ്മയാണ് ശ്യാമള. ആ അമ്മയുടെ വാക്കുകള്‍;

വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന ശ്രീജിത്തിനെ മൂന്നു പോലീസുകാര്‍ എത്തിയാണ് പിടിച്ചുകൊണ്ടു പോയത്. എന്നെ എന്തിനാ കൊണ്ടുപോകുന്നത്, ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവന്‍ ആകുന്നതും പറഞ്ഞതാണ്. ഞങ്ങളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു പൊലീസുകാര്‍ അവന്റെ വയറ്റിലേക്ക് ആഞ്ഞ് ചവിട്ടിയതും തല്ലിയതും. പൊലീസ് ജീപ്പിലേക്ക് കയറ്റാന്‍ കൊണ്ടുപോകുമ്പോഴും വഴി നീളെ അവനെ തല്ലി. കണ്ണില്‍ ചോരയില്ലാത്ത പോലീസുകാര്‍ ചേര്‍ന്ന് ഒരു തെറ്റും ചെയ്യാത്ത എന്റെ മകനെ കൊന്നുകളയുകയായിരുന്നു. ഒരു കുടുംബമാണ് അവര്‍ അനാഥമാക്കിയത്. വിവാഹം കഴിഞ്ഞ് ഭാര്യയും മൂന്നരവയസുള്ള ഒരു പെണ്‍കുഞ്ഞുണ്ട് അവന്. ഈ കുടുംബം അനാഥമാക്കിയിട്ട് എന്താണ് അവര്‍ നേടിയത് ? നിരപരാധിയാണ് താനെന്ന് ആവര്‍ത്തിച്ച് പറഞ്ഞതിനായിരുന്നോ അവനെ തല്ലി കൊന്നത്? ശ്യാമള ചോദ്യമാണ്.

വ്യാഴാഴ്ച ദേവസ്വം പാടത്തു വാസുദേവന്‍ എന്നയാളുടെ വീട് ആക്രമിക്കുകയും ഇതിനു പിന്നാലെ വാസുദേവന്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തില്‍ 14 പേരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തിരുന്നു.

എന്നാല്‍ ആളുമാറിയാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡയില്‍ എടുത്തതെന്നാണ് ആക്ഷേപം. മകന്റെ ക്രൂരമരണത്തിന് ഇടയാക്കിയ സംഭവത്തെകുറിച്ച് ശ്യാമള പറയുന്നു; വരാപ്പുഴയിലെ വാസുദേവന്റെ വീട് ആക്രമിച്ചതില്‍ ശ്രീജിത്ത് പ്രതിയല്ല. വാസുദേവന്റെ മകന്റെ ഉറ്റ സുഹൃത്തായിരുന്ന ശ്രീജിത്തിന് ആ കുടുംബവുമായി നല്ല ബന്ധമായിരുന്നു. പിന്നെ എങ്ങിനെയാണ് ശ്രീജിത്ത് ഈ കേസില്‍ പ്രതിയാകുന്നത്? വീട് ആക്രമിച്ച സംഘത്തില്‍ ശ്രീജിത്തില്ലെന്ന് വാസുദേവന്റെ മകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞതിനാണോ അവര്‍ അവനെ മര്‍ദിച്ച് കൊന്നത്. വീട്ടുവരാന്തയില്‍ കിടന്നിരുന്ന മകനെ പിടിച്ചുകൊണ്ടു പോകുമ്പോള്‍ അയല്‍ക്കാരും ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു അവന്‍ നിരപരാധിയാണ്, അവനെ കൊണ്ടുപോകരുതെന്ന്. മര്‍ദിച്ചവശനാക്കി ശ്രീജിത്തിനെ ജീപ്പില്‍ കയറ്റിയതിന് ശേഷം സഹോദരന്‍ സജിത്തിനെയും അവര്‍ കൊണ്ടുപോയി. പിറ്റേന്ന് പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോഴാണ് വയറുവേദനയെ തുടര്‍ന്ന് ശ്രീജിത്തിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടു പോയെന്ന് പറയുന്നത്. വയറിന് അസഹ്യമായ വേദനയാണ് എന്ന് അവന്‍ പറഞ്ഞിരുന്നു. എന്നാല്‍ വിദഗ്ദ ചികിത്സ നല്‍കാന്‍ അവര്‍ തയാറായില്ല; അമ്മ ശ്യാമള പറയുന്നു.

ശ്രീജിത്തിന് വിദഗ്ദ ചികത്സ നല്‍കാന്‍ താമസിച്ചതു പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നു ശ്രീജിത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ശ്രീജിത്തിന്റെ ആരോഗ്യനില ഗുരുതരമായതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായും ഇവര്‍ പറഞ്ഞു. ഞായറാഴ്ച ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ചികിത്സ രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ശ്രീജിത്തിന്റെ അടിവയറ്റിനുള്ളിലും ചെറുകുടലിലും വലിയ മുറിവേറ്റിരുന്നു. ഹൃദയത്തില്‍ നീര്‍ക്കെട്ടുമുണ്ടായിരുന്നു. ആന്തരികാവയവങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായും ചികിത്സ രേഖകള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പറയുന്നു. പോലീസ് മര്‍ദനമാണ് ശ്രീജിത്തിന്റെ മരണത്തിനിടയാക്കുന്നത് എന്ന് ആക്ഷേപമുണ്ടായ സാഹചര്യത്തിലാണ് ശ്രീജിത്ത് ക്രൂര മര്‍ദനത്തിന് ഇരയായയെന്ന് തെളിയിക്കുന്ന ആശുപത്രി ചികിത്സരേഖകള്‍ പുറത്തു വന്നത്. ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിക്കാതെ വരികയായിരുന്നു.

പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിന് ക്രൂരമര്‍ദനമേറ്റതായും വരാപ്പുഴ സ്‌റ്റേഷനിലെ എസ്‌ഐ ദീപക് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്ന സമയത്തുള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചെന്നുമുള്ള ബന്ധുക്കളുടെ പരാതിയില്‍ സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ കേസെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പോലീസ് മര്‍ദനം ആരോപിക്കപ്പെട്ട വരാപ്പുഴ എസ്‌ഐ 23 ന് കാക്കനാട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകാനും സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി. മോഹന്‍ ദാസ് ഉത്തരവിട്ടുണ്ട്. ശ്രീജിത്തിന്റെ ബന്ധുക്കളുടെയും ആശുപത്രി അധികൃതരുടെയും മൊഴിയെടുത്ത ശേഷമാണ് കമ്മീഷന്റെ ഉത്തരവ്. അതേസമയം സംഭവുമായി ബന്ധപ്പെട്ട് വരാപ്പുഴ പോലീസിന്റെ പ്രതികരണം തേടിയെങ്കിലും ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്. സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ ഐ.ജി എസ് ശ്രീജിത്തിന് അന്വേഷണ ചുമതലയില്‍ എസ്്പി സുദര്‍ശന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്.