ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്; രേഖകളില്‍ നിന്നുപോലും പുറത്താക്കപ്പെട്ട മനുഷ്യര്‍

 
ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്; രേഖകളില്‍ നിന്നുപോലും പുറത്താക്കപ്പെട്ട മനുഷ്യര്‍

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ബസ്സിറങ്ങിയാല്‍ മുന്നിലൊരു സമരപ്പന്തല്‍ കാണാം. കൊല്ലങ്കോട് റവന്യൂ വില്ലേജ് ഓഫീസിനു മുന്നിലാണ് ആ സമരപ്പന്തല്‍. 40 ദിവസമായി അവിടെ സമരം. അതിനിടയ്ക്ക് പലതരം സമര രീതികള്‍. ഇടയ്ക്ക് ഫെബ്രുവരി ഏഴിന് വില്ലേജ് ഓഫീസ് ഉപരോധിച്ചു.

ആരാണ് അവിടെ സമരം ചെയ്യുന്നത്? എന്തിനാണത്?

അതൊരു ആദിവാസി സമൂഹത്തിന്റെ നിലനില്‍പ്പു സമരമാണ്. ഒരു സുപ്രഭാതത്തില്‍ തങ്ങളെ ആദിവാസികള്‍ അല്ലാതാക്കിയ നടപടിക്ക് എതിരെയാണ് കുറേ പാവം മനുഷ്യര്‍ സമരമിരിക്കുന്നത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ മേലാളന്‍മാര്‍ തങ്ങളെ കേള്‍ക്കുമെന്ന ആഗ്രഹമാണ് തൊണ്ട പൊട്ടിയ ആ മുദ്രാവാക്യങ്ങള്‍ പങ്കുവെക്കുന്നത്. എന്നാല്‍, കൊല്ലങ്കോടും ആദിവാസികളുമൊന്നും സര്‍ക്കാര്‍ റഡാറില്‍ പെടുക എളുപ്പമല്ലെന്ന് ഇപ്പോള്‍ അവര്‍ക്ക് ബോധ്യമാവുന്നുണ്ട്.

നിങ്ങള്‍ ഇനി മുതല്‍ ആദിവാസികളല്ല

38-ഓളം സമുദായങ്ങള്‍ ഉള്‍പ്പെടുന്ന കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ ലിസ്റ്റില്‍ അടിയാന്‍, അരനാടന്‍, ഇരവാലന്‍ എന്നിങ്ങനെ പേരുകള്‍ കാണാം. ആ പട്ടികയിലെ ഇരവാലന്‍ സമുദായത്തില്‍ പെട്ടവര്‍ ആയിരുന്നു ഇവര്‍. നെല്ലിയാമ്പതി മലയരികില്‍ ചിതറിക്കിടക്കുന്ന പുത്തന്‍ പാടം, പറത്തോട്, മരുതി, ചാത്തമ്പാറ തുടങ്ങി പതിമൂന്നോളം ഊരുകളില്‍ ആയാണ് ആയിരത്തോളം വരുന്ന ഇരവാലന്‍ സമുദായാംഗങ്ങള്‍ താമസിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് ഒന്ന്, രണ്ട് വില്ലേജുകളിലും എലവഞ്ചേരി വില്ലേജിലും താമസിക്കുന്ന ഈ മനുഷ്യര്‍ ഇത്രകാലവും ആ സമുദായത്തില്‍പ്പെട്ടവരായിരുന്നു. എന്നാല്‍, പെട്ടെന്ന് ഒരു സര്‍ക്കാര്‍ വിജ്ഞാപനം വന്നു. നിങ്ങള്‍ ഇരവാലന്‍മാരല്ല എന്നാണ് ആ ഉത്തരവ് ഇവരോട് പറഞ്ഞത്.

തങ്ങള്‍ ഇരവാലന്‍മാരാണെന്നതിന് ഇവരുടെ പക്കല്‍ തെളിവുകളുണ്ട്. പഴയ സര്‍ക്കാര്‍ രേഖകള്‍. അതിലെല്ലാം ഇവര്‍ ഇരവാലന്‍മാരാണ്. പെട്ടെന്നൊരു ദിവസമാണ് ഈ മനുഷ്യര്‍ പട്ടികകള്‍ക്ക് പുറത്തായത്.

തങ്ങള്‍ ആദിവാസികള്‍ തന്നെയാണെന്ന് ഇവര്‍ അതിനുശേഷം വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. കാലം പോകെ, നാട് വളര്‍ന്ന് കാടും മേടും കടന്നപ്പോള്‍ കാട്ടില്‍നിന്ന് പുറത്തായ ആദിവാസികള്‍. ഇപ്പോള്‍ നാടിനും അവരെ വേണ്ടാതായിരിക്കുന്നു. കാടിനും നാടിനും വേണ്ടാത്തവര്‍ ഇപ്പോള്‍ രേഖകളില്‍നിന്നും പുറത്തായിരിക്കുന്നു. ആര്‍ക്കും വേണ്ടാത്തവര്‍. സ്വന്തം ജീവിതങ്ങള്‍ പോലെ എല്ലാ ഇടങ്ങളില്‍നിന്നും പുറത്തായിക്കൊണ്ടിരിക്കുന്നവര്‍. സ്വന്തം ഭാവിയെ നോക്കി ഇപ്പോള്‍ നല്ലതൊന്നും പറയാനില്ലാത്തവര്‍.

2008 വരെ രേഖകളില്‍ അവര്‍ ആദിവാസികള്‍ ആയിരുന്നു. കിര്‍ത്താഡ്‌സ് (Kerala institute for Research Training & Development studies of Scheduled Castes and Scheduled Tribes) 2008-ല്‍ പുറത്തിറക്കിയ ഒരുത്തരവാണ് അവരുടെ ജീവിതങ്ങളുടെ തലവര മാറ്റിയെഴുതിയത്. കൃത്യമായ വിശദീകരണങ്ങള്‍ ഒന്നുമില്ലാതെയാണ്, ഏതോ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അവരെ പട്ടികവര്‍ഗ പട്ടികയില്‍നിന്ന് പുറത്താക്കിയത്. കേരള സംസ്ഥാന പട്ടിക വര്‍ഗ്ഗ ലിസ്റ്റില്‍ ഇപ്പോള്‍ ഈ ഊരുകളിലെ ആളുകള്‍ മാത്രമില്ല.

ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്; രേഖകളില്‍ നിന്നുപോലും പുറത്താക്കപ്പെട്ട മനുഷ്യര്‍

ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്; രേഖകളില്‍ നിന്നുപോലും പുറത്താക്കപ്പെട്ട മനുഷ്യര്‍

പുറത്താവലിന്റെ വഴികള്‍; എങ്ങനെയാണ് ഇവര്‍ സര്‍ക്കാര്‍ രേഖകളില്‍ നിന്ന് പുറത്തായത്?

ആദിവാസി മേഖലകളില്‍ നാല്‍പത് കൊല്ലമായി പ്രവര്‍ത്തിക്കുന്ന മാധവന്‍, ആ കഥ പറയുന്നു:

"2006 ല്‍ ചാത്തമ്പാറ ഊരിലെ ശ്രീജ എന്ന പെണ്‍കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു പ്രശ്‌നം ഉടലെടുക്കുന്നത്. 'ഇരവാലന്‍' എന്ന സമുദായപ്പേരിനു പകരം മറ്റൊരു പട്ടിക ജാതിയുടെ പേരാണ് സ്‌കൂള്‍ അധികൃതര്‍ രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് പ്രശ്‌നം ഉണ്ടായപ്പോള്‍ സ്‌കൂളുകാര്‍ വില്ലേജ് ഓഫീസിലേക്ക് റിപ്പോര്‍ട്ട് അയച്ചു. വില്ലേജ് ഓഫീസില്‍ നിന്ന് തഹസില്‍ദാര്‍ ഓഫീസിലേക്കും അവിടുന്ന് കിര്‍താഡ്‌സ് ഓഫീസിലേക്കും അന്വേഷണത്തിന് അയച്ചു. അതിനു ശേഷം, പാലക്കാട്ടെ ഈ ഊരിലുള്ള ആളുകള്‍ എറവാളന്‍ സമുദായക്കാര്‍ അല്ല എന്ന വിജ്ഞാപനമാണ് വരുന്നത്. അങ്ങനെ ഒരു വിജ്ഞാപനം വന്നതിനു പിന്നാലെയാണ് അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നഷ്ടമായത്".

1978-ല്‍ സര്‍ക്കാര്‍ നല്‍കിയ മിച്ചഭൂമി സര്‍ട്ടിഫിക്കറ്റില്‍ ഇരവാലന്‍ എന്നടയാളപ്പെടുത്തിയിരിക്കുന്നത് സമരസമിതി പ്രവര്‍ത്തകനായ രാജു കാണിച്ചു തന്നു. ഇതേ സര്‍ക്കാര്‍ തന്നെ അല്‍പ്പം കഴിയുമ്പോള്‍ അതല്ലെന്ന് ഉറപ്പിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നും രാജു ചോദിക്കുന്നു.

ഈ വിജ്ഞാപനം ഇവരെ ഇടങ്ങളില്‍നിന്നും കടപുഴക്കിയതിന്റെ ഉത്തമ ഉദാഹരണമാണ് വെങ്ങപ്പാറ ഊരിലെ കൃഷ്ണന്റെ മകള്‍ ശ്രീജ. 2013ല്‍ ബിരുദം നേടിയതിനു ശേഷം പി എസ് സി പരീക്ഷ എഴുതി ശ്രീജ. റാങ്ക് ഹോള്‍ഡറും ആയിരുന്നു. എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റിന് തഹസില്‍ദാര്‍ ഓഫീസില്‍ ചെന്നപ്പോള്‍ നിങ്ങള്‍ ഇരവാലന്‍ സമുദായത്തില്‍ പെടില്ല എന്നായിരുന്നു മറുപടി. 2006-ലുള്ള കിര്‍താഡ്സിന്റെ വിജ്ഞാപനം നിലനില്‍ക്കുന്നതിനാല്‍ മറ്റൊന്നും ചെയ്യാന്‍ ആവില്ല എന്നും അവര്‍ പറഞ്ഞു. അന്ന് പടിയിറങ്ങിയതാണ് ശ്രീജ. ഇനിയും അവര്‍ക്ക് ജോലിയില്‍ കേറാന്‍ ആയിട്ടില്ല.

ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്; രേഖകളില്‍ നിന്നുപോലും പുറത്താക്കപ്പെട്ട മനുഷ്യര്‍

സമരപ്പന്തല്‍ എന്ന നിസ്സഹായത

കേരളോല്‍പത്തി ഒറിജിന്‍ ഓഫ് മലബാറില്‍ (Keralolpatti The origin of Malabar 1868.djvu/67) ല്‍ എറവാളന്‍ സമുദായത്തെ പറ്റി പറയുന്നുണ്ട്. അതിങ്ങനെയാണ്:

'മലയില്‍ പണിയന്മാര്‍ (പയറ്റുക) പണിയര്‍, കാടര്‍, കാട്ടുവര്‍, കുറിച്ചിയപണിക്കര്‍, മാവിലവര്‍, കരിമ്പാലര്‍, തുളുവര്‍, കുളുവര്‍ കാട്ടുവാഴ്ച, നായാട്ടു, വല്ലിപ്പൊഴുത്തി, ഇറയവന്‍, എറവാളന്‍, തേന്‍ കുറുമ്പര്‍, മലയര്‍, കള്ളാടിമാര്‍ (ഏറവക്കളി കെട്ടിയാട്ടം കൂളിയടക്കം) ആളര്‍ പെരാളര്‍, ഉള്ളാളര്‍, ഉള്ളവര്‍ മലയാളര്‍, കുറുമ്പര്‍, പല വിത്തുകളും എടുക്ക. മൂത്തൊരന്‍ (നായാട്ടു വലകെട്ടുക ഉറി മിടക) കുറവന്‍ വിഷം കിഴിക്ക, പാമ്പാട്ടം, ചപ്പിടിക്കളി, കൈ നോക്കുക, കാക്കമാംസം ഭക്ഷിക്ക, പുല്പായിടുക. പറയന്‍ (പറയിപെറ്റ പന്തീരുകുലം വായില്ലാകുന്നിലപ്പന്‍ പരദേവത, കുടയും മുറവും കെട്ടുക, ഒടിക്ക, മാട്ടുക, പശുമാംസം ഭക്ഷിക്ക. ചെറുമരില്‍ കയറിയവര്‍ ഇരുളര്‍, എരളന്‍, കണക്കരും, ഒടുക്കം പുലയരും പായുണ്ടാക്കുക'

ഇതേ വേരുകളില്‍ പെട്ടവരാണ് തങ്ങളെന്ന് ഈ മനുഷ്യര്‍ പറയുന്നു. ഇത്ര നാളും ജീവിച്ചത് അതേ വഴിയിലൂടെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. തലമുറകളായി തങ്ങള്‍ ജീവിച്ചൊരു ജീവിതം ഇപ്പോള്‍ എന്തിനാണ് ബലം പ്രയോഗിച്ച് മാറ്റിമറിക്കുന്നതെന്ന് ആശ്ചര്യപ്പെടുന്നു.

ഇതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ ഈ മനുഷ്യര്‍ നിരന്തരം തേടുന്നു. എന്നാല്‍, ഉദ്യോഗസ്ഥരും ഭരണകൂടവും ഒരു പോലെ കൈമലര്‍ത്തുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ സമരത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്. ഇവിടെ സമരമിരുന്നത് കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്ന് ഇവര്‍ക്കറിയാം. സമരം സെക്രട്ടറിയേറ്റ് പടിക്കലോ ജില്ലാ ഭരണകൂടത്തിനു മുന്നിലോ മാറ്റുന്നതാവും കൂടുതല്‍ നല്ലതെന്നും ഇവര്‍ക്കറിയാം. എന്നാല്‍, അതിനുള്ള ആള്‍ക്കരുത്തും സാമ്പത്തിക സ്ഥിതിയും തങ്ങള്‍ക്ക് ഇല്ലെന്ന് സമരപ്പന്തലില്‍ ഇരിക്കുന്ന മണികണ്ഠന്‍ നിസ്സഹായനായി പറയുന്നു.

നെല്ലിയാമ്പതി മലയോരത്ത് താമസിക്കുന്ന പതിമൂന്നോളം ഊരുകളില്‍ താമസിക്കുന്ന ജനങ്ങളാണ് അവകാശസമരവുമായി വില്ലേജ് ഓഫീസിനു മുന്നില്‍ രാപ്പകല്‍ കിടക്കുന്നത്. പ്രായമായവരും യുവാക്കളും കുട്ടികളും സ്ത്രീകളും ഊഴം വെച്ച് സമരമിരിക്കുകയാണിവിടെ.

ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്; രേഖകളില്‍ നിന്നുപോലും പുറത്താക്കപ്പെട്ട മനുഷ്യര്‍

ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്; രേഖകളില്‍ നിന്നുപോലും പുറത്താക്കപ്പെട്ട മനുഷ്യര്‍

ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്; രേഖകളില്‍ നിന്നുപോലും പുറത്താക്കപ്പെട്ട മനുഷ്യര്‍

(സമരപ്പന്തലിനപ്പുറം ഇവരുടെ ജീവിതം ഇപ്പോള്‍ എങ്ങനെയാണ്? കിര്‍താഡ്‌സിന്റെ പരിഷ്‌കാരം ഈ മനുഷ്യരുടെ ജീവിതത്തെ എങ്ങനെയാണ് ബാധിച്ചത്? ആ വിവരങ്ങള്‍ അടുത്ത ഭാഗം)

ചിത്രങ്ങള്‍: സുനിത മാത്യൂസ്

http://www.azhimukham.com/kerala-entrance-commission-detain-dalit-llb-student-for-cast-clarification/