ആഭ്യന്തര വകുപ്പിന് ഫുള്‍ മാര്‍ക്കോ? അപ്പോള്‍ ഈ പോലീസ് കൊലപാതക/അതിക്രമങ്ങളോ?

 
ആഭ്യന്തര വകുപ്പിന് ഫുള്‍ മാര്‍ക്കോ? അപ്പോള്‍ ഈ പോലീസ് കൊലപാതക/അതിക്രമങ്ങളോ?

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടു വര്‍ഷം കഴിയുമ്പോള്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മുഖ്യന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫുള്‍ മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. എല്ലാ വകുപ്പുകളും നല്ലരീതിയില്‍ പ്രവര്‍ത്തനം കാഴ്ച വക്കുന്നു എന്ന് പറയുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ കേരളത്തില്‍ അടുത്തകാലത്തായി വിമര്‍ശനമേറെക്കേട്ടുകൊണ്ടിരിക്കുന്ന ആഭ്യന്തര വകുപ്പിനേയും മാറ്റി നിര്‍ത്തിയിട്ടില്ല. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പോലീസ് ജനങ്ങളോട് നല്ല നിലയില്‍ പെരുമാറുന്നു. ചുരുക്കം ചിലര്‍ പഴയ രീതികളില്‍ നിന്ന് പിന്‍മാറിയിട്ടില്ല. അവര്‍ക്കെതിരെ നടപടി തുടരും എന്നും പ്രോഗ്രസ് റിപ്പോര്‍ട്ട്. അതിനൊപ്പം, സംസ്ഥാനത്തെ ക്രമസമാധാനവും പോലീസുമായി ബന്ധപ്പെട്ട് നടപ്പാക്കി വരുന്ന സ്ത്രീ സുരക്ഷ, ലോ ആന്‍ഡ്‌ ഓര്‍ഡറും ക്രൈം ഇന്‍വെസ്റിറ്റിഗേഷനും വേര്‍തിരിക്കല്‍, പൌരാവകാശ രേഖ പ്രസിദ്ധീകരിക്കല്‍, ജനമൈത്രി സുരക്ഷാ പദ്ധതി വിപുലീകരിക്കല്‍, വനിതാ ബറ്റാലിയന്‍ രൂപീകരിക്കല്‍, വ്യവസായ സംരക്ഷണ സേന രൂപീകരിക്കല്‍, ജനങ്ങള്‍ നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ ഡിജിറ്റല്‍ മാര്‍ഗത്തില്‍ എല്ലാവരെയും അറിയിക്കാനുള്ള പദ്ധതി, സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിരവധി കാര്യങ്ങളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാന ആഭ്യന്തര വകുപ്പില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നു പരിശോധിക്കുകയാണ് അഴിമുഖം. അതിന്റെ ആദ്യ ഭാഗം.

പോലീസിന്റെ നടപടികളും ക്രമസമാധനവുമായി ബന്ധപ്പെട്ട് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ചാണ് ഇവിടെ ആദ്യം പരിശോധിക്കുന്നത്. "ക്രമസമാധാനനില മെച്ചപ്പെടുത്തുന്നതിന്‌ ശക്തമായി ഇടപെടും. വര്‍ഗീയ പ്രചരണങ്ങളേയും അത്തരം സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കാനുമുള്ള ശ്രമങ്ങളേയും ശക്തമായി നേരിടും. ഭൂമാഫിയകള്‍, ബ്ലേഡ്‌ മാഫിയകള്‍, ഗുണ്ടാ സംഘങ്ങള്‍, മദ്യ-മയക്കുമരുന്ന്‌ വിപണന സംഘങ്ങള്‍, പെണ്‍വാണിഭ സംഘങ്ങള്‍ മുതലായ സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച്‌ സ്വൈര്യജീവിതം ഉറപ്പാക്കും" എന്നാണ് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. അതിനു താഴെയായി നടപ്പാക്കിയ കാര്യങ്ങള്‍ ഇങ്ങനെ പറയുന്നു: "ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന ക്രമസമാധാനപരിപാലനം, കുറ്റകൃത്യങ്ങളില്‍ മുഖം നോക്കാതെയും ജാഗ്രതയോടെയുമുള്ള അന്വേഷണരീതി, ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കും വിധം ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള തെളിവു ശേഖരണം, ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘങ്ങള്‍ എന്നി ഉറപ്പാക്കുന്നു. പോലീസ് ആസ്ഥാനത്തു സ്ഥാപിച്ച ചീഫ് കണ്‍ട്രോള്‍ റൂമിലൂടെ വിവരശേഖരണവും നിര്‍ദേശങ്ങളും സാധ്യമാക്കി.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത മണ്ണായി കേരളം. മത സൗഹാര്‍ദ്ദത്തിന്റെ ജീവിതാന്തരീക്ഷം തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചപ്പോള്‍ കടുത്ത നടപടികളിലൂടെ അത് അടിച്ചമര്‍ത്താനും പോലീസ് മടി കാട്ടിയില്ല. കത്വ സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ മന:പൂര്‍വം നടത്തിയ ഹര്‍ത്താല്‍ ശക്തമായി നേരിട്ട് പോലീസ് അതിന്റെ ഗൂഡാലോചനയും പുറത്തുകൊണ്ടുവന്നു". സംസ്ഥാന ആഭ്യന്തര വകുപ്പ് ക്രമസമാധാന മേഖലയില്‍ ശക്തമായി ഇടപെടുന്നു, വാഗ്ദാനങ്ങള്‍ പാലിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ യാതാര്‍ത്ഥ്യം അതാണോ? പ്രത്യേകിച്ച് കെവിന്‍ ജോസിന്റെ മരണവുമായി കൂടി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് കൂടി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍?

മാന്നാനത്ത് നിന്ന് ഗുണ്ടാസംഘം പിടിച്ചുകൊണ്ടുപോയി കൊന്ന കെവിന്റെ കൊലപാതകവും പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയും 'ഒറ്റപ്പെട്ട സംഭവം' എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍ അത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ച പോലീസ് അതിക്രമങ്ങളുടേയും വീഴ്ചകളുടേയും കണക്കുകള്‍ പറയുന്നത്. കസ്റ്റഡി മരണവും, ലോക്കപ്പ് മര്‍ദ്ദനത്തനവും മര്‍ദ്ദനത്തിന് പിന്നാലെ ആത്മഹത്യയുമുള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ഈ രണ്ടു വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

അതില്‍ ചിലത്

*2016 നവംബര്‍ 23-നാണ് മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് കൊപ്പം ദേവരാജിനെയും അജിതയേയും നിലമ്പൂരില്‍ വെടിവച്ചു കൊന്നത്. ഏറ്റുമുട്ടലിനിടയില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു അവകാശവാദമെങ്കിലും പോലീസ് പിടിച്ചുകൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു എന്ന ആരോപണം ഉയര്‍ന്നു.

*പോസ്റ്റര്‍ ഒട്ടിച്ചുവെന്നും ലഘുലേഖ വിതരണം ചെയ്തു, മുദ്രാവാക്യം വിളിച്ചു, യോഗം ചേര്‍ന്നു, പുസ്തകം കൈയില്‍ വച്ചു എന്നൊക്കെ ആരോപിച്ച് വ്യാപകമായി യുഎപിഎ കേസുകള്‍ ചുമത്തുന്നതിനും ഈ ഭരണം സാക്ഷ്യം വഹിച്ചു. ചട്ടങ്ങള്‍ പോലും പാലിക്കാതെ ലോക്കല്‍ പോലീസ് പോലും യുഎപിഎ ചുമത്തുന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. ഒടുവില്‍ ശക്തമായ എതിര്‍പ്പുകളും സമ്മര്‍ദ്ദങ്ങളും ഉയര്‍ന്നപ്പോഴാണ് ഇകാര്യങ്ങള്‍ പരിശോധിക്കാനും തുടര്‍ന്ന് 42 യുഎപിഎ കേസുകള്‍ പിന്‍വലിക്കാനും പോലീസ് തീരുമാനിച്ചത്.

*2017 മാര്‍ച്ച് 12ന് കൊച്ചിയിലെ സിഎ വിദ്യാര്‍ഥി മിഷേല്‍ ഷാജിയെ കാണാതാവുന്നു. പരാതിയുമായി ചെന്ന അച്ഛനമ്മമാരെ പോലീസ് സ്‌റ്റേഷനുകളിലേക്ക് മാറി മാറി ഓടിച്ചു. പോലീസ് പരാതി സ്വീകരിക്കാന്‍ പോലും തയ്യാറായില്ല. മിഷേല്‍ ഒടുവില്‍ പോയ പള്ളിയുടെ സിസിടിവി ദൃശ്യങ്ങള്‍ അച്ഛനമ്മമാര്‍ തന്നെ പോലീസിന് എത്തിച്ചു നല്‍കുന്നു. തിങ്കളാഴ്ച അന്വേഷണം തുടങ്ങുമ്പോഴേക്കും കായലില്‍ നിന്ന് മിഷേലിന്റെ ശവശരീരം ലഭിച്ചു.

* 2017 ഏപ്രില്‍ അഞ്ചിന് മകന്റെ മരണത്തില്‍ നീതി തേടിയെത്തിയ ഒരു അമ്മയെ ഡിജിപി ഓഫീസിന് മുന്നില്‍ തെരുവില്‍ പോലീസ് വലിച്ചിഴച്ചു. കേരളത്തില്‍ ഏറെ ചര്‍ച്ചയാവുകയും വിവാദമാവുകയും ചെയ്ത ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ നീതിവേണമെന്ന് അഭ്യര്‍ഥിക്കാനെത്തിയ മഹിജയെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ആക്രമിക്കുകയായിരുന്നു.

* ഏപ്രില്‍ ഏഴിന് കാഞ്ഞങ്ങാട് പുതിയകോട്ട സ്വദേശിയായ ഓട്ടോഡ്രൈവര്‍ സന്ദീപ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. കാസര്‍കോട് കറന്തക്കോട് നെല്‍വയലില്‍ മദ്യപിക്കുന്നതായി ആരോപിച്ചായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്.

*ജൂണ്‍ 16നാണ് പുതുവൈപ്പിന്‍കരക്കാരെ പോലീസ് തല്ലിച്ചതച്ചു. ഐഎന്‍ജി ടെര്‍മിനല്‍ നിര്‍മ്മാണം നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് പ്രകടനവുമായെത്തിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെവരെ പോലീസ് ലാത്തി വീശി.

*ജൂലൈ 19ന് കേരളത്തെ പിടിച്ചുകുലുക്കിയ മറ്റൊരു മരണം നടന്നു. 18ന് മുടിനീട്ടിവളര്‍ത്തിയതിന്റെ പേരില്‍ മോഷണക്കുറ്റമാരോപിച്ച് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച തൃശൂര്‍ പാവറട്ടി സ്വദേശി വിനായകന്‍ ആത്മഹത്യ ചെയ്തു. പോലീസ് മര്‍ദ്ദനത്തില്‍ മനംനൊന്തായിരുന്നു ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

*സപ്തംബര്‍ 28ന് കുളത്തൂപ്പുഴയിലെ അഞ്ചുവയസ്സുകാരിയെ രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്ത് കൊന്നു. കുട്ടിയെ കാണാതായി അരമണിക്കൂറിനുള്ളില്‍ തന്നെ അമ്മയും അമ്മൂമ്മയും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പോലീസ് അനങ്ങിയില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ സമയം നാല് മണി കഴിഞ്ഞു. പോലീസ് കുട്ടിയെ തേടിയെത്തിയപ്പോഴേക്കും മൃതദേഹം ലഭിച്ചു.

*സപ്തംബര്‍ 30ന് മകള്‍ മരിച്ച ദു:ഖം മാറുന്നതിന് മുന്നേ കുളത്തൂപ്പുഴയിലെ സ്ത്രീകള്‍ മാത്രമടങ്ങുന്ന നാലംഗ കുടുംബത്തെ നാട്ടുകാര്‍ നാടുകടത്തി. പോലീസിന്റെ അകമ്പടിയോടെയായിരുന്നു ഈ നാടുകടത്തില്‍.

*ഡിസംബര്‍ മൂന്നിന് മൂവാറ്റുപുഴ കുളങ്ങാട്ടുപ്പാറ മലമ്പുറത്ത് രതീഷ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. പ്രണയബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

*2018 ജനുവരി അഞ്ചിന് പുല്ലേപ്പടിയിലെ ലോഡ്ജ് റെയ്ഡ് ചെയ്ത് എട്ട് ട്രാന്‍സ്ജന്‍ഡേഴ്‌സിനെ അകാരണമായി പിടിച്ചുകൊണ്ട് പോയി. ലൈംഗികവൃത്തി ആരോപിച്ചായിരുന്നു അറസ്റ്റ്. മെട്രോയില്‍ ജോലി ചെയ്യുന്ന ട്രാന്‍സ്ജന്‍ഡേഴ്‌സ് അടക്കം താമസിച്ചുവന്നിരുന്ന ലോഡ്ജിലെ റെയിഡും അറസ്റ്റും കൊച്ചിയില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിന് നേരെയുള്ള പോലീസ് അതിക്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു.

*ജനുവരി 28ന് കോഴിക്കോട് സ്വദേശി ജോസിനയുടെ ഗര്‍ഭസ്ഥശിശുവിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെയുള്ള സംഘം ചവിട്ടിക്കൊന്നു. പരാതി നല്‍കിയെങ്കിലും പോലീസ് ഒളിച്ചുകളിച്ചു. ഒടുവില്‍ ശാരീരിക വിഷമതയിലും പോലീസ് സ്‌റ്റേഷന് മുന്നില്‍ നിരാഹാര സമരമിരുന്നപ്പോഴാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുന്നത്.

*ഫെബ്രുവരി നാലിന് വലിയതുറയില്‍ ട്രാന്‍സ്ജന്‍ഡറായ ചന്ദനയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ആള്‍ക്കൂട്ടം അതിക്രമിക്കുകയും നഗ്നവീഡിയോകള്‍ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ പോലീസ് മോഷണക്കുറ്റമാരോപിച്ച് ചന്ദനയെ കസ്റ്റഡിയിലെടുത്തു. ആക്രമിച്ച ആള്‍ക്കൂട്ടത്തിനെതിരെ കേസ് എടുത്തില്ല.

*2018 മാര്‍ച്ച് എട്ടിന് റിമാന്‍ഡ് പ്രതി പരശുവയല്‍ ആലമ്പാറ പുതുശേരിവിള വീട്ടില്‍ സജിമോന്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം.

*മാര്‍ച്ച് 14ന് ലാത്വിയന്‍ സ്വദേശി ലിഗയെ കോവളത്തു നിന്ന് കാണാതായി. പരാതിയുമായി ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങിയിട്ടും തുടക്കത്തില്‍ അന്വേഷണം നടത്താതെ പോലീസ് അലംഭാവം കാണിച്ചു. കാര്യമായ അന്വേഷണം പോലീസില്‍ നിന്നുണ്ടാവുന്നത് ഒരുമാസവും നാല് ദിവസവും കഴിഞ്ഞ് മൃതദേഹം തിരുവല്ലത്തെ കണ്ടല്‍ക്കാട്ടില്‍ കണ്ടെത്തിയപ്പോള്‍ മാത്രം.

*മാര്‍ച്ച് 24ന് ഗവര്‍ണര്‍ പോകുന്ന വഴിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കാര്‍യാത്രക്കാരനായ ജനാര്‍ദ്ദനനെ മുഷ്ടിചുരുട്ടി മൂക്കിനിടിച്ചു.

*ഏപ്രില്‍ ഒമ്പതിന് വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പില്‍ വീട്ടില്‍ ശ്രീജിത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ആളുമാറി അറസ്റ്റ് ചെയ്ത ശ്രീജിത്തിന്റെ മരണകാരണം മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങള്‍ തകര്‍ന്നതായിരുന്നു.

*മാര്‍ച്ച് 26നാണ് കോട്ടയം മുണ്ടക്കയം സ്വദേശി ജസ്‌നയെ കാണാതാവുന്നത്. ബന്ധുക്കള്‍ പരാതിയുമായി ചെന്നെങ്കിലും പോലീസ് അന്വേഷണം തുടങ്ങുന്നത് മൂന്ന് ദിവസം കഴിഞ്ഞ്. ജസ്‌നയെ ഇതേവരെ കണ്ടെത്താനായിട്ടില്ല.

*മെയ് രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ എടക്കാട് അരേചെങ്കീല്‍ ഉനൈസിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണം പോലീസ് മര്‍ദ്ദനം മൂലമെന്നാണ് ആരോപണം.

*അയല്‍വീട്ടുകാരുമായുള്ള വാക്ക് തര്‍ക്കത്തിന്റെ പേരില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിയ അരൂര്‍ തേവാത്തറ വീട്ടില്‍ സുധീഷ് എന്ന ദളിത്‌ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം അഴിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മര്‍ദ്ദന കാര്യം പുറത്തു പറഞ്ഞാല്‍ വരാപ്പുഴ ശ്രീജിത്തിന്റെ അനുഭവം ആയിരിക്കും ഉണ്ടാവുക എന്നായിരുന്നു പോലീസ് ഭീഷണി.

*വടയമ്പാടി ജാതിമതില്‍ പ്രശ്നത്തില്‍ സമരം ചെയ്ത ദളിതര്‍ക്ക് എതിരെ ആയിരുന്നു പോലീസ് തുടക്കം മുതല്‍ നടപടികള്‍ സ്വീകരിച്ചത്. സമരത്തില്‍ പങ്കെടുത്ത ദളിത്‌ പ്രവര്‍ത്തര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് ചുമത്തിയിരിക്കുകയാണ് പോലീസ് ഇപ്പോള്‍.

*മെയ്27ന് മാന്നാനത്തു നിന്ന് കെവിനേയും അനീഷിനേയും ഗുണ്ടാസംഘം തട്ടിക്കൊണ്ട് പോവുന്നു. പിറ്റേന്ന് രാവിലെ പരാതിയുമായി എത്തിയ കെവിന്റെ അച്ഛന്‍ ജോസഫിന്റേയും ഭാര്യ നീനുവിന്റേയും പരാതികള്‍ പോലീസ് അവഗണിക്കുന്നു. കുത്തിയിരുന്ന് പ്രതിഷേധിച്ച നീനുവിന്റെ മുഖം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ പോലീസ് പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങുന്നു. 28ന് രാവിലെ കെവിന്റെ മൃതദേഹം ലഭിച്ചു. എന്നാല്‍ തട്ടിക്കൊണ്ട് പോവലിന് പോലീസ് സഹായം ലഭിച്ച വാര്‍ത്തകള്‍ പുറത്തുവന്നു.

ഇത് ഏതാനും ചില സംഭവങ്ങള്‍ മാത്രമാണ്. ക്രമസമാധാന പാലനത്തിലെ വീഴ്ചകളും പോലീസ് അതിക്രമങ്ങളും ഇതിലൊതുങ്ങുന്നില്ല. ദിവസേന എന്ന കണക്കില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ആഭ്യന്തര വകുപ്പ് ഏത് നിലയ്ക്കാണ് വിജയമാവുന്നത് എന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് വേണ്ട സംരക്ഷണം നല്‍കുകയും നീതി നടപ്പാക്കുകയും ചെയ്യേണ്ട പോലീസ് കൃത്യനിര്‍വ്വഹണത്തില്‍ വരുത്തുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാവുന്ന റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പോലീസിന്റെ പിഴവ് പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചത് കൊണ്ട് കാര്യമില്ല. പോലീസ് അലംഭാവത്തെ ചോദ്യം ചെയ്യുമ്പോള്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി താന്‍ 'വഴിയില്‍ കെട്ടിയ ചെണ്ടയാണെന്ന് ആരും കരുതണ്ട' എന്നാണ് പ്രതികരിക്കുന്നത്. കുറ്റക്കാരായ പോലീസുകാരെ സസ്പന്‍ഡ് ചെയ്തത് കൊണ്ടോ, ആഭ്യന്തവകുപ്പിന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയതുകൊണ്ടേ ഇല്ലാതാവുന്നതല്ല കേരളത്തിലെ പോലീസ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ എന്നതിന്റെ തെളിവുകളാണ് മുകളില്‍ പറഞ്ഞിട്ടുള്ളത്.

എല്‍ഡിഎഫിന്റെ പ്രകടനപത്രിക രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതിയാണെന്നും ഈ സര്‍ക്കാര്‍ രണ്ടു വര്‍ഷം മാത്രമേ പിന്നിട്ടിട്ടുള്ളൂ എന്നും പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയില്‍, ആഭ്യന്തരവകുപ്പ് മന്ത്രി എന്ന നിലയില്‍ പോലീസില്‍ നിന്നുണ്ടാവുന്ന ആ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കാര്യങ്ങള്‍ മുന്നോട്ട് നടപ്പാവുന്നുണ്ടോ എന്നതാണ് ഇവിടുത്തെ ചോദ്യം. അതുകൊണ്ടു തന്നെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ക്രമസമധാന പാലനത്തിലെ ഫുള്‍ മാര്‍ക്ക് ലഭിക്കണമെങ്കില്‍ കാര്യങ്ങള്‍ ഏറെ മാറാനും നടപ്പാക്കാനും ഉണ്ടെന്ന് ചുരുക്കം.

(ആഭ്യന്തര വകുപ്പിലെ മറ്റ് കാര്യങ്ങള്‍- പ്രോഗ്രസ് റിപ്പോര്‍ട്ട് വിശകലനം തുടരും)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/kerala-police-beaten-dalit-youth-at-station-allegation-report-by-amaljoy/