തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം; മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് മുന്‍തൂക്കം, എന്‍ഡിഎയ്ക്കും നേട്ടം

 
തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം; മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് മുന്‍തൂക്കം, എന്‍ഡിഎയ്ക്കും നേട്ടം

തദ്ദേശ സ്ഥാപനങ്ങളിലേക്ക് മൂന്നു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. കോര്‍പ്പേറഷനുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം. മൂന്ന് കോര്‍പ്പറേഷനുകളിലാണ് എല്‍ഡിഎഫ് മുന്നേറ്റം. അതേസമയം, മുനിസിപ്പാലിറ്റികളില്‍ 14 ഇടങ്ങളില്‍ യുഡിഎഫിനാണ് ലീഡ്. 10 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നിലുണ്ട്. രണ്ട് ഇടങ്ങളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നു. പഞ്ചായത്തുകളില്‍ ഏഴിടങ്ങളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.

കോവിഡ് സ്‌പെഷല്‍ വോട്ടര്‍മാരുടെ ഉള്‍പ്പെടെ 2,11,846 തപാല്‍ വോട്ടുകളാണ് ഇത്തവണയുള്ളത്. സത്യപ്രസ്താവനയില്ലാത്തവ, വോട്ട് രേഖപ്പെടുത്താത്തവ, അവ്യക്തമായവ തുടങ്ങിയ തപാല്‍ വോട്ടുകള്‍ എണ്ണില്ല. ഗ്രാമബ്ലോക്ക്ജില്ലാ പഞ്ചായത്തുകളിലെ തപാല്‍ വോട്ടുകള്‍ അതത് കേന്ദ്രങ്ങളിലെ വരണാധികാരികളാണ് എണ്ണുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തീരുന്നതിനുമുമ്പ് തന്നെ വോട്ടിങ് യന്ത്രങ്ങളും എണ്ണിത്തുടങ്ങും.

941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 87 മുനിസിപ്പാലിറ്റി, ആറ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനത്തൊട്ടാകെ 244 വോട്ടണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കൊല്ലം 16 വീതം, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂര്‍ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട്, കണ്ണൂര്‍ 20 വീതം, വയനാട് 7, കാസര്‍കോട് 9. ഈമാസം 21നാണ് തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ.