തൊഴിൽവകുപ്പിന്റെ റെയ്ഡ്; ജീവനക്കാരെ നിർത്തി പണിയെടുപ്പിക്കുന്ന 115 സ്ഥാപനങ്ങൾക്ക് നോട്ടീസ്

 
തൊഴിൽവകുപ്പിന്റെ റെയ്ഡ്; ജീവനക്കാരെ നിർത്തി പണിയെടുപ്പിക്കുന്ന 115 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ജീവനക്കാർക്ക് ഇരിക്കാൻ സൗകര്യം നൽകാതെ നിർത്തി പണിയെടുപ്പിക്കുന്ന 115 സ്ഥാപനങ്ങൾക്ക് സംസ്ഥാന തൊഴിൽവകുപ്പ് നോട്ടീസ് നൽകി. തുണിക്കടകൾ, ജ്വല്ലറികൾ എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി. സംസ്ഥാനത്തൊട്ടാകെ 239 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

പരിശോധന നടത്തിയവയിൽ 124 സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് മതിയായ സൗകര്യമൊരുക്കിയിരുന്നതായി ലേബർ കമ്മീഷണർ എ അലക്സാണ്ടർ അറിയിച്ചു. കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ ആക്ടിലെ പുതിയ ഭേദഗതിയിലൂടെയാണ് ജീവനക്കാർക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പു വരുത്തിയത്. ഇത് ഭൂരിഭാഗം സ്ഥാപനങ്ങളും ലംഘിക്കുകയാണെന്നാണ് ഈ റെയ്ഡിലൂടെ വെളിപ്പെടുന്നത്.

എല്ലാ സ്ഥാപനങ്ങളും മൂന്നു ദിവസത്തിനകം സൗകര്യങ്ങൾ ഉറപ്പുവരുത്തി വിവരമറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് 13 കടകളില്‍ തൊഴിൽ വകുപ്പ് പരിശോധന നടത്തി. ഇതിൽ 12 കടകളിലും തൊഴിലാളികൾക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. അതത് ജില്ലാ ലേബർ ഓഫീസർമാരാണ് റെയ്ഡുകൾ സംഘടിപ്പിച്ചത്. കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.