"ഐ കെനോട്ട് അണ്ടർസ്റ്റാൻഡ് ഹിന്ദി എന്ന് മാത്രമാണ് ഞാൻ ആഭ്യന്തര സഹമന്ത്രിയോട് പറഞ്ഞത്; കാശ് വേണ്ടെന്ന് പറഞ്ഞിട്ടില്ല": വി മുരളീധരന് മറുപടി നൽകി മുഖ്യമന്ത്രി

 
"ഐ കെനോട്ട് അണ്ടർസ്റ്റാൻഡ് ഹിന്ദി എന്ന് മാത്രമാണ് ഞാൻ ആഭ്യന്തര സഹമന്ത്രിയോട് പറഞ്ഞത്; കാശ് വേണ്ടെന്ന് പറഞ്ഞിട്ടില്ല": വി മുരളീധരന് മറുപടി നൽകി മുഖ്യമന്ത്രി

സർക്കാർ പ്രളയത്തിന് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്ന കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിനു ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മാളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ മുന്നൊരുക്കത്തിന്റെ ഏത് കുറവിനെക്കുറിച്ചാണ് മുരളീധരൻ പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഡാം തുറന്നതു കൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായതെന്ന് ചില സംശയങ്ങളുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഡാമുകളൊന്നും തുറന്നിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത്രയധികം വെള്ളമുണ്ടായത്? കഴിഞ്ഞ വർഷത്തെക്കാൾ വെള്ളം പൊങ്ങിയെന്നാണ് കിട്ടിയ റിപ്പോർട്ടുകൾ പറയുന്നത്. ഇത് തടയണമെങ്കിൽ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കേണ്ടത്. വെള്ളം വരുന്നത് ആർക്കും തടയാൻ പറ്റില്ല. തടഞ്ഞാൽ അത് വലിയ ആപത്താണ് കൊണ്ടുവരിക. അവ ഒഴുകിപ്പോകാനുള്ള വലിയ സംവിധാനങ്ങൾ സ‍ൃഷ്ടിക്കേണ്ടിയിരിക്കുന്നു. നെതർലാൻഡ്സിൽ പോയി ചർച്ച ചെയ്ത വിഷയം ഇതായിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള നടപടികളിലേക്ക് കടക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

ഇതിന് ഒട്ടേറെ പ്രദേശങ്ങളിൽ പ്രയാസങ്ങളുണ്ടാകുന്ന നടപടികളിലേക്ക് നീങ്ങേണ്ടി വരും. വെള്ളത്തിന്റെ സ്വഭാവിക ഒഴുക്ക് തടയുന്ന എല്ലാം നീക്കേണ്ടി വരും. പലരും തോടുകൾ നികത്തിയിട്ടുണ്ട്. അതെല്ലാം നീക്കണം.

മുരളീധരൻ മറ്റൊരു കാര്യം പറഞ്ഞതായി തന്റെ ശ്രദ്ധയിൽ പെട്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു: "ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നെ വിളിച്ചെന്നും അപ്പോൾ നിങ്ങൾ ആദ്യം തന്ന ഫണ്ട് തന്നെ ഞങ്ങളുടെ കയ്യിലിരിക്കുകയാണെന്ന് ഞാൻ പറഞ്ഞെന്നുമാണ് മുരളീധരൻ പറയുന്നത്. ഇപ്പോൾ തൽക്കാലം കാശൊന്നും വേണ്ട എന്ന് ഞാനങ്ങോട്ട് പറഞ്ഞു എന്നാണ്. ഇതിൽ ഒരു കാര്യം ശരിയാണ്. ഒരു ആഭ്യന്തര മിനിസ്റ്റർ ഫോർ സ്റ്റേറ്റ് എന്നെ വിളിച്ചിരുന്നു എന്നത് ശരിയാണ്. അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോൾ എനിക്കൊന്നും മനസ്സിലാകുന്നില്ല. കാരണം എനിക്ക് ഹിന്ദി അറിയില്ല. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഹിന്ദി അറിയില്ലെന്ന്. ഞാൻ പറഞ്ഞത് അദ്ദേഹത്തിനും മനസ്സിലായില്ല എന്നാണ് തോന്നുന്നത്. ഞാൻ മലയാളത്തിലല്ല പറഞ്ഞത്. ഇംഗ്ലീഷിൽ വലിയ പരിജ്ഞാനമുള്ളയാളല്ല ഞാൻ. എങ്കിലും ഇഗ്ലീഷിൽ തന്നെയാണ് പറഞ്ഞത്. ഞങ്ങൾ തമ്മിൽ വേറൊന്നും സംസാരിച്ചില്ല. 'ഐ കെനോട്ട് അണ്ടർസ്റ്റാൻഡ് ഹിന്ദി' എന്നു മാത്രമേ പറഞ്ഞുള്ളൂ. മറ്റൊരു വാചകവും എനിക്ക് പറയേണ്ടി വന്നില്ല. പിന്നെങ്ങനെയാണ് ശ്രീ മുരളീധരൻ ഇങ്ങനെയൊരു തെറ്റിദ്ധാരണയിലേക്ക് എത്തിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല," മുഖ്യമന്ത്രി പറഞ്ഞു.

താൻ പറയാത്ത കാര്യം മനസ്സിലാക്കാനുള്ള വൈഭവം ഈ സഹമന്ത്രിക്കുണ്ടോയെന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.